July 17, 2025 |
Avatar
അമർനാഥ്‌
Share on

ആരോടും പരിഭവിക്കാതെ മടങ്ങിയ എം. കെ. കെ

കേരളത്തിന്റെ ആധുനിക വ്യവസായിക മേഖലയുടെ ഭീഷ്മാചാര്യനായ എം.കെ.കെ. നായരുടെ ജന്മവാര്‍ഷികമാണ് ഡിസംബര്‍ 29

‘1952 മുതല്‍ ഈ ഉദ്യോഗസ്ഥനെ എനിക്ക് വളരെ അടുത്തറിയാം. ഇന്ന് ഭാരതത്തിലുള്ള സിവില്‍ സര്‍വന്റ്‌സിന്റെ ഇടയില്‍ ഏറ്റവും പ്രാപ്തനും സ്വഭാവശുദ്ധിയുള്ളവനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പേരില്‍ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ ഒന്നും തന്നെ നിലനില്‍ക്കുന്നതല്ല. എന്നാണ് എന്റെ വിശ്വാസം. അത് കൊണ്ട് ഈ കാര്യത്തില്‍ ശ്രദ്ധിച്ച് പരിശോധന നടത്തിയതിനു ശേഷമേ ഒരു തീരുമാനമെടുക്കാന്‍ പാടുള്ളൂ.

സി. സുബ്രഹ്‌മണ്യം- പ്ലാനിംഗ് കമ്മീഷന്‍ ചെയര്‍മാന്‍

4 വര്‍ഷം മുന്‍പ് ഇതേ ദിവസം എം.കെ. കെ നായരുടെ ജന്മശതാബ്ദിയായിരുന്നു. പീഡനത്തിന്റെ പാതയിലൂടെ ബഹുദൂരം ഒരു വ്യാഴവട്ടകാലം ക്രൂശിക്കപ്പെട്ട ഒരു വ്യക്തിയും, ഒരു ഉന്നതനായ ബ്യൂറോക്രാറ്റുമായിരുന്നു എം.കെ. കെ. നായര്‍. ഭിലായ് സ്റ്റീല്‍ പ്ലാന്റ് സ്ഥാപിച്ച മുഖ്യശില്‍പ്പി, കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ രാസവളശാലയായ എഫ്.എ.സി.റ്റിയുടെ കുതിപ്പിന് നേതൃത്വം നല്‍കിയ ഭരണാധികാരി. കഥകളിക്ക് ആഗോള അംഗീകാരം നേടിക്കൊടുത്ത ബ്യൂറോക്രാറ്റ് അതായിരുന്നു മേപ്പള്ളി കേശവ പിള്ള കൃഷ്ണന്‍കുട്ടി നായര്‍ എന്ന എം. കെ. കെ നായര്‍. ‘ഞാന്‍ കണ്ട ജീവിതത്തിലെ ഏറ്റവും ഹൃദയാലുവായ മനുഷ്യന്‍’ എന്ന് എം.കെ.കെ യെ കുറിച്ച് പറഞ്ഞത് കഥാകാരന്‍ ടി പത്മനാഭന്‍. ടി. പത്മനാഭന്‍ അമ്പലമേടിലെ ഫാക്റ്റില്‍ ഉദ്യോഗസ്ഥനായിരുന്നു.

കേരളത്തിന്റെ വ്യാവസായിക ഗ്രാഫ് പുരോഗതിയുടെ ചെറിയ സൂചനകള്‍ കാണിക്കുന്ന സമയത്താണ് എം കെ കെ നായര്‍ കേരളത്തില്‍ രംഗപ്രവേശനം ചെയ്തത്. കേരളത്തിലെ വ്യാവസായിക, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ ഉന്നത സംസ്‌കാരത്തിന് കളമൊരുക്കിയ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു എം.കെ.കെ. അദ്ദേഹം ചുമതലയേറ്റ ശേഷം ദേശീയതലത്തിലും അന്തര്‍ദ്ദേശീയമായും അറിയപ്പെടുന്ന ഒരു വളനിര്‍മ്മാണശാലയായി ഫാക്ട് മാറി. സ്വതന്ത ഇന്ത്യയിലെ ആദ്യത്തെ ഐഎഎസ് പരിശീലന കേന്ദ്രമായ മെറ്റ് കാഫ് ഹൗസ് 1947 ല്‍ ആരംഭിച്ചപ്പോള്‍ ആദ്യത്തെ ബാച്ചിലുണ്ടായിരുന്ന എം.കെ.കെ നായര്‍ നിര്‍ദേശിച്ച ഭഗവദ് ഗീതയിലെ വരികളാണ് ഐ. എ. എസ് സര്‍വിസിന്റെ മുഖമുദ്രയായത് ‘യോഗ: കര്‍മ്മ’: സുകൗശലം’ (Excellence in action)എന്നായിരുന്നു അത്. അത് തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഏറ്റവും നന്നായി പാലിച്ച ഒരു സിവില്‍ സര്‍വെന്റായിരുന്നു എം.കെ.കെ.

MKK Nair

എം കെ കെ നായരുടെ ആത്മകഥ, കലാമണ്ഡലം ഹൈദരാലി വരച്ച എം.കെ.കെയുടെ ചിത്രം ‘.

ഐ.എ എസ് നേടി, കേന്ദ്രത്തില്‍ തസ്തികളിലും ജോലി ചെയ്താണ് എം.കെ.കെ. ഉരുക്കു വ്യവസായ മന്ത്രാലയത്തില്‍ എത്തുന്നത്. ജവഹര്‍ ലാല്‍ നെഹറുവിന്റെ മന്ത്രിസഭയിലെ ഏറ്റവും പ്രഗത്ഭനായ മന്ത്രിമാരിലൊരാളായ ടി.ടി. കൃഷ്ണമാചാരിയായിരുന്നു എം.കെ.കെയുടെ വകുപ്പ് മന്ത്രി. സോവ്യറ്റ് റഷ്യയുമായുള്ള കരാര്‍ അനുസരിച്ച് റഷ്യയുടെ സഹകരണത്തോടെ ഭിലായ് ഉരുക്ക് നിര്‍മാണ ശാലയുടെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും പ്രാപ്തനായ നേതൃത്വത്തിന്റെ അഭാവം കാരണം പദ്ധതി ഇഴഞ്ഞു നിങ്ങുന്നത് കണ്ട റഷ്യക്കാര്‍ റഷ്യന്‍ മേധാവികളോട് ഇന്ത്യന്‍ അനാസ്ഥയെക്കുറിച്ച് പരാതിപ്പെട്ടു. അന്നത്തെ റഷ്യന്‍ ഭരണാധികാരി ക്രൂഷ്‌ചേവ് ഇതില്‍ അസംതൃപ്തനായി രൂക്ഷമായ ഭാഷയിലെഴുതിയ ഒരു കത്ത് എഴുതി പ്രധാനമന്ത്രി നെഹറുവിന് അയച്ചു. ഈ പ്രശ്‌നത്തിന്റെ ഗൗരമറിഞ്ഞ നെഹ്‌റു ക്ഷുഭിതനായി. പ്രധാനമന്ത്രി നെഹ്‌റുവും മന്ത്രി ടി.ടി.കെയും ഉടനെ സമ്മേളിച്ച് നടപടി സ്വീകരിച്ചു. സമര്‍ത്ഥനായ ഒരു ഉദ്യോഗസ്ഥനെ ജനറല്‍ മാനേജറാക്കി ഭീലായിലേക്ക് അയക്കുക. അങ്ങനെ അവര്‍ കണ്ടെത്തിയ പ്രാപ്തനായിരുന്നു എം.കെ.കെ. നായര്‍.

35,000 എക്കര്‍ വനഭൂമിയില്‍ ഭീലായ് ഉരുക്കു നിര്‍മ്മാണശാല സ്ഥാപിക്കാനുള്ള ആ ബൃഹദ് പദ്ധതി മുഴുവന്‍ എം.കെ.കെ യുടെ നിയന്തണത്തിലാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. 1959 ഏപ്രില്‍ 4 ന് ഇന്ത്യന്‍ രാഷ്ടപതി ഡോ. രാജേന്ദ്രപ്രസാദ് ഭീലായ് ഉരുക്കു നിര്‍മ്മാണശാല ഉല്‍ഘാടനം ചെയ്തു. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച മുഹൂര്‍ത്തം. ഭീലായിലെ ‘ഫര്‍ണസിന്റെ ‘ഉല്‍പ്പാദനോല്‍ഘാടനമാണെന്ന് തന്റെ ആത്മകഥയില്‍ വികാരഭരിതനായി ആ നിമിഷങ്ങളെ കുറിച്ച് എം.കെ. കെ എഴുതിയിട്ടുണ്ട്.

ഭിലായിയില്‍ പണിയെടുത്ത മുന്നു കൊല്ലം ജീവിതത്തില്‍ മുപ്പതു കൊല്ലം കൊണ്ടു ലഭിക്കാവുന്ന അറിവും പരിചയസമ്പന്നതയും തന്റെടവും അദ്ദേഹത്തിന് നല്‍കി. ”അറിവില്ലാത്ത കാര്യങ്ങളെപ്പറ്റി മനസ്സിരുത്തി പഠിക്കാനും വ്യവസായശാലകളിലെ നിര്‍മ്മാണവും പ്രവര്‍ത്തനവും കാരൃക്ഷമമായ രീതിയില്‍ കൈകാര്യം ചെയ്യുന്നതിനാവശ്യമായ പരിജ്ഞാനം സമ്പാദിക്കാനും ഞാന്‍ നിര്‍ബന്ധിതനായി. ഒത്തു ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം അവരവരുടേതായ ഒരു നിര്‍വഹണരംഗങ്ങളില്‍ തന്റെടത്തോടെ പ്രവര്‍ത്തിക്കണമെങ്കില്‍ അവര്‍ക്ക് അതിനുള്ള സ്വാതന്ത്യവും അധികാരവും നല്‍കിയേ തീരു എന്ന പാഠം വ്യക്തമായി തെളിയിച്ചത് ഭീലായ് പദ്ധതിയാണ്. ഈ പാഠം പില്‍ക്കാലത്ത് എന്റെ പ്രവര്‍ത്തന ശൈലി വിജയകരമായി മുന്നോട്ട് പോകാന്‍ വളരെ സഹായിച്ചു.” എം.കെ.കെ. ആത്മകഥയില്‍ എഴുതി. അന്നത്തെ തൊഴിലില്ലാത്ത മലയാളികളുടെ ഗള്‍ഫായിരുന്നു ഭീലായ്. ഒട്ടേറെ മലയാളികള്‍ക്ക് അദ്ദേഹം അവിടെ ജോലി നല്‍കി.

ഇന്ത്യയിലെ രാസവളം ഉല്‍പാദിപ്പിക്കുന്ന രണ്ട് വന്‍കിട ഫാക്ടറികളിലൊന്നായിരുന്നു അമ്പലമേടിലെ എഫ്.എ.സി.റ്റി. 1950 ലെ ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ ഉള്‍പ്പെട്ട ചിലര്‍ എഫ്.എ.സി.റ്റി. ജീവനക്കാരായിരുന്നു. അവരെ ജോലിയില്‍ തിരിച്ചെടുക്കണമെന്നും അവര്‍ക്ക് ലഭിക്കേണ്ട ഉദ്യോഗക്കയറ്റങ്ങളും അനുകൂല്യങ്ങളും നല്‍കണമെന്നും. 1957 ലെ ഇ.എം.എസ് മന്ത്രിസഭയിലെ വ്യവസായ മന്ത്രിയായ കെ.പി. ഗോപാലന്‍ അന്നത്തെ ഫാക്റ്റിന്റെ ചെയര്‍മാന്‍ ഡോ. ജോണ്‍ മത്തായിയോട് ആവശ്യപ്പെട്ടു. പഴയ പാരമ്പര്യങ്ങളില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന ജോണ്‍ മത്തായി അത് നിരസിച്ചു. അന്ന് മുതല്‍ ജോണ്‍ മത്തായിയുമായി കെ. പി. ഗോപാലന്‍ ശീതസമരത്തിലായിരുന്നു. ഏറെ താമസിയാതെ പ്രായാധിക്യവും ദേഹാസ്വാസ്ഥ്യം മൂലം എഫ്.എ.സി.റ്റി.യില്‍ നിന്ന് രാജി വെയ്ക്കാനൊരുങ്ങിയ ഡോ.ജോണ്‍ മത്തായി പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹറുവിന് ഒരു കത്തെഴുതി. കേന്ദ്രം ഇടപെട്ട് എഫ്.എ.സി.റ്റി.യുടെ ഭരണം ഏറ്റെടുത്തില്ലെങ്കില്‍ ആ സ്ഥാപനം കെ. പി. ഗോപാലനെപ്പോലെ പാര്‍ട്ടി മേധാവികളുടെ കയ്യില്‍ പെട്ട് നശിച്ചു നാമാവശേഷമാകുമെന്നുമായിരുന്നു ആ കത്തിലെ ഉള്ളടക്കം.

mkk nair

വ്യവസായ മന്ത്രി ടി.വി തോമസ് , ഇന്ത്യൻ രാഷ്ട്രപതി ഫക്രുദീൻ അലി അഹമ്മദ് എം.കെ. കെ. നായർ ഫാക്റ്റിൽ രാഷ്ട പതിയുടെ സന്ദർശ വേളയിൽ ‘

വളരെ പ്രധാനമര്‍ഹിക്കുന്ന ഈ കാര്യം നെഹറുവുമായി ചര്‍ച്ച ചെയ്ത അന്നത്തെ വാണിജ്യ വ്യവസായ മന്ത്രിയായ ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ നിര്‍ദേശമനുസരിച്ച് കേരള മുഖ്യമന്ത്രിയായ ഇ.എം.എസിന് സ്വീകാര്യനായ ഒരു പ്രാപ്തനായ ഉദ്യോഗസ്ഥനെ ഫാക്റ്റിന്റെ ഭരണം ഏല്‍പ്പിക്കണമെന്ന് തീരുമാനിച്ചു. ഭീലായിയിലെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ എം.കെ.കെക്കായിരുന്നു അതിന് നറുക്ക് വീണത്. എം.കെ.കെ തന്നെ ഫാക്റ്റിന്റെ മേധാവിയാവണമെന്ന് മന്ത്രാലയം തീരുമാനിച്ചു. റാഞ്ചിയില്‍ പുതിയതായി തുടങ്ങുന്ന എഞ്ചിനിയറിംഗ് സ്ഥാപനത്തിന്റെ മേധാവിയായി പോകാനിരുന്ന എം.കെ.കെ. അങ്ങനെ കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ഫാക്റ്റിന്റെ എം.ഡി.യായി നിയമിക്കപ്പെട്ടു. ‘എന്റെ ജാതകത്തില്‍ ഗുളികന്‍ അങ്ങനെ അട്ടിമറി നടത്തിയെന്നാണ്’. എം.കെ. കെ ഇതേ കുറിച്ച് പറഞ്ഞത്. 1959 ജൂലൈ 31 ന് എം.കെ.കെ. നായര്‍ എഫ്.എ.സി.ടി യുടെ ജനറല്‍ മാനേജറായി ചാര്‍ജെടുത്തു. ആ ദിവസത്തിനൊരു പ്രാധാന്യമുണ്ടായിരുന്നു. ഐക്യകേരളത്തിന്റെ ആദ്യ മന്ത്രിസഭയായ ഇ.എം.എസിന്റെ കമ്യൂണിസ്റ്റ് മന്ത്രിസഭയെ രാഷ്ട്രപതി പുറത്താക്കിയ ദിവസമായിരുന്നു അന്ന്.

പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭം ഉണ്ടാക്കുന്നതിനേക്കാളുപരി, കൂടുതലാളുകള്‍ക്ക് തൊഴില്‍ കൊടുക്കുന്ന സ്ഥാപനങ്ങളാവണം എന്നായിരുന്നു. എം.കെ.കെ. യുടെ വ്യവസായിക നയം. പന്ത്രണ്ടുവര്‍ഷം കൊണ്ട് അദ്ദേഹം ഫാക്ടിനെ ഇന്ത്യയിലെ ഒരു ശ്രദ്ധേയമായ സ്ഥാപനമാക്കി മാറ്റി. പെരിയാറിന്റെ തീരത്ത് ആയിരത്തി ഇരുനൂറേക്കര്‍ കുന്നുംപുറം പ്രകൃതിയെ പരിക്കേല്‍പ്പിക്കാതെ, മനോഹരമായ ഒരു വ്യവസായശാല നില്‍ക്കുന്ന ടൗണ്‍ഷിപ്പാക്കിയത് എം. കെ. കെ നടത്തിയ ഇന്ദ്രജാലമായിരുന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഫാക്ടറിയും ടൗണ്‍ ഷിപ്പും അദ്ദേഹത്തിന്റെ പദ്ധതിയില്‍ പൂര്‍ത്തിയാക്കി. കൃത്രിമ അമ്പലമേട് ജലാശയത്തിന്റ നടുവില്‍ പണിത മനോഹരമായ അമ്പലമേട് ഗസ്റ്റ് ഹൗസ് ഏറെ പ്രശസ്തമായി ഫാക്റ്റിലെ ഉല്‍പ്പന്നങ്ങളെ ആസ്പദമാക്കി പെരിയാറിന്റെ തീരത്ത് കോമിന്‍ കോ ബിനാനി പെരിയാര്‍ കെമിക്കല്‍സ്, കേരള ആസിഡ്‌സ് ആന്റ് കെമിക്കല്‍സ് തുടങ്ങിയവ്യവസായ ശാലകള്‍ ഉയര്‍ന്നത് എം.കെ.കെ യുടെ ദീര്‍ഘവീക്ഷണത്തിലൂടെയായിരുന്നു. വളം ശാസ്ത്രീയമായി തോതനുസരിച്ച് ഉപയോഗിക്കുന്നതിനും കര്‍ഷകരെ ഉത്ബുദ്ധരാക്കുന്നതിനും വേണ്ടി വിപുലമായ പരിപാടികള്‍ ആവിഷ്‌കരിക്കപ്പെട്ടു. രാസവളമഹോത്സവങ്ങള്‍ പോലെയുള്ള വിപണതന്ത്രങ്ങളിലൂടെ ഫാക്റ്റിന്റെ ഉല്‍പ്പന്നങ്ങള്‍ കര്‍ഷകര്‍ക്ക് പ്രിയങ്കരമായി. സള്‍ഫ്യൂറിക്ക് ആസിഡ് ഫോസ്‌ഫോറിക്ക് ആസിഡ് എന്നീ വാതകങ്ങളില്‍ കൂടി എം.കെ.കെ. സങ്കീര്‍ണ വളം ഉല്‍പാദിപ്പിക്കുന്ന പദ്ധതിയും ലോക ബാങ്കിന്റെ സഹായത്തോടെ നടപ്പിലാക്കിയതോടെ ഫാക്റ്റ് പുരോഗതിയിലേക്ക് മുന്നേറി.

ഫാക്ടിന്റെ കൊച്ചിന്‍ ഡിവിഷന്‍ കേന്ദ്ര ഗവണ്‍മെന്റ് അമ്പലമേട്ടില്‍ ആരംഭിക്കുന്ന കാലത്ത് കമ്പനിയുടെ പേരില്‍ 2000 ഏക്കറോളം ഭൂമി, ഏറ്റെടുത്തതും എം.കെ.കെയുടെ ദീര്‍ഘദഷ്ടി ഒന്നു കൊണ്ടുമാത്രമാണ്. ഭാവിയില്‍ കേരളത്തില്‍ വ്യവസായങ്ങള്‍ വന്നാല്‍, അവക്ക് വേണ്ടത്ര സ്ഥലം കൊച്ചിയില്‍ ഉണ്ടാവില്ല എന്ന് മുന്‍കൂട്ടി അറിഞ്ഞിട്ടാണ് അദ്ദേഹം അങ്ങിനെ ചെയ്തത്. ഇന്ന് ഫാക്ടിന്റെ ഏറ്റവും വലിയ സ്വത്ത് ഇതാണ്.

1979 ല്‍ ‘മലയാളമനോരമ’യുടെ കൊച്ചി പതിപ്പ് ആരംഭിച്ചപ്പോള്‍, പുറത്തിറക്കിയ പ്രത്യേക പതിപ്പില്‍ കൊച്ചിയില്‍ വല്ലാര്‍പാടം കണ്ടയിനര്‍ വരേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ദീര്‍ഘദര്‍ശിയായ എം.കെ.കെ നായര്‍ അരനൂറ്റാണ്ടിനു മുന്‍പ് എഴുതി- കൊച്ചി രണ്ടായിരമാണ്ടില്‍ എന്ന ലേഖനത്തില്‍ മെട്രോസിറ്റിയായി മാറാന്‍ പോകുന്ന കൊച്ചിയില്‍ ഉണ്ടാവേണ്ട അടിസ്ഥാന സൗകര്യങ്ങളെപ്പറ്റി ഒരു ക്രാന്തദര്‍ശിയെപ്പോലെ അദ്ദേഹം അതില്‍ എഴുതിയിട്ടുണ്ട്.

MKK Nair

എം.കെ.കെ. നായർ ഫാക്റ്റിൽ (1970 )

ഫാക്റ്റിന്റെ പ്രശസ്തി വര്‍ദ്ധിക്കുന്നതിനു സമാന്തരമായി എം.കെ. കെ നായരുടെ പദവിയില്‍ അസൂയാലുക്കളായി ശത്രുക്കളും വര്‍ദ്ധിച്ചിരുന്നു. പാര്‍ലിമെന്റംഗമായ അരങ്ങില്‍ ശ്രീധരനാണ് എം.കെ. കെ നായര്‍ക്കെതിരെ ആരോപണങ്ങള്‍ക്ക് തുടക്കമിട്ടത്. ഫാക്റ്റിന്റെ ഗസ്റ്റ് ഹൗസില്‍ എം.പിക്ക് മുറി നിഷേധിച്ചതോടെ, തുടങ്ങിയ അരങ്ങില്‍ ശ്രീധരന്റെ വ്യക്തി വൈരാഗ്യമാണ് ആരോപണങ്ങള്‍ക്ക് വഴിവെച്ചത്. താന്‍ പ്രതിനിധീകരിച്ച വടകര മണ്ഡലത്തിലെ, താന്‍ ശുപാര്‍ശ ചെയ്തവര്‍ക്ക് ജോലി കൊടുക്കാന്‍ തയ്യാറാവാത്ത എം. കെ. കെ യുടെ നടപടിയില്‍ അരങ്ങില്‍ ശ്രീധരന്‍ നേരത്തെ തന്നെ അസംതൃപ്തനായിരുന്നു.

അറുപതുകളുടെ തുടക്കത്തില്‍ വി.കെ. കൃഷ്ണ മേനോന്‍ ‘സെഞ്ചറി’യെന്നൊരു ഇംഗ്ലീഷ് വാരിക
ഡല്‍ഹിയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്നു. ഒരു പത്രപ്രവര്‍ത്തകന്‍ ഫാക്ടിന്റെ എംഡിയായ എം.കെ. കെ. നായരെ സമീപിച്ച് സ്ഥിരമായി ഫാക്റ്റിന്റെ ഫുള്‍ പേജ് പരസ്യം സെഞ്ചറിക്ക് വേണ്ടി ആവശ്യപ്പെട്ടു. അദ്ദേഹം അത് നല്‍കാന്‍ വിസമ്മതിച്ചു. പകരം വാര്‍ഷികപ്പതിപ്പിന് ഒരു പേജ് പരസ്യം തരാമെന്ന് പറഞ്ഞു. ക്രുദ്ധനായ ആ പത്രപ്രവര്‍ത്തകന്‍ അതോടെ എം.കെ. കെ യുടെ ശത്രുവായി. അന്നത്തെ വ്യവസായ മന്ത്രിയായ ടി.വി. തോമസിനോട് എം. കെ. കെ നായരെയും ഫാക്റ്റിനേയും കുറിച്ച് ചില ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. ടി.വി അത് അപ്പോള്‍ത്തന്നെ അത് തള്ളിക്കളഞ്ഞു. വിവരം എം.കെ.കെ യെ അറിയിക്കുകയും ചെയ്തു.

ഒരു മാസം കഴിഞ്ഞപ്പോള്‍ മെയിന്‍ സ്ട്രീമില്‍ ‘രാസവളത്തിലെ പാമ്പ് ‘എന്ന ശീര്‍ഷകത്തില്‍ ഈ ആരോപണങ്ങള്‍ ശക്തമായ ഭാഷയില്‍ ലേഖനമായി അച്ചടിച്ച വന്നു. ഈ ലേഖനം കണ്ടയുടന്‍ എം.കെ.കെ നായര്‍ മാനനഷ്ടത്തിന് വാരികയുടെ എഡിറ്ററായ നിഖില്‍ ചക്രവര്‍ത്തിക്ക് വക്കീല്‍ നോട്ടീസ് അയച്ചു. പത്ത് ലക്ഷം രൂപ ഫാക്റ്റിനും ഒരു ലക്ഷം രൂപ തനിക്കും മാനഷ്ടത്തിനുള്ള തുക തരികയോ അല്ലെങ്കില്‍ വാരികയില്‍ നിരുപാധികം ക്ഷമായാചനം പ്രസിദ്ധീകരിക്കുകയോ വേണമെന്ന് നോട്ടീസിലൂടെ ആവശ്യപ്പെട്ടു.

അപ്പോഴാണ് നിഖില്‍ അപകടം മനസിലാക്കിയത്. എ. കെ. കെ നായരെ കുറിച്ച് ഡല്‍ഹിയില്‍ അന്വേഷിച്ചപ്പോള്‍ ഇത് തീക്കളിയാണെന്ന് അദ്ദേഹത്തിന് മനസിലായി. ഉടനെ നിഖില്‍ തിരുവനന്തപുരത്ത് വന്ന് വ്യവസായ മന്ത്രിയായ ടി.വി. തോമസിനെ കണ്ടു. ടി വി. നിഖിലിനോട് ചോദിച്ചു.

‘ഞാന്‍ വ്യവസായ മന്ത്രിയായിരിക്കെ കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ഫാക്റ്റിന്റെ എം.ഡി യെ കുറിച്ച് അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുന്നതിന് മുന്‍പ് എന്ത് കൊണ്ട് തന്നോട് ഒരു വാക്ക് പോലും ചോദിച്ചില്ല?

നിഖില്‍ ലേഖനത്തിന്റെ കൈച്ചെഴുത്തു പ്രതി ടിവിയെ കാണിച്ചു. തനിക്ക് അടുത്തറിയാവുന്ന ഒരു എഴുത്തുകാരന്‍ കൂടിയായ പത്ര പ്രവര്‍ത്തകന്‍ നല്‍കിയതാണ് ഈ ലേഖനമെന്നും ‘ഉത്തമ വിശ്വസമുള്ളതിനാല്‍ അച്ചടിച്ചതാണെന്നും ടിവിയോട് പറഞ്ഞു. പിന്നീട് ടി വി നിര്‍ദേശിച്ചതനുസരിച്ച് അടുത്ത ലക്കത്തില്‍ മെയ്ന്‍ സ്ട്രീമില്‍ ക്ഷമായാചനം പ്രസിദ്ധീകരിച്ചു.

പക്ഷേ, അരങ്ങില്‍ ശ്രീധരന്‍ അത് വിടാന്‍ തയ്യാറായില്ല. സോഷ്യലിസ്റ്റ് നേതാവായ അശോക് മേത്തയുടെ സഹായത്തോടെ പാര്‍ലിമെന്റില്‍ ആരോപണങ്ങള്‍ ചോദ്യമാക്കി. ഈ ലേഖനം അതിനായി ഉപയോഗിച്ചു. അവിഹിതമായി സ്വത്ത് സമ്പാദിച്ചു. കമ്പനി സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്തു തുടങ്ങിയ ആരോപണങ്ങള്‍ വളര്‍ന്നു വല്ലതായി. ഒടുവില്‍ അത് എം. കെ. കെ യുടെ സസ്‌പെന്‍ഷനില്‍ എത്തി.

MKK nair

എം.കെ കെ യും കുടംബവും

എം.കെ.കെയ്‌ക്കെതിരെയുള്ള ആരോപണങ്ങളുടെ ഉല്‍ഭവം അന്ന് ട്രാവന്‍കൂര്‍ കെമിക്കല്‍സ് (TCC) എംഡിയായിരുന്ന കെ.വി. രാമകൃഷ്ണ അയ്യരുടെ (സാക്ഷാല്‍ മലയാറ്റൂര്‍ രാമകൃഷ്ണന്‍) ഓഫീസായിരുന്നു എന്ന് ഫാക്റ്റില്‍ എം.കെ.കെ നായരുടെ കീഴില്‍ പ്രധാന പദവി വഹിച്ചിരുന്ന ചീഫ് കമ്മേഴ്‌സ്യല്‍ ഓഫിസറായ എന്‍. ഗോപാലകൃഷ്ണന്റെ മകനായ ജി എസ്. ശ്രീകുമാര്‍ എം. കെ. കെ നായരുടെ ശതാബ്ദി വേളയില്‍ എഴുതിയ അനുസ്മരണ ലേഖനത്തില്‍ ആരോപിച്ചു. (ജി.എസ്. ശ്രീകുമാര്‍ മദ്രാസ് ഐ. ഐ. ടി യില്‍ നിന്ന് ബിരുദം നേടിയ ഒരു ബാങ്കിംഗ് മേഖല വിദഗ്ധനും, സ്വതന്ത്ര കണ്‍സള്‍ട്ടന്റും ആണ്).’എം. കെ. കെ നായര്‍ക്കെതിരെ സി.ബി.ഐ അന്വേഷണം ആരംഭിച്ചപ്പോള്‍ അന്ന് സിബിഐ ഡയറക്ടര്‍ എഫ്. അരുള്‍ ടി.ടി.സി ഗസ്റ്റ് ഹൗസിലായിരുന്നു താമസിച്ചിരുന്നത്. സി.ബി.ഐ. പിടിച്ചെടുത്ത ഐ. കെ. കെ നായരുടെ സ്വകാര്യ ഡയറിയില്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കെതിരെ വിമര്‍ശന പരാമര്‍ശങ്ങള്‍ എഴുതിയത് അരുള്‍ വഴി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് ഈ ഉദ്യോഗസ്ഥന്‍ (മലയാറ്റൂര്‍ രാമകൃഷ്ണന്‍) ഉറപ്പ് (എം.കെ.കെ.യുടെ എതിരാളികള്‍ക്ക് ) നല്‍കി’ This officer’s explanations in his autobiography lack credibility.’ ( മലയാറ്റൂരിന്റെ സര്‍വീസ് സ്റ്റോറിയാണ് അദ്ദേഹം ഉദ്ദേശിച്ചത്) ജി.എസ് ശ്രീകുമാര്‍ എഴുതി.

1969 ഡിസംബര്‍ 8ന് എം.കെ.കെ. നായരുടെ വീടും ഓഫീസും ഒരേ സമയമാണ് സിബിഎ റെയിഡ് ചെയ്തത്. അതൊരു ദിവസം മുഴുവന്‍ നീണ്ടുനിന്നു. അതിനു നേതൃത്വം നല്‍കിയത്, സിബിഐ എസ് പി വെങ്കിടാചലവും ഡിവൈഎസ്പി നാരായണസ്വാമിയുമായിരുന്നു. അതേ സമയം തന്നെ എം.കെ.കെ.യുടെ അന്ന് താമസിച്ചിരുന്ന തിരുവനന്തപുരത്തെ വീടും റെയിഡു ചെയ്യുകയുണ്ടായി. റെയിഡിനു വന്ന ഇവര്‍ താമസിച്ചത്, ടി.സി.സി. (TCC) കമ്പനിയുടെ കൊച്ചി ഗസ്റ്റ് ഹൗസിലായിരുന്നു. അന്ന് മലയാറ്റൂര്‍ രാമകൃഷ്ണനാണ്, ടി.സിസി.യുടെ മാനേജിംഗ് ഡയറക്ടര്‍. എം.കെ.കെ.യുടെ ജീവിതം തുലയ്ക്കാനാണ് അവര്‍ വന്നതെന്ന് രാമകൃഷ്ണന് അറിയാമായിരുന്നു. പക്ഷെ രാമകൃഷ്ണന്‍ ആ വിവരം എന്തുകൊണ്ട് എം.കെ.കെ.യെ അറിയിച്ചില്ല? മലയാറ്റൂര്‍ രാമകൃഷ്ണന്, എം.കെ.കെ.ക്ക് ലഭിച്ചിരുന്ന മാധ്യമ ശ്രദ്ധയിലും പൊതുജനാംഗീകാരത്തിലും അസഹിഷ്ണത ഉണ്ടായിരുന്നു. രാമകൃഷ്ണന്‍ മനസ്സ് വച്ചിരുന്നെങ്കില്‍, എം.കെ.കെ.യുടെ യാതന ഇത്രത്തോളം വരുമായിരുന്നില്ല. അക്കാലത്ത് ഫാക്റ്റിലെ ഉദ്യോഗസ്ഥനും നാടകകത്തുമായ ടി.എം.എബ്രഹാം തന്റെ ഓര്‍മ്മക്കുറിപ്പില്‍ പറയുന്നു.

മലയാറ്റൂര്‍ രാമകൃഷ്ണന്‍ തന്റെ സര്‍വീസ് സ്റ്റോറിയില്‍ പറയുന്നതെന്താണ്? 1977ല്‍ കൊല്ലത്ത് മലയാള നാട് എഡിറ്റര്‍ എസ്.കെ. നായരുടെ വീട്ടില്‍ വെച്ച് എം. കെ. കെ യെ കാണുന്നു. ‘ഞാന്‍ എം.കെ. കെ യോട് പെട്ടെന്നങ്ങനെ ചോദിച്ചു. ‘ഞാന്‍ വെങ്കിടാചലം വഴി വേല വെച്ചെന്ന് വിശ്വസിക്കുന്നുണ്ടോ?’ എം.കെ. കെ. പറഞ്ഞു.’ ആദ്യം അങ്ങനെ വിചാരിച്ചു. അത് തെറ്റാണെന്ന് പിന്നീട് മനസിലാവുകയും ചെയ്തു.’ മലയാറ്റൂര്‍ 1997 ല്‍ മരിച്ചു. അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ ഈ ആരോപണം ആരും ഉന്നയിച്ചില്ല. പക്ഷേ, ജി.എസ്. ശ്രീകുമാറിന്റെയും ടി. എസ്. എബഹാമിന്റെയും ആരോപണങ്ങള്‍ക്ക് മലയാറ്റൂരിന് വേണ്ടി മറുപടി എഴുതാന്‍ ആരും ഇനിയും തയ്യാറായിട്ടില്ല.

എം.കെ.കെ. ഒരു നായര്‍ പക്ഷപാതിയാണെന്നും നായര്‍ക്കേ ഫാക്ടില്‍ ജോലി നല്‍കൂ എന്നും മറ്റുമുള്ള ആരോപണങ്ങള്‍ നിറഞ്ഞുനിന്ന ഒരു കാലഘട്ടത്തിലാണ് ഫാക്ടിന്റെ ഹൈഡ്രജന്‍ പ്ലാന്റ് ഓയില്‍ ഗ്യാസിഫിക്കേഷന്‍ പ്ലാന്‍ മൂന്നാംഘട്ടം അന്നത്തെ കേരളാ മുഖ്യമന്ത്രി ശ്രീ.ആര്‍. ശങ്കര്‍ ഉല്‍ഘാടനം ചെയ്യുന്നത് , ആര്‍. ശങ്കര്‍ തന്റെ ഉദ്ഘാടന സമ്മേളനത്തില്‍ പറഞ്ഞു. ‘ ഇവിടെ ഒരു പ്രത്യേക ജാതിയില്‍പ്പെട്ടവര്‍ക്കേ തൊഴില്‍ കൊടുക്കൂ, എന്നാണ്, ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്.” ചടങ്ങ് കലുഷുതമാക്കി അന്തസ്സ് കളയരുത് എന്നതിനാല്‍ ആ വേദിയിലുണ്ടായിരുന്ന എം.കെ.കെ. സംയമനം പാലിച്ചു, അതിനു മറുപടി പറഞ്ഞില്ല.

എം.കെ.കെ. ഒരു നായര്‍ പക്ഷപാതിയായിരുന്നില്ലെന്നു പറയുന്ന ഒരു സംഭവം. ടി എം. എബ്രഹാം തന്റെ ഓര്‍മ്മക്കുറിപ്പില്‍ പറയുന്നുണ്ട്. ഒരിക്കല്‍ ഫാക്ടില്‍ എക്സിക്യൂട്ടീവ് ട്രെയിനികളെ തിരെഞ്ഞെടുക്കുന്ന പരീക്ഷ വിവിധകേന്ദ്രങ്ങളില്‍വച്ചു നടത്തി. ഒട്ടനവധിപ്പേര്‍ ആ പരീക്ഷ എഴുതി. യോഗ്യത നേടിയവരെ അഭിമുഖത്തിന് വിളിക്കുന്നു. അന്ന്, ഹിന്ദുസ്ഥാന്‍ സ്റ്റീലിന്റെ ചെയര്‍മാനായ ഡോ. കെ.ടി. ചാണ്ടിയാണ് ഇന്റര്‍വ്യൂ ബോര്‍ഡിന്റെ ചെയര്‍മാന്‍. മൂന്നുപേരെയാണ്, ആ ഇന്റര്‍വ്യൂവില്‍ തെരഞ്ഞെടുത്തത്. യോഗ്യത നോക്കി മാത്രം എടുത്ത ആ പട്ടികയില്‍, ജാതി തിരിച്ചുള്ള കണക്കു പറഞ്ഞാല്‍, ഒറ്റ നായര്‍പോലും ഉണ്ടായിരുന്നില്ല. ജാതി തിരിച്ചു പറഞ്ഞാല്‍, അതില്‍, ഒരു ഈഴവനും രണ്ട് ക്രിസ്ത്യാനികളുമായിരുന്നു അതില്‍ ഉണ്ടായിരുന്നത്. എം.കെ. കെ. നായരുടെ ആത്മകഥക്കായ് സി.അച്യുതമേനോന്‍ ചെറിയ ഒരു കുറിപ്പ് ഇംഗ്ലീഷില്‍ എഴുതിയിട്ടുണ്ട്. കഷ്ടി ഒരു ഖണ്ഡികയില്‍ താനറിയുന്ന എം.കെ.കെ യെ കുറിച്ച്. താന്‍ മുഖ്യമന്ത്രിയായിരുന്ന കാലയളവിലാണ് എം.കെ.കെ. യെ അഴിമതിയാരോപണത്തില്‍, സി.ബി.ഐയും, പോലിസും വേട്ടയാടിയത് എന്നത് അദ്ദേഹം വേദനയോടെ ഓര്‍ത്തിരിക്കും. അടിയന്തരാവസ്ഥ നാളുകളില്‍, ഒരു പുതുവത്സര ദിനത്തില്‍, കള്ള കേസില്‍, കുടുക്കി ലോക്കപ്പില്‍ ഇടാനായിരുന്നു എം.കെ.കെ യെ വേട്ടയാടിയവര്‍ ശ്രമിച്ചത് എന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അടിയന്തരാവസ്ഥയില്‍ അദ്ദേഹം നിസ്സഹായനായ മുഖ്യമന്ത്രിയായിരുന്നു. പിന്നീട് എം.കെ.കെ യുടെ പുസ്തകത്തിന് ഒരു കുറിപ്പെഴുതിയത് ഇതൊക്കെ മനസില്‍ സൂക്ഷിച്ചിരുന്നതിനാലാകാം. തന്റെ സഹപ്രവര്‍ത്തകനും , കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമുന്നതനായ നേതാവും മന്ത്രിയുമായിരുന്ന എം.എന്‍ ഗോവിന്ദന്‍ നായരുടെ പ്രവര്‍ത്തന ശൈലിയാണ് തന്റെ യൂണിയന്‍ വളര്‍ത്താന്‍ വേണ്ടി കെ.എസ്.ആര്‍.ടി.സിയിലും, ഇലക്ട്രിസിറ്റി ബോര്‍ഡിലും ഉപരിതല സിവില്‍ സര്‍വിസിനെ കേരളത്തില്‍ തകര്‍ത്ത്, ഈ രണ്ട് സ്ഥാപനങ്ങളേയും അച്ചടക്കമില്ലാത്തതിലേക്ക് തള്ളിവിട്ടതെന്ന് എം.കെ.കെ തന്റെ ആത്മകഥയില്‍ തുറന്നടിച്ചിട്ടും അതിനൊന്നും മറുപടി പറയാതെയാണ്, തന്റെ കുറിപ്പ് ‘ആരോടും പരിഭവമില്ലാതെ’ എന്ന എം.കെ.കെ യുടെ ആത്മകഥക്ക് അച്യുത മേനോന്‍ കുറിപ്പെഴുതിയത്. എം.കെ.കെ യുടെ നിരീക്ഷണങ്ങള്‍ അംഗീകരിച്ചു കൊണ്ടു തന്നെയാണ് അദ്ദേഹമത് എഴുതിയത്. സത്യസന്ധത എഴുത്തില്‍ എന്നും നിലനിറുത്തിയിരുന്ന ഒരാളായിരുന്നു സി. അച്യുത മേനോന്‍.

ഭരണകൂടത്തിന്റെ ഭാഗമായ ഒരു ഉന്നത ഉദ്യോഗസ്ഥനെ ഇത്ര ക്രൂരമായി പീഡിപ്പിച്ച് മനുഷ്യാവകാശ ലംഘനം നടത്തിയ കേസ് അന്ന് ആദ്യമായാണ് പൊതുരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ എഫ്.എ സി.റ്റിയുടെ മേധാവിയായിരുന്ന എം.കെ.കെക്കെതിരെ 1973 ല്‍ എറണാകുളം സി.ബി.ഐ. 2 ക്രിമിനല്‍ കേസുകള്‍ ഫയല്‍ ചെയ്തു. അപ്പോള്‍ അദ്ദേഹം ഡല്‍ഹിയില്‍ ആസൂത്രണ കമ്മിഷനിലെ ജോയന്റ് സെക്രട്ടറിയായിരുന്നു. ഒരു സര്‍ക്കാര്‍ ഉദോഗസ്ഥന്‍ ക്രിമിനല്‍ കേസ് പ്രതിയായാല്‍ കേസിന്റെ വിധി വരെ അയാളെ സസ്‌പെന്‍ഷനില്‍ വെയ്ക്കാമെന്ന അധികാരമുപയോഗിച്ച് 1973 ല്‍ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തു. ഈ കാലയളവില്‍ ഡല്‍ഹി വിട്ട് കൂടായെന്ന ഭാവനാശൂന്യമായ ഒരു ഉത്തരവും അതിലുണ്ടായിരുന്നു. അതായത് അദ്ദേഹം ഡല്‍ഹിയില്‍ ഇരുന്ന് എറണാകുളത്ത് കേസ് നടത്തണം. ഫലപ്രദമായി കേസ് നടത്താനുള്ള മൗലികാവകാശലഘനമായിരുന്നു അത് .’അഗ്‌നി പരീക്ഷണം’ എന്ന് എം.കെ.കെ തന്നെ വിശേഷിപ്പിച്ച യാതനകളുടെ തുടക്കം. അദ്ദേഹത്തിന് വേണ്ടി കേസ് വാദിക്കാനെത്തിയ പ്രശസ്തനായ വടക്കൂട്ടു നാരായണമേനോടക്കമുള്ള പ്രശസ്ത അഭിഭാഷകര്‍ അദ്ദേഹത്തിനോട് പറഞ്ഞു. ‘ഈ കേസ് നിങ്ങള്‍ക്കെതിരായിട്ടുള്ള ഒന്നല്ല, നമ്മുടെ സമൂഹത്തിനോടുള്ള ഒരു വെല്ലുവിളിയായിട്ടാണ് ഞങ്ങള്‍ കാണുന്നത് അതിനാല്‍ ഞങ്ങള്‍ ഇതേറ്റെടുക്കുന്നു.’
11 വര്‍ഷം നീണ്ട് നിന്ന വിചാരണ, ഒടുവില്‍ 1983 ല്‍ സി.ബി.ഐ കോടതി സെപ്ഷല്‍ ജഡ്ജി. എലിസബത്ത് മത്തായി ഇടിക്കുള വിധി പ്രഖ്യാപിച്ചു.’ എം.കെ.കെ.നായര്‍ കുറ്റക്കാരനല്ല’അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് രണ്ട് കേസിലേതെന്നും പരാമര്‍ശിച്ച് സി.ബി.ഐക്കെതിരെ കോടതി നിശിതമായ വിമര്‍ശനം നടത്തി.

സി.ബി.ഐ തെളിവായ് ഹാജരാക്കിയ രേഖ, മുന്‍ തിയതി വെച്ച് വ്യാജമായി ചമച്ചതാണെന്ന് കോടതി കണ്ടെത്തി. വരുമാനത്തെക്കാള്‍ കവിഞ്ഞ ആസ്തി സമ്പാദിച്ചു എന്ന കുറ്റം അന്വേഷിക്കാന്‍ അധികാരം എസ്.പി. റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനേയുള്ളൂ. ഡി.വൈ.എസ്.പി അന്വേഷിക്കണമെങ്കില്‍ അധികാരപത്രം വേണം. 1971 ല്‍ എം.കെ.കെ. ആസൂത്ര കമ്മിഷനിലേക്ക് സെക്രട്ടറിയായി പോയി.

അതിന് ശേഷം 1969 ലെ ഒരു തിയതി വെച്ച് ഒരു അധികാരപത്രമുണ്ടാക്കിയാണ് തെളിവായ് ഹാജരാക്കിയത്. അതിലെ അശ്രദ്ധമായ ഒരു പദ പ്രയോഗമാണ് അത് കള്ള പ്രമാണമാണെന്ന് കോടതിക്ക് ബോധ്യമായത്. അതില്‍ മുന്‍ മാനേജിംഗ് ഡയറക്ടര്‍ എന്നാണ് എം.കെ.കെ. യെ വിശേഷിപ്പിച്ചിരുന്നത്. ആ പരാമര്‍ശമാണ് ഇത് കള്ള രേഖയാണെന്ന് എം. കെ. കെ യുടെ അഭിഭാഷകര്‍ തെളിയിച്ചത്.

ഭ്രാന്തവും വന്യവുമെന്നാണ് സി.ബി.ഐ ഫയല്‍ ചെയ്ത റിപ്പോര്‍ട്ടിനെ കോടതി വിശേഷിപ്പിച്ചത്.
രാജ്യത്തിനും പൊതുജനങ്ങള്‍ക്കും പ്രയോജനപ്പെടേണ്ട ഒരു പ്രഗല്‍ഭനായ ഉദോഗസ്ഥന്റെ സേവനം ഇല്ലാതായി എന്നതാണ് ഈ കെട്ടിച്ചമച്ച ആരോപണങ്ങള്‍ കൊണ്ട് സംഭവിച്ചത്. ലോക ബാങ്കിന്റെ ഉന്നത പദവിയും, ടാറ്റ ഗ്രൂപ്പിന്റെ മേധാവിയാകാനുള്ള ജെ.ആര്‍.ഡി. ടാറ്റയുടെ ക്ഷണവും നിരസിച്ചാണ് പൊതുമേഖലക്കായ് തന്റെ സേവനം ഈ നാടിന് എം.കെ.കെ നല്‍കിയത്.

എം.കെ.കെ.യുടെ പ്രധാന അഭിഭാഷകനായിരുന്ന വടക്കൂട്ട് നാരായണമേനോന്‍, വിധിവരുന്നതിനു മുന്‍പെ, 1982ല്‍ മരിച്ചു. അതിനുശേഷം, ശ്രീ വൈലോപ്പിള്ളി പരമേശ്വരമേനോനും, ശ്രീ. വി.രാധാകൃഷ്ണ മേനോനുമാണ് എം. കെ യെക്ക് വേണ്ടി കേസ് നടത്തിയത്. കോടതി വിധി വന്നു മൂന്നുവര്‍ഷത്തിനുശേഷം, 1987 സെപ്റ്റംബര്‍ 27 ന് ക്യാന്‍സര്‍ രോഗത്താല്‍ എം.കെ.കെ. നായര്‍ അന്തരിച്ചു. എം.കെ.കെ. നായര്‍ മരിച്ച ദിവസം ഫാക്ട് സ്‌കൂളുകളിലെ ആധ്യാപകര്‍ അവധി വേണമെന്ന് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു. മാനേജ്മെന്റ് അവധികൊടുത്തില്ല. ആ തീരുമാനമെടുത്തത്, ഫാക്ടിന്റെ തലപ്പത്തിരുന്ന ഒരു ഉന്നത ഉദ്യോഗസ്ഥനാണ്. നല്ലൊരു ശതമാനം പഴയ അധ്യാപകര്‍, മാനേജ്മെന്റ് നടപടിയില്‍ പ്രതിഷേധിച്ച്, എല്ലാവരും ലീവെടുത്ത് ശവസംസ്‌ക്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയി. സ്‌കൂളിന് അവധി നിഷേധിച്ച ഈ ഉദ്യോഗസ്ഥന്‍ ആദ്യത്തെ എക്സിക്യൂട്ടീവ് ട്രെയിനി ബാച്ചില്‍, എം.കെ.കെ. തിരഞ്ഞെടുത്ത മൂന്നുപേരില്‍ ഒരാളായിരുന്നു.

എം.കെ കെ അന്തരിച്ചപ്പോള്‍ ഒരു വാരികയില്‍ വന്ന ലേഖനത്തിലെ ഒരു പരാമര്‍ശം -‘ ആരോ ഒരാള്‍ എം.കെ കെ യോട് പറഞ്ഞു. നിങ്ങളെ കുറിച്ച് ഇന്നയാള്‍ എത്ര മോശമായാണ് സംസാരിച്ചതെന്ന് നിങ്ങള്‍ക്ക് അറിയാമോ ?എം.കെ.കെ യുടെ മറുപടി, ‘അതിന് അയാള്‍ക്ക് ഞാന്‍ യാതൊരു ഉപകാരവും ചെയ്തിട്ടില്ലല്ലോ?’ തന്നോട് കാണിച്ച നന്ദി കേടുകള്‍ കൂടി എഴുതുകയാണെങ്കില്‍, തന്റെ ആത്മകഥക്ക് 600 ഓളം പേജുകള്‍ തികയാതെ വന്നേനെയെന്ന് അദ്ദേഹത്തിനറിയാമായിരുന്നു.

കലാമണ്ഡലം ഹൈദലിയെന്ന കഥകളി ഗായകനെ മറ്റുള്ളവര്‍ മതത്തിന്റെ പേരില്‍ കലാരംഗത്ത് നിന്ന് ആകറ്റി നിറുത്തിയപ്പോള്‍ ഫാക്റ്റിലെ സ്‌കൂളില്‍ സംഗീതദ്ധ്യാപകനായി നിയമിച്ചതും ഹൈദലിയെ അമ്പലങ്ങളില്‍ പരിപാടിക്ക് വിളിക്കണമെന്നും പറഞ്ഞതും എം. കെ. കെയായിരുന്നു. ‘എം.കെ. കെ നായര്‍ എന്നെ അന്നവിടെ നിയമിച്ചില്ലായിരുന്നെങ്കില്‍ കലാമണ്ഡലം ഹൈദരലി എന്ന കഥകളി ഗായകന്‍ ഉണ്ടാവുമായിരുന്നില്ല.’ ഹൈദലി ഒരിക്കല്‍ പറഞ്ഞു.

MKK nair

കലാമണ്ഡലം കഥകളി സംഘം യൂറോപ്പ്യൻ പര്യടനം കഴിഞ്ഞ് തിരികെ എത്തിയപ്പോൾ

1966 ല്‍ എം. കെ. കെ നായരെ കേരള സര്‍ക്കാര്‍ കലാമണ്ഡലം ചെയര്‍മാനാക്കി. ആദ്യമായി കഥകളി ആചാര്യന്‍ കലാമണ്ഡലം കൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ കലാമണലത്തിലെ ഏറ്റവും മികച്ച കളിക്കാര്‍ ആദ്യമായി യുറോപ്പില്‍ പര്യടനം നടത്തി. ചരിത്രത്തിലാദ്യമായി പത്ത് മിനിറ്റില്‍ കഥ ചുരുക്കിയാണ് സംഘം കഥകളി അവതരിപ്പിച്ചത്. ഇംഗ്ലീഷില്‍ കഥകളുടെ ചുരുക്കം അച്ചടിച്ച ലഘുരേഖകള്‍ വിതരണം ചെയ്താണ് ആട്ടം അവതരിപിച്ചത്. പാരീസില്‍ കലാനിരൂപകര്‍ക്ക് മുന്‍പില്‍ ഒരു മഹാഭാരതം കഥ അവതരിപ്പിച്ചു. പിറ്റെ നാളിലെ ഇന്ത്യന്‍ കലാരൂപമായ കഥകളിയെ വാഴ്ത്തിക്കൊണ്ട് നിരവധി പത്രങ്ങളില്‍ ലേഖനങ്ങള്‍ വന്നു. അതോടെ കഥകളി യൂറോപ്പിലെങ്ങും പ്രശസ്തമായി. പിന്നിട് 1974 ല്‍ എഡിന്‍ബറോ ഫെസ്റ്റിവലില്‍ ഏറ്റവും പ്രധാന്യം കിട്ടിയ കലാരൂപമായി കഥകളി മാറി. 6 ദിവസം തുടര്‍ച്ചയായി കഥകളി അതില്‍ അവതരിപ്പിച്ചു. ആദ്യ പര്യടനം കഴിഞ്ഞ് വന്ന കഥകളി കലാകാരന്‍മാര്‍ക്ക് ആദ്യമായി പതിനായിരം മുതല്‍ ഇരുപത്തയ്യായിരം വരെ പ്രതിഫല ചെക്ക് ലഭിച്ചു. ഇതിനെല്ലാം പിന്നില്‍ എം.കെ.കെ യുടെ സമര്‍ത്ഥമായ ആസൂത്രണവും പദ്ധതികളുമായിരുന്നു കലാമണ്ഡലത്തിന്റെയും കഥകളിയുടെയും സുവര്‍ണ കാലമായിരുന്നു അത്. കലാമണ്ഡലത്തിന്റെ ചെയര്‍മാനായിരിക്കെയാണ് ആ സ്ഥാപനം വിശ്വപ്രസിദ്ധമായത്. ഒരു വളം കച്ചവട സ്ഥാപനത്തിന്റ മേധാവി സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തനങ്ങളിലൂടെ കൊള്ളാവുന്ന കാര്യങ്ങള്‍ ചെയ്തതു കണ്ട് നെറ്റിചുളിച്ചവര്‍ അന്ന് ഏറെയുണ്ടായിരുന്നു.

ഒരു ഘട്ടത്തില്‍ ഫാക്റ്റ് മാനേജ്മെന്റ് കഥകളിക്കാരെ മറ്റേതെങ്കിലും തസ്തികയിലേക്ക് മാറ്റുന്നതിന്, ഒരു കമ്മിറ്റിയെ വച്ചു. കമ്മിറ്റിയുടെ കണ്ടെത്തലനുസരിച്ച്, കഥകളിക്കാരുടെ വിദ്യാഭ്യാസയോഗ്യത കമ്പനിയിലെ പ്യൂണ്‍ തസ്തികയ്ക്കേ പറ്റു. എം.കെ.കെ.നായര്‍ അന്ന് കേസ് നടത്തുകയാണ്. അപ്പോള്‍ അദ്ദേഹം രോഗഗ്രസ്തനായിരുന്ന ഘട്ടത്തിലാണിത്. ആശുപത്രിക്കിടക്കയില്‍ നിന്ന് അദ്ദേഹം ഫാക്റ്റിന്റെ അന്നത്തെ മാനേജിംഗ് ഡയറക്ടറെ വിളിച്ചു സംസാരിച്ചു. അവരെല്ലാം വലിയ കലാകാരന്മാരാണെന്നും, അവരെ അപമാനിക്കരുതെന്നും പറഞ്ഞു. മാനേജിഗ് ഡയറക്ടര്‍, അതോടെ നടപടികള്‍ നിര്‍ത്തിവെച്ചു. കഥകളിക്കാര്‍ക്ക് ഒരാള്‍ക്കുപോലും വേറെ ഡിവിഷനുകളില്‍ പോയി പണിയെടുക്കേണ്ടിവന്നില്ല. ഫാക്ട് ജീവനക്കാരായിത്തന്നെ അവര്‍ വിരമിച്ചു. 1965 ലാണ്, മലയാളത്തില്‍ ആദ്യമായി, എഴുത്തുകാരുടെ അഖിലേന്ത്യാ സമ്മേളനം ഉദ്യോഗമണ്ഡലില്‍ നടക്കുന്നത്. ഇന്ത്യയിലെ, ഒട്ടേറെ പ്രമുഖ എഴുത്തുകാര്‍ ആ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ആദുത്തെ അഖിലേന്ത്യാ സമ്മേളനത്തിന് ആതിഥ്യം അരുളിയത് ഫാക്ടാണ്. സി.എന്‍. ശ്രീകണ്ഠന്‍ നായരായിരുന്നു ആ സമ്മേളനത്തിന്റെ കണ്‍വീനര്‍. എം.കെ.കെ.നായര്‍ക്കെതിരെ ഒട്ടേറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതും ഈ സമ്മേളനത്തെച്ചൊല്ലിയാണ്. പൊതുമുതല്‍ ധൂര്‍ത്തടിക്കുന്നു എന്നായിരുന്നു പ്രധാന ആരോപണം അന്നത്തെ ഒരു പ്രധാന വാഗ്മിയും നിരൂപകനുമായ ഒരു വ്യക്തിയെ ഈ സമ്മേളനത്തിനു ക്ഷണിച്ചിരുന്നില്ല. എം.കെ.കെ.നായര്‍. പരിപാടികളുടെ കാര്യങ്ങളില്‍ ഒരിക്കലാം ഇടപെട്ടിരുന്നില്ല. പരിപാടി ആസൂത്രണം ചെയ്തത് പൂര്‍ണമായും സി.എന്‍. ശ്രീകണഠന്‍ നായരായിരുന്നു. ഒരു കോളേജിലെ പ്രിന്‍സിപ്പലായിരുന്ന ഈ നിരൂപകന്‍, കേരളം മുഴുവന്‍ നടന്ന്, എം.കെ.കെ. എന്ന അഴിമതിവീരനെപ്പറ്റി ഘോരഘോരം പ്രസംഗിക്കുകയും അതു പത്രങ്ങളില്‍ സ്ഥിരമായി വാര്‍ത്തയാവുകയും ചെയ്തിരുന്നു.

ഫാക്ടില്‍ തന്റെ ആശയങ്ങള്‍ പൂര്‍ണ്ണമായി നടപ്പാക്കാന്‍ എം.കെ.കെ.ക്ക് പലപ്പോഴും കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പലപ്പോഴും വൈതരണികള്‍ സൃഷ്ടിച്ചത്, അന്ന് ഏറെ സജീവമായിരുന്ന ട്രെയിഡ് യൂണിയന്‍ നേതൃത്വമാണ്. ഫാക്ടില്‍ നിന്ന് പിരിയുന്ന അവസരത്തില്‍,എം.കെ.കെയ്ക്ക് തൊഴിലാളികള്‍ ഒരു യാത്രയയപ്പ് നല്‍കി. ഉദ്യോഗമണ്ഡല്‍ തിയേറ്ററില്‍ നടന്ന ആ യോഗത്തില്‍ ട്രേഡ് യൂണിയന്‍ രംഗത്തെ മിക്ക പ്രമുഖരും പങ്കെടുത്തിരുന്നു. ആ മീറ്റിംഗില്‍ പ്രസംഗിച്ച ഒരു നേതാവ് പറഞ്ഞു ‘അഴിമതിവീരന്‍ എന്നൊക്കെ ഞങ്ങള്‍ എം.കെ. കെ യെ പലപ്പോഴും വിളിച്ചിട്ടുണ്ട്, അതില്‍ ഒരു വാസ്തവവും ഇല്ലായിരുന്നു. അതെല്ലാം അപ്പോഴത്തെ ചില കാര്യസാധ്യങ്ങള്‍ക്കായിരുന്നു.”

തന്റെ മറുപടി പ്രസംഗത്തില്‍ എം.കെ.കെ അപ്പോഴും ഊന്നിപ്പറഞ്ഞത് ഫാക്ടിന്റെ ഭാവിയെപ്പറ്റിയായിരുന്നു. അന്ന്, 2500 ഓളം ഏക്കര്‍ ഫാക്ടനുവേണ്ടി അക്വയര്‍ ചെയ്തിരുന്നു. അവിടെ വലിയൊരു വളം നിര്‍മ്മാണശാലയുടെ പണികള്‍ ദ്രുതഗതിയില്‍ നടക്കുന്ന കാലമായിരുന്നു അത്. ചെറിയ ഒരു കാലയളവിനുള്ളില്‍, ഇന്ത്യയുടെ വ്യാവസായിക ഭൂപടത്തില്‍ ഫാക്ട് എന്ന മഹാസ്ഥാപനം വ്യക്തിമുദ്ര പതിപ്പിക്കും എന്നദ്ദേഹം അന്ന്, പ്രത്യാശ പ്രകടിപ്പിച്ചു. പക്ഷെ, അതൊന്നും ഉണ്ടായില്ല. അമ്പലമുകള്‍ ഫാക്ടറിയില്‍ നിന്നുള്ള ഉപോല്‍പ്പന്നം ഉപയോഗിച്ച് പ്രവര്‍ത്തിക്കേണ്ട എം കെ.കെയുടെ മാനസ സന്താനമായ ഒരു സിമന്റ് ഫാക്ടറി എന്നെയ്ക്കുമായി ഇല്ലാതായി.

mkk nair

ശങ്കരൻ കുട്ടി വരച്ച എം.കെ.കെ യുടെ രേഖാ ചിത്രം ‘

1987 ല്‍ കലാകൗമുദി വാരികയില്‍ പ്രസിദ്ധീകരിച്ച എം.കെ.കെ.യുടെ ആത്മകഥ’ ആരോടും പരിഭവമില്ലാതെ’ മലയാളത്തിലെ ഏറ്റവും മികച്ച ആത്മകഥകളില്‍ ഒന്നാണ്. ഒരു കാലഘട്ടത്തിന്റെ ചരിത്രം ഇതില്‍ വിരിയുന്നു. സ്വാതന്ത്ര്യത്തിന് മുന്‍പും പിന്‍പുമുള്ള ചരിത്രവും ഇതില്‍ വായിക്കാം. ഭീലായ് സ്റ്റില്‍ പ്ലാന്റ് വന്നത് എങ്ങനെയാണെന്ന് അറിയണോ? സര്‍ദാര്‍ പട്ടേലിന്റെ മരണശേഷം ജവഹര്‍ ലാല്‍ നെഹ്‌റു പ്രതികാര നടപടി ചെയ്തത് എങ്ങനെ? വി.പി. മേനോന്‍ എങ്ങനെ തഴയപ്പെട്ടു. ഭിലായ് ഉരുക്ക് നിര്‍മ്മാണ ശാലയില്‍ കേരളത്തില്‍ നിന്ന് ആശാരിമാര്‍ വന്നതെന്തിന്? ഫാക്റ്റ് അമ്പല മേടില്‍ തുടങ്ങിയതിന്റെ പിന്നിലെ കഥ വേണോ ? മാനേജിംങ് എജന്‍സി എന്നാല്‍ എന്താണ് ? ഇ.എം.എസ് ദീര്‍ഘ വീക്ഷണമുള്ള ഭരണാധികാരിയായിരുന്നോ?
70 കളിലെ ട്രെഡ് യുണിയന്‍ പ്രവര്‍ത്തനം എങ്ങനെയായിരുന്നു? ചക്രവര്‍ത്തി രാജഗോപാലാചാരി, എങ്ങനെയുള്ള നേതാവായിരുന്നു. കുടംബ പെന്‍ഷന്‍ ആരംഭിച്ചത് എങ്ങനെ? ഇതെല്ലാം എം.കെ.കെ യുടെ നേരിട്ടനുഭവങ്ങളിലൂടെ ഇതിലുണ്ട്.

കഥകളിയിലെ ചിട്ടകള്‍ അറിയണോ? അതും ഇതില്‍ വായിക്കാം. ഒരു ആത്മകഥക്കപ്പുറം ഒരു കാലഘട്ടത്തിലെ ചരിത്രമെന്ന് ഈ കൃതിയെ വിളിക്കുന്നത് ഇതുകൊണ്ടു തന്നെ!

പഴയ എഫ്.എ.സി.റ്റിയുടെ കലണ്ടറുകള്‍ ഓര്‍ക്കുന്നുണ്ടോ? മനോഹരമായി, വര്‍ണ്ണത്തില്‍ അച്ചടിച്ച കലണ്ടറുകള്‍! എം.കെ.കെ യുടെ ആശയമായ ആ കലണ്ടറുകള്‍ ഒരു കാലത്ത് ഫാക്റ്റിന്റെ മുഖമുദ്രയായിരുന്ന, ആ കലണ്ടര്‍ ഒരിക്കലെങ്കിലും തൂങ്ങാത്ത ഭിത്തികള്‍ ഈ നാട്ടില്‍ ഇല്ലായിരുന്നു.

ഈ നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍, ഫ്രാന്‍സില്‍ ക്യാപ്റ്റന്‍ ആല്‍ഫ്രഡ്ഡ് ഡ്രൈഫസ് എന്ന പട്ടാള ഉദ്യോഗസ്ഥനെ ജൂത വിരോധം കാരണം. രാജ്യ രഹസ്യങ്ങള്‍ ശത്രു രാജ്യത്തിന് ചോര്‍ത്തി എന്ന കുറ്റമാരോപിച്ച് തടവിലിട്ടു. അന്യായമായ ഈ നീതികേടിനെതിരെ അക്കാലത്തെ ഏറ്റവും പ്രശസ്തനായ ഫ്രഞ്ച് നോവലിസ്റ്റ് എമിലി സോള രംഗത്ത് വന്നു. ഈ നടപടിയെ ചോദ്യം ചെയ്ത് കൊണ്ട് അദ്ദേഹം ഒരു പത്രത്തിലൂടെ പ്രസിഡന്റിനെ വെല്ലുവിളിച്ചു.’ ഞാന്‍ കുറ്റമാരോപിക്കുന്നു’ എന്ന് പരസ്യമായി പത്രത്തിലൂടെ ഇതിനെ സോള ചോദ്യം ചെയ്തു. അതോടെ രാജ്യം തന്നെ രണ്ട് ചേരിയായ് തിരിഞ്ഞ് വാദപ്രതിവാദങ്ങളില്‍ മുഴുകി. ഒടുവില്‍ സത്യം ജയിച്ചു. ആല്‍ഫ്രഡ്ഡ് ഡ്രൈഫസ് കുറ്റവിമോചിതനായി.

എം.കെ കെ ക്ക് നേരിട്ട നീതി നിഷേധത്തിനെ ചോദ്യം ചെയ്യാന്‍ ഒരു എമിലി സോള ഈ കേരളത്തില്‍ ഉണ്ടായില്ലല്ലോ എന്ന ചോദ്യം ഇന്നും നിലനില്‍ക്കുന്നു.  FACT former MD and IAS officer MKK Nair birth anniversary

Content Summary; FACT former MD and IAS officer MKK Nair birth anniversary

Tags:

Leave a Reply

Your email address will not be published. Required fields are marked *

×