ക്യാന്‍സറും ആത്മഹത്യയും ‘പാമ്പുകടിയാകും’; ഛത്തീസ്ഗഡിനെ ഞെട്ടിച്ച തട്ടിപ്പ്

അഭിഭാഷകര്‍, ഡോക്ടര്‍മാര്‍, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന ഒരു ശൃംഖലയാണ് തട്ടിപ്പിന് പിന്നിലെന്ന് ബിലാസ്പൂര്‍ സീനിയര്‍ സൂപ്രണ്ട് ഓഫ് പോലീസ് (എസ്.എസ്.പി) രജ്‌നേഷ് സിംഗ് വ്യക്തമാക്കി

സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരം തട്ടിയെടുക്കാന്‍ വ്യാജ പോസ്റ്റ് മോർട്ടം റിപ്പോര്‍ട്ടുകള്‍ നിര്‍മ്മിച്ച കേസില്‍ വനിതാ ഡോക്ടറെ ഛത്തീസ്ഗഡ് പൊലീസ് അറസ്റ്റ് ചെയ്തു. പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ വ്യാജമായി സൃഷ്ടിച്ച് നഷ്ടപരിഹാരം തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഉക്രൈനില്‍ നിന്ന് എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയ ഡോ. പ്രിയങ്ക സോണിയാണ് പൊലീസിന്റെ പിടിയിലായത്. ഡോ. പ്രിയങ്ക സോണിയെ ഛത്തീസ്ഗഡിലെ തോര്‍വ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് വന്‍ സംഘം ഉള്‍പ്പെട്ട മാഫിയയുടെ ചുരുളഴിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 17 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ ഡോക്ടര്‍മാര്‍ നിലവില്‍ പൊലീസ് നിരീക്ഷണത്തിലാണ്. കേസുമായി ബന്ധപ്പെട്ട് ആകെ 16 എഫ്.ഐ.ആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സിംസ് (SIMS) ആശുപത്രിയിലെ ഡോക്ടര്‍മാരുടെ വ്യാജ സീലുകളും ഒപ്പുകളുമാണ് തട്ടിപ്പിനായി ഉപയോഗിച്ചത്.

ക്യാന്‍സര്‍, ആത്മഹത്യ , സ്വാഭാവിക അസുഖങ്ങള്‍ മൂലം മരണപ്പെട്ടവരുടെ ഇന്‍ക്വസ്റ്റ് രേഖകള്‍ ഉപയോഗിച്ചാണ് വ്യാജ രേഖകള്‍ ചമച്ചിരുന്നത്. ഛത്തീസ്ഗഡ് സര്‍ക്കാര്‍ നിയമപ്രകാരം പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതം ആശ്വാസധനം ലഭിക്കും. ഈ തുക തട്ടിയെടുക്കാനായിരുന്നു പ്രതികളുടെ ശ്രമം.

ഡോ. പ്രിയങ്ക സോണി വ്യാജ പോസ്റ്റ് മോർട്ടം റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാന്‍ സഹായിക്കുകയും ശാസ്ത്രീയ പരിശോധനയ്ക്കായി (FSL) ചര്‍മ്മത്തിന്റെ സാമ്പിളുകള്‍ ശേഖരിക്കുന്നത് ഒഴിവാക്കുകയും ചെയ്തതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പ്രിയങ്ക മാത്രം ഉള്‍പ്പെട്ട നാല് വ്യാജ പോസ്റ്റ് മോർട്ടം റിപ്പോര്‍ട്ടുകള്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. 2019-നും 2024-നും ഇടയിലാണ് ഈ തട്ടിപ്പുകള്‍ നടന്നിട്ടുള്ളതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ വന്‍ തട്ടിപ്പ് സംഘം തന്നെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.

അഭിഭാഷകര്‍, ഡോക്ടര്‍മാര്‍, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന ഒരു ശൃംഖലയാണ് തട്ടിപ്പിന് പിന്നിലെന്ന് ബിലാസ്പൂര്‍ സീനിയര്‍ സൂപ്രണ്ട് ഓഫ് പോലീസ് (എസ്.എസ്.പി) രജ്‌നേഷ് സിംഗ് വ്യക്തമാക്കി. തട്ടിപ്പ് സംഘത്തിലുള്‍പ്പെട്ട അഭിഭാഷകന്റെ നേതൃത്വത്തിലുള്ള സംഘം സ്വാഭാവിക രോഗങ്ങള്‍, ക്യാന്‍സര്‍ ആത്മഹത്യ മൂലം മരിച്ച വ്യക്തികളുടെ ബന്ധുക്കളെ കണ്ട് സംസാരിച്ച്, മരണം പാമ്പുകടിയേറ്റാണെന്ന് സമ്മതിപ്പിക്കും. ഇതിനായി പൊലീസ്, വില്ലേജ് ഓഫീസര്‍മാര്‍, സര്‍ക്കാര്‍ ആശുപത്രി ഡോക്ടര്‍മാര്‍ എന്നിവരുടെ വ്യാജ സീലുകളും ഒപ്പുകളും ഉപയോഗിച്ച് കൃത്രിമ രേഖകള്‍ ചമയ്ക്കുകയും, പോസ്റ്റ് മോർട്ടത്തിന്റെ സമയത്ത് ഫോറന്‍സിക് ശാസ്ത്ര പരിശോധനയ്ക്കുള്ള ചര്‍മ്മത്തിന്റെ സാമ്പിളുകള്‍ ശേഖരിക്കുന്നത് ഒഴിവാക്കി വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കുകയും ചെയ്യും. തുടര്‍ന്ന് റവന്യൂ വകുപ്പിലെയും ബാങ്കുകളിലെയും ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അപേക്ഷകള്‍ വേഗത്തില്‍ പാസ്സാക്കി, ഛത്തീസ്ഗഡ് സര്‍ക്കാര്‍ പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ക്ക് നല്‍കുന്ന 4 ലക്ഷം രൂപ തട്ടിപ്പുസംഘവും ബന്ധുക്കളും ചേര്‍ന്ന് തുക വീതിച്ചെടുക്കുകയായിരുന്നു എന്നും രജ്‌നേഷ് സിംഗ് പറഞ്ഞു.

Fake snakebite deaths, forged autopsies: Chhattisgarh probe leads to doctor’s arrest

This post was last modified on July 21, 2026 11:46 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment