June 04, 2026 |
Share on

ജാമ്യവ്യവസ്ഥ ലംഘിച്ചു; ട്രംപിന്റെ മുന്‍ കാംപെയിന്‍ ചെയര്‍മാന്‍ ജയിലില്‍

സ്‌പെഷല്‍ കോണ്‍സല്‍ റോബര്‍ട്ട് മുള്ളറിന്റെ അന്വേഷണത്തിന്റെ ഭാഗമായി ജയിലിലാക്കപ്പെടുന്ന, ട്രംപിന്റെ രണ്ടാമത്തെ സഹായിയാണ് 69കാരനായ പോള്‍ മാന്‍ഫോര്‍ട്ട്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ചാണ് റോബര്‍ട്ട് മുള്ളര്‍ അന്വേഷിക്കുന്നത്.

ജാമ്യവ്യവസ്ഥ ലംഘിച്ചതായി ഫെഡറല്‍ ജഡ്ജി കണ്ടെത്തിയതിനെ തുടര്‍ന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ കാംപെയിന്‍ ചെയര്‍മാന്‍ പോള്‍ മാന്‍ഫോര്‍ട്ടിനെ ജയിലിലടച്ചു. ഇന്നലെയാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. സ്‌പെഷല്‍ കോണ്‍സല്‍ റോബര്‍ട്ട് മുള്ളറിന്റെ അന്വേഷണത്തിന്റെ ഭാഗമായി ജയിലിലാക്കപ്പെടുന്ന, ട്രംപിന്റെ രണ്ടാമത്തെ സഹായിയാണ് 69കാരനായ പോള്‍ മാന്‍ഫോര്‍ട്ട്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ചാണ് റോബര്‍ട്ട് മുള്ളര്‍ അന്വേഷിക്കുന്നത്.

ട്രംപിന്റെ മുന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൈക്കിള്‍ ഫ്‌ളിന്‍ അടക്കമുള്ളവര്‍ സ്‌പെഷല്‍ കോണ്‍സല്‍ അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. മുന്‍ ഫോറിന്‍ പോളിസി അഡൈ്വസര്‍ ജോര്‍ജ് പപാഡോപോളസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. പ്രസിഡന്റിനോട് അന്വേഷണവുമായി സഹകരിക്കാന്‍ മുള്ളര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രസിഡന്റിനോട് ഇത്തരത്തില്‍ ഹാജരാകാന്‍ ആവശ്യപ്പെടാന്‍ സ്‌പെഷല്‍ കോണ്‍സലിന് അധികാരമില്ലെന്നാണ് ട്രംപിന്റേയും അദ്ദേഹത്തിന്റെ അഭിഭാഷകരുടേയും നിലപാട്. “Wow, what a tough sentence for Paul Manafort.” എന്നാണ് ട്രംപ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

പോള്‍ മാന്‍ഫോര്‍ട്ട് ശിക്ഷിപ്പെട്ടിട്ടൊന്നുമില്ല എന്നതാണ് വസ്തുത. മാന്‍ഫോര്‍ട്ടിലെ തന്റെ പ്രചാരണവുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല എന്ന നുണയും ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇത്തരത്തില്‍ നിരവധി നുണകളാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.

വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമാണ് പോള്‍ മാന്‍ഫോര്‍ട്ട് തനിക്കൊപ്പമുണ്ടായിരുന്നത് എന്നാണ് ട്രംപ് പറഞ്ഞിരുന്നത്. എന്നാല്‍ അഞ്ച് മാസത്തോളം മാന്‍ഫോര്‍ട്ട് ട്രംപിന്റെ ടീമിലുണ്ടായിരുന്നു. പ്രസിഡന്‍ഷ്യല്‍ ട്രാന്‍സിഷന്‍ (അധികാര കൈമാറ്റം) നടക്കുന്ന സമയത്തടക്കം. മൈക്കള്‍ കോഹന്‍ തന്റെ അഭിഭാഷകനായിരുന്നില്ലെന്ന് വരെ ട്രംപ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. കോഹനെ ഉടന്‍ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുമെന്നാണ് കരുതുന്നത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നതടക്കമുള്ള കുറ്റങ്ങളാണ് പോള്‍ മാന്‍ഫര്‍ട്ടിന് മേല്‍ പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്.

പണ തട്ടിപ്പ്, നികുതി വെട്ടിപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളിലും മറ്റുമായി കൊളംബിയ ഡിസ്ട്രിക്ട് കോര്‍ട്ടില്‍ 20 വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റത്തിനും വിര്‍ജിനിയ ഡിസ്ട്രിക്ട് കോര്‍ട്ടില്‍ 270 വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റത്തിനും മാന്‍ഫോര്‍ട്ട് വിചാരണ നേരിടുന്നുണ്ട്. 2014 മുതല്‍ മാന്‍ഫോര്‍ട്ട് എഫ്ബിഐയുടെ നിരീക്ഷണത്തിലായിരുന്നു ഉക്രെയ്‌നില്‍ റഷ്യന്‍ ഒലിഗാര്‍കുകളുമായി ബന്ധപ്പെട്ട് മാന്‍ഫോര്‍ട്ട് പ്രവര്‍ത്തിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×