അവിശ്വാസ വോട്ട് സര്‍ക്കാര്‍ പരാജയപ്പെട്ടതോടെ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി ഫ്രാന്‍സ്. അധികാരത്തിലേറി വെറും മൂന്നു മാസത്തിന് ശേഷം വലതുപക്ഷ പ്രധാനമന്ത്രി മൈക്കല്‍ ബാര്‍ന്യേയുടെ ന്യൂനപക്ഷ സഖ്യം ഭരണം അവസാനിപ്പിച്ചിരിക്കുകയാണ്. ഇടതുപക്ഷ പാര്‍ട്ടികളുടെ സഖ്യം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ മറൈന്‍ ലെ പെന്‍ നേതൃത്വം നല്‍കുന്ന, കുടിയേറ്റ വിരുദ്ധ, തീവ്ര വലതുപക്ഷ പാര്‍ട്ടിയായ നാഷണല്‍ റാലിയിലെ എംപിമാരും പിന്തുണച്ചതോടെയാണ് ബാര്‍ന്യേ സര്‍ക്കാര്‍ താഴെ വീണത്. 331 എംപിമാര്‍ അവിസ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. വ്യക്തമായ ഭൂരിപക്ഷത്തിലാണ് ബുധനാഴ്ച രാത്രി സര്‍ക്കാരിനെ താഴെയിറക്കാനുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായത്.
ഫ്രാന്‍സ് മോശമായ അവസ്ഥയിലേക്ക്’ നീങ്ങുമെന്നായിരുന്നു തനിക്കെതിരേയുള്ള നീക്കത്തെ പ്രതിരോധിക്കാന്‍ പ്രധാനമന്ത്രി പറഞ്ഞത്. ബാര്‍ന്യേ വ്യാഴാഴ്ച രാവിലെ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കും. വ്യാഴാഴ്ച വൈകുന്നേരം പ്രസിഡന്റ് മാക്രോണ്‍ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് വോട്ടെടുപ്പിന് ശേഷം അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചിട്ടുണ്ട്. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ സംബന്ധിച്ച് തന്റെ രണ്ട് ടേമുകളിലെ ഏറ്റവും മോശമായ രാഷ്ട്രീയ പ്രതിസന്ധിയാണ് ഇപ്പോള്‍ നേരിടുന്നത്. രാജ്യത്തെ പൊതു കടം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ 2025 ലെ ബജറ്റിനെക്കുറിച്ചും അടുത്ത പ്രധാനമന്ത്രിയായി ആരെ നിയമിക്കണമെന്നതിലും മാക്രോണിന് മുന്നില്‍ കടുത്ത അനിശ്ചിതത്വമാണ് നിലനില്‍ക്കുന്നത്.
2027 ലെ വസന്തകാലം വരെ കാലാവധിയുള്ള മാക്രോണിന്റെ നിലനില്‍പ്പിനെ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ ബാധിക്കില്ല. ഇപ്പോഴത്തെ സാഹചര്യത്തെ ‘പൊളിറ്റിക്കല്‍ ഫിക്ഷന്‍’ എന്നാണ് പ്രസിഡന്റ് വിശേഷിപ്പിച്ചത്. താന്‍ രാജിവയ്ക്കില്ലെന്നാണ് മാക്രോണ്‍ ഉറപ്പിച്ച് പറഞ്ഞത്. എന്നാല്‍ ഇടത് പക്ഷവും തീവ്ര വലത് പക്ഷവും മാക്രോണ്‍ പുറത്തു പോകണമെന്ന ആവശ്യമാണ് ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്.
1962ല്‍ ചാള്‍സ് ഡി ഗല്ലെ പ്രസിഡന്റായിരുന്ന സമയത്ത്, ജോര്‍ജസ് പോംപിഡോയുടെ ഗവണ്‍മെന്റ് നേരിട്ട തോല്‍വിക്ക് ശേഷം രാജ്യത്ത് നടന്ന ആദ്യത്തെ വിജയകരമായ അവിശ്വാസ വോട്ടെടുപ്പായിരുന്നു ബുധനാഴ്ച നടന്നത്. 1958ല്‍ ആരംഭിച്ച ഫ്രാന്‍സിലെ ഫിഫ്ത്ത് റിപ്പബ്ലിക്കിന്റെ ചരിത്രത്തിലെ ഏറ്റവും ആയുസ് കുറഞ്ഞ സര്‍ക്കാര്‍ എന്ന ദുഷ്‌പേരും ബാര്‍ന്യേ സര്‍ക്കാരിന് സ്വന്തമായി.
2025 ജൂലായ്ക്ക് മുമ്പ് പുതിയ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാവില്ല. നിലവില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത ദേശീയ അസംബ്ലിയില്‍ പ്രസിഡന്റ് മാക്രോണിന് വലിയ വെല്ലുവിളികള്‍ ഉയര്‍ത്തും. കഴിഞ്ഞ ജൂണിലാണ് അപ്രതീക്ഷിതമായ പ്രസിഡന്റ് മാക്രോണ്‍ ദേശീയ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എന്നാല്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്തൊരു ഫ്രഞ്ച് പാര്‍ലമെന്റായിരുന്നു നിലവില്‍ വന്നത്.
ഇടത് സഖ്യം ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയെങ്കിലും കേവലഭൂരിപക്ഷം നേടാനായില്ല. മാക്രോണിന്റെ മധ്യപക്ഷ ഗ്രൂപ്പിനും തിരിച്ചടി നേരിട്ടു. ലെ പെന്‍ നയിക്കുന്ന തീവ്ര വലതുപക്ഷമായ നാഷണല്‍ റാലി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഇടത്- മധ്യവര്‍ഗ പാര്‍ട്ടികള്‍ ഒരുമിച്ചു നിന്നുള്ള തന്ത്രപരമായ വോട്ടിംഗിലൂടെ അവരെ അധികാരത്തില്‍ നിന്ന് അകറ്റി. യൂറോപ്യന്‍ യൂണിയന്റെ മുന്‍ ബ്രെക്സിറ്റ് നെഗോഷ്യേറ്ററായ ബാര്‍ന്യേയറിനെ തിരഞ്ഞെടുപ്പിന് ശേഷം രണ്ട് മാസത്തോളം നീണ്ട് രാഷ്ട്രീയ അനിശ്ചിതത്വത്തിനു ശേഷം സെപ്റ്റംബറിലാണ് മാക്രോണ്‍ പ്രധാനമന്ത്രിയായി നിയമിച്ചത്.
60 ബില്യണ്‍ യൂറോ നികുതി വര്‍ദ്ധനയിലൂടെയും ചെലവ് ചുരുക്കലിലൂടെയും ഫ്രാന്‍സിന്റെ പൊതു കമ്മി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്ക് 2025 ലെ ബജറ്റിലൂടെ തുടക്കം കുറിക്കുകയായിരുന്നു ബാര്‍ന്യയെ മാക്രോണ്‍ ഏല്‍പ്പിച്ച പ്രധാന ദൗത്യം. എന്നാല്‍ ബജറ്റിനെച്ചൊല്ലി ആഴ്ചകള്‍ നീണ്ട തര്‍ക്കത്തിന് ശേഷം, പാര്‍ലമെന്റില്‍ വോട്ടെടുപ്പില്ലാതെ നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാരിനെ അനുവദിക്കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 49.3 ഉപയോഗിച്ച് ബാര്‍ന്യേ തിങ്കളാഴ്ച ഒരു സോഷ്യല്‍ സെക്യൂരിറ്റി ഫിനാന്‍സിംഗ് ബില്‍ അവതരിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇടത് സഖ്യം ആദ്യം അവിശ്വാസ പ്രമേയം കൊണ്ടു വരുന്നത്. പിന്നാലെ തീവ്ര വലതുപക്ഷം മറ്റൊരു അവിശ്വാസ പ്രമേയം കൊണ്ടുവന്നു.
ബാര്‍ന്യേയുടെ ന്യൂനപക്ഷ സഖ്യത്തെ പ്രധാനമായും പിന്തുണച്ചിരുന്നത് ലെ പെന്‍ ആയിരുന്നു, ഗവണ്‍മെന്റില്‍ പങ്കു ചേരാതെയായിരുന്നു നാഷണല്‍ റാലിയുടെ സഹായം. നാഷണല്‍ പാര്‍ട്ടി അവിശ്വാസ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ബാര്‍ന്യേ, ലെ പെന്നുമായി ചര്‍ച്ച നടത്തിയിരുന്നു. ബജറ്റിന്റെ കാര്യത്തില്‍ പെന്നുമായി സമവായത്തില്‍ എത്താന്‍ ബാര്‍ന്യേ ശ്രമിച്ചു. പെന്നിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഇളവുകള്‍ക്ക് സമ്മതം മൂളി. ബജറ്റ് നാഷണല്‍ റാലിക്ക് സ്വീകാര്യമായ തലത്തിലേക്ക് കുറയ്ക്കാമെന്നും വാക്ക് നല്‍കിയിരുന്നു. എന്നാല്‍ ബാര്‍ന്യേയുടെ ബജറ്റ് രാജ്യത്തിന് അപകടമാണെന്നായിരുന്നു ലെ പെന്‍ പറഞ്ഞത്. സര്‍ക്കാര്‍ സംവിധാനങ്ങളെ ശക്തിപ്പെടുത്താനും രാജ്യത്തിന് ഒരു കാഴ്ചപ്പാട് നല്‍കാനും ബാര്‍ന്യേയ്ക്ക് കഴിയുമെന്ന് ഫ്രഞ്ച് ജനത പ്രതീക്ഷിച്ചിരുന്നതായി അവര്‍ പറഞ്ഞു. എന്നാല്‍, ബജറ്റിലൂടെ രാജ്യത്തിന് ദുരന്തം വിതയ്ക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നായിരുന്നു അവര്‍ കുറ്റപ്പെടുത്തിയത്.
ഡിസംബര്‍ 20-നകം പാര്‍ലമെന്റില്‍ ബജറ്റ് പാസാക്കാന്‍ കഴിയാത്തപക്ഷം, അടിയന്തര നിയമനിര്‍മ്മാണം സര്‍ക്കാരിന് നിര്‍ദ്ദേശിക്കാനാകും. ബാര്‍ന്യേ ഗവണ്‍മെന്റ് ആസൂത്രണം ചെയ്ത ചെലവ് ചുരുക്കലും നികുതി വര്‍ദ്ധനവുമെല്ലാം ഒഴിവാക്കപ്പെട്ടേക്കാം. ഇടതു സഖ്യം കൊണ്ടു വന്ന അവിശ്വാസ്യത്തില്‍ തീവ്ര വലതുപക്ഷത്തെയും ബാര്‍ന്യേയയും ഒരുപോലെ കടന്നാക്രമിക്കുന്നുണ്ട്. ജൂണിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷത്തെ തടയാന്‍ ഫ്രഞ്ച് പൗരന്മാര്‍ തീരുമാനിച്ചിട്ടും, ബാര്‍ന്യേ ‘അവരുടെ ഏറ്റവും നീചമായ അഭിനിവേശങ്ങള്‍ക്ക് വഴങ്ങുകയായിരുന്നു’ എന്നായിരുന്നു നാഷണല്‍ റാലിയുടെ പിന്തുണ തേടിയതിനെ പരാമര്‍ശിച്ച് കുറ്റപ്പെടുത്തിയത്. നാഷണല്‍ റാലിയുടെ കുടിയേറ്റ വിരുദ്ധ നിലപാടിനെയായിരുന്നു ഇടതുപക്ഷം പരാമര്‍ശിച്ചത. സര്‍ക്കാരിനെ പുറത്താക്കുകയെന്നതാണ് ഇപ്പോള്‍ തങ്ങള്‍ക്ക് മുന്നിലുള്ള പ്രധാന വിഷയം എന്നതിനാല്‍ ഇനിയും അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നാണ് ലെ പെന്നിന്റെ പാര്‍ട്ടി അറിയിച്ചിരിക്കുന്നത്. France is in a political crisis after a no-confidence vote led to the fall of Michel Barnier’s government
Content Summary; France is in a political crisis after a no-confidence vote led to the fall of Michel Barnier’s government
This post was last modified on December 5, 2024 10:27 am
Leave a Comment