June 26, 2026 |
Share on

നെപ്പോളിയൻ സൈന്യത്തെ തകർത്ത കൂട്ടമരണം; 213 വർഷങ്ങൾക്കിപ്പുറം കാരണം കണ്ടെത്തി

കഠിനമായ തണുപ്പ്, വിശപ്പ്, ക്ഷീണം എന്നിവയ്‌ക്കൊപ്പം പാരാടൈഫോയ്ഡ് , റിലാപ്‌സിംഗ് പനിയും മരണനിരക്ക് കുത്തനെ ഉയർത്തി

1812-ൽ നെപ്പോളിയൻ ബോണപാർട്ടിന്റെ ഗ്രാൻഡ് ആർമി റഷ്യയിൽ നിന്ന് പിൻവാങ്ങിയപ്പോൾ സംഭവിച്ച ഏകദേശം 300,000 സൈനികരുടെ കൂട്ടമരണത്തിന് പിന്നിലെ അപ്രതീക്ഷിത കാരണങ്ങൾ കണ്ടെത്തി ഗവേഷകർ. കഠിനമായ തണുപ്പ്, വിശപ്പ്, ക്ഷീണം എന്നിവയ്‌ക്കൊപ്പം പാരാടൈഫോയ്ഡ് പനിയും റിലാപ്‌സിംഗ് പനിയുമാണ് മരണനിരക്ക് കുത്തനെ ഉയർത്തിയതെന്ന് പുതിയ ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു.

ലിത്വാനിയയിലെ വിൽനിയസിലുള്ള കൂട്ടശവക്കുഴിയിൽ നിന്ന് കണ്ടെത്തിയ 13 സൈനികരുടെ പല്ലുകളിൽ നിന്നുള്ള പുരാതന ഡിഎൻഎ പരിശോധിച്ചാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. നാല് സൈനികരിൽ ഈ രോഗത്തിന് കാരണമായ സാൽമൊണെല്ല എന്ററിക്ക ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി ‘കറന്റ് ബയോളജി’ എന്ന ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. മലിനമായ ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ പകരുന്ന ഈ രോഗം, സൈനികർ അനുഭവിച്ച വയറിളക്കം, പനി പോലുള്ള ലക്ഷണങ്ങളുമായി പൊരുത്തപ്പെടുന്നു. ഒരു സൈനികനിൽ പേൻ പരത്തുന്ന ബാക്ടീരിയയായ ബോറെലിയ റെക്കറന്റിസ് ബാധിച്ചതായി കണ്ടെത്തി. ഈ രോഗം യുദ്ധത്തിൽ ക്ഷീണിച്ച സൈനികരെ കൂടുതൽ ദുർബലപ്പെടുത്താൻ കാരണമായി.

ഇൻസ്റ്റിറ്റ്യൂട്ട് പാസ്ചറിലെ നിക്കോളാസ് റാസ്കോവൻ ഉൾപ്പെടെയുള്ള ഗവേഷകർ ‘ഷോട്ട്ഗൺ സീക്വൻസിംഗ്’ എന്ന പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചത്. ‘നെസ്റ്റഡ് പിസിആർ’ പോലുള്ള മുൻകാല സാങ്കേതിക വിദ്യകളിൽ നിന്ന് വ്യത്യസ്തമായി, 185 രോഗകാരികളെ ഒരുമിച്ച് പരിശോധിക്കാൻ ഈ രീതി പ്രയോജനപ്പെട്ടു. മുൻപ് ടൈഫസ്, ട്രെഞ്ച് ഫീവർ എന്നിവയായിരുന്നു പ്രധാന രോഗകാരികളായി കരുതിയിരുന്നത്. എന്നാൽ, പുതിയ പഠനത്തിൽ ഇവയുടെ അംശങ്ങൾ കണ്ടെത്താനായില്ല.

പ്രധാനമായും തണുപ്പും വിശപ്പുമായിരുന്നു മരണകാരണമെങ്കിലും, ഈ പുതിയ സാംക്രമിക രോഗങ്ങൾ സൈനികരുടെ അവസ്ഥ കൂടുതൽ വഷളാക്കിയതായി റാസ്കോവൻ ചൂണ്ടിക്കാട്ടി. “ക്ഷീണം, തണുപ്പ്, കൂടാതെ പാരാടൈഫോയ്ഡ് പനി, റിലാപ്‌സിംഗ് പനി എന്നിവയുടെയെല്ലാം സംയോജനമാണ് ഈ സൈനികരുടെ കൂട്ടമരണത്തിന് കാരണമായത്,” ഗവേഷകർ അഭിപ്രായപ്പെട്ടു.

സൈന്യത്തിന്റെ തകർച്ചയ്ക്ക് കാരണം കാലാവസ്ഥ മാത്രമല്ലെന്ന വസ്തുത കിംഗ്‌സ് കോളേജ് ലണ്ടനിലെ ചരിത്ര വിദഗ്ധൻ ഡോ. മൈക്കിൾ റോവ് ഊന്നിപ്പറഞ്ഞു. റഷ്യൻ സൈന്യം സ്വീകരിച്ച തന്ത്രപരവും ബുദ്ധിപരവുമായ പ്രതിരോധങ്ങളെ നെപ്പോളിയൻ കുറച്ചുകാണരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Content Summary: DNA reveals hidden killer of Napoleon’s troops in Russia

Leave a Reply

Your email address will not be published. Required fields are marked *

×