ഒക്ടോബര്‍ ഒന്നിന് ആരംഭിക്കുന്ന പുതിയ സാമ്പത്തിക വര്‍ഷത്തിന് മുന്‍പായി ധനാനുമതിയുടെ കാര്യത്തില്‍ യുഎസ് കോണ്‍ഗ്രസില്‍ തീരുമാനമാകാത്തതോടെ അമേരിക്കയിലെ സര്‍ക്കാര്‍ വീണ്ടുമൊരു ‘ ഷട്ട്ഡൗണിന്റെ’ വക്കിലെത്തിയിരിക്കുകയാണ്. ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഇതുമൂലം രാജ്യത്ത് ഉണ്ടാകുക.
സര്‍ക്കാരുകള്‍ക്ക് പ്രവര്‍ത്തിക്കാനാവശ്യമായ പണം കിട്ടാതെ വരുന്നതുകൊണ്ട് ഉണ്ടാകുന്ന ആഘാതങ്ങളാണ് നേരിടേണ്ടി വരിക. സര്‍ക്കാരിന് ആവശ്യമായ ഫണ്ട് അനുവദിക്കുന്നത് കോണ്‍ഗ്രസ് ആണ്. കോണ്‍ഗ്രസില്‍ ഒരു ഫണ്ടിംഗ് ബില്‍ പാസാക്കിയെടുത്താല്‍ മാത്രമാണ് സര്‍ക്കാരിനാവശ്യമായ പണം ഉപയോഗിക്കാന്‍ സാധിക്കൂ. കോണ്‍ഗ്രസില്‍ ഫണ്ടിംഗ് ബില്‍ പാസാക്കിയെടുക്കാന്‍ സാധിക്കാതെ വരുമ്പോള്‍ സര്‍ക്കാരുകള്‍ ഷട്ട്ഡൗണിലേക്ക് പോകും.
അമേരിക്കയില്‍ പുതിയ സാമ്പത്തിക വര്‍ഷം ഒക്ടോബര്‍ ഒന്നിന് ആരംഭിക്കും. അതിനു മു്മ്പായി, അടുത്ത 12 മാസത്തേക്ക് അനുവദനീയമായ ഫണ്ട് എങ്ങനെയെല്ലാം ചെലവഴിക്കണമെന്നതിനെക്കുറിച്ച് 12 ഫണ്ടിംഗ് ബില്ലുകള്‍ കോണ്‍ഗ്രസില്‍ പാസാക്കിയെടുക്കാന്‍ കഴിയാതെ വന്നതാണ് പ്രതിസന്ധിയായിരിക്കുന്നത്.
ഫണ്ടിംഗ് ബില്ലുകളെല്ലാം പാസാക്കിയെടുക്കാന്‍ കഴിയാതെ വന്നാല്‍ സര്‍ക്കാര്‍ പിന്നീട് ശ്രമിക്കുക ഒരു തുടര്‍ച്ച പ്രമേയം(Continuing Resolution-CR) പാസാക്കിയെടുക്കാനായിരിക്കും. ഇതിനു രണ്ടിനും കഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലാകും. കാരണം, നിയമപരമായി പണം ചെലവഴിക്കാന്‍ സാധിക്കില്ല.
ഫണ്ടിനുള്ള ബില്ലുകള്‍ പാസാക്കിയെടുക്കാന്‍ സാധിച്ചില്ലെങ്കിലാണ് സര്‍ക്കാര്‍ ഷട്ട് ഡൗണിലേക്കു പോകുന്നത്. ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ വെട്ടിക്കുറയ്ക്കുക, സര്‍ക്കാര്‍ ജീവനക്കാരെ ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിപ്പിക്കുക തുടങ്ങിയ കടുത്ത നടപടികള്‍ ഷട്ട്ഡൗണ്‍ സമയത്ത് പ്രയോഗിക്കാറുണ്ട്.
അമേരിക്ക ഇപ്പോള്‍ വല്ലാത്ത പ്രതിസന്ധിയിലാണ്. ഫണ്ട് അനുവദിക്കാനുള്ള സമയം അവസാനിക്കുകയാണ്. ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍മാരും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍, ഫണ്ട് അനുവദിക്കപ്പെടാനുള്ള സാധ്യത ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഡെമോക്രാറ്റുകളെ വെല്ലുവിളിച്ചിരിക്കുകയാണ്. ഭീഷണിയുടെ സ്വരത്തിലാണ് വൈറ്റ്ഹൗസില്‍ നിന്നും പ്രതികരണങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത്. ഷട്ട്ഡൗണ്‍ വരികയാണെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് അവരുടെ ഭീഷണി. ഈ വര്‍ഷം ആദ്യം 30,000 സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധിത അവധിക്ക് ട്രംപ് ഭരണകൂടം പറഞ്ഞുവിട്ടിരുന്നു. അത് കൂടാതെയാണ് ഇപ്പോഴത്തെ പിരിച്ചു വിടല്‍ ഭീഷണി. സാധാരണ ഷട്ട് ഡൗണ്‍ സമയത്ത് സര്‍ക്കാര്‍ ജീവനക്കാരോട് താത്കാലിക അവധിയില്‍ പോകാന്‍ പറയാറുണ്ട്. എന്നാല്‍ ട്രംപ് ഭരണകൂടം ജീവനക്കാരെ സ്ഥിരമായി പറഞ്ഞുവിടാനാണ് ഒരുങ്ങുന്നത്.
അമേരിക്കന്‍ കോണ്‍ഗ്രസില്‍ റിപ്പബ്ലിക്കന്‍മാരും ഡെമോക്രാറ്റുകളും തമ്മില്‍ അംഗസംഖ്യയില്‍ വലിയ വ്യത്യാസമില്ലാത്തതിനാല്‍ സമീപകാല ബജറ്റ് ചര്‍ച്ചകളിലെല്ലാം ഷട്ട്ഡൗണ്‍ ഭീഷണികള്‍ ഉയര്‍ന്നു വരാറുണ്ട്.
2018 ല്‍, ട്രംപിന്റെ ആദ്യ ഭരണകാലം. അന്നത്തെ റിപ്പബ്ലിക്കന്‍ സര്‍ക്കാര്‍ ഷട്ട്ഡൗണിലേക്ക് പോയിട്ടുണ്ട്. ഫണ്ടിംഗിനെ ചൊല്ലി അന്നുണ്ടായ തര്‍ക്കം 34 ദിവസം നീണ്ടു നിന്ന ഷട്ട്ഡൗണിലേക്കാണ് രാജ്യത്തെ തള്ളിയിട്ടത്. അമേരിക്കയുടെ ആധുനിക ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഷട്ട്ഡൗണ്‍ ആയിരുന്നുവത്. അന്ന് ആകെയുണ്ടായിരുന്ന 21 ലക്ഷം സര്‍ക്കാര്‍ ജീവനക്കാരില്‍ എട്ടുലക്ഷം പേര്‍ക്ക് ശമ്പളമില്ലാതെ അവധിയില്‍ പോകേണ്ടി വന്നിരുന്നു.
നിലവില്‍ കോണ്‍ഗ്രസിന്റെ ഇരുസഭകളിലും ഭൂരിപക്ഷം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ്. അവരുടെ കടുത്ത നിലപാടാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കുള്ള കാരണം. നിലവിലെ സാഹചര്യത്തില്‍ ചിലവ് നടന്നു പോകാന്‍ നവംബര്‍ 21 വരെ സര്‍ക്കാരിന് ഫണ്ട് നീട്ടി നല്‍കാന്‍ വേണ്ടി ഒരു താത്കാലിക ബില്ല് റിപ്പബ്ലിക്കന്‍മാര്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഈ ബില്ല് ഡെമോക്രാറ്റുകള്‍ തള്ളിക്കളയുമോ എന്നാണവര്‍ വെല്ലുവിളിച്ചിരിക്കുന്നത്. എതിരാളികളെ കുടുക്കാനുള്ള തന്ത്രമാണത്. താത്കാലിക ബില്ല് തള്ളിയാല്‍ രാജ്യത്തെ പ്രതിസന്ധിയിലാക്കിയത് ഡെമോക്രാറ്റുകളാണെന്ന് അവര്‍ പ്രചാരണം നടത്തും.
ഡെമോക്രാറ്റുകള്‍ക്ക് ഇത്തരമൊരു നീക്കത്തെ എതിര്‍ക്കാന്‍ കാരണമുണ്ടായിരുന്നു.
അഫോര്‍ഡബിള്‍ കെയര്‍ ആക്ട് നികുതി ആനുകൂല്യങ്ങള്‍ നീട്ടുന്നത് പോലുള്ള അവരുടെ പ്രധാന മുന്‍ഗണനകളെ ബില്‍ അഭിസംബോധന ചെയ്യുന്നില്ല എന്നതിനാലായിരുന്നു ഡെമോക്രാറ്റുകള്‍ ബില്ല് അംഗീകരിക്കാന്‍ മടിക്കുന്നത്.
ജനപ്രതിനിധി സഭയില്‍ ബില്ല് നേരിയ ഭൂരിപക്ഷത്തിന് പാസായെങ്കിലും ഉപരിസഭയായ സെനറ്റില്‍ പരാജയപ്പെട്ടു. സര്‍ക്കാര്‍ നയങ്ങളിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കര്‍ശനമായ നിലപാട് കാരണം, നവംബര്‍ 21 വരെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ താല്‍ക്കാലിക ഫണ്ട് പോലും കോണ്‍ഗ്രസില്‍ പാസാക്കിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതാണ് നിലവിലെ ഷട്ട്ഡൗണ്‍ ഭീഷണിക്ക് പ്രധാന കാരണം.
ഈ ആഴ്ച്ച തന്നെ ഷട്ട്ഡൗണ്‍ വേണ്ടി വരുമെന്നാണ് ഡൊണാള്‍ഡ് ട്രംപ് ചൊവ്വാഴ്ച്ച പ്രതികരിച്ചത്. ഷട്ട് ഡൗണ്‍ വേണ്ടി വന്നാല്‍ അത് ചെയ്യും എന്നാണ് ഡെമോക്രാറ്റുകളെ കുറ്റപ്പെടുത്തിക്കൊണ്ട് പ്രസിഡന്റ് പറഞ്ഞത്.
ഡെമോക്രാറ്റുകള്‍ ശരിയായ കാര്യങ്ങള്‍ ഒന്നും ചെയ്യാന്‍ സമ്മതിക്കാത്തതുകൊണ്ട് രാജ്യം ഷട്ട് ഡൗണിലേക്ക് പോവുകയാണെന്നാണ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും പ്രതികരിച്ചത്.
അധികാരത്തിനു പുറത്താണെങ്കിലും ഡെമോക്രാറ്റുകളുടെ പ്രാധാന്യം, സെനറ്റിലെ ഫിലിബസ്റ്റര്‍(നിയമനിര്‍മ്മാണം തടസ്സപ്പെടുത്തുന്ന നീണ്ട ചര്‍ച്ച) മറികടക്കാന്‍ അവരുടെ വോട്ടുകള്‍ ആവശ്യമാണ് എന്നിടത്താണ്. അതായത് ഫണ്ടിംഗ് ബില്ലുകള്‍ പാസാക്കണമെങ്കില്‍ ഡെമോക്രാറ്റുകള്‍ കൂടി സമ്മതിക്കണം. ഈ അവസരം ഉപയോഗിച്ച്, ചില പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിനായി അവര്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്.
അഫോര്‍ഡബിള്‍ കെയര്‍ ആക്ട് (Affordable Care Act) പ്രകാരം ആരോഗ്യ ഇന്‍ഷുറന്‍സിന്റെ ചെലവ് പരിമിതപ്പെടുത്തുന്നതിനായി നല്‍കുന്ന സബ്സിഡികളുടെ കാലാവധി നീട്ടണം എന്നതാണ് ഡെമോക്രാറ്റുകളുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. ഈ സബ്സിഡികളുടെ കാലാവധി ഉടന്‍ അവസാനിക്കാനിരിക്കെയാണ് അവര്‍ കടുംപിടുത്തം നടത്തുന്നത്.
ട്രംപിന്റെ ഭരണകാലത്തെ ‘വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ ആക്ട്’ പ്രകാരം മെഡിക് എയ്ഡ് (Medicaid) പദ്ധതിയില്‍ വരുത്തിയ വെട്ടിച്ചുരുക്കലുകള്‍ പിന്‍വലിക്കണം എന്നതാണ് മറ്റൊരു ആവശ്യം.
റിസിഷന്‍സ് പാക്കേജ്’ (rescision package) വഴി വെട്ടിക്കുറച്ച പൊതു മാധ്യമങ്ങള്‍ക്കുള്ള (public media) ഫണ്ടിംഗ് പുനഃസ്ഥാപിക്കണമെന്നതും ഡെമോക്രാറ്റുകളുടെ ആവശ്യങ്ങളിലൊന്നാണ്.
സര്‍ക്കാരിന് ഫണ്ട് അനുവദിക്കാന്‍ ഡെമോക്രാറ്റുകളുടെ വോട്ട് അത്യാവശ്യമായതിനാല്‍, ഈ ഫണ്ടിംഗ് ബില്ലിന് പകരമായി തങ്ങളുടെ പ്രധാന ആവശ്യങ്ങള്‍ (പ്രത്യേകിച്ചും ആരോഗ്യ സംരക്ഷണം, മാധ്യമ ഫണ്ടിംഗ് എന്നിവയുമായി ബന്ധപ്പെട്ടവ) അംഗീകരിക്കാന്‍ റിപ്പബ്ലിക്കന്‍മാരെ നിര്‍ബന്ധിക്കുകയാണ് ഡെമോക്രാറ്റുകള്‍ ചെയ്യുന്നത്.
ഇത്തവണ ഷട്ട്ഡൗണ്‍ ഉണ്ടായാല്‍ ഫെഡറല്‍ ജീവനക്കാര്‍ക്കുണ്ടാകുന്ന ആഘാതം മുന്‍പത്തേക്കാള്‍ കൂടുതലായിരിക്കും. കഴിഞ്ഞാഴ്ച വൈറ്റ് ഹൗസിന്റെ കീഴിലുള്ള ഓഫീസ് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ബജറ്റ് (OMB) ഒരു മെമ്മോ പുറത്തിറക്കിയിരുന്നു. ജീവനക്കാരെ സ്ഥിരമായി പിരിച്ചുവിടലിനുള്ള നിര്‍ദ്ദേശമായിരുന്നു അതില്‍ പറഞ്ഞിരുന്നത്. ഒരു ഷട്ട്ഡൗണ്‍ ഉണ്ടാകുകയാണെങ്കില്‍, ഏജന്‍സികള്‍ താല്‍ക്കാലിക അവധിക്കുള്ള (temporary furloughs) തയ്യാറെടുപ്പുകള്‍ മാത്രമല്ല, സ്ഥിരമായ പിരിച്ചുവിടലുകള്‍ക്ക് (permanent layoffs) വേണ്ടിയും തയ്യാറാകണമെന്ന് ഒഎംബി ഈ മെമ്മോയിലൂടെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മുന്‍ ഷട്ട്ഡൗണുകളില്‍ ജീവനക്കാരെ താല്‍ക്കാലികമായി ശമ്പളമില്ലാതെ അവധിക്ക് വിടുകയായിരുന്നു പതിവെങ്കില്‍, ഈ പ്രാവശ്യം, ഷട്ട്ഡൗണ്‍ സംഭവിച്ചാല്‍, അത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എന്നന്നേക്കുമായി തൊഴില്‍ നഷ്ടപ്പെടുന്നതിന് വരെ കാരണമായേക്കാം എന്നാണ് വൈറ്റ് ഹൗസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
അതുപോലെ, ഒരു ഷട്ട്ഡൗണ്‍ ഉണ്ടായാല്‍, ഫണ്ടിംഗ് ഉറവിടങ്ങള്‍ നിലച്ചുപോകുന്ന ഫെഡറല്‍ പദ്ധതികള്‍) ഏതാണെന്ന് കണ്ടെത്തണമെന്നും മെമ്മോയില്‍ വിവിധ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അത്തരം പദ്ധതികളില്‍ ‘പ്രസിഡന്റിന്റെ മുന്‍ഗണനകളില്‍’ (not consistent with the president’s priorities), ഉള്‍പ്പെടാത്തവയിലെ ജീവനക്കാര്‍ക്കായി ‘റിഡക്ഷന്‍-ഇന്‍-ഫോഴ്‌സ്’ (Reduction-in-Force – RIF) നോട്ടീസുകള്‍ തയ്യാറാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഫണ്ട് ഇല്ലാതാകുന്നതും പ്രസിഡന്റിന്റെ മുന്‍ഗണനയില്‍ ഉള്‍പ്പെടാത്തതുമായ സര്‍ക്കാര്‍ പദ്ധതികളിലെ ജീവനക്കാരെ സ്ഥിരമായി പിരിച്ചുവിടാനാണ് തയ്യാറെടുക്കുന്നത്. ഇത് ചില പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.
സര്‍ക്കാര്‍ പൂര്‍ണമായോ ഭാഗികമായോ ഷട്ട് ഡൗണിലേക്ക് പോയാല്‍ ലക്ഷക്കണക്കിന് ഫെഡറല്‍ ജീവനക്കാരുടെ ജോലി പോവുകയോ, അല്ലെങ്കില്‍ ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വരികയോ ചെയ്യും.
കഴിഞ്ഞ ചൊവ്വാഴ്ച കോണ്‍ഗ്രഷണല്‍ ബജറ്റ് ഓഫീസ് (Congressional Budget Office – CBO) പുറത്തിറക്കിയ കണക്കുകള്‍ അനുസരിച്ച് ഒരു സര്‍ക്കാര്‍ ഷട്ട്ഡൗണ്‍ ഉണ്ടായാല്‍ ഓരോ ദിവസവും ഏകദേശം 7,50,000 (ഏഴര ലക്ഷം) ഫെഡറല്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത അവധി (furloughed) എടുക്കേണ്ടി വരും. അതായത് ഷട്ട് ഡൗണ്‍ ഉണ്ടായാല്‍ ഓരോ ദിവസവും, ഏഴര ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളമില്ലാതെ വീട്ടിലിരിക്കേണ്ടി വരും. ഔദ്യോഗിക കണക്കുകള്‍ ഇതാണ് സൂചിപ്പിക്കുന്നത്.
ഷട്ട്ഡൗണ്‍ ഉണ്ടായാല്‍ പൊതുജനവും വലയും. ഷട്ട്ഡൗണ്‍ സമയത്ത്, ചില സേവനങ്ങള്‍ അത്യാവശ്യം (essential) എന്ന് കണക്കാക്കി തടസ്സമില്ലാതെ തുടരുമെങ്കിലും മറ്റ് ചില സേവനങ്ങള്‍ക്ക് തടസ്സമുണ്ടാവുകയോ കാലതാമസം നേരിടുകയോ ചെയ്യാം.
സാമൂഹ്യ സുരക്ഷ, മെഡികെയര്‍, സൈനിക ചുമതലകള്‍, ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ്, എയര്‍ ട്രാഫിക് കണ്‍ട്രോള്‍, മെയില്‍ വിതരണവും പോസ്റ്റ് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ എന്നിവ തടസമില്ലാതെ തുടരും. ഇവയൊഴിച്ചുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ തടസപ്പെടാം.
ഷട്ട്ഡൗണ്‍ ഓരോ സര്‍ക്കാര്‍ വകുപ്പിനെയും വ്യത്യസ്തമായ രീതിയിലാണ് ബാധിക്കുക. സുരക്ഷാ സംബന്ധമായ വകുപ്പുകളിലെ ഭൂരിഭാഗം ജീവനക്കാരും ജോലിയില്‍ തുടരുമ്പോള്‍, മറ്റ് മേഖലകളിലെ (വിദ്യാഭ്യാസം പോലെ) ജീവനക്കാരില്‍ ബഹുഭൂരിപക്ഷത്തിനും ശമ്പളമില്ലാതെ അവധി എടുക്കേണ്ടിവരും.
ഷട്ട്ഡൗണ്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വലുതും ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്നതുമായിരിക്കും. മുന്‍പത്തെ ഷട്ട്ഡൗണ്‍ കാലത്ത് സര്‍ക്കാര്‍ ദേശീയോദ്യാനങ്ങള്‍ എല്ലാം അടച്ചു പൂട്ടിയിരുന്നു. മ്യൂസിയങ്ങളും അടച്ചിട്ടു. വിമാന യാത്രകളെ ബാധിച്ചു. എയര്‍ട്രാഫിക്ക് കണ്‍ട്രോളര്‍മാര്‍ ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വന്നത് സുരക്ഷ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയതിനാല്‍ പലരും വിമാനയാത്രകള്‍ ഒഴിവാക്കി. ജീവനക്കാരുടെ അഭാവം ഭക്ഷ്യസുരക്ഷ പരിശോധനകള്‍ ഇല്ലാതാക്കി. ഇമിഗ്രേഷന്‍ ഹിയറിംഗുകള്‍ മാറ്റിവച്ചു. ചുരുക്കി പറഞ്ഞാല്‍, ഷട്ട്ഡൗണ്‍ സര്‍ക്കാരിന്റെ ദൈനംദിന കാര്യങ്ങളെ മാത്രമല്ല, പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രധാനപ്പെട്ട സേവനങ്ങളെയും സാരമായി തടസ്സപ്പെടുത്തുകയും കാലതാമസം വരുത്തുകയും ചെയ്യും.
താല്‍ക്കാലിക ഷട്ട്ഡൗണ്‍ വലിയ ആഘാതം ഉണ്ടാക്കില്ലെങ്കിലും, അത് നീണ്ടുപോവുകയാണെങ്കില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ദോഷകരമായി ബാധിക്കുകയും വിപണിയെ അസ്ഥിരപ്പെടുത്തുകയും ചെയ്യും. ജനങ്ങള്‍ക്ക് ഭരണകൂടത്തിലുള്ള വിശ്വാസവും നഷ്ടപ്പെടുത്തും.
Content Summary; What is a government shutdown, and how will it affect the United States?
This post was last modified on October 1, 2025 10:24 am
Leave a Comment