July 16, 2026 |
Share on

തായ്ലന്‍ഡ് ഗുഹയിലെ രക്ഷാപ്രവര്‍ത്തനം; ഈ ഡോക്ടറാണ് കുട്ടികളുടെ ഹീറോ

തായ്ലാന്‍ഡ് സര്‍ക്കാര്‍ നേരിട്ട് അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് ഡോ. ഹാരി ഈ ഉദ്യമത്തിന്റെ ഭാഗമായത്.

ലോകം പ്രാര്‍ഥനയോടെ ഉറ്റുനോക്കിയ തായ്ലന്‍ഡ് തം ലുഅങ് ഗുഹയിലെ രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായകമായത് ഓസ്‌ട്രേലിയകാരനായ ഡോ. റിച്ചാര്‍ഡ് ഹാരിസിന്റെ സാന്നിധ്യമാണ്. തായ്ലന്‍ഡില്‍ അവധിയാഘോഷത്തിലായിരുന്ന അദ്ദേഹം അത് റദ്ദാക്കിയാണ് രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായത്. അവസാനത്തെ കുട്ടിയേയും പുറത്തെത്തിക്കുന്നതു വരെ തന്റെ സേവനം തുടര്‍ന്നു അദ്ദേഹം. കുട്ടികളുടെ ആരോഗ്യകാര്യങ്ങള്‍ അവലോകനം ചെയ്ത്, മൂന്ന് ദിവസമാണ് അവര്‍ക്കൊപ്പം താമസിച്ചത്.

കൂട്ടത്തില്‍ ആരോഗ്യം ക്ഷയിച്ചുതുടങ്ങിയ കുട്ടികളെ ആദ്യം പുറത്തെത്തിക്കണം എന്ന നിര്‍ണായകമായ തീരുമാനം എടുത്തതും ഡോ. റിച്ചാര്‍ഡ് ആണ്. ഹാരി എന്ന് അടുപ്പക്കാര്‍ വിളിക്കുന്ന ഡോ. റിച്ചാര്‍ഡ് ഹാരിസ് അനസ്‌തേഷ്യ വിദഗ്ധനാണ്. ഗുഹയില്‍ നിന്ന് ഒടുവിലത്തെ ആളും ഇറങ്ങിയ ശേഷമാണ് അദ്ദേഹം തന്റെ സേവനം അവസാനിപ്പിച്ച് പുറത്തേക്കുവന്നത്. പക്ഷെ എല്ലാവരുടെയും നന്ദിയും സ്‌നേഹവും ഏറ്റുവാങ്ങിയുള്ള അദ്ദേഹത്തിന്റെ ആനന്ദം അധികസമയം നീണ്ടുനിന്നില്ല. രക്ഷാപ്രവര്‍ത്തനം അവസാനിച്ചു നിമിഷങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തിന്റെ അച്ഛന്‍ മരിച്ചു.

‘രണ്ടാമതൊന്ന് ചിന്തിക്കാതെ ആരെയും സഹായിക്കാന്‍ ഓടിപ്പോകുന്ന പ്രകൃതക്കാരനാണ് അദ്ദേഹം. തായ്ലന്‍ഡില്‍ രക്ഷാദൗത്യത്തിന്റെ ഭാഗമായി ഹാരി എത്തിയെന്ന വാര്‍ത്ത കുടുംബത്തിന് വലിയ ആശങ്കയാണ് നല്‍കിയത്. അവരും പ്രാര്‍ഥനയിലായിരുന്നു’-സുഹൃത്ത് ഡോ. ആന്‍ഡ്രൂ പെര്‍സ് പറയുന്നു.

ദൗത്യത്തിന്റെ നിര്‍ണായക ഭാഗം

തായ്ലാന്‍ഡ് സര്‍ക്കാര്‍ നേരിട്ട് അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് ഡോ ഹാരി ഈ ഉദ്യമത്തിന്റെ ഭാഗമായത്. വിദേശകാര്യമന്ത്രി ജൂലി ബിഷപ്പ് അടക്കമുള്ള പ്രമുഖര്‍, ഈ ദൗത്യത്തിന്റെ നിര്‍ണായക ഘടകമായി ഡോ റിച്ചാര്‍ഡ് ഹാരിസിനെ വിശേഷിപ്പിച്ചു. ‘ഓസ്‌ട്രേലിയക്കാരുടെ സഹായം ഈ ഘട്ടത്തില്‍ ഓര്‍മിക്കാതെ വയ്യ. പ്രത്യേകിച്ചും ഡോ. ഹാരിസിന്റെ സഹായം. ‘-ദൗത്യസംഘതലവന്‍, ആക്ടിങ് ചിയാങ് റായ് ഗവര്‍ണ്ണര്‍ നാറോങ്സാക് (Narongsak) പറഞ്ഞ വാക്കുകള്‍.

അകപ്പെട്ടുപോയ കുട്ടികള്‍ക്ക് ആശ്വാസമായത് ഡോ.ഹാരി ആയിരുന്നുവെന്ന് മറ്റ് സംഘങ്ങളും സമ്മതിക്കുന്നു.അവരില്‍ ആത്മവിശ്വാസം ഉണ്ടാക്കാനായത് അദ്ദേഹത്തിന്റെ സാന്നിധ്യം ഒന്നുകൊണ്ടു മാത്രമാണെന്നും സംഘം വ്യക്തമാക്കി. ഒരുപക്ഷെ ഈ ദൗത്യത്തിന് യോഗ്യനായ ഒരേയൊരാള്‍ എന്ന വിശേഷണവും സുഹൃത്തുക്കള്‍ ഡോ.ഹാരിക്ക് നല്‍കുന്നു.

ഡൈവിംഗ്,അണ്ടര്‍ വാട്ടര്‍ ഫോട്ടോഗ്രഫി തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ഇഷ്ടങ്ങള്‍. സ്വദേശമായ ഓസ്ട്രേലിയയിലടക്കം നിരവധി ഗുഹാരക്ഷാദൗത്യങ്ങള്‍ നടത്തിയിട്ടുണ്ട് അദ്ദേഹം. ‘രക്ഷാപ്രവര്‍ത്തനത്തിലെ ഹീറോ ഡോ. ഹാരി’ എന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളിലടക്കം അദ്ദേഹം ശ്രദ്ധേയനായി കഴിഞ്ഞു.

ഓസ്‌ട്രേലിയന്‍ ഓഫ് ദ ഇയര്‍ എന്ന രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതി ഇക്കൊല്ലം ഡോ. റിച്ചാര്‍ഡ് ഹാരിസിനെ തേടിയെത്താനാണ് സാധ്യത. രാജ്യത്തിന്റെ ആദരം നല്‍കാന്‍ സര്‍ക്കാരും തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *

×