എക്‌സ്-മെന്‍, അയണ്‍ മാന്‍ 3 തുടങ്ങിയ സിനിമകളിലൂടെ സുപരിചിതയായ, ലോകം മുഴുവന്‍ ആരാധകരുള്ള ചൈനീസ് താരമാണ് ഫാന്‍ ബിംഗ്ബിംഗ്. കഴിഞ്ഞ ജൂലൈ മാസം മുതല്‍ അവരെ കുറിച്ച് വിവരമൊന്നും ഇല്ലാതായതോടെ ആരാധകര്‍ക്ക് നിരവധി ഊഹാപോഹങ്ങളും ആശങ്കകളും ഉയര്‍ന്നിരുന്നു. എന്നാല്‍, നികുതിവെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത് മുതലാണ് ഫാന്‍ ബിംഗ്ബിംഗ് അപ്രത്യക്ഷയായത് എന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ ആരാധകര്‍ പെട്ടന്നുതന്നെ നിശ്ശബ്ദരായി.
യുവാക്കള്‍ സിനിമാ താരങ്ങളെ അന്ധമായി പിന്തുടരുന്നതില്‍ എതിര്‍പ്പുള്ള ചൈനീസ് സര്‍ക്കാര്‍ സിനിമാ വ്യവസായത്തെ കര്‍ശനമായി നേരിടാന്‍ തീരുമാനിച്ചപ്പോഴാണ് ഫാന്‍ ബിംഗ്ബിംഗ് അപ്രത്യക്ഷയായതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിവാദങ്ങളെ കുറിച്ച് മാസങ്ങളോളം മൗനം പാലിച്ചതിന് ശേഷം കഴിഞ്ഞ ദിവസം താരം തന്നെ മാപ്പപേക്ഷമായി രംഗത്തെത്തി.
‘എന്നെ വിശ്വസിച്ച സമൂഹത്തോടും, വളര്‍ത്തിയ രാജ്യത്തോടും, ആരാധകരോടും, ടാക്‌സേഷന്‍ അധികാരികളോടും ഞാന്‍ മാപ്പു ചോദിക്കുന്നു’ എന്നാണ് കത്തിലൂടെ അവര്‍ വ്യക്തമാക്കിയത്.
ചൈനയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയാണ് ഫാന്‍ ബിംഗ്ബിംഗ്. ലോസ്റ്റ് ഇന്‍ ബീജിംഗ്, ബുദ്ധ മൗണ്ടന്‍, ഡബിള്‍ എക്‌സ്‌പോഷര്‍ തുടങ്ങിയ ചൈനീസ് സിനിമകളിലൂടെ പ്രശസ്തയായ താരം നിരവധി ഹോളിവുഡ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2017-ല്‍ ഫോബ്‌സ് മാഗസിന്‍ പ്രസിദ്ധീകരിച്ച ചൈനയിലെ ഏറ്റവും കൂടുതല്‍ സമ്പത്തുള്ള സെലിബ്രിറ്റികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഫാന്‍ ആയിരുന്നു.
സമൂഹമാധ്യമങ്ങളില്‍ നടി അവസാനമായി പോസ്റ്റ് ചെയ്തത് ജൂലൈയില്‍ ടിബറ്റിലെ കുട്ടികളുടെ ആശുപത്രി സന്ദര്‍ശിച്ചതിന്റെ ചിത്രമാണ്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ഇവര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെ ജൂലൈ ഒന്നു മുതലാണ് ഇവരെ കാണാതായത്.
ഒരു പ്രോജക്ടിനായി രണ്ട് കരാര്‍ ഉണ്ടാക്കി, ഒന്നില്‍ യഥാര്‍ത്ഥ പ്രതിഫല തുകയും മറ്റൊന്നില്‍ നികുതി കുറയ്ക്കുന്നതിനായി തുക കുറച്ചും കാണിക്കും. ഇതില്‍ രണ്ടാമത്തേ കരാറാണ് നികുതിവിഭാഗത്തിന് നല്‍കുന്നത്. ഇത് കണ്ടുപിടിച്ചതോടെ 966 കോടി രൂപയാണ് ചൈനയിലെ നികുതിവിഭാഗം താരത്തിന് പിഴയിട്ടിരിക്കുന്നത്.
കൂടുതല്‍ വായിക്കാം: Elle