February 14, 2025 |

യോഗ്യത നേടാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ്; ആലപ്പുഴ എസ്ഡി കോളേജ് പ്രിന്‍സിപ്പലിനെതിരേ നടപടി

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണത്തില്‍ കെ എച്ച് പ്രേമയ്‌ക്കെതിരായ പരാതി ശരിയാണെന്നു കണ്ടെത്തിയിരുന്നു

പ്രിന്‍സിപ്പല്‍ നിയമനത്തില്‍ യോഗ്യത നേടാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി ആലപ്പുഴ എസ്. ഡി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.എച്ച്. പ്രേമ. ഇത് സംബന്ധിച്ച പരാതിയില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കെ എച്ച് പ്രേമയ്ക്കെതിരായ ആരോപണം ശരിയാണെന്നു തെളിയുകയായിരുന്നു. കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ സര്‍ട്ടിഫിക്കറ്റ് വ്യാജമായി കരസ്ഥമാക്കിയാണ് പ്രിന്‍സിപ്പല്‍ നിയമനത്തിനായുള്ള മുഖാമുഖത്തില്‍ കെ എച്ച് പ്രേമ വിജയിച്ചതെന്നാണ് വകുപ്പ് തല അന്വേഷണത്തില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പ്രിന്‍സിപ്പലിനെതിരേ അടിയന്തര നടപടിക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് ജനുവരി 8 ന് സംസ്ഥാന കോളേജ് വിദ്യാഭ്യാസ വകുപ്പിനു നല്‍കിയ ഉത്തരവില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. വ്യാജമായി കരസ്ഥമാക്കിയ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി പിന്‍വലിച്ച് സര്‍ക്കാരില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറിയോട് നിര്‍ദ്ദേശം നല്‍കിക്കൊണ്ടുള്ള മറ്റൊരു ഉത്തരവും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇതേ ദിവസം പുറത്തിറക്കിയിട്ടുണ്ട്. അതേസമയം, കെ എച്ച് പ്രേമ ഹൈക്കോടതിയെ സമീപിച്ചത് പ്രകാരം, നടപടി ഹൈക്കോടതി താത്കാലികമായി സ്‌റ്റേ ചെയ്തിരിക്കുകയാണ്.

Forgery case against Alappuzha SD College principal

2025 ജനുവരി 17 ന് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ പുറപ്പെടുവിച്ച കത്തില്‍ പറയുന്നത്, ആലപ്പുഴ എസ് ഡി കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ എച്ച് പ്രേമ വ്യാജ രേഖകള്‍ സമര്‍പ്പിച്ചാണ് പ്രിന്‍സിപ്പല്‍ പദവി നേടിയതെന്ന് ചൂണ്ടിക്കാണിച്ച് ഇതേ കോളേജിലെ സുവോളജി വിഭാഗം മേധാവി നവ കേരള സദസില്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍, കെ എച്ച് പ്രേമ വ്യാജമായി കരസ്ഥമാക്കിയ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് പ്രിന്‍സിപ്പല്‍ നിയമനത്തിനുള്ള മുഖാമുഖത്തില്‍ വിജയിച്ചതെന്ന് ബോധ്യപ്പെട്ടതിനാല്‍, പ്രേമയ്ക്ക് പ്രിന്‍സിപ്പലായി തുടരാന്‍ യോഗ്യതയില്ലെന്നും, അയതിനാല്‍ ഡോ. കെ എച്ച് പ്രേമയ്ക്കെതിരേ അടിയന്തര നടപടി സ്വീകരിക്കുന്നതിനും നിര്‍ദേശം നല്‍കുന്നുവെന്നാണ്. പ്രേമ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റ് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ പിന്‍വലിച്ചത് പരിശോധിച്ച് ഉറപ്പാക്കിയശേഷം പ്രേമയെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്യുന്നതിന് മാനേജ്മെന്റിന് നിര്‍ദേശം നല്‍കണമെന്നും, ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ കത്തില്‍ എറണാകുളം മേഖല ഓഫീസ് ഡെപ്യൂട്ടി ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു.

പ്രിന്‍സിപ്പല്‍ നിയമത്തിലെ യുജിസി മാനദണ്ഡങ്ങള്‍
യു.ജി.സി 2018 ലെ നിയമ പ്രകാരമാണ് ഇപ്പോള്‍ ഇന്ത്യയില്‍ എല്ലായിടത്തും കോളേജ് പ്രിന്‍സിപ്പല്‍ നിയമനം നടക്കുന്നത്. ഇതിന്റെ ഭാഗമായി നിശ്ചിത യോഗ്യതയുള്ളവര്‍ അപേക്ഷ സമര്‍പ്പിക്കണം. അക്കാദമിക രംഗത്തെ മികവ്, ഗവേഷണ പ്രവര്‍ത്തനങ്ങള്‍, സാമൂഹൃ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ അപേക്ഷയില്‍ തെളിവുകള്‍ സഹിതം ഉള്‍പ്പെടുത്തണം. ഇവയ്ക്കുള്ള അക്കാദമിക്ക് സ്‌കോര്‍ കുറഞ്ഞത് 110 ഉണ്ടാവണം. പ്രൊഫസര്‍ അഥവാ അസ്സോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ ജോലി ചെയ്യുന്നവരും, ഗവേഷണ ബിരുദം, 15 വര്‍ഷത്തില്‍ കുറയാത്ത സര്‍വ്വീസ്, പത്ത് എണ്ണത്തില്‍ കുറയാത്ത യു.ജി.സി. അംഗീകൃത പ്രസിദ്ധീകരണങ്ങള്‍ എന്നീ അടിസ്ഥാന യോഗ്യതകള്‍ ഉള്ളവരായിരിക്കണം അപേക്ഷര്‍. ഹാജരാക്കിയ രേഖകള്‍ പരിശോധിച്ചും മുഖാമുഖത്തിലൂടെയും റാങ്ക് പട്ടിക തയ്യാറാക്കിയാണ് പ്രിന്‍സിപ്പലായി നിയമനം നല്‍കുന്നത്. സര്‍ക്കാര്‍ പ്രതിനിധി, വിഷയ വിദഗ്ദര്‍, കോളേജ് മാനേജ്മെന്റ് – സര്‍വ്വകലാശാലാ പ്രതിനിധികള്‍ എന്നിവര്‍ അടങ്ങുന്ന സമിതിയാണ് സമര്‍പ്പിക്കപ്പെട്ട സര്‍ട്ടിഫിക്കേറ്റുകളും മറ്റു രേഖകളും പരിശോധിച്ച് മുഖാമുഖം നടത്തുന്നത്.

Forgery case against Alappuzha SD College principal

പ്രേമയ്ക്കെതിരായ വ്യാജരേഖ പരാതി
ആലപ്പുഴ എസ്. ഡി. കോളേജിലെ പ്രിന്‍സിപ്പല്‍ നിയമനത്തിനായി അതേ കോളേജിലെ രസതന്ത്ര വിഭാഗം അധ്യാപികയായ ഡോ. കെ. എച്ച്. പ്രേമ ഹാജരാക്കിയ രേഖകളില്‍ ഒന്ന്, കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ മെമ്പര്‍ സെക്രട്ടറിയായ ഡോ. രാജന്‍ വറുഗീസ് അടക്കം ഒപ്പിട്ട കോളേജിന്റെയും ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെയും ഔദ്യോഗിക മുദ്ര പതിച്ച സര്‍ട്ടിഫിക്കേറ്റാണ്. ഇത് വ്യാജമായി കരസ്ഥമാക്കിയതാണ് എന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നത്.

സര്‍ട്ടിഫിക്കേറ്റില്‍ അവകാശപ്പെട്ട പ്രകാരം ഡോ. കെ.എച്ച്. പ്രേമ കോളേജ് പ്ലാറ്റിനം ജൂബിലിയുമായി ബന്ധപ്പെട്ട് 2022 ഫെബ്രുവരി 22- 24 തിയതികളിലായി നടത്തിയ ത്രിദിന ഓണ്‍ലൈന്‍ ശില്പശാലയില്‍ മുഴുവന്‍ സമയം പങ്കെടുക്കുകയോ വിജയകരമായി പൂര്‍ത്തിയാക്കുകയോ, ഇ-കണ്ടന്റുകള്‍ വികസിപ്പിക്കുകയോ ചെയ്തിട്ടില്ല എന്നാണ് ഇപ്പോള്‍ വൃക്തമാക്കപ്പെട്ടിരിക്കുന്നത്.

കോളേജിലെ പ്രിന്‍സിപ്പല്‍ നിയമനത്തിന് ഇപ്പോള്‍ നിലവിലുള്ള യു.ജി.സി. റഗുലേഷന്‍സ് 2018 പ്രകാരം അക്കാദമിക് സ്‌കോര്‍ നേടാനായി ഇങ്ങനെയൊരു സര്‍ട്ടിഫിക്കേറ്റ് വ്യാജമായി സംഘടിപ്പിച്ച് സമര്‍പ്പിച്ച ഡോ. കെ. എച്ച്. പ്രേമയ്ക്ക് പ്രിന്‍സിപ്പല്‍ സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ല എന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടിന്റെ കോപ്പി താഴെ നല്‍കുന്നു.

ഇത്തരമൊരു വ്യാജ സര്‍ട്ടിഫിക്കേറ്റ് ഡോ. പ്രേമയ്ക്ക് എങ്ങനെ ലഭിച്ചു എന്നത് സൈബര്‍ സെല്ലിന്റെ ഭൗതികവും ഡിജിറ്റലുമായ സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് പരിശോധിക്കണം എന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

Forgery case against Alappuzha SD College principal

ഈ വിഷയത്തില്‍, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍, കോളേജ് സമര്‍പ്പിച്ച പരിപാടിയുടെ ഔദ്യോഗിക റിപ്പോര്‍ട്ട്, കോളേജ് പ്രിന്‍സിപ്പലിന്റെയും മാനേജരുടെയും വിശദീകരണങ്ങള്‍ എന്നിവ പരിശോധിച്ചും മറ്റ് വിശദമായ പരിശോധനകള്‍ക്കും നിയമോപദേശത്തിനും ശേഷം മേല്‍ സൂചിപ്പിച്ച സര്‍ട്ടിഫിക്കേറ്റ്, റിസോര്‍സ് പേഴ്സണ്‍സിനായി അംഗീകരിച്ച മാതൃകയില്‍ (ടെംപ്ലേറ്റില്‍) തിരുത്തല്‍ വരുത്തിയതാണ് എന്ന ഗുരുതര കണ്ടെത്തെലോടുകൂടി മേല്‍ നടപടിക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലേയ്ക്ക് ഒന്നര വര്‍ഷം മുമ്പ് (22.06.2023) റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ വിശദമായ അന്വേഷണങ്ങള്‍ക്ക് ശേഷമാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ നടപടി.

2023 ഫെബ്രുവരിയിലാണ് അലപ്പുഴ എസ് ഡി കോളേജ് പ്രിന്‍സിപ്പലായി ഡോ. കെ എച്ച് പ്രേമ ചുമതലയേല്‍ക്കുന്നത്. കോളേജിന്റെ 75 കൊല്ലത്തിനുമേലുള്ള ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു യുജിസി നിബന്ധനകള്‍ പാലിച്ച് ഒരു വനിത പ്രിന്‍സിപ്പലായി ചുമതലയേല്‍ക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ ആരോപണങ്ങളും നടപടികളും ആ ഖ്യാതിയെ കളങ്കപ്പെടുത്തുന്നതാണ്.

ഈ വിഷയത്തില്‍ ഡോ. കെ എച്ച് പ്രേമയ്ക്ക് നല്‍കാനുള്ള വിശദീകരണത്തിനായി, അഴിമുഖം അവരെ ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. വിഷയം ചൂണ്ടിക്കാണിച്ച് വാട്‌സ്ആപ്പ് മെസേജും ഇമെയ്‌ലും അയച്ചിട്ടുണ്ടെങ്കിലും പ്രതികരണം ഉണ്ടായിട്ടില്ല. കെ എച്ച് പ്രേമയുടെ പ്രതികരണം കിട്ടുന്ന മുറയ്ക്ക് അഴിമുഖം അത് പ്രസിദ്ധീകരിക്കുന്നതായിരിക്കും. Forged certificates to qualify for principal appointment action against Alappuzha SD College principal KH Prema

Content Summary; Forged certificates to qualify for principal appointment action against Alappuzha SD College principal KH Prema

×