July 13, 2026 |
Share on

2030 ലോകകപ്പില്‍ 64 ടീമുകള്‍? എല്ലാവര്‍ക്കും സ്വപ്നം കാണാന്‍ അവകാശമുണ്ടെന്ന് ഫിഫ പ്രസിഡന്റ്

വിവിധ ഭൂഖണ്ഡങ്ങളിലായി നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന 2030 ലോകകപ്പില്‍ ടീമുകളുടെ എണ്ണം 64 ആക്കുന്നത് വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും

അടുത്ത ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ഫിഫ ആലോചിക്കുന്നതായി പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. 2030 ലോകകപ്പിന് മുന്‍പായി ടൂര്‍ണമെന്റിലേക്ക് 16 ടീമുകളെക്കൂടി അധികമായി ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ഫിഫ അധികൃതര്‍ പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വിസ് മാധ്യമമായ ‘ബ്ലൂവിന്നിന്’ നല്‍കിയ അഭിമുഖത്തിലാണ് നിലവിലെ 48-ല്‍ നിന്ന് ടീമുകളുടെ എണ്ണം 64 ആയി ഉയര്‍ത്തുന്നത് അനുയോജ്യമായ കാര്യമാണെന്ന് ഇന്‍ഫാന്റിനോ സൂചിപ്പിച്ചത്.

ഇപ്പോഴത്തെ ലോകകപ്പ് മത്സരങ്ങള്‍ പൂര്‍ത്തിയായ ശേഷം ഫിഫയുടെ കമ്മിറ്റികളില്‍ ഈ വിഷയം വിശദമായി ചര്‍ച്ച ചെയ്യുമെന്നാണ് ഇന്‍ഫാന്റിനോ പറഞ്ഞത്. ലോകകപ്പ് സംഘടിപ്പിക്കുമ്പോള്‍ അത് യൂറോപ്പിനും തെക്കേ അമേരിക്കയ്ക്കും വേണ്ടി മാത്രമല്ല, ലോകത്തെ മുഴുവന്‍ രാജ്യങ്ങള്‍ക്കും വേണ്ടിയായിരിക്കണം. എല്ലാ രാജ്യങ്ങള്‍ക്കും ലോകകപ്പില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് സ്വപ്നം കാണാന്‍ അവകാശമുണ്ട്. ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ടീമുകളുടെ നിലവാരം ഇപ്പോള്‍ വളരെ ഉയര്‍ന്നതാണെന്നും അത് ഇനിയും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നമാണ് ഇന്‍ഫാന്റിനോയുടെ വാദം. ചെറിയ രാജ്യങ്ങള്‍ക്ക് ലോകകപ്പില്‍ കളിക്കാന്‍ അവസരം നല്‍കിയില്ലെങ്കില്‍, തങ്ങളുടെ കളി മികച്ചതാക്കാനുള്ള താല്പര്യം അവര്‍ക്ക് നഷ്ടപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1998 മുതല്‍ 2022 വരെയുള്ള ലോകകപ്പുകളില്‍ 32 ടീമുകളാണ് മത്സരിച്ചിരുന്നത്. എന്നാല്‍ ഇതാദ്യമായാണ് 48 ടീമുകളെ ഉള്‍പ്പെടുത്തി 104 മത്സരങ്ങള്‍ അടങ്ങുന്ന ഒരു ലോകകപ്പ് ടൂര്‍ണമെന്റ് ഫിഫ നടത്തുന്നത്. 48 ടീമുകളുമായുള്ള ടൂര്‍ണമെന്റ് ഒരു വന്‍ വിജയമായിരുന്നുവെന്നാണ് ഫിഫ പ്രസിഡന്റിന്റെ വിലയിരുത്തല്‍. എല്ലാ ടീമുകളും ഉയര്‍ന്ന നിലവാരത്തിലുള്ള പ്രകടനമാണ് കാഴ്ചവെച്ചത്. എല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നുമുള്ള ടീമുകള്‍ ഗോളുകള്‍ നേടുകയും കുറഞ്ഞത് ഒരു പോയിന്റെങ്കിലും സ്വന്തമാക്കുകയും ചെയ്തു. കഴിഞ്ഞ ലോകകപ്പില്‍ ആഫ്രിക്കയില്‍ നിന്ന് അഞ്ച് ടീമുകള്‍ മാത്രം പങ്കെടുത്ത സ്ഥാനത്ത്, ഇത്തവണ ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നുള്ള 10 ടീമുകളില്‍ 9 പേരും നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടിയത് ഒരു വിജയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിവിധ ഭൂഖണ്ഡങ്ങളിലായി നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന 2030 ലോകകപ്പില്‍ ടീമുകളുടെ എണ്ണം 64 ആക്കുന്നത് വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും. നിലവിലെ ക്രമീകരണമനുസരിച്ച് 2030 ലോകകപ്പിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ ഉറുഗ്വേ, അര്‍ജന്റീന, പരാഗ്വേ എന്നീ രാജ്യങ്ങളിലാണ് (ഓരോ രാജ്യത്തും ഓരോ മത്സരം വീതം) നടക്കേണ്ടത്. ബാക്കി മത്സരങ്ങള്‍ മൊറോക്കോ, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ എന്നീ രാജ്യങ്ങളിലായി നടക്കും. എന്നാല്‍ ലോകകപ്പ് 64 ടീമുകളായി ഉയര്‍ത്തുകയാണെങ്കില്‍, ഈ തെക്കേ അമേരിക്കന്‍ രാജ്യങ്ങള്‍ക്ക് ഓരോ മത്സരം മാത്രം ആതിഥേയത്വം വഹിക്കുന്നതിന് പകരം, നാല് ടീമുകള്‍ അടങ്ങുന്ന ഓരോ മുഴുവന്‍ ഗ്രൂപ്പ് മത്സരങ്ങള്‍ക്കും ആതിഥേയത്വം വഹിക്കാനുള്ള അവസരം ലഭിച്ചേക്കും.

Content Summary; FIFA officials will look into expanding the World Cup field from 48 to 64 teams before the 2030 tournament, President Gianni Infantino revealed

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×