ട്രംപിന് വീണ്ടും തിരിച്ചടി; ട്രാൻസ് സൈനികരുടെ സേവനം വിലക്കിയ ഉത്തരവ് കോടതി റദ്ദാക്കി

ട്രാൻസ്ജെൻഡർ സൈനികരുടെ അവകാശങ്ങളെ ലംഘിക്കരുതെന്ന് കോടതി

Federal Judge Blocks Trump's Ban on Transgender Military Service

യുഎസ് സൈനിക സർവീസിൽ നിന്ന് ട്രാൻസ്ജെൻഡർ വ്യക്തികളെ വിലക്കികൊണ്ടുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവ് റദ്ദാക്കി ഫെഡറൽ ജഡ്ജ്. യുഎസിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള കോടതി നടപടികളിൽ ഏറ്റവും പുതിയതാണിത്.

ട്രാൻസ്ജെൻഡർ വ്യക്തികളെ സൈനിക സർവീസിൽ നിന്ന് വിലക്കുന്നത് അവരുടെ ഭരണഘടനാപരമായ അവകാശങ്ങളെ ലംഘിക്കുന്നതാണെന്ന് വാഷിങ്ടൺ ഡിസിയിലെ യുസ് ഡിസ്ട്രിക്ട് ജഡ്ജ് അന റെയ്സ് നിരീക്ഷിച്ചു. യുഎസിൽ നിന്നുള്ള നാടുകടത്തൽ വിമാനങ്ങൾ താൽക്കാലികമായി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട ജഡ്ജിയെ ഇംപീച്ച് ചെയ്യണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ട്രംപിന് ശാസനയും നൽകിയിരുന്നു. ജുഡീഷ്യൽ അഭിപ്രായ വ്യത്യാസത്തിൻ മേലുള്ള ഉചിതമായ ഇടപെടലല്ല ട്രംപിന്റേതെന്നായിരുന്നു ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചത്. ഈ സംഭവത്തിന് പിന്നാലെയാണ് ഇപ്പോൾ ട്രംപ് ഭരണകൂടത്തിനെതിരെയുള്ള കോടതിയുയെ നടപടി.

ട്രാൻസ്ജെൻജർ വ്യക്തികൾക്കെതിരെയുള്ള ട്രംപിന്റെ നടപടി അഞ്ചാം ഭേദഗതി പ്രകാരം തുല്യ സംരക്ഷണം നേടാനുള്ള ട്രാൻസ്‌ജെൻഡർ ആളുകളുടെ അവകാശങ്ങളെ ഇല്ലാതാക്കുന്നുവെന്ന് വാദികൾക്കായി ഹാജരായ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നാമനിർദ്ദേശം ചെയ്ത ജഡ്ജ് അന റെയ്സ്, തീരുമാനത്തിൽ ഭരണകൂടത്തിന് അപ്പീൽ നൽകാനായി വെള്ളിയാഴ്ച വരെ സമയം നൽകിയിട്ടുണ്ട്. കോടതിയുടെ ഉത്തരവിനോട് വൈറ്റ് ഹൗസ് ഇതുവരെ ഔദ്യോ​ഗിക മറുപടി നൽകിയിട്ടില്ല.
അതേസമയം, ട്രംപിന്റെ ഡെപ്യൂട്ടി ചീഫ് സ്റ്റാഫായ സ്റ്റീഫൻ മില്ലർ വിധിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ പ്രതികരണം അറിയിച്ചു.

സായുധ സേനയുടെ കമാൻഡ് ഇപ്പോൾ ജില്ലാ ജഡ്ജിമാരാണ് തീരുമാനിക്കുന്നതെന്നും ഈ ഭ്രാന്തിനൊരു അവസാനിമില്ലെയെന്നും സ്റ്റീഫൻ മില്ലർ കുറിച്ചു. 2025 ജനുവരി 27നാണ് ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയുടെ ലൈം​ഗിക വ്യക്തിത്വത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചത്. മാന്യവും അച്ചടക്കവുമുള്ള ഒരു സൈനികന്റെ ജീവിതശൈലിയോട് വൈരുധ്യമുണ്ടാക്കുന്നതാണ് ട്രാൻസ്ജെൻഡർ വ്യക്തികളെ സൈന്യത്തിൽ ചേരാൻ അനുവദിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവ്.

2016 ൽ പ്രതിരോധ വകുപ്പിന്റെ ഒരു നയം ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് സൈന്യത്തിൽ സേവനമനുഷ്ഠിക്കാൻ അനുമതി നൽകിയിരുന്നു. ട്രംപിന്റെ ആദ്യ വൈറ്റ് ഹൗസിലെ സമയത്ത്, റിപ്പബ്ലിക്കൻ പാർട്ടി ട്രാൻസ്‌ജെൻഡർ സർവീസ് അംഗങ്ങളെ നിരോധിക്കാനുള്ള നിർദ്ദേശം പുറപ്പെടുവിച്ചു. എന്നാൽ ഡെമോക്രാറ്റ് പ്രസിഡന്റ് ജോ ബൈഡൻ അധികാരമേറ്റപ്പോൾ അത് റദ്ദാക്കുകയായിരുന്നു.

Content summary: Federal Judge Blocks Donald Trump’s Ban on Transgender Military Service
Donald Trump Transgender Military Service 

This post was last modified on March 19, 2025 1:57 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment