ലോകമെമ്പാടുമുള്ള ആളുകൾ ചർച്ച ചെയ്ത ഒരു വിഷയമായിരുന്നു സ്വിറ്റ്‌സർലൻഡിലെ ആത്മഹത്യാ പേടകമായ സാർക്കോ. പേടകത്തിൽ കയറി ഇരുന്ന് സ്വിച്ചിട്ടാൽ 30 സെക്കന്റിനുള്ളിൽ ഒരു വ്യക്തിയുടെ മരണം സംഭവിക്കുന്നു, ഇതിനായുള്ള ഉപകരണമാണ് സാർക്കോ അതുകൊണ്ട് തന്നെ ഇതിനെ സൂയിസൈഡ് പോഡ് എന്നാണ് വിളിക്കുന്നത്. ഫ്രീ ഡെത്ത് ആക്ടിവിസ്റ്റായ ഡോ. ഫിലിപ് നിഷ്‌കെയാണ് ഈ പേടകം കണ്ടെത്തിയത്. Sarco suicide pod, dead or killed?
സെപ്റ്റംബർ 23 നായിരുന്നു ലോകത്തിൽ പല തരത്തിലുള്ള ചർച്ചകൾക്ക് വഴിവെച്ച സാർക്കോയിലെ ആദ്യത്തെ സെപ്റ്റംബർ 23 നായിരുന്നു ‘മരണം’ നടന്നത് . 64 കാരിയായ സ്വിറ്റ്സർലൻഡ് സ്വദേശിയായ സ്ത്രീയാണ് സ്വയം മരണംവരിക്കാൻ ആത്മഹത്യാ പേടകം തെരഞ്ഞെടുത്തത്. ഭേദമാക്കാൻ കഴിയാത്ത രോഗമുള്ളവർക്ക് ഡോക്ടറുടെ സാക്ഷ്യപത്രത്തോടെ ദയാവധം അനുവദിച്ചിട്ടുള്ള രാജ്യങ്ങളിലൊന്നാണ് സ്വിറ്റ്‌സർലൻഡ്. മരുന്ന് നൽകിയോ കുത്തിവെപ്പിലൂടെയോ ദയാവധം നടപ്പാക്കുകയാണ് സാധാരണ രീതി, എന്നാൽ ഇപ്പോൾ അതിനായി മറ്റൊരു മാർഗം കൂടി നിലവിൽ വന്നിരിക്കുകയാണ്.
ഇങ്ങനെ, സ്വയം മരിക്കാൻ തയ്യാറാകുന്നവർക്ക് ‘അന്തസ്സായ മരണം’ വരിക്കാം എന്നതായിരുന്നു സാർക്കോയിലൂടെ ഫിലിപ് നിഷ്‌കെ വാഗ്ദാനം ചെയ്തത്. എന്നാൽ, സാർക്കോയിലെ ആദ്യ മരണത്തിൽ തന്നെ പല പൊരുത്തക്കേടുകളും ദുരൂഹതകളും ഉണ്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകളിൽ നിന്നും മനസിലാകുന്നത്.
വായു കടക്കാത്ത പേടകത്തിനുള്ളിൽ കയറി ഒരു സ്വിച്ച് അമർത്തിയാൽ അതിനകം മുഴുവൻ നൈട്രജൻ നിറയും. ഇതോടെ, ശരീരത്തിലേക്ക് ഓക്‌സിജൻ എത്തുന്നത് തടസപ്പെട്ട് മുപ്പത് സെക്കന്റിനുള്ളിൽ മരണം സംഭവിക്കുമെന്നായിരുന്നു സാർക്കോയുടെ അവകാശവാദം. പക്ഷേ, സാർക്കോയിൽ മരണപ്പെട്ട 64 കാരിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് മറ്റൊന്നാണ്.
കഴുത്തിൽ പരിക്കേറ്റതിന്റെ പാടുകൾ കണ്ടെത്തിയതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. യന്ത്രത്തിന്റെ തകരാറോ, അതല്ലെങ്കിൽ മരണത്തിൽ ബാഹ്യ ഇടപെടൽ നടന്നതിന്റെയോ സൂചനയാണ് നൽകുന്നതെന്ന് ഡച്ച് മാധ്യമമായ ഡി വോൾക്‌സ്‌ക്രന്റ് റിപ്പോർട്ട് ചെയ്യുന്നു. സെപ്റ്റംബർ 23 നാണ് മെറിഷൗസണിലെ ആളൊഴിഞ്ഞ വനമേഖലയിൽ സജ്ജീകരിച്ച പേടകത്തിൽ സ്ത്രീയെ പ്രവേശിപ്പിച്ചത്. ജർമ്മൻ അതിർത്തിയോട് ചേർന്നുള്ള സ്വിറ്റ്‌സർലൻഡിലെ ജനവാസം കുറഞ്ഞ മേഖലയാണിത്.
മരണത്തെ കുറിച്ച് വിവരം ലഭിച്ച സ്വിസ് പൊലീസ് സംഭവ സ്ഥലത്തെത്തി പേടകത്തിനുള്ളിൽ നിന്നും സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തിരുന്നു. ‘ദി ലാസ്റ്റ് റിസോർട്ട്’ എന്ന സംഘടനയാണ് പേടകം പ്രവർത്തിപ്പിച്ചത്. പൊലീസ് മൃതദേഹം പുറത്തെടുക്കുന്ന സമയത്ത് സംഭവ സ്ഥലത്തുണ്ടായിരുന്നത് ലാസ്റ്റ് റിസോർട്ടിന്റെ പ്രസിഡന്റ് ഡോ. ഫ്‌ളോറിയൻ വില്ലറ്റ് മാത്രമായിരുന്നു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സംശയം ഉന്നയിച്ചതോടെ, സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോ. വില്ലറ്റിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പേടകത്തിനുള്ളിൽ സ്ത്രീയുടെ മരണം ഉദ്ദേശിച്ചതു പോലെ ആയിരിക്കില്ല സംഭവിച്ചതെന്ന സംശയമാണ് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നത്. മനപൂർവമായ നരഹത്യയുടെ സാധ്യതയും ഉദ്യോഗസ്ഥൻ പരിഗണിക്കുന്നുണ്ടെന്ന് ഡി വോൾക്‌സ്‌ക്രന്റ് റിപ്പോർട്ട് ചെയ്യുന്നു. ശ്വാസംമുട്ടിയുള്ള മരണമാണെങ്കിലും മരണത്തിലേക്ക് നയിച്ച സാഹചര്യം സംബന്ധിച്ചാണ് അവ്യക്തത തുടരുന്നത്.
മരണം സംഭവിക്കുന്നതിനു മുമ്പ് നിരവധി തവണ പേടകം അടയ്ക്കുകയും തുറക്കുകയും ചെയ്തതായി റിപ്പോർട്ടുകളിൽ പറയുന്നു. സ്ത്രീയുടെ കഴുത്തിൽ സാരമായ പരിക്കുകൾ ഉണ്ടെന്ന് ഫോറൻസിക് വിദഗ്ധരും കോടതിയിൽ മൊഴി നൽകിയിട്ടുണ്ട്.
മരണ സമയത്ത് സ്ഥലത്ത് രണ്ട് ക്യാമറകളാണ് ഘടിപ്പിച്ചിരുന്നത്. ഒന്ന് പേടകത്തിനുള്ളിലും മറ്റൊന്ന് സമീപത്തെ മരത്തിലുമാണ് ഘടിപ്പിച്ചിരുന്നത്. കൺട്രോൾ ബട്ടണിൽ ഫോക്കസ് ചെയ്തായിരുന്നു പേടകത്തിനുള്ളിലെ ക്യാമറ സെറ്റ് ചെയ്തത്. തുടർച്ചയായി റെക്കോർഡ് ചെയ്യാൻ സജ്ജീകരിക്കാത്ത മോഷൻ-ആക്റ്റിവേറ്റ് ക്യാമറകളായിരുന്നു രണ്ടും. ഇത് തെളിവ് കണ്ടെത്തുന്നതിന് തിരിച്ചടിയായി. ക്യാമറയിലെ ദൃശ്യങ്ങൾ അവലോകനം ചെയ്ത ഡി വോക്സ്‌ക്രാന്റ് റിപ്പോർട്ടിൽ പറയുന്നത്, സ്ത്രീ ബട്ടൺ അമർത്തി രണ്ട് മിനിറ്റിനുശേഷം ക്യാമറ രണ്ട് തവണ പ്രവർത്തിച്ചുവെന്നാണ്. എന്നാലും എന്താണ് സംഭവിച്ചതെന്ന് ക്യാമറ ആംഗിൾ വ്യക്തമായി കാണിക്കാത്തത് പ്രതികൂലമായി ബാധിച്ചു.
അതേസമയം, പേടകത്തിനുള്ളിലെ ബട്ടൺ അമർത്തി ഏകദേശം രണ്ട് മിനുട്ടിന് ശേഷം സ്ത്രീയുടെ ശരീരം ശക്തമായി ഞെരുങ്ങുന്നതായി കാണപ്പെട്ടുവെന്ന് ഡോ. വില്ലറ്റ് പൊലീസിനെ അറിയിച്ചിട്ടുണ്ട്. നൈട്രജൻ ഉൾപ്പെടുന്ന മരണങ്ങളിലെ സ്വാഭാവിക പ്രക്രിയയാണിത്. ആറര മിനിറ്റിന് ശേഷം, പേടകത്തിന്റെ ഐപാഡ് ഉച്ചത്തിലുള്ള അലാറം പുറപ്പെടുവിച്ചതായും റിപ്പോർട്ടുണ്ട്. ഈ സമയത്ത് പേടകത്തിന്റെ ഉപജ്ഞാതാവ് ഡോ. ഫിലിപ് നിഷ്‌കെയുമായി ഫോണിൽ സംസാരിക്കുകയായിരുന്നു ഡോ. വില്ലറ്റ്. സ്ത്രീക്ക് ജീവൻ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ഫോണിലൂടെ വില്ലറ്റ് നിഷ്‌കെയെ അറിയിച്ചതെന്നാണ് പത്ര റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നത്.
അൽപ്പ സമയത്തിനകം അലാറം നിലച്ചിരുന്നു. എന്നാൽ 30 മിനിട്ടുകൾക്ക് ശേഷമാണ് സ്ത്രീ മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അനുമതിയോടെയുള്ള ദയാവധം സ്വിറ്റ്സർലൻഡിൽ നിയമാനുസൃതമെങ്കിലും ഇതിലെ ബാഹ്യ ഇടപെടൽ കുറ്റകരമാണ്. Sarco suicide pod, dead or killed?
Content summary; First person to choose Sarco suicide pod, dead or killed?