July 23, 2026 |
Share on

മെട്രോയ്ക്ക് കീഴിൽ പതിയിരിക്കുന്ന ‘ഡെത്ത് ട്രാപ്പുകൾ; കൊച്ചിയിലെ റോഡുകള്‍ അനുദിനം താഴുന്നത് എന്തുകൊണ്ട്?

സബ്‌സിഡന്‍സും സോയില്‍ ലിക്വിഫാക്ഷനും

ഒരു തീരദേശ നഗരമെന്ന നിലയില്‍ വേഗത്തിലുള്ള നഗരവത്കരണത്തിനും വന്‍കിട വികസന പദ്ധതികള്‍ക്കും സാക്ഷ്യം വഹിക്കുന്ന കൊച്ചി, ഭൂമിശാസ്ത്രപരമായി കടുത്ത ഭീഷണികളിലൂടെയാണ് കടന്നുപോകുന്നത്. അമിതമായ ഭൂഗര്‍ഭജല ചൂഷണം, നെല്‍വയലുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും നികത്തല്‍, മെട്രോ പോലെയുള്ള കൂറ്റന്‍ നിര്‍മിതികളുടെ സമ്മര്‍ദ്ദം എന്നിവ കാരണം നഗരത്തിലെ പല ഭാഗങ്ങളിലും ‘സോയില്‍ സബ്സിഡന്‍സ്’ അഥവാ ഭൂമി താഴേക്ക് അമരുന്ന പ്രതിഭാസവും,’സോയില്‍ ലിക്വിഫാക്ഷന്‍’ അഥവാ മണ്ണ് ദ്രവീകരിക്കുന്ന അവസ്ഥയും രൂക്ഷമായിക്കൊണ്ടിരിക്കുന്നു. സാറ്റലൈറ്റ് പഠനങ്ങള്‍ വ്യക്തമാക്കുന്നത് പോലെ പ്രതിവര്‍ഷം ഭൂമി താഴേക്ക് പോകുന്നത് കെട്ടിടങ്ങള്‍ക്കും റോഡുകള്‍ക്കും ഭീഷണിയാകുന്നുണ്ട്.

ഇത്തരം പ്രശ്നങ്ങള്‍ മൂലം തെരുവില്‍ നിരവധി ജീവനുകളാണ് പൊലിയുന്നത്. മെട്രോ പില്ലറുകള്‍ക്ക് ചുറ്റും റോഡുകള്‍ ഇടിഞ്ഞുതാഴ്ന്നുണ്ടാകുന്ന അപ്രതീക്ഷിത കുഴികള്‍ നിരത്തുകളില്‍ യാത്രക്കാരുടെ, പ്രത്യേകിച്ച് ഇരുചക്ര വാഹനയാത്രക്കാരുടെ ജീവനെടുക്കുന്ന മരണക്കെണികളായി മാറിക്കഴിഞ്ഞു.

ശാസ്ത്രീയമായ പഠനങ്ങളിലൂടെ റോഡുകളും മറ്റ് നിര്‍മിതികളും പുനഃക്രമീകരിക്കാനും, കാലാവസ്ഥാ-സമുദ്രനിരപ്പ് ഭീഷണികളെയും റോഡപകടങ്ങളെയും ചെറുക്കാനും സാധിച്ചില്ലെങ്കില്‍ വലിയൊരു ദുരന്തത്തിലേക്കായിരിക്കും കൊച്ചി നഗരം കൂപ്പുകുത്തുന്നത്.

കൊച്ചിയിലെ നഗരഘടനയെയും റോഡ് സുരക്ഷയെയും ആഴത്തില്‍ ബാധിക്കുന്ന ജിയോ-ടെക്‌നിക്കല്‍ സവിശേഷതകളെക്കുറിച്ച് പറയുകയാണ് കുഫോസിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്ലൈമറ്റ് വേരിയബിലിറ്റി ആന്‍ഡ് അക്വാട്ടിക് ഇക്കോസിസ്റ്റംസിലെ പ്രൊഫസറും ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡുമായ ഡോ. ഗിരീഷ് ഗോപിനാഥ്.

കടവന്ത്ര ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഉപരിതലത്തില്‍ മണലും (Gravel Sand) തൊട്ടുതാഴെ കളിമണ്ണും അടങ്ങിയ ഭൗമപാളികളാണുള്ളത്. കൊച്ചിയിലെ ഭൂഗര്‍ഭ ജലനിരപ്പും മെട്രോ ട്രെയിനുകള്‍ കടന്നുപോകുമ്പോഴുണ്ടാകുന്ന നിരന്തരമായ വൈബ്രേഷനും കൂടിച്ചേരുമ്പോള്‍ 20 മീറ്ററോളം താഴ്ചയില്‍ മണ്ണ് ദ്രവീകരിക്കുന്ന അവസ്ഥ (Soil Liquefaction) ഉണ്ടാകുന്നു.

ഖരാവസ്ഥയിലുള്ള മണ്ണ് മര്‍ദ്ദവും വൈബ്രേഷനും മൂലം ദ്രാവകാവസ്ഥയ്ക്ക് സമാനമായി മാറുന്നതാണ് ഈ പ്രതിഭാസം. സോയില്‍ ലിക്വിഫാക്ഷന്‍ മൂലമാണ് ഇത്തരത്തില്‍ പില്ലറുകള്‍ക്ക് താഴെ റോഡ് ഇടിഞ്ഞുതാഴുന്നത്. കൊച്ചിയിലെ ഗ്രൗണ്ട് വാട്ടര്‍ ലെവല്‍ രണ്ട് മീറ്ററില്‍ താഴെയാണ്. റോഡ് ഇടിഞ്ഞ ഇടങ്ങള്‍ എല്ലാം തന്നെ സെയ്ഫ് സോണ്‍ അല്ലെന്നാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ചൂടോ മര്‍ദ്ദമോ മൂലം ഖരാവസ്ഥയിലുള്ള തന്മാത്രകള്‍ക്ക് ദ്രവണാങ്കത്തേക്കാള്‍ (Melting Point) കൂടുതല്‍ താപോര്‍ജ്ജം കിട്ടുകയും ആ ഊര്‍ജ്ജം ഉപയോഗിച്ച് തന്മാത്രകള്‍ തമ്മിലുള്ള ബന്ധം മുറിയുകയും ഖരം ദ്രാവകമായി മാറുകയും ചെയ്യുന്നതിനെയാണ് ദ്രവീകരണം എന്ന് പറയുന്നത്. പാറകളില്‍ പില്ലറുകള്‍ ഉറപ്പിച്ച് വച്ചിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു.

ഭൂമി പതിയെ താഴേക്ക് അമരുന്ന ‘സോയില്‍ സബ്‌സിഡന്‍സ്’ എന്ന പ്രതിഭാസം കൊച്ചിയില്‍ അതിരൂക്ഷമാണെന്നാണ് സ്പേസ് ആപ്ലിക്കേഷന്‍ സെന്ററിന്റെ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. സാറ്റലൈറ്റ് ഡാറ്റ അനുസരിച്ച് കൊച്ചിയുടെ പല ഭാഗങ്ങളിലും ഭൂമി വര്‍ഷത്തില്‍ 6 മില്ലിമീറ്റര്‍ മുതല്‍ 21 മില്ലിമീറ്റര്‍ വരെ താഴേക്ക് പോകുന്നുണ്ട്.

അമിതമായ ഭൂഗര്‍ഭജല ചൂഷണം, നെല്‍വയലുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും വ്യാപകമായ നികത്തല്‍, കൂറ്റന്‍ കെട്ടിടങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും കനത്ത ഭാരം എന്നിവയാണ് ഈ പ്രതിഭാസത്തിന് ആക്കം കൂട്ടുന്നത്.

ഇത്തരം മണ്ണില്‍ കനം കൂടുമ്പോള്‍ ഇടിയാനുള്ള സാധ്യത കൂടുതലാണ്. കളിമണ്ണും ചെളിയും നിറഞ്ഞ തീരദേശ മണ്ണില്‍ സുഷിരങ്ങളിലെ ജലാംശം വറ്റുമ്പോള്‍ മണ്ണ് ഒട്ടിപ്പോവുകയും ഉപരിതലം അമരുകയും ചെയ്യുന്നു. കൊച്ചിക്ക് പുറമെ തമിഴ്നാടിന്റെ തലസ്ഥാനമായ ചെന്നൈയിലും ഐ.ഐ.ടി ബോംബെ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജി (NIOT) എന്നിവരുടെ പഠനപ്രകാരം പ്രതിവര്‍ഷം 12 മില്ലിമീറ്റര്‍ വരെ സബ്‌സിഡന്‍സ് രേഖപ്പെടുത്തുന്നുണ്ട്.

അടുത്ത 50 വര്‍ഷത്തിനുള്ളില്‍ കൊച്ചിയില്‍ മെട്രോ സ്ഥിതി ചെയ്യുന്ന ഇടങ്ങള്‍ ഉള്‍പ്പെടെ ഉപ്പ് വെള്ളം കയറും എന്ന ആശങ്ക ജനങ്ങള്‍ അടക്കം പങ്ക് വക്കുന്നുണ്ട്. ആഗോളതാപനം മൂലം സമുദ്രനിരപ്പ് ഉയരുന്നതും (Sea Level Rise) സബ്‌സിഡന്‍സും ഒന്നിച്ചു ചേര്‍ന്ന് അടുത്ത 30 മുതല്‍ 50 വര്‍ഷത്തിനുള്ളില്‍ കൊച്ചിയുടെ വലിയൊരു ഭാഗം വെള്ളത്തിനടിയിലാകുമെന്ന് യുണൈറ്റഡ് നേഷന്‍സിന്റെ ഐ.പി.സി.സി (IPCC) റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയുള്ള പഠനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.

എം.ജി റോഡ്, വൈറ്റില, ഇടപ്പള്ളി, കലൂര്‍ തുടങ്ങി കൊച്ചി മെട്രോ അലൈന്‍മെന്റ് കടന്നുപോകുന്ന നഗരപ്രദേശങ്ങള്‍ സമുദ്രനിരപ്പില്‍ നിന്നും വളരെ കുറഞ്ഞ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നവയാണെന്നത് ആശങ്കാജനകമാണ്.

ഉപ്പുവെള്ളം രണ്ട് തരത്തിലാണ് കയറുന്നത് ഒന്ന് ഭൂമിയുടെ അടിയില്‍ കൂടിയുള്ള സാള്‍ട്ട് വാട്ടര്‍ ഇന്‍ട്രൂഷന്‍. അതായത് തീരപ്രദേശങ്ങളിലെ കിണറുകളില്‍ നിന്നും ബോര്‍വെല്ലുകളില്‍ നിന്നും അമിതമായി ശുദ്ധജലം പമ്പ് ചെയ്ത് എടുക്കുമ്പോള്‍, ആ ഭാഗത്തെ മര്‍ദ്ദം കുറയുകയും കടലിലെ ഉപ്പുവെള്ളം മണ്ണിനടിയിലെ മണല്‍ പാളികളിലൂടെ (Aquifers) പാര്‍ശ്വഭാഗങ്ങളില്‍ നിന്ന് ഇടിച്ചു കയറുകയും ചെയ്യുന്നു. കൂടാതെ, അമിതമായ ശുദ്ധജല പമ്പിംഗ് മൂലം മണ്ണിനടിയിലെ മണല്‍ പാളികളിലൂടെ കടല്‍വെള്ളം ഇടിച്ചുകയറുന്ന സാള്‍ട്ട് വാട്ടര്‍ ഇന്‍ട്രൂഷനും (Saltwater Intrusion) നഗരത്തിന് വലിയ വെല്ലുവിളിയാകുന്നു.

അതോടൊപ്പം ഭൂമിക്ക് മുകളിലൂടെ നേരിട്ട് കണ്ണില്‍ കാണുന്ന രീതിയില്‍ ഉപ്പുവെള്ളം ജനവാസ മേഖലകളിലേക്ക് ഇരച്ചുകയറുന്നതും പ്രശ്‌നമാണ്. ഒരിക്കല്‍ ഇത്തരത്തില്‍ ഉപ്പുവെള്ളം മണ്ണിനടിയിലെ മണല്‍ പാളികളിലൂടെ കയറിയാല്‍ പിന്നീട് പൂര്‍വ്വസ്ഥിതിയിലാകാന്‍ വര്‍ഷങ്ങള്‍ എടുക്കും.

എന്നിരുന്നാലും നിലവില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല, പക്ഷെ അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. തൂണിനോട് ചേര്‍ന്നുള്ള ഭാഗം താഴേക്ക് അമരുമ്പോള്‍ റോഡില്‍ വലിയ ലെവല്‍ വ്യത്യാസവും വിള്ളലുകളും ഉണ്ടാകുന്നതിനാല്‍ ഇരുചക്ര വാഹനങ്ങള്‍ തട്ടി നിയന്ത്രണം വിട്ട് മറിയുകയും, വലിയ അപകടങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്യുന്നതിനാല്‍ വിഷയം അടിയന്തരമായി പരിഹരിക്കണം.

കൊച്ചിയെപ്പോലെ തന്നെ തമിഴ്‌നാടിന്റെ തലസ്ഥാനമായ ചെന്നൈ നഗരവും അതിരൂക്ഷമായ സോയില്‍ സബ്‌സിഡന്‍സ് നേരിടുന്നതായി സമീപകാല ശാസ്ത്ര പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഐ.ഐ.ടി ബോംബെ (IIT Bombay), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജി (NIOT) എന്നിവര്‍ സാറ്റലൈറ്റ് ഡാറ്റ ഉപയോഗിച്ച് നടത്തിയ പഠനമനുസരിച്ച് ചെന്നൈ നഗരത്തിന്റെ ചില ഭാഗങ്ങള്‍ പ്രതിവര്‍ഷം 12 മില്ലിമീറ്റര്‍ വരെ താഴേക്ക് ഇടിയുന്നുണ്ട്.

ദിവസേന നൂറുകണക്കിന് യാത്രക്കാരാണ് ഇത്തരത്തില്‍ കുഴിയില്‍ വീഴാതെ ജീവന്‍ പണയം വെച്ച് ഈ റോഡിലൂടെ സഞ്ചരിക്കുന്നതെന്നും തന്റ സുഹൃത്തിന്റെ ജീവനെടുത്തും ഇതേ അപകടക്കെണിയാണെന്നും പറയുകയാണ് എച്ച്.പി. കണക്ടിലെ സെന്റര്‍ ഹെഡായ അന്നു സാന്‍യൊ.

കഴിഞ്ഞ ജൂലൈ 6ന് എളംകുളം മെട്രോ സ്റ്റേഷന് സമീപമുണ്ടായ ദാരുണമായ അപകടത്തില്‍ എന്റെ സഹപ്രവര്‍ത്തകനും അടുത്ത സുഹൃത്തുമായ ശരത്ത് മരണപ്പെടുകയുണ്ടായി. രാത്രിയില്‍ ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ, മെട്രോ പില്ലറിന് ചുറ്റും റോഡ് ഇടിഞ്ഞുതാഴ്ന്നുണ്ടായ കുഴിയില്‍ ബൈക്ക് വീണ് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

കേവലം ഒറ്റപ്പെട്ട സംഭവമല്ല ഇത്. ഈ മേഖലയിലെ റോഡുകളുടെ അവസ്ഥ മൂലം സമാനമായ സാഹചര്യങ്ങളില്‍ എന്റെ അറിവില്‍ തന്നെയുള്ള അഞ്ചിലധികം വ്യക്തികള്‍ക്ക് ഇതിനോടകം ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അടുത്തിടെ ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ വേഗത കുറവായിരുന്നതുകൊണ്ട് മാത്രം വ്യക്തിപരമായി ഞാന്‍ വലിയൊരു അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ദിവസേന നൂറുകണക്കിന് യാത്രക്കാരാണ് ഇത്തരത്തില്‍ ജീവന്‍ പണയം വെച്ച് ഈ റോഡിലൂടെ സഞ്ചരിക്കുന്നത്, അന്നു സാന്‍യൊ പറയുന്നു.

Sinking roads and soil liquefaction in Kochi: Expert insights into the geotechnical hazards threatening metro corridors and road safety.

Leave a Reply

Your email address will not be published. Required fields are marked *

×