ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റുമായ ഫാറൂഖ് അബ്ദുള്ളയ്ക്ക് നേരെ വധശ്രമം. ബുധനാഴ്ച രാത്രി ജമ്മുവിലെ ഗ്രേറ്റര്‍ കൈലാഷ് മേഖലയില്‍ നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്ത അദ്ദേഹത്തിന് നേരെ തൊട്ടടുത്ത് നിന്ന് വെടിയുതിര്‍ത്തത്. എന്നാല്‍ അബ്ദുള്ള പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഫാറൂഖ് അബ്ദുള്ളയും സംഘവും വിവാഹ ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതിനിടെ പിന്നിലൂടെ എത്തിയ ഒരാള്‍ അദ്ദേഹത്തിന്റെ ചെവിക്കടുത്ത് തോക്ക് വെച്ച് വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തന്റെ പിതാവ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് വധശ്രമം പരാജയപ്പെട്ടതെന്നും മകനും ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള അറിയിച്ചു. തോക്കുമായി ഒരാള്‍ക്ക് എങ്ങനെ ഇത്രയും അടുത്തെത്താന്‍ സാധിച്ചു എന്നത് ഗൗരവകരമായ ചോദ്യമാണെന്നും എന്‍.എസ്.ജി സുരക്ഷയുള്ള ഒരു മുന്‍ മുഖ്യമന്ത്രിക്ക് ഉണ്ടായ ഈ സുരക്ഷാ വീഴ്ചയില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
സംഭവം നടക്കുമ്പോള്‍ ജമ്മു കാശ്മീര്‍ ഉപമുഖ്യമന്ത്രി സുരീന്ദര്‍ ചൗധരിയും മുഖ്യമന്ത്രിയുടെ ഉപദേശകന്‍ നാസിര്‍ അസ്ലം വാനിയും സ്ഥലത്തുണ്ടായിരുന്നു. ഇത്രയും ഉന്നതരായ നേതാക്കള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പ്രാദേശിക പോലീസിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്നും തോക്കുമായി ഒരാള്‍ക്ക് എങ്ങനെ അകത്ത് പ്രവേശിക്കാന്‍ സാധിച്ചു എന്നത് ഗൗരവമായി അന്വേഷിക്കണമെന്നും ഉപമുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സംഭവത്തെക്കുറിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് എം.എല്‍.എ അജാസ് അഹമ്മദ് ജാന്‍ നല്‍കുന്ന വിവരം ഇങ്ങനെയാണ്: ‘ഞങ്ങള്‍ ചടങ്ങു കഴിഞ്ഞ് മടങ്ങുമ്പോള്‍ ഒരാള്‍ പിന്നില്‍ നിന്ന് ഓടിയെത്തി ഡോക്ടര്‍ സാഹിബിന്റെ (ഫാറൂഖ് അബ്ദുള്ള) തലയ്ക്ക് പിന്നില്‍ റിവോള്‍വര്‍ വെച്ച് വെടിയുതിര്‍ത്തു. എന്നാല്‍ ലക്ഷ്യം തെറ്റിയതിനാല്‍ അദ്ദേഹം രക്ഷപ്പെട്ടു. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അയാളെ കീഴടക്കി തോക്ക് പിടിച്ചെടുത്തു.’
ഫാറൂഖ് അബ്ദുള്ള സുരക്ഷിതനാണെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും നാഷണല്‍ കോണ്‍ഫറന്‍സ് വക്താവ് തന്‍വീര്‍ സാദിഖ് അറിയിച്ചു. കോണ്‍ഗ്രസ് നേതാവ് താരിഖ് ഹമീദ് കര്‍റ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സംഭവത്തെ അപലപിച്ചു. മേഖലയിലെ ക്രമസമാധാന നില തകരാറിലാകുന്നതില്‍ ആശങ്കയുണ്ടെന്നും സുരക്ഷാ ചുമതലയുള്ളവര്‍ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തില്‍ പോലീസ് ഇതുവരെ അവരുടെ ഔദ്യോഗിക വിശദീകരണം പുറത്തു വിട്ടിട്ടില്ല.
Content Summary: Former J&K CM Farooq Abdullah escapes assassination attempt after shot fired at point-blank range during a wedding ceremony
This post was last modified on March 12, 2026 11:41 am
Leave a Comment