June 04, 2026 |
Share on

വിസ ബോണ്ട്; ലോകകപ്പ് കളിക്കാനെത്തുന്ന അഞ്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് പണിയുമായി ട്രംപ്

ആരാധകര്‍ക്കു മാത്രമായിരിക്കുമോ ബോണ്ട് കെട്ടി വയ്‌ക്കേണ്ടി വരുന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ല

അമേരിക്ക മുഖ്യ ആഥിയേത്വം വഹിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിനു യോഗ്യത നേടിയ അഞ്ചു രാജ്യങ്ങള്‍ക്ക് മുട്ടന്‍ പണിയുമായി ട്രംപ് ഭരണകൂടം. ലോകകപ്പ് യോഗ്യത നേടിയ അള്‍ജീരിയ, കേപ് വെര്‍ദെ, കോട്ട് ഡി ഐവയര്‍ (ഐവറി കോസ്റ്റ്), സെനഗല്‍, ടുണീഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാര്‍, പരിശീലകര്‍, മറ്റ് ഒഫീഷ്യലുകള്‍, ആരാധകര്‍ എന്നിവര്‍ക്കെല്ലാം അമേരിക്കയില്‍ പ്രവേശിക്കാന്‍ 15,000 ഡോളര്‍ വരെ വിസ ബോണ്ട് കെട്ടിവെക്കണമെന്ന ട്രംപ് ഭരണകൂടത്തിന്റെ നിബന്ധനയാണ് പ്രതിസന്ധിയായിരിക്കുന്നത്.

വിസ ബോണ്ടുകള്‍ എന്നത് ഒരുതരം സെക്യൂരിറ്റി ഡെപ്പോസിറ്റ് പോലെയാണ്. പുറം രാജ്യങ്ങളില്‍ നിന്നുവരുന്നവര്‍ തങ്ങളുടെ വിസ കാലാവധിക്ക് ഉള്ളില്‍ തന്നെ അമേരിക്കയില്‍ നിന്ന് പുറത്തുകടന്നാല്‍ ഈ തുക തിരികെ ലഭിക്കും. സാധാരണയായി 5,000 ഡോളറിനും 15,000 ഡോളറിനും ഇടയിലാണ് ഈ തുക നിശ്ചയിച്ചിരിക്കുന്നത്. ബി-1 അല്ലെങ്കില്‍ ബി-2 (ബിസിനസ് അല്ലെങ്കില്‍ ടൂറിസ്റ്റ്) വിസകളില്‍ നിയമപരമായി യുഎസിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന നിശ്ചിത രാജ്യങ്ങളില്‍ നിന്നുള്ള പാസ്പോര്‍ട്ട് ഉടമകള്‍ക്കാണ് ഈ തുക നിര്‍ബന്ധമാക്കിയിരിക്കുന്നത്.

2025-ന്റെ അവസാനത്തില്‍ ആരംഭിച്ച പൈലറ്റ് പ്രോഗ്രാമിന് പിന്നാലെയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഈ ബോണ്ടുകള്‍ നിര്‍ബന്ധമാക്കിയത്. ട്രംപിന്റെ യാത്രാ നിരോധനം ബാധിച്ച രാജ്യങ്ങളെയും ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ലാറ്റിന്‍ അമേരിക്ക, ഏഷ്യയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മറ്റ് രാജ്യങ്ങളെയുമാണ് ഇത് പ്രധാനമായും ലക്ഷ്യമിടുന്നത്. കഴിഞ്ഞ ആഴ്ച സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഈ പ്രോഗ്രാം വിപുലീകരിക്കുന്നതായി പ്രഖ്യാപിച്ചു. ഇതനുസരിച്ച് 50 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ യുഎസ് കോണ്‍സുലേറ്റ് ആവശ്യപ്പെടുകയാണെങ്കില്‍ ഈ ഡെപ്പോസിറ്റ് നല്‍കേണ്ടി വരും.

ഈ 50 രാജ്യങ്ങളില്‍ ഉള്‍പ്പെട്ട ലോകകപ്പിന് യോഗ്യത നേടിയവരാണ് അള്‍ജീരിയ, കേപ് വെര്‍ദെ, കോട്ട് ഡി ഐവയര്‍ (ഐവറി കോസ്റ്റ്), സെനഗല്‍, ടുണീഷ്യ എന്നിവര്‍. എല്ലാവരും തന്നെ ആഫ്രിക്കന്‍ രാജ്യങ്ങള്‍. ഈ തുക തിരികെ ലഭിക്കുമെങ്കിലും, ശരാശരി വാര്‍ഷിക വരുമാനം 5,000 ഡോളറോ അതില്‍ താഴെയോ ഉള്ള ഈ രാജ്യങ്ങളിലെ സാധാരണ ആരാധകര്‍ക്ക് അമേരിക്കയിലേക്കുള്ള യാത്ര അപ്രാപ്യമാക്കുകയാണ് യാത്രക്കൂലി,മറ്റ് ചെലവുകള്‍ എന്നിവയ്ക്കു പുറമെ വേണ്ടി വരുന്ന ബോണ്ട് തുക. ടുണീഷ്യയുടെ ഒരു ഗ്രൂപ്പ് ഘട്ട മത്സരം യുഎസിലും ബാക്കി രണ്ടെണ്ണം മെക്‌സിക്കോയിലുമാണ് നടക്കുക. സെനഗലും കോട്ട് ഡി ഐവയറും രണ്ട് മത്സരങ്ങള്‍ യുഎസിലും ഒന്ന് കാനഡയിലും കളിക്കും. അള്‍ജീരിയയും കേപ് വെര്‍ദെയും തങ്ങളുടെ മൂന്ന് ഗ്രൂപ്പ് മത്സരങ്ങളും മെക്‌സിക്കോയിലാണ് കളിക്കുന്നത്.

ഏതെങ്കിലും വിഭാഗങ്ങളെ ഈ വിസ ബോണ്ടുകളില്‍ നിന്ന് ഒഴിവാക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ട്രംപിന്റെ യാത്രാ നിരോധനങ്ങളില്‍ ലോകകപ്പ് പോലുള്ള പ്രധാന കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്ന അത്ലറ്റുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇളവുകള്‍ നല്‍കാറുണ്ടെങ്കിലും, വിസ ബോണ്ട് പ്രോഗ്രാമില്‍ അത്തരം ഇളവുകളൊന്നും നിലവില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ചില ആരാധകര്‍ക്ക് ഈ തുക താങ്ങാന്‍ കഴിയുമെങ്കില്‍ പോലും, ഉയര്‍ന്ന ടിക്കറ്റ് നിരക്കുകള്‍, ശരാശരിയേക്കാള്‍ വളരെ കൂടുതലായ ഹോട്ടല്‍ വാടകകള്‍, വിസ നടപടികളിലെ താമസം, അമേരിക്കന്‍ നഗരങ്ങളില്‍ ഐസിഇ പോലുള്ള ഫെഡറല്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരാല്‍ ഉണ്ടാകുന്ന സുരക്ഷാ ആശങ്കകള്‍ എന്നിവയ്ക്കൊപ്പം ആയിരക്കണക്കിന് ഡോളറിന്റെ ഈ അധിക ബാധ്യത കൂടി തലവേദനയാകും.

2026-ലെ ലോകകപ്പ് ജൂണ്‍ 11-നാണ് ആരംഭിക്കുന്നത്. ജൂലൈ 19-ന് ന്യൂജേഴ്സിയിലെ ഈസ്റ്റ് റഥര്‍ഫോര്‍ഡിലുള്ള മെറ്റ്ലൈഫ് സ്റ്റേഡിയത്തിലാണ് ഫൈനല്‍.

Content Summary: Trump administration’s policy, Fans and players from five African World Cup countries face 15,000 dollar bond to enter US

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×