യുഎസിലെ സ്‌പെഷല്‍ കോണ്‍സല്‍ ഇന്‍വെസ്റ്റിഗേഷനുമായി (പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലുമായി ബന്ധപ്പെട്ട) സാക്ഷിയെന്ന നിലയില്‍ സഹകരിക്കുന്ന ജോര്‍ജ് നാദര്‍ യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളുമായും റഷ്യയുമായും ബന്ധം പുലര്‍ത്തുന്നയാളാണ്. യുഎഇ രാഷ്ട്ര തലവന്റെ ഉപദേശകനാണ് ലെബനീസ് അമേരിക്കനായ ജോര്‍ജ് നാദര്‍. വലിയ അന്താഷ്ട്ര ബന്ധങ്ങളുള്ള അദ്ദേഹം വൈറ്റ് ഹൗസുമായുള്ള നിരവധി യോഗങ്ങള്‍ക്ക് വഴി തുറന്നു. സ്‌പെഷല്‍ കോണ്‍സല്‍ റോബര്‍ട്ട് മുള്ളര്‍ ഇക്കാര്യം ശ്രദ്ധിച്ചിട്ടുണ്ട്. ജോര്‍ജ് നാദര്‍ അന്വേഷണവുമായി സഹകരിക്കുന്നത് സംബന്ധിച്ച് ന്യൂയോര്ക്ക് ടൈംസ് ആണ് റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്.
റഷ്യന്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് മാനേജര്‍ കിറില്‍ ദിമിത്രേവുമായുള്ള ദീര്‍ഘകാലത്തെ ബന്ധം ഉപയോഗിച്ച് ദിമിത്രീവും ട്രംപ് ഉപദേശകനുമായി സീഷെല്‍സില്‍ വച്ച് ചര്‍ച്ച സംഘടിപ്പിക്കാന്‍ നാദറിന് കഴിഞ്ഞു. ട്രംപ് പ്രസിഡന്റായി അധികാരമേല്‍ക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഇത്. 2017ല്‍ നാദര്‍ പങ്കെടുത്ത, ന്യൂയോര്‍ക്ക് ഹെഡ്ജ് മാനേജറുമായുള്ള ചര്‍ച്ചയില്‍ ട്രംപിന്റെ മരുമകന്‍ ജെറാഡ് കുഷ്‌നര്‍, സ്റ്റീഫന്‍ കെ ബാനന്‍ അടക്കമുള്ള ഉപദേശകര്‍ പങ്കെടുത്ത ചര്‍ച്ച സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ സാക്ഷികളോട് ചോദിച്ചിരുന്നു.
യുഎഇയുമായി ബന്ധമുള്ള ഒരു ഓസ്‌ട്രേലിയന്‍ വ്യവസായിയെ വാഷിംഗ്ടണ്‍ വിമാനത്താവളത്തില്‍ റോബര്‍ട്ട് മുള്ളറുടെ അന്വേഷണ സംഘം തടഞ്ഞിരുന്നു. ഓസ്‌ട്രേലിയന്‍ വ്യവസായിയോട് നാദറിനെ പറ്റി ചോദിച്ചിരുന്നു. നാദറിന്റെ റഷ്യന്‍ ബന്ധം, ട്രംപിന്റെ ഉപദേശകരുമായുള്ള ബന്ധം, യുഎഇ വഴി യുഎസിലേയ്ക്ക് പണമൊഴുകിയത് തുടങ്ങിയവയെല്ലാം അന്വേഷണ സംഘം പരിശോധിച്ച് വരുകയാണ്. അബു ദാബി കിരീടാവകാശിയും നിലവില്‍ യുഎഇ ഭരണധികാരിയുമായ മൊഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍ യുഎസിന്റെ അടുത്ത സുഹൃത്തും വൈറ്റ് ഹൗസിലെ സ്ഥിരം സന്ദര്‍ശകനുമാണ്. ഈയടുത്ത വര്‍ഷങ്ങളില്‍ അദ്ദേഹം പല തവണ മോസ്‌കോയിലെത്തി റഷ്യന്‍ പ്രസിഡന്റ് പുടിനേയും കണ്ടിരുന്നു. സയിദ് അല്‍ നഹിയാന്റെ മോസ്‌കോ സന്ദര്‍ശനങ്ങളില്‍ പലപ്പോഴും നാദര്‍ അനുഗമിച്ചിരുന്നു.
സീഷെല്‍സിലെ ഫോര്‍ സീസണ്‍സ് റിസോര്‍ട്ടില്‍ നടന്ന ചര്‍ച്ചയില്‍ ദിമിത്രീവ്, എമിറേറ്റ്‌സ് ഉദ്യോഗസ്ഥര്‍, യുഎസ് വ്യവസായിയും ട്രംപിന്റെ ഉപദേശകരില്‍ ഒരാളുമായ എറിക് പ്രിന്‍സ് തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. ട്രംപ് ഗവണ്‍മെന്റും റഷ്യയുമായുള്ള പിന്‍വാതില്‍ ചര്‍ച്ചകളുടെ സാധ്യതകളാണ് പ്രധാനമായും ഇവര്‍ സംസാരിച്ചത്.