June 04, 2026 |
Share on

മോദി സര്‍ക്കാരിന് അനിവാര്യനായ സഞ്ജയ് മിശ്ര

ഇഡി ഡയറക്ടറുടെ കസേരയില്‍ മിശ്ര വേണമെന്ന വാശിപോലെയായിരുന്നു കേന്ദ്രസര്‍ക്കാരിന്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതനായ സഞ്ജയ് മിശ്ര കേന്ദ്ര സര്‍ക്കാരിന്റെ ‘ പ്രിയപ്പെട്ടവന്‍’ എന്നാണ് ആക്ഷേപം. ഉപകാര സ്മരണയുള്ള ഉദ്യോഗസ്ഥനായി അദ്ദേഹത്തെ പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ(ഇഡി) ഭരിക്കാന്‍ രണ്ടു തവണയാണ് കാലാവധി നീട്ടി നല്‍കിയത്. ഒടുവില്‍ സുപ്രിം കോടതി ഇടപെട്ട്, ഇനി മതിയെന്ന് താക്കീത് ചെയ്തതുകൊണ്ട് മൂന്നാം ഉഴം നടപ്പായില്ല. എന്നാല്‍ മിശ്രയെ കൈവിടാന്‍ കേന്ദ്രം തയ്യാറായിരുന്നില്ല. ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസര്‍ ഓഫ് ഇന്ത്യ(സി ഐ ഒ) എന്നൊരു പോസ്റ്റ് സൃഷ്ടിക്കാന്‍ നീക്കം നടത്തി. അത് നടക്കാതെ പോയതിനാലാവും, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയില്‍( ഇക്കണോമിക് അഡൈ്വസറി കൗണ്‍സില്‍ ടു ദി പ്രൈം മിനിസ്റ്റര്‍ അഥവ ഇഎസിപിഎം) സെക്രട്ടറി തസ്തികയില്‍ മിശ്രയ്ക്ക് സ്ഥാനലബ്ധി നല്‍കിയിരിക്കുന്നത്.

ഉത്തര്‍പ്രദേശ് സ്വദേശിയായ 1984 ബാച്ച് ഇന്ത്യന്‍ റവന്യു സര്‍വീസ് ഉദ്യോഗസ്ഥനാണ് സഞ്ജയ് മിശ്ര. 2014 ല്‍ മോദി അധികാരത്തലേറിയ ആദ്യകാലങ്ങളില്‍ സഞ്ജയ് മിശ്ര സര്‍ക്കാരിന്റെ കണ്ണില്‍ തടഞ്ഞൊരു ഉദ്യോഗസ്ഥനായിരുന്നില്ല. ഈ സമയം ആഭ്യന്തരമന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയായിരുന്നു മിശ്ര. ഒരു വര്‍ഷത്തിനുശേഷം ആഭ്യന്തര മന്ത്രാലയത്തിലെ പ്രധാന കസേരകളില്‍ നിന്നും 50 ഓളം ഉദ്യോഗസ്ഥര്‍ തെറിച്ചു. ആ കൂട്ടത്തില്‍ ഒരാള്‍ മിശ്രയായിരുന്നു.

ആദായ നികുതി വകുപ്പിലേക്കു തിരിച്ചെത്തുന്നതോടെയാണ് മിശ്രയുടെ നല്ല സമയം തെളിയുന്നത്. രണ്ട് കേസുകളാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധ നേടിയെടുക്കാന്‍ മിശ്രയെ സഹായിച്ചത്. അതിലൊന്ന് എന്‍ഡിടിവിക്കെതിരെയുള്ളതായിരുന്നു. രണ്ടാമത്തേത് നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥതിയിലുള്ള, ഗാന്ധി കുടുംബം നടത്തുന്ന യംഗ് ഇന്ത്യയ്‌ക്കെതിരായതും. നികുതിയുമായി ബന്ധപ്പെട്ട കേസുകളായിരുന്നു. രണ്ട് കേസുകളും വിചാരണ നേരിടേണ്ട നിലയിലേക്ക് എത്തിക്കാന്‍ മിശ്രയ്ക്ക് കഴിഞ്ഞതോടെ അദ്ദേഹം മോദി സര്‍ക്കാരിന്റെ വിശ്വസ്തനായി മാറി.

2018 ലാണ് സഞ്ജയ് മിശ്ര ഇഡി ഡയറക്ടര്‍ ആയി ചുമതലയേല്‍ക്കുന്നത്. 2020 ല്‍ വിരമിക്കേണ്ടിയിരുന്ന മിശ്രയ്ക്ക് രണ്ടാം മോദി സര്‍ക്കാര്‍ കാലാവധി നീട്ടി നല്‍കി. ഇഡി ഡയറക്ടറുടെ കസേരയില്‍ മിശ്ര വേണമെന്ന വാശിപോലെയായിരുന്നു കേന്ദ്രം. ഒരു വര്‍ഷത്തിനിടയില്‍ രണ്ടു തവണയാണ് കാലാവധി നീട്ടി നല്‍കിയത്. മൂന്നാമതും അതിനു തുനിഞ്ഞപ്പോഴാണ് സുപ്രിം കോടതി തടഞ്ഞത്.

മിശ്രയ്ക്ക് ആവര്‍ത്തിച്ച് കാലാവധി നീട്ടി നല്‍കിയത് സുപ്രിം കോടതിയെ ആശ്ചര്യപ്പെടുത്തുകയായിരുന്നു. നിയമവിരുദ്ധമാണന്നാണ് കോടതി ചൂണ്ടിക്കാണിച്ചത്. ജസ്റ്റീസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബഞ്ച് സര്‍ക്കാരിനോട് ചോദിച്ച രണ്ടു ചോദ്യങ്ങളുണ്ട്; എന്തുകൊണ്ട് ഒരാള്‍ ഇത്തരത്തില്‍ അനിവാര്യനാകുന്നു? ഈ ജോലിക്ക് പറ്റിയ മറ്റാരും ആ സ്ഥാപനത്തില്‍ ഇല്ലേ? ഇഡി ഡയറക്ടറായി മിശ്ര മതിയെന്ന് തീരുമാനിക്കാന്‍ കേന്ദ്രം കാണിച്ച അമിത താത്പര്യത്തെ സംശയത്തോടെയാണ് കോടതി കണ്ടെതെന്നതിന് ഈ രണ്ടു ചോദ്യങ്ങള്‍ മതി തെളിവായി.

അനിവാര്യനാകുന്ന മിശ്ര
2023 സെപ്തംബര്‍ 15 വരെ മതി ഡയറക്ടര്‍ കസേരയില്‍ മിശ്ര എന്നായിരുന്നു സുപ്രിം കോടതിയുടെ നിര്‍ദേശം. ഈ തിരിച്ചടിയെ സര്‍ക്കാര്‍ നേരിട്ട രീതി തികഞ്ഞ ഇരട്ടാത്താപ്പായിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തിക്ക് അതീതമായി നില്‍ക്കുന്ന സ്ഥാപനമാണ്, അതിന്റെ ഡയറക്ടര്‍ ആരാണെന്നത് പ്രധാനമല്ല- ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്കുകളായിരുന്നു ഇത്. എന്നാല്‍ ഇതേ കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയില്‍ മിശ്രയുടെ കസേരയ്ക്കു വേണ്ടിയായിരുന്നു വാദിച്ചത്. രാജ്യസുരക്ഷയെപ്രതിയുള്ള എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കാന്‍ മിശ്രയുടെ സേവനം വേണമെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്.

എഫ് എ ടി എഫ്-നെ മുന്‍നിര്‍ത്തിയും സര്‍ക്കാര്‍ മിശ്രയ്ക്കു വേണ്ടി വാദിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുക തുടങ്ങിയ കുറ്റങ്ങള്‍ തടയാന്‍ വേണ്ടിയുള്ള ഒരു അന്താരാഷ്ട്ര സംഘടനയാണ് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ്. ഇതിന്റെ ഭാഗമായി നിന്ന് തീവ്രവാദവും കള്ളപ്പണവും തടയാനുള്ള ഇഡിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകാതിരിക്കാന്‍ നിലവിലെ ഡയറക്ടര്‍ തുടരേണ്ടതുണ്ടെന്നായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. രാജ്യതാത്പര്യം മുന്‍നിര്‍ത്തി മിശ്രയുടെ കാലവാധി നീട്ടണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന സ്വീകരിച്ചുകൊണ്ടാണ് 2023 സെപ്തംബര്‍ 15 വരെ മിശ്ര കസേരയില്‍ തുടരാന്‍ കോടതി അനുവദിച്ചത്. ഒക്ടോബര്‍ 15 വരെയായിരുന്നു സര്‍ക്കാര്‍ കാലാവധി നീട്ടി നല്‍കിയത്.

മിശ്രയ്ക്കായി പണിത സിഐഒ കസേര
ഇഡി ഡയറക്ടര്‍ കസേരയില്‍ തുടര്‍ന്നും ഇരുത്താമെന്ന് മോഹം സുപ്രിം കോടതി തടഞ്ഞതോടെ കേന്ദ്രസര്‍ക്കാര്‍ പുതിയൊരു വഴി തേടി. അതായിരുന്നു ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസര്‍ ഓഫ് ഇന്ത്യ(സി ഐ ഒ). ചീഫ് ഡിഫന്‍സ് സ്റ്റാഫ്, നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ എന്നതുപോലെയൊരു പോസ്റ്റ്. ഇങ്ങനെയൊരു നീക്കത്തെ കുറിച്ച് ദി ഇന്ത്യന്‍ എക്‌സ്പ്രസ് ചെയ്ത റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്, ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസര്‍ തസ്തിക നിലവില്‍ വരികയാണെങ്കില്‍ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സിഐഒയുടെ കീഴിലാകും. രണ്ട് ഏജന്‍സികളും സിഐഒ യെ റിപ്പോര്‍ട്ട് ചെയ്യും. സിഐഒ പ്രധാനമന്ത്രിയെ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യും. സിബിഐ, ഇഡി എജന്‍സികളുടെ അമിത ജോലിഭാരം കുറയ്ക്കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍ ‘ ലക്ഷ്യമിട്ടത്’. പക്ഷേ യഥാര്‍ത്ഥ ലക്ഷ്യം മിശ്രയുടെ കൈകളിലേക്ക് വീണ്ടും ഇഡിയെ കൊണ്ടുവരികയെന്നതും. എന്തുകൊണ്ടോ ആ നീക്കം ഫലവത്തായില്ല.

വിദേശ നാണയ ചട്ടലംഘനം ഉള്‍പ്പെടെയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ അന്വേഷിക്കുന്ന ഏജന്‍സിയാണ് ഇഡി. കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ ഭാഗമായ റവന്യു വിഭാഗത്തിനു കീഴിലാണ് ഇഡി പ്രവര്‍ത്തിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ മോദി സര്‍ക്കാര്‍ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് പ്രതിപക്ഷം തുടക്കം മുതല്‍ ഉയര്‍ത്തുന്ന ആരോപണമാണ്. മിശ്രയുടെ കലാവധി നീട്ടി നല്‍കുന്നത് സര്‍ക്കാരിന്റെ താത്പര്യം സംരക്ഷിക്കാനാണെന്ന് പ്രതിപക്ഷത്തിന് സംശയമില്ലായിരുന്നു. മിണ്ടാതിരുന്നില്ലെങ്കില്‍ നിങ്ങളുടെ വീട്ടില്‍ ഇഡി വരുമെന്ന് മന്ത്രിയായിരുന്ന മീനാക്ഷി ലേഖി പാര്‍ലമെന്റില്‍ വച്ചു പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തുകവരെയുണ്ടായി. രാഷ്ട്രീയ എതിരാളികള്‍, ബിജെപി ഇതര മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, എംഎല്‍എ, എംപിമാര്‍ തുടങ്ങി നേതാക്കളെ വരെ നിശബ്ദരാക്കാന്‍ മാത്രമല്ല, തങ്ങളുടെ വശത്താക്കാനും ഇഡി അടക്കമുള്ള കേന്ദ്ര ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുന്നുവെന്നത് പ്രതിപക്ഷം നിരന്തരം ഉയര്‍ത്തുന്ന ആക്ഷേപമാണ്.

മിശ്രയുടെ അഞ്ച് വര്‍ഷത്തെ കാലയളവിലുള്ള ഇഡിയുടെ പല കേസുകളും വിവാദമായിരുന്നു. പ്രതിപക്ഷ നേതാക്കളെയാണ് പ്രധാനമായും ലക്ഷ്യം വച്ചത്. മുന്‍ ധനമന്ത്രി പി ചിദംബരം, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍, ശരദ് പവാര്‍, മഹാരാഷ്ട്ര മുന്‍ അഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ്, മഹാരാഷ്ട്ര മന്ത്രിയായിരുന്ന നവാബ് മാലിക്, ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുള്ള, മെഹബൂബ മുഫ്തി, നിലവിലെ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജി, തൃണമൂല്‍ മന്ത്രിയായിരുന്ന പാര്‍ത്ഥ ചാറ്റര്‍ജി എന്നിവര്‍ക്കെതിരായ കേസുകളൊക്കെ ഈ കാലത്താണ് ഉണ്ടാകുന്നത്.  Ex Ed director Sanjay Mishra appointed as member of Prime minister’s Economic council 

Content Summary; Ex Ed director Sanjay Mishra appointed as member of Prime minister’s Economic council

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×