UPDATES

ഇറാനില്‍ നിന്ന് പലായനം ചെയ്ത സംവിധായകന് കാനില്‍ നിറഞ്ഞ കയ്യടികളോടെ സ്വീകരണം

സിനിമ ഭയക്കുന്ന ഇറാൻ ഭരണകൂടം

                       

കാൻ ഫിലിം ഫെസ്റ്റിവലിൽ ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’ എന്ന പായൽ കപാഡിയയുടെ ചിത്രത്തിന് ലഭിച്ച പുരസ്കാരങ്ങളും, അംഗീകാരങ്ങളും ഇന്ത്യയിലും കേരളത്തിലും വലിയ രീതിയിൽ ആഘോഷമാവുകയാണ്. എന്നാൽ തങ്ങളുടെ പ്രിയപ്പെട്ട സംവിധായകന്റെ ചിത്രത്തിന് ലഭിക്കുന്ന നിരൂപക പ്രശംസയിൽ ആഘോഷിക്കാനാവാതെ അനിശ്ചിതത്വത്തിലാണ് ഒരു നാട്.

ഇറാനിയൻ സംവിധായകൻ മുഹമ്മദ് റസൂലോഫ്, തന്റെ ചിത്രവുമായി കാനിൽ എത്തിയത് രാജ്യത്ത് നിന്ന് പലായനം ചെയ്തതിന് ശേഷമാണ്. കാൻ വേദിയിൽ വച്ച് ഇസ്ലാമിക് റിപ്പബ്ലിക്കിലെ അടിച്ചമർത്തൽ നീതിന്യായ വ്യവസ്ഥയുമായി താൻ നടത്തിയ ഏറ്റുമുട്ടലുകളെ കുറിച്ച് അദ്ദേഹം പങ്കുവച്ചു. “ദ സീഡ് ഓഫ് ദി സേക്രഡ് ഫിഗ്” എന്ന സിനിമ നിർമ്മിച്ചതിന് എട്ട് വർഷത്തെ ജയിൽ ശിക്ഷയാണ് ഇറാൻ ഭരണകൂടം മുഹമ്മദ് റസൂലോഫിന് വിധിച്ചത്. ഇതോടെയാണ് അദ്ദേഹം പലായനം ചെയ്‍തത്. ഇറാനിലെ മറ്റ് ചലച്ചിത്ര പ്രവർത്തകരോടും കലാകാരന്മാരോടും അടിച്ചമർത്തലിനെതിരെ ചെറുത്തുനിൽക്കാനും മുഹമ്മദ് റസൂലോഫ് ആഹ്വാനം ചെയ്തു. “ഇറാൻ സിനിമയ്ക്കുള്ള എൻ്റെ ഒരേയൊരു സന്ദേശം ഇതാണ്: ഭരണകൂടം നിങ്ങളെ ഭയപ്പെടുന്നുണ്ട്, ആ ഭയത്തിനു മേലാണ് അവർ നമ്മളെ ഭയപ്പെടുത്തുന്നതും, നിരുത്സാഹപ്പെടുത്തുന്നതും. ഭയമല്ലാതെ മറ്റൊരു ആയുധവും അവരുടെ പക്കലില്ല. നമ്മുടെ രാജ്യത്ത് സമാധാനപരമായ ഒരു ജീവിതത്തിനായി പോരാടേണ്ടതുണ്ട്.”

77-ാമത് ഫിലിം ഫെസ്റ്റിവലിൻ്റെ അവസാന ദിവസം പ്രദർശിപ്പിച്ച ‘ദി സീഡ് ഓഫ് ദ സേക്രഡ് ഫിഗിൻ്റെ’ പ്രീമിയറിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം, രാജ്യം വിടാനുള്ള തൻ്റെ തീരുമാനം എന്തുകൊണ്ടായിരുന്നുവെന്ന് വ്യക്തമാക്കി. ഈ സിനിമ പൂർത്തിയാക്കാൻ കാരണമായത് നിയമവ്യവസ്ഥയുടെ മെല്ലെ പോക്കാണെന്ന് അദ്ദേഹം പറഞ്ഞു. അപ്പീൽ വിധിക്കായി കാത്തിരിക്കുന്നതിനിടയിൽ അദ്ദേഹം എഡിറ്റിംഗിനായി ദൃശ്യങ്ങൾ യൂറോപ്പിലേക്ക് അയച്ചു. “സിനിമയുടെ ഉള്ളടക്കം തങ്ങൾക്ക് എതിരാണെന്ന് അധികാരികൾ മനസിലാക്കി. രഹസ്യാന്വേഷണ വിഭാഗം സിനിമയുടെ അണിയറ പ്രവർത്തകരെ അറസ്റ്റ് ചെയ്തേക്കാമെന്നും ഞങ്ങൾക്ക് വിവരം ലഭിച്ചു.  തടങ്കലിൽ പോകണമോ അതോ  രാജ്യത്തിന് പുറത്തേക്ക് പലായനം ചെയ്യണോ എന്ന് എനിക്ക് ചിന്തിക്കേണ്ടി വന്നു.”

സിനിമയില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച സെതാരെ മാലേകി, മഹ്സ റോസ്താമി എന്നിവരും സംവിധായകാനൊപ്പം മാധ്യമങ്ങളെ കാണാൻ എത്തിയിരുന്നു. തന്റെ സിനിമ പൂർത്തീയാക്കുന്നതിന് കൂടെ നിന്ന അണിയറ പ്രവർത്തകർക്കും, മറ്റു അഭിനേതാക്കളോടും അദ്ദേഹം നന്ദി പറഞ്ഞു. കൂടാതെ ഭരണകൂടത്തിന്റെ അടിച്ചമർത്തലിൽ കഴിയുന്ന മറ്റു സിനിമ പ്രവർത്തകരോടുള്ള കടപ്പാടും അദ്ദേഹം അറിയിച്ചു. ഇറാന്‍ സിനിമ ഇന്‍ഡസ്ട്രിയോടും താരങ്ങളോടുമുള്ള കടപ്പാട് അറിയിച്ച അദ്ദേഹം തന്റെ ഹൃദയം അവരോടൊപ്പമുണ്ടെന്നും കൂട്ടിച്ചേർത്തു.

52 കാരനായ റസൂലോഫിന്റെ ചിത്രം ദേർ ഈസ് നോ ഈവിൾനാല് വർഷം മുമ്പ് ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നിരൂപക പ്രശംസ നേടിയിരുന്നു. 2018 ൽ എ മാൻ ഓഫ് ഇൻ്റഗ്രിറ്റി എന്ന ചിത്രം കാനിലും ശ്രദ്ധ നേടിയിരുന്നു. “രാജ്യത്തെ  സെൻസർഷിപ്പും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനുള്ള വെല്ലുവിളികൾക്കും എതിരെ  വർഷങ്ങളായി നടത്തിയ ഏറ്റുമുട്ടലിൽ” നിന്നാണ് ദി സീഡ് ഓഫ് ദി സേക്രഡ് ഫിഗിൻ്റെ ആശയം ഉടലെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. മുമ്പ് ജയിലിൽ കിടന്നപ്പോൾ, താനും സഹ സിനിമാ സംവിധായകൻ ജാഫർ പനാഹിയും അവരുടെ സെല്ലിന് പുറത്ത്  നടക്കുന്ന സംഭവങ്ങൾ മനസിലാക്കാൻ ശ്രമിച്ചതെങ്ങനെയെന്ന് റസൂലോഫ് വിവരിച്ചു. 2022-ൽ ഇറാനിൽ നടന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്, നീതിന്യായ വ്യവസ്ഥയിൽ ജോലി ചെയ്യുന്ന പിതാവിനൊപ്പം നാലംഗ കുടുംബത്തെ പിന്തുടരുന്ന  പ്രശ്നങ്ങളാണ് ചിത്രം പറയുന്നത്. സിനിമയിൽ പെൺമക്കളുടെ വേഷമാണ് റോസ്താമിയും മാലേകിയും അവതരിപ്പിക്കുന്നത്.

സെൻസർഷിപ്പ് ഒഴിവാക്കാൻ അദ്ദേഹത്തിൻ്റെ പുതിയ ചിത്രം രഹസ്യമായി ചിത്രീകരിക്കുകയും കാനിൽ പ്രേക്ഷകരിൽ നിന്ന് വളരെയധികം പിന്തുണ ലഭിക്കുകയും ചെയ്തു. സിനിമയിൽ ഈ കഥാപാത്രം ചെയ്യാൻ താൻ ഭയപ്പെട്ടിരുന്നില്ലെന്നും സംവിധായകൻ്റെ ധീരതയെ അഭിനന്ദിക്കുന്നുവെന്നും മാലേകി പറഞ്ഞു. “ഈ സിനിമ ചെയ്യാൻ ഇത്ര ധൈര്യം വേറെ ആർക്കുണ്ടാകും?” സ്വന്തം രാജ്യം വിട്ടുപോകാൻ നിർബന്ധിതനായതിൽ തനിക്ക് ലജ്ജയില്ലെന്നും അവൾ പറഞ്ഞു: “ഇസ്ലാമിക് റിപ്പബ്ലിക്കാണ് ലജ്ജിക്കേണ്ടത്, ഞാനല്ല.” ഇറാനിയൻ ജയിൽ ഗാർഡുകളെയും സുരക്ഷാ ഉദ്യോഗസ്ഥരെയും അടിസ്ഥാനമാക്കിയുള്ള കഥാപാത്രങ്ങളാണ് തൻ്റെ സിനിമയിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന് റസൂലോഫ് വിശദീകരിച്ചു. മനുഷ്യർ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ അദ്ദേഹം ശ്രമിച്ചു. “അവരുടെ ചിന്താഗതി എന്താണ്, അവർ എങ്ങനെയാണ് അവരുടെ പ്രവർത്തനങ്ങളെ ന്യായീകരിക്കുന്നത്, എങ്ങനെയാണ് അവർ ഇങ്ങനെ ചിന്തിച്ചത്?” എന്ന് അദ്ദേഹം ചോദിക്കുന്നു.

Content summary; Director Mohammad Rasoulof, who was exiled from Iran, screened his film at Cannes.

Share on

മറ്റുവാര്‍ത്തകള്‍