March 26, 2025 |
Share on

ഇന്ത്യയെ മാറ്റിയ മന്‍മോഹന്‍

രാജ്യത്തിന്റെ സാമ്പത്തിക പരിഷ്‌കരണങ്ങളുടെ മുഖ്യശില്‍പ്പിക്ക് വിട

ഇന്ത്യയെ മാറ്റിയ മന്‍മോഹന്‍ സിംഗ് യാത്ര പറഞ്ഞിരിക്കുന്നു. ഇന്ത്യന്‍ സാമ്പത്തിക വിപണയെ ലോകത്തിന് മുന്നില്‍ തുറന്നു കൊടുത്ത, ആഗോളതലത്തില്‍ രാജ്യത്തിന് ഒരു പദവി ഉറപ്പിക്കിയ, ദരിദ്രമായൊരു ചുറ്റുപാടില്‍ നിന്ന് ഇന്ത്യയെ കരകയറ്റാന്‍ സഹായിച്ച നേതാവ് തന്റെ 92 വയസിലാണ് ജീവിതത്തില്‍ നിന്ന് വിട പറഞ്ഞിരിക്കുന്നത്. ന്യൂഡല്‍ഹിയില്‍ വച്ചായിരുന്നു അന്ത്യം. ഗുര്‍ശരണ്‍ കൗര്‍ ആണ് ഭാര്യ, മൂന്ന് പെണ്‍മക്കളുണ്ട്.

വീട്ടില്‍ വച്ച് പെട്ടെന്ന് ബോധക്ഷയമുണ്ടായതിനെ തുടര്‍ന്ന് വ്യാഴാഴ്ച്ച രാത്രി 8.06 ഓടെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അതീവഗുരുതരാവസ്ഥയിലായിരുന്ന സിംഗിനെ രക്ഷപ്പെടുത്താന്‍ തീവ്ര ശ്രമം നടത്തിയെങ്കിലും രാത്രി 9.51 ഓടെ ഇന്ത്യെ തുടര്‍ച്ചയായി രണ്ട് തവണ ഭരിച്ച മുന്‍ പ്രധാനമന്ത്രി തന്റെ ജീവിത യാത്ര അവസാനിപ്പിച്ചു.

2004 മുതല്‍ 2014 വരെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ-കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കാലത്ത് പ്രധാനമന്ത്രി കസേരയില്‍ ഇരുന്ന സിംഗിന്റെ കാലത്ത് ഇന്ത്യയെ നിരവധി നേട്ടങ്ങളിലേക്കു നയിക്കാന്‍ ഈ കോണ്‍ഗ്രസ് നേതാവിന് സാധിച്ചിരുന്നു. കാലങ്ങളായി മുടങ്ങി കിടന്നിരുന്ന ഇന്ത്യയുടെ ആണവ പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ സിംഗിന്റെ ആദ്യ ടേമില്‍ തന്നെ ശ്രമങ്ങള്‍ ആരംഭിച്ചു. 2008 ല്‍ ഒപ്പു വച്ച ഇന്ത്യ-യൂഎസ് സിവിലിയന്‍ ആണവ കരാറിന്റെ ചര്‍ച്ചകളില്‍ സിംഗ് നിര്‍ണായക പങ്കാണ് വഹിച്ചത്. ഇതുവഴിയാണ് അമേരിക്കയുടെ ആണവ ഇന്ധനവും സാങ്കേതിക വിദ്യയും ഇന്ത്യക്ക് ഉപയോഗപ്പെടുത്താന്‍ ഇന്ത്യക്ക് സാധ്യമായത്.

2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധി കാലത്ത് ഇന്ത്യയെ സംരക്ഷിക്കാനും സിംഗിന് വിജയകരമായി സാധിച്ചു. സമ്പദ്വ്യവസ്ഥയെ സുസ്ഥിരമാക്കുന്നതിനുള്ള നയങ്ങള്‍ അദ്ദേഹത്തിന്റെ സര്‍ക്കാര്‍ നടപ്പിലാക്കി. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് താരതമ്യേന ഉയര്‍ന്ന നിലയില്‍ എത്തിക്കാന്‍ കഴിഞ്ഞു.

കൂടാതെ, പുതിയ ലോകക്രമത്തില്‍ ഇന്ത്യയുടെ സ്ഥാനം പുതുക്കി നിശ്ചയിക്കാനും സിംഗിന്റെ നേതൃത്വം സഹായിച്ചു. അമേരിക്ക, ചൈന, ജപ്പാന്‍ തുടങ്ങിയ പ്രധാന രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്താനും അദ്ദേഹത്തിന്റെ ഭരണകാലത്ത് സാധിച്ചു. ഇന്ത്യയുടെ വിദേശനയം രൂപപ്പെടുത്തുന്നതിലും അദ്ദേഹം പ്രധാന പങ്ക് വഹിച്ചു. സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനും ദാരിദ്ര്യം കുറയ്ക്കുന്നതിനും വിദ്യാഭ്യാസവും ആരോഗ്യപരിപാലനവും മെച്ചപ്പെടുത്തുന്നതിനും അദ്ദേഹത്തിന്റെ സര്‍ക്കാര്‍ നിരവധി സംരംഭങ്ങള്‍ ആരംഭിച്ചു.

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു എന്നത് തന്നെയാണ് ചരിത്രത്തില്‍ മന്‍മോഹന്‍ സിംഗിന്റെ പ്രധാന വിശേഷണം. 1991 ലെ പി.വി. നരസിംഹ റാവു സര്‍ക്കാരില്‍ സിംഗ് ധനമന്ത്രിയായിരിക്കുമ്പോള്‍ ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയായിരുന്നു. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ ഉദാരവല്‍ക്കരിക്കുന്ന നിരവധി ഘടനാപരമായ പരിഷ്‌കാരങ്ങള്‍ സിംഗ് നടപ്പിലാക്കി, ലൈസന്‍സ് രാജ് നിര്‍ത്തലാക്കി, സംസ്ഥാന നിയന്ത്രണം കുറയ്ക്കുകയും ഇറക്കുമതി നികുതി കുറയ്ക്കുകയും ചെയ്തു.

ധനമന്ത്രിയെന്ന നിലയില്‍ സിംഗിന്റെ ശ്രമങ്ങള്‍ ഇന്ത്യയുടെ സാമ്പത്തിക തകര്‍ച്ച ഒഴിവാക്കാനും രാജ്യത്തിന് അതിവേഗ വളര്‍ച്ച നേടാനും വഴിയൊരുക്കി. അദ്ദേഹത്തിന്റെ നയങ്ങള്‍ വിദേശ നിക്ഷേപം, പൊതുമേഖലാ കമ്പനികളുടെ സ്വകാര്യവല്‍ക്കരണം, വ്യവസായങ്ങളുടെ നിയന്ത്രണം നീക്കല്‍ എന്നിവയെ പ്രോത്സാഹിപ്പിച്ചു.

സിംഗിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഇന്ത്യയില്‍ ശാശ്വതമായ സ്വാധീനം ചെലുത്തി. 2004 മുതല്‍ 2009 വരെയും പിന്നീട് 2009 മുതല്‍ 2014 വരെയും രണ്ട് തവണ പ്രധാനമന്ത്രിയായി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരുകളെ നയിച്ച അദ്ദേഹത്തിന്റെ ഭരണകാലത്ത് ഇന്ത്യ അതിവേഗ സാമ്പത്തിക വളര്‍ച്ച കൈവരിച്ചിരുന്നു. ജിഡിപി വളര്‍ച്ചാ നിരക്ക് 8-9% വരെ എത്തി.

തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം, ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍, കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം തുടങ്ങി രാജ്യത്തിന്റെ മുഖഛായ മാറ്റിയ പല പുരോഗമന പദ്ധതികളും ഇന്ത്യയില്‍ നടപ്പാക്കപ്പെടുന്നത് സിംഗിന്റെ ഭരണകാലത്തായിരുന്നു.

ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്കും വളര്‍ച്ചയ്ക്കും മന്‍മോഹന്‍ സിംഗ് നല്‍കിയ സംഭാവനകള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. അദ്ദേഹത്തിന്റെ പാരമ്പര്യം രാജ്യത്തിന്റെ സാമ്പത്തിക നയങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ഇന്നും പിന്തുടരുന്നുണ്ട്.  Former Prime Minister Manmohan Singh  passed away 

content Summary; Former Prime Minister Manmohan Singh  passed away

×