UPDATES

ഇലക്ട്രല്‍ ബോണ്ട്: കേന്ദ്രത്തില്‍ നിന്ന് ‘കമ്മീഷന്‍’ വാങ്ങി എസ്ബിഐ

നല്‍കിയത് കോടികളുടെ ബില്‍

                       

ഇലക്ട്രല്‍ ബോണ്ടില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ‘കമ്മീഷന്‍’ പറ്റി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇലക്ടറല്‍ ബോണ്ട് പദ്ധതിയുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും(എസ്ബിഐ) ധനകാര്യ മന്ത്രാലയവും നടത്തിയ കത്തിടപാടുകളാണ് ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്ത് വിട്ടിരിക്കുന്നത്. കത്തിടപാടില്‍ ഭൂരിഭാഗവും ബാങ്കിന് ലഭിക്കേണ്ട ‘കമ്മീഷന്‍’-നുമായി ബന്ധപ്പെട്ടുള്ളതാണ്. വിവരാവകാശ അപേക്ഷ വഴി ഇന്ത്യന്‍ എക്സ്പ്രസ് നേടിയ കത്തിടപാടുകളും ഇമെയിലുകളും വ്യക്തമാക്കുന്നത് ഇലക്ട്രല്‍ ബോണ്ട് ഇടപാടിന്റെ ഫീസ്, ബാങ്ക് ചാര്‍ജ്, 18% ജിഎസ്ടി എന്നിവയ്ക്കൊപ്പം”കമ്മീഷന്‍” അടയ്ക്കുന്നതിനും എസ്ബിഐ വൗച്ചറുകള്‍ നല്‍കിയിട്ടുണ്ടെന്നാണ്. 2018 മുതല്‍ 2024 വരെയുള്ള കാലയളവില്‍ മൊത്തം 10.68 കോടി രൂപയുടെ ബില്ലാണ് കമ്മീഷന്‍ ഇനത്തില്‍ എസ്ബിഐ ധനമന്ത്രാലയത്തിന് സമര്‍പ്പിച്ചത്. പദ്ധതിയുടെ നാലാം ഘട്ടത്തില്‍ 82 ബോണ്ടുകളുടെ ഇടപാടുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച 1.82 ലക്ഷം രൂപയാണ് ബില്ലിലെ ഏറ്റവും കുറഞ്ഞ തുക. ഏറ്റവും ഉയര്‍ന്ന ബില്‍ 1.25 കോടി രൂപയുടേതാണ്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 4,607 ബോണ്ടുകള്‍ വിറ്റപ്പോഴാണ് ഈ തുക ആവശ്യപ്പെട്ടത്. electoral bonds -SBI.

കുടിശ്ശിക വരുത്തി കേന്ദ്രം electoral bonds -SBI

എസ്ബിഐയുടെ ഈ ബില്ലുകള്‍ കൃത്യമായി അടക്കാനും കേന്ദ്രം തയ്യാറായിട്ടില്ല. ഒടുവില്‍ കുടിശ്ശിക വരുത്തിയത് ചൂണ്ടികാട്ടി അന്നത്തെ സാമ്പത്തിക കാര്യ സെക്രട്ടറി എസ് സി ഗാര്‍ഗിന് എസ്ബിഐ കത്തയക്കേണ്ടി വന്നുവെന്നും എക്‌സ്പ്രസ് പറയുന്നു. അന്നത്തെ എസ്ബിഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍ 2019 ഫെബ്രുവരി 13നാണ് ആ കത്ത് അയച്ചത്. അത് പ്രകാരം എസ്ബിഐയ്ക്ക് നല്‍കാനുള്ള കുടിശ്ശിക തുക 77.43 ലക്ഷം രൂപയായിരുന്നു. എസ്ബിഐ ചെയര്‍മാന്‍ അയച്ച കത്തില്‍ കമ്മീഷന്‍ എങ്ങനെയാണ് കണക്ക് കൂട്ടുന്നതെന്നും വ്യക്തമാക്കുന്നുണ്ട്.

ഫിസിക്കല്‍ കളക്ഷനുകള്‍ക്ക് ഒരു ഇടപാടിന് 50 രൂപ

ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് 12 രൂപ

പേയ്മെന്റുകള്‍: 100 രൂപയ്ക്ക് 5.5 പൈസ

ഈ രീതിയിലാണ് ബാങ്ക് പൈസ ഈടാക്കുന്നത്. ഇത് തികച്ചും ന്യായമായ തുകയാണെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഒപ്പം ഈ ക്ലെയിം സര്‍ക്കാര്‍ കമ്മീഷന്‍ നിരക്കുകള്‍ക്കും അനുസൃതമാണെന്നും പറയുന്നുണ്ട്.

അതേസമയം ഇടപാടുകള്‍ക്ക് 18% ജിഎസ്ടിയും ബാങ്ക് ഈടാക്കിയിട്ടുണ്ട്. എന്നാല്‍ ധനമന്ത്രാലയം ജിഎസ്ടിയില്‍ 2% ടിഡിഎസ് ആയി കണക്കാക്കിയപ്പോള്‍ അതിനെ എതിര്‍ക്കുകയും മന്ത്രാലയത്തെ കുറ്റപ്പെടുത്തിയുമാണ് മറുപടി നല്‍കിയിരിക്കുന്നത്. 2020 ജൂണ്‍ 11-ന് അയച്ച ഇമെയിലില്‍, ബോണ്ട് വില്‍പ്പനയുടെ പല ഘട്ടങ്ങള്‍ക്കായി നല്‍കിയ 3.12 കോടി രൂപ കമ്മീഷനില്‍ നിന്ന് കുറച്ച് ടിഡിഎസ് തുക ഉടന്‍ തന്നെ തിരികെ നല്‍കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. 6.95 ലക്ഷം രൂപയാണ് ഇത്തരത്തില്‍ അന്ന് തിരികെ ആവശ്യപ്പെട്ടത്. ഇതിനൊപ്പം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (പിഎംആര്‍എഫ്) അയച്ച – റിഡീം ചെയ്യപ്പെടാത്ത ഇലക്ടറല്‍ ബോണ്ടുകളുടെ അളവും മൂല്യവും എസ്ബിഐ മന്ത്രാലയത്തിന് അയച്ച് നല്‍കിയിരുന്നു. പട്ടിക പ്രകാരം പിഎംആര്‍എഫില്‍ പലഘട്ടങ്ങളിലായി വ്യത്യസ്ഥ തുകകളാണ് നിക്ഷേപിച്ചിട്ടുള്ളത്.

മൂന്നാം ഘട്ടം- 10 കോടി രൂപ
10-ാം ഘട്ടം-മൂന്ന് കോടി രൂപ
27-ാം ഘട്ടം- അഞ്ച് ലക്ഷം രൂപ
30-ാം ഘട്ടം- 1.75 കോടി രൂപ

സീരിയല്‍ നമ്പര്‍ അച്ചടിച്ചതില്‍ വീഴ്ച

ഇലക്ഷന്‍ ബോണ്ടുകളുടെ സീരിയല്‍ നമ്പറുകളില്‍ വന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച് ഒരു തവണ എസ്ബിഐ മന്ത്രാലയത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2021 മാര്‍ച്ച് 23ലെ കത്തിലാണ് ഇക്കാര്യം പറയുന്നത്.
94 ഇലക്ടറല്‍ ബോണ്ടുകള്‍ ലഭിച്ചത് സംബന്ധിച്ച കത്തിലാണ് സീരിയല്‍ നമ്പര്‍ ദൃശ്യമായതിനെ കുറിച്ച് പറഞ്ഞത്. ഇലക്ടറല്‍ ബോണ്ട് പദ്ധതിയുടെ സുരക്ഷാ ഫീച്ചറുകള്‍ അനുസരിച്ച് സീരിയല്‍ നമ്പര്‍ കണ്ണുകള്‍ കൊണ്ട് കാണാന്‍ സാധിക്കാത്തവയായിരിക്കണം. അവ അള്‍ട്രാവയലറ്റ് (യുവി) വെളിച്ചത്തില്‍ മാത്രമേ ദൃശ്യമാകാന്‍ പാടുള്ളു. അതില്‍ വീഴ്ചയുണ്ടായെന്നാണ് ബാങ്ക് ചൂണ്ടികാണിച്ചത്. നാസിക്കിലെ സെക്യൂരിറ്റി പ്രസിലാണ് ഈ ബോണ്ടുകള്‍ അച്ചടിക്കുന്നത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ടറല്‍ ബോണ്ടുകളുടെ ആവശ്യം കുത്തനെ വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എസ്ബിഐ ധനമന്ത്രാലയത്തെ അറിയിച്ചിരുന്നു. 2019-ലെ പൊതുതിരഞ്ഞെടുപ്പുകളും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളും കണക്കിലെടുത്ത്, നിലവിലുള്ള ബോണ്ടുകളുടെ സ്റ്റോക്ക് മതിയാവില്ല. പത്ത് ലക്ഷം, ഒരു കോടി സീരീസിലെ ബോണ്ടുകള്‍ക്ക് അധിക ചെലവ് വരാനുള്ള സാധ്യതയാണ് ബാങ്ക് ചൂണ്ടികാട്ടിയത്. ഇത്തവണ സുപ്രീം കോടതി ഇലക്ട്രല്‍ ബോണ്ട് പദ്ധതി മരവിപ്പിക്കുന്നതിന് മുന്‍പും ബാങ്ക് സമാന ആവശ്യം ഉന്നയിച്ചിരുന്നു.2024 ജനുവരി 8ലെ കത്തില്‍ 10,000 കോടി രൂപയുടെ ബോണ്ടുകള്‍ അച്ചടിക്കേണ്ടി വരുമെന്നാണ് കേന്ദ്രത്തെ അറിയിച്ചിരുന്നത്.

 

English Summary: For electoral bonds, SBI billed govt Rs 10.68 crore as ‘commission’ electoral bonds -SBI

Share on

മറ്റുവാര്‍ത്തകള്‍