June 04, 2026 |
Share on

ബ്രിട്ടീഷ് രാജകുടുംബത്തെ ‘ചോദ്യം ചെയ്യുന്ന’ മുന്‍ രാജകുമാരന്‍

ചോദ്യം ചെയ്യപ്പെടാത്ത അധികാര കേന്ദ്രത്തിനെതിരേ ഇപ്പോള്‍ ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങളാണ് ഉണ്ടാകുന്നത്

ബ്രിട്ടീഷ് രാജകുടുംബത്തിന് മേല്‍ വീണ തീരാകളങ്കമായിരിക്കുകയാണ് ആന്‍ഡ്രൂ മൗണ്ട് ബാറ്റണ്‍ വിന്‍ഡ്സര്‍. കൊട്ടാരത്തില്‍ നിന്നും പുറത്താക്കിയെങ്കിലും ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ആന്‍ഡ്രുവിന്റെ ബന്ധവും ഇപ്പോഴത്തെ അറസ്റ്റും രാജഭരണകൂടത്തിന് ഏല്‍പ്പിക്കുന്ന ആഘാതം വലുതാണ്. തന്റെ ഇളയ സഹോദരനെതിരെ കിംഗ് ചാള്‍സ് മൂന്നാമന്‍ അടുത്തിടെ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും, ഈ കേസ് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ പ്രധാന അടിത്തറയ്ക്കുമേലുള്ള ജനങ്ങളുടെ വിശ്വാസം തന്നെ തകര്‍ക്കാന്‍ സാധ്യതയുണ്ട്.

ബ്രിട്ടീഷ് വ്യാപാര പ്രതിനിധിയായി സേവനമനുഷ്ഠിക്കുന്ന കാലത്ത് ജെഫ്രി എപ്സ്റ്റീനുമായി രഹസ്യ വിവരങ്ങള്‍ പങ്കുവെച്ചു എന്നാരോപിച്ച് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനാണ് ആന്‍ഡ്രൂ മൗണ്ട് ബാറ്റണ്‍ വിന്‍ഡ്സറെ വ്യാഴാഴ്ച രാവിലെ പോലീസ് അറസ്റ്റ് ചെയ്തത്. സഹോദരന്റെ അറസ്റ്റിനോട് പ്രതികരിക്കവെ ‘നിയമം അതിന്റെ വഴിക്ക് പോകട്ടെ’ എന്നാണ് രാജാവ് വ്യക്തമാക്കിയത്. അന്ന് വൈകുന്നേരം ഏഴ് മണിയോടെ ആന്‍ഡ്രൂവിനെ പോലീസ് കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ചുവെങ്കിലും അദ്ദേഹം ഇപ്പോഴും അന്വേഷണ പരിധിയിലാണെന്നാണു തേംസ് വാലി പോലീസ് പ്രസ്താവനയിലൂടെ അറിയിച്ചത്.

രാജകുടുംബത്തിനെതിരേ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളില്‍ കടുത്ത അതൃപ്തി ഉയരുന്നുണ്ടെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നത്. ചോദ്യം ചെയ്യപ്പെടാത്ത അധികാര കേന്ദ്രത്തിനെതിരേ ഇപ്പോള്‍ ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങളാണ് ഉണ്ടാകുന്നത്.

അടുത്തിടെ ഒരു പൊതു ചടങ്ങില്‍ പങ്കെടുത്ത രാജാവിന് നേരെ എപ്സ്റ്റീന്‍ കേസുമായി ബന്ധപ്പെട്ട് ഒരാള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. രാജാവിനെ ഭയ ഭക്തി ബഹുമാനത്തോടെ മാത്രം കണ്ടിരുന്ന, പതാകയേന്തി നില്‍ക്കുന്ന ജനക്കൂട്ടത്തിനിടയില്‍ നിന്ന് വരാറുള്ള പതിവ് അഭിനന്ദനങ്ങള്‍ക്ക് വിപരീതമായിട്ടായിരുന്നു ആ പ്രതിഷേധം. അത്യപൂര്‍വ്വമായൊരു സംഭവം. സ്വന്തം രാജ്യത്ത് മാത്രമല്ല, ബ്രിട്ടനില്‍ നിന്ന് ആയിരക്കണക്കിന് മൈലുകള്‍ക്കപ്പുറം സൗദി അറേബ്യ സന്ദര്‍ശിക്കുന്നതിനിടയില്‍ രാജകുമാരന്‍ വില്യമിനും ഈ ചോദ്യങ്ങളില്‍ നിന്ന് രക്ഷപെടാനായില്ല. ആന്‍ഡ്രൂവിന്റെ എപ്സ്റ്റീന്‍ ബന്ധത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളില്‍ രാജകുടുംബം മതിയായ നടപടികള്‍ എടുത്തിട്ടുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നല്‍കാതെ അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു. അതേസമയം, ആന്‍ഡ്രൂവിന്റെ അറസ്റ്റ് തങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലാണെന്നാണ് ബ്രിട്ടീഷ് വിരുദ്ധ രാജഭരണ ഗ്രൂപ്പായ റിപ്പബ്ലിക് അവകാശപ്പെടുന്നത്.

ആന്‍ഡ്രൂ മൗണ്ട് ബാറ്റണ്‍ വിന്‍ഡ്സറിനെതിരെ നിലവിലുള്ള ഏറ്റവും ഗുരുതരമായ ആരോപണത്തെക്കുറിച്ച് പോലീസിന്റെ പ്രസ്താവനയില്‍ പരാമര്‍ശമില്ല. 2001-ല്‍ വിര്‍ജീനിയ റോബര്‍ട്ട്‌സ് ജിയുഫ്രെ എന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എപ്സ്റ്റീന്‍ ആന്‍ഡ്രൂവിന് കാഴ്ചവെച്ചു എന്നും അദ്ദേഹം അവരെ ലൈംഗികമായി പീഡിപ്പിച്ചു എന്നതുമാണ് ആ പരാതി. എന്നാല്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നണ് ആന്‍ഡ്രൂ ആവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആന്‍ഡ്രൂവിന്റെ ‘രാജകുമാരന്‍’ എന്ന പദവി എടുത്തുമാറ്റിയിരുന്നു. കൂടാതെ വിന്‍ഡ്സറിലെ 30 മുറികളുള്ള അദ്ദേഹത്തിന്റെ ഔദ്യോഗിക വസതി ഈ വര്‍ഷം ഒഴിയുകയും ചെയ്തു. എന്നിരുന്നാലും, ആന്‍ഡ്രൂ ഇപ്പോഴും ബ്രിട്ടീഷ് സിംഹാസനത്തിനായുള്ള അവകാശികളുടെ പട്ടികയില്‍ എട്ടാം സ്ഥാനത്തുണ്ടെന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിക്കുന്നുണ്ട്. അദ്ദേഹം രാജാവാകാന്‍ സാധ്യതയില്ലെങ്കില്‍ പോലും, പിന്തുടര്‍ച്ചാ പട്ടികയില്‍ നിന്ന് അദ്ദേഹത്തെ ഔദ്യോഗികമായി നീക്കം ചെയ്യണമോ എന്ന കാര്യത്തില്‍ രാഷ്ട്രീയക്കാര്‍ക്കിടയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

2019-ല്‍ ജയിലില്‍ വെച്ച് ആത്മഹത്യ ചെയ്ത ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ച് യുഎസ് കോണ്‍ഗ്രസില്‍ മൊഴി നല്‍കാന്‍ ആന്‍ഡ്രൂവിന് മേല്‍ സമ്മര്‍ദ്ദമുണ്ട്. ആന്‍ഡ്രൂവിന്റെ ഈ പ്രവൃത്തികള്‍ രാജഭരണകൂടത്തോട് ജനങ്ങള്‍ക്കുണ്ടായിരുന്ന മതിപ്പിന് കുറവുണ്ടാക്കിയെന്നും രാജകുടുംബത്തിലുള്ളവര്‍ക്ക് വ്യക്തിപരമായ പ്രതിസന്ധി സൃഷ്ടിച്ചുവെന്നും രാജാവിന്റെ സുഹൃത്തും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ജോനാഥന്‍ ഡിംബിള്‍ബി ബിബിസിയോട് പറയുന്നുണ്ട്. എന്നാല്‍ രാജാവിന്റെ സഹോദരനെതിരെ പോലും ഭയമോ പക്ഷപാതമോ ഇല്ലാതെ നടപടിയെടുക്കാന്‍ പോലീസിന് സാധിക്കുന്നു എന്നത് ബ്രിട്ടനിലെ ഭരണഘടനാ സംവിധാനത്തിന്റെ പോസിറ്റീവായ വശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Summary: Former Prince Andrew’s Arrest; A long shadow over the British monarchy

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×