June 04, 2026 |
Share on

എത്ര വലിയ പുതുവത്സര സമ്മാനമെന്ന് യാത്രക്കാര്‍; വിമാന കമ്പനിക്ക് സംഭവിച്ചതോ വന്‍ അബദ്ധവും!

ഫാസ്റ്റ് ക്ലാസ്, ബിസിനസ്സ് ക്ലാസ് ടിക്കറ്റുകള്‍ ബുക്ക് ചെയ്ത വളരെക്കുറച്ചു യാത്രക്കാര്‍ക്ക് മാത്രമേ ഈ അബദ്ധത്തില്‍ കൈവന്ന സമ്മാനം കിട്ടാന്‍ ഭാഗ്യമുണ്ടായുള്ളൂ

വര്‍ഷാരംഭത്തില്‍ വിയറ്റ്‌നാമില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് കാതേയ് പസഫിക് വിമാന സര്‍വീസില്‍ ടിക്കറ്റ് ബുക്ക് ചെയ്ത ചിലര്‍ക്ക് ഇപ്പോഴും ഞെട്ടല്‍ മാറിയിട്ടില്ല. ബിസിനസ്, ഫാസ്റ്റ് ക്ലാസ് ടിക്കറ്റ് തുകയായ 16,000 ഡോളറിനു പകരം അവര്‍ക്കു മുടക്കേണ്ടി വന്നത് വെറും 675 ഡോളര്‍ മാത്രം! ‘എത്രവലിയ പുതുവത്സര ഡിസ്‌കൗണ്ട്!’ എന്ന് അത്ഭുതപ്പെടേണ്ട. വിമാന കമ്പനിയുടെ ടിക്കറ്റിംഗ് സംവിധാനത്തിന്റെ പാകപ്പിഴകള്‍ മൂലം സംഭവിച്ചു പോയതാണ്. യാത്രക്കാര്‍ വിശ്വാസം വരാതെ ഞെട്ടലില്‍ തന്നെ ഇരിക്കുമ്പോള്‍, ഇന്നലെ കാതേയ് പസഫിക് ഔദ്യോഗിക ട്വീറ്റുമായി രംഗത്തെത്തി. തങ്ങളുടെ എല്ലാ യാത്രക്കാര്‍ക്കും പുതുവത്സര ആശംസകള്‍ അറിയിച്ച ശേഷം ടിക്കറ്റിംഗ്് സംവിധാനത്തിന്റെ തകരാറു തുറന്നു പറഞ്ഞു. അബദ്ധം പിണഞ്ഞതാണെങ്കിലും ഇത് യാത്രക്കാര്‍ക്കുള്ള തങ്ങളുടെ പുതുവത്സര സമ്മാനമാണെന്ന് ഹോങ്കോങ് ആസ്ഥാനമായ ഈ പ്രമുഖ വിമാന സര്‍വീസ് സ്ഥാപനം തുറന്നു പ്രഖ്യാപിച്ചു.

അവിശ്വസനീയമായ ഈ ഡിസ്‌കൗണ്ട് നിങ്ങളുടെ 2019 ‘സ്‌പെഷ്യല്‍’ ആകട്ടെയെന്നും ട്വീറ്റില്‍ ആശംസിച്ചിട്ടുണ്ട്. 2019 ന്റെ തുടക്കത്തില്‍ തന്നെ വന്‍ അബദ്ധമാണ് കാതേയ് പസഫിക്കിന് പിണയുന്നത്. വിമാനങ്ങളില്‍ പേര് തെറ്റായി എഴുതിയതിന്റെ തകരാറുകള്‍ പരിഹരിച്ചു കഴിഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ഈ അടുത്ത അബദ്ധം.

ഈ ദിവസങ്ങളില്‍ തന്നെ ഫാസ്റ്റ് ക്ലാസ്, ബിസിനസ്സ് ക്ലാസ് ടിക്കറ്റുകള്‍ ബുക്ക് ചെയ്ത വളരെക്കുറച്ചു യാത്രക്കാര്‍ക്ക് മാത്രമേ ഈ അബദ്ധത്തില്‍ കൈവന്ന സമ്മാനം കിട്ടാന്‍ ഭാഗ്യമുണ്ടായുള്ളൂ. ഡിസ്‌കൗണ്ട് തുക കണ്ടു ഞെട്ടിയ യാത്രക്കാരൊക്കെ തങ്ങളുടെ തൊട്ടടുത്ത ബന്ധുക്കളോടും സുഹൃത്തുക്കളോടും ഈ അതിശയകരമായ ഓഫറിനെക്കുറിച് അറിയിക്കുകയും ഇത് വളരെ പരിമിതമായ കാലം മാത്രമേ ഉണ്ടാകാനിടയുള്ളൂ എന്ന് സൂചിപ്പിക്കുകയും ചെയ്തു. അപ്രതീക്ഷിതമായി വീണുകിട്ടിയ ഈ ടിക്കറ്റ് ഇളവിനെക്കുറിച്ച ട്രാവല്‍ ബ്ലോഗേഴ്‌സ് വാചാലനായി.

എത്ര ടിക്കറ്റുകള്‍ ഈ ഡിസ്‌കൗണ്ട് നിരക്കില്‍ വിറ്റൂ എന്ന കാതേയ് പസഫിക് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ക്രമക്കേടുകള്‍ പരിഹരിച്ച ഇപ്പോള്‍ ടിക്കറ്റ് തുക സാധാരണ രീതിയില്‍ ആക്കിയിട്ടുണ്ട്. ഒരു വിമാന സര്‍വീസിന് ഇത്തരത്തില്‍ അബദ്ധം പിണയുന്നത് ആദ്യത്തെ സംഭവമൊന്നുമല്ല. 2014 ല്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സിനു സമാനമായ അബദ്ധം സംഭവിച്ചത് വന്‍ വാര്‍ത്തയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×