April 22, 2025 |

യൂറോ കപ്പിന് നാളെ കിക്കോഫ്; ഇനി ആവേശപ്പോരിന്റെ തീ

കൊമ്പന്മാര്‍ ആവാന്‍ വമ്പന്മാര്‍

ഈ കപ്പില്‍ നിറയുന്ന പാനീയത്തിന്‍ ലഹരി തേടി ലോകം മുഴുവന്‍ പട നയിക്കുന്നില്ലെങ്കിലും ഇതിലെ പരന്നൊഴുകുന്ന രുചി നുകരാന്‍ യൂറോപ്പിന് പുറത്തും ആരാധകര്‍ കാത്തിരിക്കും. യൂറോപ്യന്‍ വന്‍കര ഫുട്‌ബോള്‍ രാജാക്കന്മാരെ കണ്ടെത്താനുള്ള യൂറോ 2024ന് വെള്ളിയാഴ്ച തുടക്കമാവുന്നതോടെ ഇനി ഫുട്‌ബോള്‍ ലോകത്തിന്റെ കണ്ണും കാതും ജര്‍മനിയിലേക്ക്. കാര്‍ണിവലിനു മാറ്റുകൂട്ടാന്‍ ഒരാഴ്ചയുടെ നീളത്തില്‍ അര്‍ജന്റീനയും ബ്രസീലും അണിനിരക്കുന്ന കോപ്പ അമേരിക്കയും വിരുന്നെത്തുന്നുണ്ടെങ്കിലും ടെക്നിക്കും ടാക്ടിക്‌സും കൊണ്ട് യൂറോ ഒരുപടി മുന്നില്‍ നില്‍ക്കും. ഇനി ഒരു മാസം ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഉറക്കമില്ലാരാത്രികള്‍ സമ്മാനിക്കുന്ന യൂറോ -കോപ്പ ടൂര്‍ണമെന്റുകളുടെ കൊട്ടിക്കലാശം ഒരേ ദിവസം ആണെന്ന പ്രത്യേകത കൂടി ഇത്തവണയുണ്ട്. ഇന്ത്യന്‍ സമയം ജൂലൈ 15നു പുലര്‍ച്ചെയാണ് ഇരു ഫൈനലുകളും. Football Euro Cup 2024

ഇംഗ്ലണ്ടിന് സുവര്‍ണവസരം Football Euro Cup 2024

ഇത്തവണയും യൂറോ കപ്പിന് ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകള്‍ എന്നത്തേയും പോലെ ഇംഗ്ലണ്ട്, ഫ്രാന്‍സ്, സ്‌പെയിന്‍, ജര്‍മ്മനി, പോര്‍ട്ടുഗല്‍ എന്നിവ തന്നെയാണ്. ബെറ്റിങ് സ്ഥാപനമായ ഡ്രാഫ്റ്റ്കിങ്സ് സ്‌പോര്‍ട്‌സ് ബുക്കിന്റെ റേറ്റിംഗില്‍ ഇംഗ്ലണ്ടിനാണ് ഏറ്റവും സാധ്യത. പക്ഷെ നിലവിലെ ഫോമും പ്രമുഖ താരങ്ങളുടെ പരിക്കും ഇംഗ്ലണ്ടിനെ പിന്നോട്ടടിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. 1966 ലോകകപ്പ് നേടിയ ശേഷം കിരീടങ്ങള്‍ കിട്ടാക്കനിയായ ഇംഗ്ലണ്ടിന് സുവര്‍ണവസരമാണ് ഇത്തവണ. റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ സെന്‍സേഷന്‍ ജൂഡ് ബെല്ലിങ്ങാമിന്റെ ചിറകിലേറി പറക്കാമെന്നാണ് സ്വപ്നമെങ്കിലും പരിക്കിന്റെ പിടിയിലായ പ്രതിരോധനിര ഗരത് സൗത്‌ഗേറ്റ് പരിശീലിപ്പിക്കുന്ന ത്രീ കിങ്‌സിനെ തീര്‍ത്തും ആശങ്കയിലാക്കുന്നുണ്ട്. കളത്തില്‍ മോശം ഫോം തുടരുന്ന ഇംഗ്ലണ്ടിന് കഴിഞ്ഞ അഞ്ചു കളികളില്‍ ഒന്നില്‍ മാത്രമാണ് ജയിക്കാനായത്.

ക്ലബ് ഫുട്‌ബോളില്‍ അബദ്ധങ്ങളുടെ രാജകുമാരന്‍ ആണെങ്കിലും ദേശീയ ജേഴ്‌സിയില്‍ ഏറ്റവും വിശ്വസ്ഥനായിരുന്ന പ്രതിരോധ താരം ഹാരി മഗ്വയറെ പരുക്കിനെ തുടര്‍ന്ന് ടീമില്‍ ഉള്‍പെടുത്തിയിട്ടില്ല. അതിനു പിന്നാലെയാണ് പ്രതിരോധത്തിലെ സഹതാരങ്ങളായ ലൂക്ക് ഷോയും ജോണ്‍ സ്റ്റോണ്‍സും പരിക്കിന്റെ പിടിയിലായത്. ഇംഗ്ലണ്ടിന്റെ ആദ്യ മത്സരങ്ങളില്‍ ഇരുവരും കളിക്കില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. ഗ്വേഹിക്കൊപ്പം ട്രിപ്പിയറും അതിവേഗക്കാരായ വിങ്ങര്‍മാര്‍ക്ക് മുന്നില്‍ സ്ഥിരം പതറാറുള്ള ഡങ്ങുമാണ് പ്രതിരോധത്തില്‍ ബാക്കിയുള്ളത്. ഇതുതന്നെയാണ് ഇംഗ്ലണ്ടിന്റെ ആശങ്ക. മധ്യനിരയില്‍ ഡെക്ലന്‍ റൈസിനൊപ്പം ക്വാളിറ്റി ഉള്ള ഒരു താരം ഇല്ലെന്നതും പ്രശ്‌നമാണ്. അലക്‌സാണ്ടര്‍ അര്‍നോള്‍ഡും ഗാലഗറും ഫോമിലല്ല. അറ്റാക്കിങ്ങില്‍ ഇംഗ്ലണ്ടിന് മികച്ച ഓപ്ഷന്‍സാണുള്ളത്. ഹാരി കെയ്ന്‍, ബുകയോ സാക്ക, ഫില്‍ ഫോഡന്‍, കോള്‍ പാമര്‍ എന്നിവര്‍ക്കൊപ്പം അറ്റാക്കിങ് മിഡ് ആയി സൂപ്പര്‍ താരം ബെല്ലിങ്ങാമും എത്തും.

ക്ലബ് ഫുട്‌ബോളില്‍ അബദ്ധങ്ങളുടെ രാജകുമാരന്‍ ആണെങ്കിലും ദേശീയ ജേഴ്‌സിയില്‍ ഏറ്റവും വിശ്വസ്ഥനായിരുന്ന പ്രതിരോധ താരം ഹാരി മഗ്വയറെ പരുക്കിനെ തുടര്‍ന്ന് ടീമില്‍ ഉള്‍പെടുത്തിയിട്ടില്ല. അതിനു പിന്നാലെയാണ് പ്രതിരോധത്തിലെ സഹതാരങ്ങളായ ലൂക്ക് ഷോയും ജോണ്‍ സ്റ്റോണ്‍സും പരിക്കിന്റെ പിടിയിലായത്. ഇംഗ്ലണ്ടിന്റെ ആദ്യ മത്സരങ്ങളില്‍ ഇരുവരും കളിക്കില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. ഗ്വേഹിക്കൊപ്പം ട്രിപ്പിയറും അതിവേഗക്കാരായ വിങ്ങര്‍മാര്‍ക്ക് മുന്നില്‍ സ്ഥിരം പതറാറുള്ള ഡങ്ങുമാണ് പ്രതിരോധത്തില്‍ ബാക്കിയുള്ളത്. ഇതുതന്നെ ഇംഗ്ലണ്ടിന്റെ ആശങ്ക. മധ്യനിരയില്‍ ഡെക്ലന്‍ റൈസിനൊപ്പം ക്വാളിറ്റി ഉള്ള ഒരു താരം ഇല്ലെന്നതും പ്രശ്‌നമാണ്. അലക്‌സാണ്ടര്‍ അര്‍നോള്‍ഡും ഗാലഗറും ഫോമിലല്ല.

അത്ര ഫോമിലല്ലാത്ത ഫ്രാന്‍സ് Football Euro Cup 2024

കഴിഞ്ഞ നാലു പ്രധാന രാജ്യാന്തര ടൂര്‍ണമെന്റുകളില്‍ മൂന്നിലും ഫൈനല്‍ കളിച്ച ദിദിയെ ഡെഷാമ്പ്സിന്റെ ഫ്രാന്‍സ് പക്ഷെ യോഗ്യതാ റൗണ്ടിന് ശേഷം അത്ര മികച്ച ഫോമിലല്ല. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ജര്‍മനിയോട് 2-0ന് തോല്‍വിയറിഞ്ഞപ്പോള്‍ ലെ ബ്ലൂസ് ക്യാപ്റ്റന്‍ കൂടിയായ സൂപ്പര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പേ പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കിലുള്ള അപകടത്തെക്കുറിച്ചു ടീമിന് മുന്നറിയിപ്പ് നല്‍കിയതാണ്. മധ്യനിരയില്‍ ചൗമേനിയും അഡ്രിയാന്‍ റാബിയോട്ടും പരുക്കിന്റെ പിടിയിലാണ്. ഓസ്ട്രിയക്കെതിരായ ആദ്യ മത്സരത്തില്‍ ചൗമേനി കളിക്കില്ല.ഫോള്‍സ് നയന്‍ പൊസിഷനില്‍ ആരെ കളിപ്പിക്കും എന്നതും ഡെഷാമ്പ്‌സിനെ അലട്ടുന്നുണ്ട്. മാര്‍ക്കസ് തുറാമിനെക്കാള്‍ സാധ്യത അവസാന രാജ്യാന്തര ടൂര്‍ണമെന്റ് കളിക്കുന്ന ഒളിവര്‍ ജിറൂഡിന് തന്നെയാണ്. എംബാപ്പേയെ തൊട്ടുപിന്നിലായി സ്വാതന്ത്രനായി വിടാന്‍ തന്നെയാവും കോച്ചിന്റെ തീരുമാനം. എന്‍കുക്കു പരിക്കിനെ തുടര്‍ന്ന് ടീമില്‍ ഇല്ലെങ്കിലും ഗ്രീസ്മാന്‍, കിങ്‌സ്ലി കോമന്‍ എന്നിവര്‍ ആ വിടവ് നികത്തും

ജര്‍മനിയ്ക്ക് കരുത്താവുമോ ആരാധകര്‍?

ആതിഥേയരായ ജര്‍മ്മനിക്ക് സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിക്കുന്നതിന്റെ ആനുകൂല്യം കരുത്താണ്. യൂറോയ്ക്ക് മുന്നോടിയായി നടന്ന ഫ്രണ്ട്ലി മാച്ചുകളില്‍ ഉക്രൈനോട് സമനില വഴങ്ങിയതും ഗ്രീസിനോട് നിറംകെട്ട (21) ജയവും ആരാധകരെ തൃപ്തരാക്കിയില്ലെങ്കിലും പുതിയ കോച്ച് ജൂലിയന്‍ നെഗല്‍സ്മാന്‍ ആത്മവിശ്വാസത്തിലാണ്. മാര്‍ച്ചില്‍ ഫ്രാന്‍സിനെയും പിന്നീട് നെതര്‍ലന്‍ഡ്‌സിനെയും കീഴടക്കിയ ജര്‍മ്മനി എന്നും ബിഗ് ടൂര്‍ണമെന്റ് ടീം ആണ്. കഴിഞ്ഞ സീസണില്‍ ഏറെ കാലം പരുക്കിന്റെ പിടിയില്‍ ആയിരുന്ന ലിറോയ് സാനെയും ഗോള്‍ കീപ്പര്‍ മാനുവല്‍ ന്യൂയറും ഇതുവരെ പൂര്‍ണ ഫിറ്റ് അല്ലെന്നതാണ് കുഴയ്ക്കുന്ന പ്രശ്‌നം. ഉക്രൈനോടും ഗ്രീസിനോടും നിറം മങ്ങിയ ന്യൂയര്‍ വരുത്തിയ പിഴവുകള്‍ ഭാഗ്യം ഒന്നുകൊണ്ടു മാത്രമാണ് ജര്‍മനിക്ക് പാരയാകാതിരുന്നത്. ബാര്‍സെലോന ഗോള്‍കീപ്പര്‍ ആന്ദ്രേ ടെര്‍സ്റ്റാഗന്‍ തന്നെയാണ് മികച്ച ഓപ്ഷന്‍ എങ്കിലും നെഗല്‍സ്മാന്‍ ന്യൂയറുടെ കൈകരുതിനെ തന്നെ വിശ്വസിക്കാനാണ് സാധ്യത.

പരിചയ സമ്പന്നരായ ഗോരേട്‌സ്‌ക, മാറ്റ് ഹമ്മല്‍സ് എന്നിവരെ ഒഴിവാക്കിയാണ് ജര്‍മ്മനി വരുന്നത്. വണ്ടര്‍ കിഡ് ജമാല്‍ മുസിയാല, ഫ്‌ലോറിയന്‍ വിര്‍ട്‌സ് എന്നിവരുടെ താരോദയം ഇത്തവണ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജര്‍മന്‍ ആരാധകര്‍. പ്രതിരോധ മധ്യത്തില്‍ റൂഡിഗറും കിമ്മിച്ചും ഉറപ്പ്. മുന്നേറ്റനിരയാണ് ജര്‍മനിയെ അലട്ടുന്നത്. ആര്‍സനലിന്റെ കായ് ഹാവേര്‍ട്‌സ്, വെറ്ററന്‍ താരം തോമസ് മുള്ളര്‍ എന്നിവര്‍ മൂര്‍ച്ച നഷ്ടപ്പെട്ട ആയുധങ്ങളാണ്.ഈ യൂറോയ്ക്ക് ശേഷം വിട വാങ്ങല്‍ പ്രഖ്യാപിച്ച മധ്യനിരയിലെ ഇതിഹാസ താരം ടോണി ക്രൂസിന് അര്‍ഹിച്ച യാത്രയയപ്പ് നല്‍കാന്‍ സഹതാരങ്ങള്‍ക്ക് സാധിക്കുമെന്ന് കരുതാം.

പരിക്കിന്റെ പിടിയിലായ സ്‌പെയിനും

യൂറോ 2024ലെ മരണ ഗ്രുപ്പില്‍ പെട്ട മറ്റൊരു കപ്പ് ഫേവറിറ്റുകളായ സ്‌പെയിനും പരുക്കിന്റെ ആശങ്കയിലാണ് വരുന്നത്. മധ്യനിരയിലെ വിശ്വസ്ഥന്‍ ഗാവിയെ കൂടാതെയാണ് സ്‌പെയിന്‍ ജര്‍മനിയിലേക്ക് വണ്ടി കയറിയത്. പെഡ്രിയാവട്ടെ കഴിഞ്ഞ രണ്ടു സീസണുകളിലും പരുക്കിനോട് പട പൊരുതുകയാണ്. നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിയും ക്രോയേഷ്യയും ഉള്‍പ്പെടുന്ന ഗ്രൂപ്പ് ബി യില്‍ നിന്ന് ഒന്നാമതായി കയറിയെത്തിയാല്‍ ജറാര്‍ഡ് മാര്‍ട്ടിനെസിന്റെ ടീമിനു കറുത്തേറും. ചാവി ഹെര്‍ണാണ്ടസ് -അന്ദ്രേ ഇനിയെസ്റ്റ യുഗത്തിന് ശേഷം മധ്യനിരയില്‍ കളി മെനയാന്‍ ആളില്ലാത്തതാണ് പ്രധാന പോരായ്മ. ഗാവിയുടെ ആഭാവത്തില്‍ പെഡ്രി എത്രമാത്രം ഇക്കാര്യത്തില്‍ വിജയിക്കും എന്ന് കാത്തിരുന്നു കാണാം. അറ്റാക്കിങ്ങില്‍ ക്യാപ്റ്റന്‍ അല്‍വരോ മൊറാട്ട മികച്ച ഫോമിലല്ലെങ്കിലും ആദ്യ പതിനൊന്നില്‍ ഉറപ്പ്.ഫെറാന്‍ ടോറസ്, ഹോസേലു, ജീസസ് നവാസ് എന്നിവരിലൊരാള്‍ സെക്കന്റ് സ്‌ട്രൈക്കര്‍ ആകും.
വയസന്‍ പട എന്ന് പേരുകേട്ട ഡാനി കാര്‍വഹാല്‍, ലപോര്‍ട്ട, നാച്ചോ എന്നിവര്‍ ഒരുക്കുന്ന പ്രതിരോധം ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പരീക്ഷിക്കപ്പെടും. റയല്‍ മാഡ്രിഡ്‌നെ ലാ ലിഗ, ചാമ്പ്യന്‍സ് ലീഗ് നേതാക്കള്‍ ആക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച കാര്‍വഹാലിനും നാചോക്കും വിമര്‍ശകരുടെ വായടപ്പിക്കാന്‍ കഴിയുമോയെന്നു നോക്കാം.

വമ്പന്‍ താരനിരയുമായെത്തുന്ന പോര്‍ച്ചുഗല്‍

താരകരുത്തുമായാണ് പോര്‍ച്ചുഗലിന്റെ വരവ്. എല്ലാ പൊസിഷനിലും മികച്ച താരങ്ങള്‍. അടുത്തിടെയായി എന്നും പോര്‍ച്ചുഗല്‍ അങ്ങനെയാണ്. പക്ഷെ കപ്പ് പലപ്പോഴും അന്യം നില്‍ക്കുന്നു. പ്രതിരോധ മധ്യത്തില്‍ റൂബന്‍ ഡിയസ്, ഡാലോട്, പെപെ ത്രയം.. വിങ്ങുകളില്‍ മെന്‍ഡെസും കാന്‍സലോയും.മധ്യനിരയില്‍ ബ്രൂണോ ഫെര്‍ണാണ്ടസ്, ബെര്‍ണാഡോ സില്‍വ, വിടിഞ്ഞ, ജാവോ പാലിഞ്ഞ, ഡാനിലോ, മുന്നേറ്റനിരയില്‍ സാക്ഷാല്‍ ക്രിസ്ത്യാനോ റൊണാള്‍ഡോ, ജാവോ ഫെലിക്‌സ്, ഡിയാഗോ ജോട്ട, ഗോണ്‍സലോ റാമോസ്.ഏതൊരു കോച്ചും മോഹിക്കുന്ന വമ്പന്‍ താരനിര. പക്ഷെ പോര്‍ച്ചുഗീസ് മാനേജര്‍ റോബെര്‍ട്ടോ മാര്‍ട്ടിനെസിന് അത് കളത്തില്‍ തെളിയിച്ചു കൊടുക്കേണ്ടതുണ്ട്. പ്രത്യേകിച്ച് കഴിഞ്ഞ ഫ്രണ്ട്ലി മാച്ചില്‍ ക്രോയേഷ്യയോട് 1-2നു തോല്‍വിയറിഞ്ഞത് ആരാധകരെ നിരാശരാക്കിയിട്ടുണ്ട്. കഴിഞ്ഞ നാലു ഫ്രണ്ട്ലി മാച്ചുകളില്‍ 10 ഗോള്‍ നേടിയപ്പോള്‍ എട്ടു ഗോളുകള്‍ വഴങ്ങി എന്നതും ആശങ്കപ്പെടുത്തുന്നതാണ്. പെപെ പരുക്കിന്റെ പിടിയില്‍ നിന്ന് പൂര്‍ണ മോചിതനായിട്ടില്ല എന്നതും കോച്ചിന് തലവേദനയാണ്

 

English summary; Euro Cup 2024; Ranking Team in the 2024 Euros

 

Leave a Reply

Your email address will not be published. Required fields are marked *

×