പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണിന് ശക്തമായ തിരിച്ചടിയാണ് കിട്ടിയിരിക്കുന്നത് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന് തിരിച്ചടി കൊടുത്ത് ഫ്രാന്‍സില്‍ തീവ്ര വലുതുപക്ഷത്തെ പിന്തുണച്ച് ജനങ്ങള്‍. ഞായറാഴ്ച്ച ഫ്രഞ്ച് പാര്‍ലമെന്റിലേക്ക് നടന്ന ഒന്നാംഘട്ട വോട്ടെടുപ്പില്‍ മറീന്‍ ലു പെന്‍-ന്റെ നേതൃത്വത്തിലുള്ള നാഷണല്‍ റാലി(ആര്‍ എന്‍) പാര്‍ട്ടിയും സഖ്യകക്ഷികളും 33 ശതമാനം വോട്ട് നേടി ബഹുദൂരം മുന്‍പില്‍ നില്‍ക്കുകയാണ്. ഇടതുപക്ഷ സഖ്യമായ ന്യൂ പോപ്പുലര്‍ ഫ്രണ്ട്(എന്‍എഫ്പി) 28 ശതമാനം വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തുണ്ട്. അതേസമയം പ്രസിഡന്റ് മക്രോണിന്റെ മധ്യപക്ഷ സഖ്യത്തിന് വെറും 20 ശതമാനം വോട്ടാണ് നേടാനായത്.
ഫ്രാന്‍സിന്റെ ഭാവി തിരുത്തുന്ന തെരഞ്ഞെടുപ്പ് ഫലമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ആദ്യമായാണ് തീവ്ര വലുതപക്ഷക്കാരായ നാഷണല്‍ റാലിക്കാര്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 20 ശതമാനത്തില്‍ കൂടുതല്‍ വോട്ട് നേടുന്നത്. നിലവിലെ ജനപിന്തുണ കാണിക്കുന്നത് ഫ്രാന്‍സിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു തീവ്ര വലതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ കയറാന്‍ പോവുകയാണെന്നാണ്.
എങ്കിലും കാര്യങ്ങളില്‍ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുന്നുണ്ട്. 577 അംഗ പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടുന്നതില്‍ ആര്‍ എന്‍ പാര്‍ട്ടിയുടെ സാധ്യത അടുത്ത ഞായറാഴ്ച്ച നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പിലാണ് തീരുമാനമാകുക. എന്നാല്‍ അതിനു മുമ്പായി എതിരാളികളുടെ രാഷ്ട്രീയ ഇടപെടലുകള്‍ അവരുടെ ഭാവിയെ സ്വാധീനിക്കാം.
വോട്ടുകള്‍ വിഘടിച്ച് ആര്‍ എന്നിലേക്ക് ഒഴുകുന്നത് തടയാന്‍ പരമ്പരാഗത വലതുപക്ഷവും ഇടതുപക്ഷവും സംയുക്തമായി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്ന പതിവുള്ളതാണ്. എന്നാല്‍ ഇത്തവണ, പതിവില്‍ നിന്നും വ്യത്യസ്തമായി, അര്‍ എന്നിനെ തടയാന്‍ വേണ്ടിയുള്ള തന്ത്രപരമായ റിപ്പബ്ലിക്കന്‍ മുന്നണി ഇത്തവണ ഫലപ്രദമായിട്ടില്ലെന്നാണ് വോട്ടെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്.
ഒന്നാംഘട്ട വോട്ടെടുപ്പ് ഫലങ്ങള്‍ വന്നതിനു പിന്നാലെ നാഷണല്‍ പോപ്പുലര്‍ ഫ്രണ്ട്(എന്‍എഫ്പി) നേതാവ് ഷോണ്‍-ലുക് മിലോഷം പറഞ്ഞത്, ആദ്യ റൗണ്ടില്‍ മൂന്നാം സ്ഥാനത്ത് വന്ന എല്ലാ സ്ഥാനാര്‍ത്ഥികളെയും ഇടതു സഖ്യം പിന്‍വലിക്കുമെന്നാണ്.’ ഞങ്ങളുടെ തീരുമാനങ്ങള്‍ ലളിതവും സുതാര്യവുമാണ്, ഒരു വോട്ട് പോലും നാഷണല്‍ റാലിക്ക് കിട്ടരുത്’ മിലോഷം അവരുടെ നിലപാട് വ്യക്തമാക്കിയത് ഇങ്ങനെയാണ്. രാജ്യത്തിന്റെ ജനാധിപത്യത്തിനും റിപ്പബ്ലിക്കിനും വേണ്ടി നിലകൊള്ളുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്നില്‍ വോട്ടര്‍മാര്‍ അണി ചേരണമെന്നാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ പ്രസിഡന്റ് മക്രോണ്‍ ആഹ്വാനം ചെയ്തത്. ആര്‍ എന്നിനെ തടയാന്‍ ഇടതുപക്ഷ സംഖ്യത്തിന് വോട്ട് ചെയ്യാനും പരോക്ഷമായി മക്രോണ്‍ ആഹ്വാനം ചെയ്യുന്നുണ്ടെങ്കിലും മിലോഷമിന്റെ പാര്‍ട്ടിക്ക് വോട്ട് നല്‍കുന്നതിനോട് മാക്രോണിന്റെ പാര്‍ട്ടയില്‍ ഭിന്നതയുണ്ട്.
ഭൂരിപക്ഷത്തില്‍ നിന്ന് ചെറുതെങ്കിലും ഇപ്പോഴും അകലത്തിലാണ് നാഷണല്‍ റാലി പാര്‍ട്ടി. ജൂലൈ ഏഴിന് നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ഭൂരിപക്ഷം നേടി സര്‍ക്കാര്‍ രൂപീകരിക്കാമെന്ന വിശ്വാസത്തിലാണവര്‍. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഫ്രാന്‍സില്‍ ആദ്യമായി ഒരു തീവ്ര വലതുപക്ഷ ഭരണകൂടം അധികാരത്തില്‍ വരും. 28 കാരനായ ജോര്‍ദാന്‍ ബര്‍ദേല ഫ്രാന്‍സിന്റെ പുതിയ പ്രധാനമന്ത്രിയുമാകും. അതോടെ തിരുത്തപ്പെടാന്‍ പോകുന്നത് യൂറോപ്പ് അനുകൂല, ബിസിനസ് അനുകൂല അജണ്ടകളായിരിക്കും. യൂറോപ്യന്‍ യൂണിയന്‍ അധികാരങ്ങളെയും, കുടിയേറ്റത്തെയും എതിര്‍ക്കുന്നവരാണ് നാഷണല്‍ റാലിക്കാര്‍. അവരുടെ തീവ്ര വലതുപക്ഷ നിലപാടുകള്‍ ഫ്രാന്‍സിനെ യൂറോപ്യന്‍ യൂണിയന്റെ പങ്കാളിയാക്കുന്നതിലും ഫ്രാന്‍സിന്റെ വാതില്‍ കുടിയേറ്റത്തിന് തുറന്നിടുന്നതിനും എതിരാണ്. ആര്‍ എന്‍ അധികാരത്തില്‍ വരികയാണെങ്കില്‍, ഈ മാറ്റങ്ങള്‍ രാജ്യത്ത് പ്രതിഫലിക്കും. അതേസമയം, രണ്ടാം റൗണ്ടില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കുന്നില്ലെങ്കില്‍, അത് ഫ്രാന്‍സിന്റെ രാഷ്ട്രീയത്തില്‍ നിര്‍ണായകമായ പല മാറ്റങ്ങള്‍ക്കും വഴിയൊരുക്കും. France parliament election far right national rally party get majority in first round voting, Marine Le Pen, Emmanuel macron
Content Summary; France parliament election far right national rally party get majority in first round voting Marine Le Pen, Emmanuel macron