June 11, 2026 |
മുസാഫിര്‍
മുസാഫിര്‍
Share on

ഭൂഗോളം ഇനിയൊരു ഗോൾമുഖം!

അഞ്ച് കൊല്ലം സോവ്യറ്റ് യൂണിയന്റെ കാവൽഭടനായിരുന്ന ലെവ് യാഷീന്റെ കരതലം പിടിച്ച സൗഹൃദ സ്‌മൃതിയിലൂടെ ലേഖകന്റെ മനസ്സിലേക്ക് ഓർമകളുടെ പന്തുരുളുന്നു…

മെക്സിക്കോ സിറ്റിയിലെ അസ്റ്റക്കാ സ്റ്റേഡിയത്തിൽ ഇന്ന് കിക്കോഫ്. ആരവമുഖരിതം ഇനി രാപ്പകലുകൾ. ശതകോടി സിരകളിൽ കാൽപന്തിന്റെ മായിക ലഹരി. അഞ്ച് കൊല്ലം സോവ്യറ്റ് യൂണിയന്റെ കാവൽഭടനായിരുന്ന ലെവ് യാഷീന്റെ കരതലം പിടിച്ച സൗഹൃദ സ്‌മൃതിയിലൂടെ ലേഖകന്റെ മനസ്സിലേക്ക് ഓർമകളുടെ പന്തുരുളുന്നു… ആതിഥേയ രാജ്യമായ മെക്സിക്കോയും ദക്ഷിണാഫ്രിക്കയും പോർമുഖം തുറക്കുമ്പോൾ ഫുട്‍ബോൾ മത്സരത്തിന്റെ മായിക ഭംഗിയെക്കുറിച്ച് ‘ഗോഡ് ഈസ് റൗണ്ട് ‘ എന്ന ബെസ്റ്റ് സെല്ലർ എഴുതിയ മെക്സിക്കൻ പത്രപ്രവർത്തകനും സാഹിത്യകാരനുമായ ഹുവാൻ വില്ലോറോ, തന്റെ ടീമിന്റെ വെളുപ്പും ചുവപ്പും കരയുള്ള പച്ച ജഴ്സിയണിഞ്ഞ് ഒരു വേള മെക്സിക്കോ സിറ്റിയിലെ പ്രസിദ്ധമായ എസ്‌റ്റാഡിയോ ആസ്റ്റെക്കോ സ്റ്റേഡിയത്തിന്റെ ഗാലറിയിലോ പ്രസ്സ് ബോക്സിലോ ഉദ്ഘാടനക്കളി എഴുതാൻ ഇരിപ്പുണ്ടാവും.

ഫിഫ വേൾഡ് കപ്പ്‌ 2026

​പ്രശസ്ത തത്ത്വചിന്തകനായ ലൂയിസ് വില്ലോറോയുടെ മകനാണ് ഹുവാൻ. ​പത്രപ്രവർത്തനവും ഫുട്ബോളുമാണ് അദ്ദേഹത്തിന്റെ പാഷൻ. സിരകളിൽ ഉന്മാദം ചുരത്തുന്ന ഫുട്‍ബോൾ ലഹരിയുമായി ഹുവാൻ ലോകകപ്പുകളെക്കുറിച്ച് നിരവധി വാർത്തകളും ഫീച്ചറുകളുമെഴുതി. അദ്ദേഹത്തിന്റെ ‘ഗോഡ് ഈസ് റൗണ്ട്’ എന്ന ഫുട്ബോൾ പുസ്തകം ഏറെ പ്രശംസ പിടിച്ചുപറ്റിയ ഒന്നാണ്. സ്പാനിഷ് ഭാഷയിൽ എഴുതിയ ഈ പുസ്തകത്തിന്റെ യഥാർത്ഥ തലക്കെട്ട് ‘Dios es redondo’ എന്നാണ്. ഫുട്ബോൾ എന്ന കളിയെയും അതിനോടുള്ള ലോകജനതയുടെ ഭ്രാന്തമായ ആവേശത്തെയും മനോഹരമായി ഈ പുസ്തകത്തിൽ വിവരിക്കുന്നു. 90 മിനിറ്റ് നീളുന്ന വെറുമൊരു കളി മാത്രമല്ല ഫുട്ബോളെന്നും, മറിച്ച് കോടിക്കണക്കിന് മനുഷ്യരെ ഒന്നിപ്പിക്കുന്ന ഒരു ആഗോള പ്രതിഭാസമാണെന്നും ഹുവാൻ വാദിക്കുന്നു. ഐക്യരാഷ്ട്രസഭയേക്കാൾ കൂടുതൽ അംഗങ്ങൾ ഫിഫയ്ക്ക് ഉണ്ടെന്ന യാഥാർത്ഥ്യം അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഡീഗോ മറഡോണ, ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, പെലെ, സിനദിൻ സിദാൻ തുടങ്ങിയ ഫുട്ബോൾ ലോകത്തെ ഇതിഹാസങ്ങളുടെ കരിയറും അവരുടെ ജീവിതത്തിലെ ഉയർച്ച താഴ്ച്ചകളും ഗോഡ് ഈസ് റൗണ്ടിൽ വിശകലനം ചെയ്യുന്നുണ്ട്. പ്രത്യേകിച്ച് മറഡോണയുടെ ജീവിതത്തെയും അദ്ദേഹത്തിന് ആരാധകർ നൽകിയ ദൈവതുല്യമായ പദവിയെയും കുറിച്ച്‌.

ഹുവാൻ വില്ലോറോ

​ഒരു ഫുട്ബോൾ ആരാധകനായിരിക്കുക എന്നതിന്റെ സന്തോഷവും വേദനയും എന്താണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഒരു വ്യക്തിക്ക് തന്റെ കുട്ടിക്കാലത്തെ ഓർമ്മകളിലേക്കും നിഷ്കളങ്കതയിലേക്കും തിരികെ പോകാനുള്ള ഒരു വഴി കൂടിയാണ് ഫുട്ബോൾ ആരാധനയെന്ന് അദ്ദേഹം പറയുന്നുണ്ട്. സ്റ്റേഡിയങ്ങൾ ആരാധകർക്ക് പള്ളികൾ പോലെയും, കളിക്കാർ അവർക്ക് ദൈവത്തെപ്പോലെയുമാണ് എന്നാണ് ഹുവാൻ സമർത്ഥിക്കുന്നത്. ഹുവാന്റെ ഇഷ്ട ടീം മെക്സിക്കോ തന്നെ. ‘ഗോഡ് ഈസ് റൗണ്ട്’ – ഉവ്വ്, ദൈവം മാത്രമല്ല, ഭൂമിയിലെ ചാരാചാരങ്ങളത്രയും ഫിഫ ഫൈനൽ വരെ ഉരുണ്ട് തന്നെ. അഞ്ചു തവണ ലോക കപ്പിൽ സോവിയറ്റ് യൂണിയന്റെ ഗോൾവലയം കാത്ത ലെവ് യാഷീൻ എന്ന ‘ബ്ലാക്ക് സ്‌പൈഡർ’ ഇപ്പോൾ എന്റെ ഓർമ്മയിലേക്ക് പന്തുരുട്ടുന്നു. എഴുപതുകളുടെ മധ്യത്തിൽ ന്യൂ ഡൽഹിയിൽ സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി ലിയോനിദ് ബ്രഷ്നെവിന്റെ സന്ദർശനകാലത്ത് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന വലിയൊരു സോവിയറ്റ് സാംസ്‌കാരിക വിനിമയ സംഘത്തിൽ ലെവ് യാഷീൻ ഉണ്ടായിരുന്നു.

ഹുവാൻ വില്ലോറോ എഴുതിയ “ഗോഡ് ഈസ്‌ റൗണ്ട്” എന്ന പുസ്തകം

റഷ്യൻ കായിക താരങ്ങളുടെയും ബാലെ സംഘത്തോടുമൊപ്പമാണ് അന്ന് ബ്രഷ്നേവ് തലസ്ഥാനത്തെത്തിയത്. സി. പി. ഐ ദേശീയ കൗൺസിൽ ഓഫീസായ അജോയ് ഭവനിൽ അന്ന് കേരളത്തിൽ നിന്നുള്ള എ. ഐ. എസ്‌. എഫ് പഠനഗ്രൂപ്പിൽ ഞാനും ഉണ്ടായിരുന്നു. ലെവ് യാഷീനും സംഘവും അജോയ് ഭവനിൽ വന്നു. ആഹ്ലാദകരമായ കൂടിക്കാഴ്ച്ചയായിരുന്നു അത്. സി. പി. ഐ അഖിലേന്ത്യാ നേതാക്കൾ, ലെവ് യാഷീനെ ഞങ്ങൾക്ക് പരിചയപ്പെടുത്തി. അന്ന് അദ്ദേഹം എന്റെയും കൈത്തലം മുറുകെ പിടിച്ചു. മറക്കാനാവില്ല ആ സൗഹൃദത്തിന്റെ പുഞ്ചിരിയും ഉള്ളങ്കയ്യിലെ സ്നേഹത്തണുപ്പും. ലോകം ആരാധിക്കുന്ന ഗോൾ കീപ്പറോടൊപ്പം നിൽക്കുന്ന ഒരു ഫോട്ടോ എടുക്കാൻ സാധിക്കാതെ പോയതിന്റെ വിഷമം ഏറെക്കാലം മനസ്സിൽ ബാക്കിയായിരുന്നു. 1990 മാർച്ച് 20 ന് അറുപതാം വയസ്സിൽ ലെവ് യാഷീന്റെ ജീവിതത്തിന് മീതെ വിധി ലോങ്ങ് വിസിൽ മുഴക്കി. ഓരോ ലോകകപ്പ് വരുമ്പോഴും ലെവ് യാഷീൻ, ദു:ഖകരമായ ഓർമ്മയുണർത്തി കടന്നു വരുന്നു. എപ്പോഴും കറുത്ത ജഴ്സി ധരിച്ചതിനാൽ ബ്ലാക്ക് സ്‌പൈഡർ എന്നും ബ്ലാക്ക് പാന്തർ എന്നും യാഷീൻ അറിയപ്പെട്ടു. ഗോൾ വലയം കാത്തതിനുള്ള ആദ്യത്തെ ബലൻഡി ഓർ പുരസ്കാരം ലഭിച്ച കളിക്കാരനായിരുന്നു ലെവ് യാഷീൻ. സോവിയറ്റ് യൂണിയന്റെ മാത്രമല്ല, ലോകത്തിന്റെ മുഴുവൻ നെഞ്ചിടിപ്പുകളെ നിയന്ത്രിച്ച അസാധാരണ ബോൾ സേവിംഗുകളിലൂടെ തന്റെ ടീമിന്റെ യശസ്സുയർത്തിയ ലെവ് യാഷീന്റെ ഒരു കാൽ അവസാന കാലത്ത് മുറിച്ചു മാറ്റേണ്ടി വന്നു. ഇതോടെ ദുരന്തം ആ ജീവിതത്തെ റെഡ് കാർഡുകൾ കൊണ്ട് നിറച്ചു.

സോവിയറ്റ് ഗോൾ കീപ്പർ ലെവ് യാഷീൻ

പാക് ഫുട്ബോൾ ടീമിനെ പണ്ടൊരു മലപ്പുറത്തുകാരൻ നയിക്കുകയും വിജയത്തിൽ എത്തിക്കുകയും ചെയ്ത ഗതകാല ചരിത്രത്തിൽ നിന്നൊരു അദ്ധ്യായം ഇതോടൊപ്പം. മലപ്പുറം മേൽമുറിയിലെ കുഴിമാട്ടക്കളത്തിൽ മൊയ്തീൻ കുട്ടിയെന്ന ‘ഇരുമ്പൻ മൊയ്‌തീൻ കുട്ടി’. അതെ, പാകിസ്ഥാന്റെ ഇന്ത്യൻ നായകൻ! മലപ്പുറം കോട്ടപ്പടിയിലെ കവാത്ത് പറമ്പിൽ പന്ത് തട്ടിക്കളിച്ച പയ്യൻ പിൽക്കാലത്ത് പാകിസ്ഥാൻ ദേശീയ ഫുട്‌ബോൾ ടീമിന്റെ ക്യാപ്റ്റനായി മാറി. മലപ്പുറം മേൽമുറിയിലെ കുഴിമാട്ടക്കളത്തിൽ മൊയ്തീൻകുട്ടിയെന്ന ഇരുമ്പൻ മൊയ്തീൻകുട്ടിയുടെ ജീവിതം ഏറെ സാഹസികത നിറഞ്ഞതാണ്. കോട്ടക്കലിനടുത്ത കോഴിച്ചെനയിൽ ഒരു സൈനിക ഹെലികോപ്റ്റർ തകർന്നുവീണതറിഞ്ഞ് അത് കാണാൻ വേണ്ടി 24 കിലോമീറ്റർ സൈക്കിൾ ചവിട്ടിപ്പോയ ബാലൻ, പിൽക്കാലത്ത് ഇന്ത്യൻ വ്യോമസേനാംഗമായി മാറി. വിഭജനാനന്തരം ആകാശത്തിന്റെ അതിര് ഭേദിച്ച് അയൽനാടായ പാകിസ്ഥാനിലെത്തി അവിടത്തെ എയർഫോഴ്‌സിൽ ചേർന്നു. അപ്പോഴും പക്ഷേ നഗ്നപാദനായി മലപ്പുറത്ത് കാൽപന്ത് കളിച്ച ആ ചെറുപ്പക്കാരനെ ഫുട്‌ബോൾ ജ്വരം വിടാതെ പിടികൂടിയിരുന്നു. അന്നത്തെ ഷോട്ടുകളുടെ ഊക്ക് കണ്ട് മലപ്പുറത്തെ കളിക്കമ്പക്കാർ അദ്ദേഹത്തിന് നൽകിയ മറുപേരാണ് ‘ഇരുമ്പൻ മൊയ്തീൻകുട്ടി’. ഇരുമ്പിന്റെ കരുത്തുള്ള ഷോട്ടുകൾ. ഏതോ ഒരു മൽസരത്തിനിടെ മൊയ്തീൻ കുട്ടിയുടെ ഉഗ്രൻ ഷോട്ടിൽ ഗോൾപോസ്റ്റിന്റെ ഇരുമ്പ്ബാറുകൾ തകർന്നുവീണത് കൊണ്ടാകാം ‘ഇരുമ്പൻ’ എന്ന പേര് കിട്ടിയതെന്ന് മറ്റൊരു കഥയുമുണ്ട്. ഏതായാലും പാക് ദേശീയ ഫുട്‌ബോൾ ടീമിനു വേണ്ടി ബൂട്ട് കെട്ടിയ കുട്ടിയുടെ കാരിരുമ്പിന്റെ കരുത്തുള്ള അടിയേറ്റ് പല രാജ്യങ്ങളുടേയും ഗോൾമുഖങ്ങൾ വിറച്ചിട്ടുണ്ട്. മധ്യനിരയാണ് കുട്ടിയുടെ പൊസിഷൻ. മൈതാനമധ്യത്തിൽ നിന്നുള്ള അടി ഗോളാക്കി മാറ്റിയ ഒരു റെക്കോർഡും കുട്ടിയുടെ ചരിത്രത്തിലുണ്ട്. 1952-ൽ പാക് എയർഫോഴ്‌സ് ടീമിന്റെ ക്യാപ്റ്റനായിരുന്ന കാലത്താണത്. ഓൾ പാകിസ്ഥാൻ ഇന്റർസർവീസസ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് മൽസരത്തിൽ ബർമയ്‌ക്കെതിരെ സെന്റർഫോർവേഡ് കുട്ടി ഉതിർത്ത ആ ഷോട്ട് പാക് ഫുട്‌ബോളിന്റെ ചരിത്രത്തിലെ എണ്ണം പറഞ്ഞ ഗോളുകളിലൊന്നാണ്.

മലപ്പുറം മൊയ്‌തീൻ കുട്ടി വ്യത്യസ്ത കാലഘട്ടങ്ങളിൽ

കൊളംബോയിൽ നടന്ന ഏഷ്യൻ ക്വാഡ്രാങ്കുലറിൽ പാക് ടീമിനെ നയിച്ച മൊയ്തീൻകുട്ടി, ആദ്യം വൈസ് ക്യാപ്റ്റനും പിന്നീട് ക്യാപ്റ്റനുമായി. കൊളംബോ കപ്പ് എന്നാണ് ഈ മൽസരം അറിയപ്പെട്ടിരുന്നത്. ഏറെക്കാലം പാക് നാഷനൽ ഫുട്‌ബോൾ ടീമിന്റെ അമരക്കാരനായ കുട്ടി, ആ രാജ്യത്തിന്റെ കായികഭൂമികയും പുതുതലമുറയും ക്രിക്കറ്റിലേക്ക് വഴിമാറുന്നത് വരെ ഫുട്‌ബോളിന്റെ ‘അടിയും തട’ യും പാകിസ്ഥാനി യുവാക്കളെ പരിശീലിപ്പിച്ചു. കൊളംബോ കപ്പിൽ റംഗൂൺ, കൊൽക്കത്ത, ഡാക്ക ടീമുകൾക്കെതിരെ മൊയ്തീൻകുട്ടി പാക് ജഴ്‌സിയണിഞ്ഞു. അന്നത്തെ സിലോണിനെതിരായ മൽസരത്തിൽ രണ്ടാം പാതിയുടെ ആദ്യരണ്ടു നിമിഷങ്ങളിൽ രണ്ടു ഗോളുകൾ സ്‌കോർ ചെയ്ത് ഏഷ്യൻ ഫുട്‌ബോളിന്റെ ചരിത്രത്തിൽ പുതിയ അധ്യായമെഴുതിച്ചേർത്തു, കുട്ടി. ആതിഥേയരായ സിലോണിനെ അവരുടെ നാട്ടിൽ അരഡസൻ ഗോളുകൾക്ക് കശക്കിയെറിയാൻ പാക് ടീമിനു കഴിഞ്ഞതിന്റെ പ്രധാന ക്രെഡിറ്റ് ഈ മലപ്പുറത്തുകാരനുള്ളതാണ്. വൈസ് ക്യാപ്റ്റൻസിയിൽ നിന്ന് ക്യാപ്റ്റൻസിയിലേക്കുള്ള കുട്ടിയുടെ പ്രമോഷന് കൂടി ഉതകുന്നതായി ഏഷ്യൻ ക്വാഡ്രാങ്കുലറിലെ ഈ ഐതിഹാസിക വിജയം. ഉസ്മാൻ ജാൻ, അബ്ദുൽ വാഹിദ് ദുറാനി, മുഹമ്മദ് ഷെരീഫ് എന്നിവർക്ക് ശേഷം പാകിസ്ഥാൻ ടീമിന്റെ നാലാമത്തെ നായകനായി മാറി, മൊയ്തീൻകുട്ടി. മനിലയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ പാക് ഫുട്‌ബോൾ ടീമിനെ നയിച്ചതും കുട്ടിയായിരുന്നു. 1955 ൽ ഇറാനിൽ നടന്ന ആർമി ഫുട്‌ബോൾ ടൂർണമെന്റിൽ ഇന്ത്യ, ഇറാഖ്, സിറിയ എന്നീ ടീമുകളോടെല്ലാം മാറ്റുരച്ച് ഫൈനലിലെത്തിയ കുട്ടിയുടെ പട പക്ഷേ തുർക്കിയോട് അടിയറവ് പറഞ്ഞു. പാക് ഫുട്‌ബോളിന്റെ ചരിത്രത്തിൽ ഇടം നേടിയ മുഹമ്മദ് ഷെരീഫ്, മുഹമ്മദ് ഗാസി, ആബിദ് ഗാസി തുടങ്ങിയ എക്കാലത്തേയും ഇന്റർനാഷനൽ താരങ്ങളുടെ നിരയിലാണ് മലപ്പുറം മൊയ്തീൻകുട്ടിയുടെ സ്ഥാനം. പാകിസ്ഥാൻ സന്ദർശിച്ച ഇറാൻ ടീമുമായുള്ള സൗഹൃദമൽസരത്തിൽ പരാജയത്തിന്റെ കയ്പറിഞ്ഞ കുട്ടിയുടെ ടീം, മുപ്പത് നാൾക്കകം തന്നെ ഇറാൻ പര്യടനത്തിൽ ആതിഥേയരെ രണ്ടുഗോളുകൾക്ക് കീഴടക്കി മധുരമായി പക വീട്ടിയ ചരിത്രവുമുണ്ട്. ഇന്നിപ്പോൾ സംഘർഷം ആളിപ്പടരുന്ന ഇറാൻ, ആത്മവിശ്വാസത്തോടെ അമേരിക്കൻ സ്റ്റേഡിയങ്ങളിൽ ബൂട്ട് കെട്ടിയിറങ്ങുന്നു. പാകിസ്ഥാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രൈഡ് ഓഫ് പെർഫോമൻസ് പുരസ്‌കാരം ഇരുമ്പൻ മൊയ്‌തീൻകുട്ടിയെത്തേടിയെത്തിയിരുന്നു. 1969 ൽ പ്രസിഡന്റ് യാഹ്യാഖാനിൽ നിന്നാണ് കുട്ടി ഈ അവാർഡ് സ്വീകരിച്ചത്. പതിനായിരം രൂപയും സ്വർണപ്പതക്കവുമായിരുന്നു ഉപഹാരം.

ഖത്തർ ടീമിലെ കണ്ണൂർക്കാരൻ തഹ്സീൻ ജംഷീദ്

1928 ൽ മലപ്പുറത്തിനടുത്ത മേൽമുറിയിൽ ജനിക്കുകയും 2011 സെപ്റ്റംബർ ഏഴിന് പാകിസ്ഥാനിലെ കറാച്ചിയിൽ അന്തരിക്കുകയും ചെയ്ത ‘ഇരുമ്പൻ മൊയ്തീൻകുട്ടി’ യുടെ ഫുട്‌ബോളിന് പിറകെയുള്ള ഇതിഹാസതുല്യമായ യാത്ര പുതിയ തലമുറയ്ക്കാകെ ആവേശം പകരുന്നതാണ്. അമേരിക്കയിലും കാനഡയിലും മെക്സിക്കോയിലും കേളീചാരുതയുടെ പദ്മ പരാഗങ്ങൾ വിടരുകയായി. ലോകം ഫിഫയിലേക്ക് ചുരുങ്ങുകയായി. അഥവാ ഫിഫയിലേക്ക് വികസിക്കുകയായി. ഇനി മഴവില്ലഴകായി ഉദിച്ചുയരും ഷോട്ടുകൾ, മഞ്ഞുപോലെ പെയ്തിറങ്ങും പാസുകൾ, അറിയാക്കവിതയ്ക്ക് ശീർഷകമിട്ട പോലെ വായുവിൽ നീന്തും ഹെഡ്ഡറുകൾ, ശരമാരിയായി തുളഞ്ഞു പോകും ഗോളുകൾ… ഫുടബോളിന്റെ ആഗോളപ്പെരുമയ്ക്ക്, മലപ്പുറം നൽകിയ ലൈൻ അപ്പുകളിൽ, പാകിസ്ഥാൻ ക്യാപ്റ്റൻ ‘ഇരുമ്പൻ’ മൊയ്തീൻ കുട്ടി.കാലങ്ങൾ കടന്നുപോയപ്പോൾ ഇപ്പോഴിതാ ഖത്തർ ടീമിൽ കണ്ണൂരിന്റെ സ്വന്തം തഹ്സീൻ. നിരവധി പേരുടെ ബൂട്ടുകളുടെ ഒച്ചയിൽ, ഓർമ്മയിൽ, അദൃശ്യതയുടെ പൊന്നലുക്കിട്ട ധനുർ വീണകളായി ആലാപനത്തിന്റെ ആത്മമന്ത്രണങ്ങൾ.

Content Summary: A tribute to football’s global spirit, the article highlights Juan Villoro’s reflections on the game, recalls legendary goalkeeper Lev Yashin, and celebrates Malappuram-born Moidu Kutty, who captained Pakistan’s national football team.

മുസാഫിര്‍

മുസാഫിര്‍

സൗദി അറേബ്യയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

More Posts

Leave a Reply

Your email address will not be published. Required fields are marked *

×