January 23, 2025 |
Share on

കളിയെക്കാള്‍ പ്രധാനമാണ് രാജ്യത്തിന്റെ ഭാവി; കിലിയന്‍ എംബാപ്പെ

തീവ്ര വലതുപക്ഷക്കാരെ അധികാരത്തില്‍ കയറ്റരുത്

യൂറോ കിരീടത്തേക്കാള്‍ സ്വന്തം രാജ്യത്തിന്റെ രാഷ്ട്രീയഭാവിയില്‍ ആശങ്കയിലാണ് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. ഓസ്ട്രിയയുമായുള്ള ആദ്യ മത്സരത്തിന് മുമ്പ് നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ ഫ്രാന്‍സ് നായകന്‍ പങ്കുവച്ച തന്റെ ആശങ്കകള്‍ മത്സരത്തെക്കുറിച്ചായിരുന്നില്ല. ഫ്രാന്‍സ് നേരിടാന്‍ പോകുന്ന തെരഞ്ഞെടുപ്പിനെ കുറിച്ചായിരുന്നു. ഈ അഭിപ്രായങ്ങള്‍ യൂറോ കപ്പിനെക്കാള്‍ എംബാപ്പയെ ഫ്രഞ്ച് രാഷ്ട്രീയത്തിലാണ് ശ്രദ്ധാകേന്ദ്രമാക്കിയിരിക്കുന്നത്.

മത്സരത്തിന് മുമ്പ് മാധ്യമങ്ങളെ കാണുന്നതിനിടയിലായിരുന്നു എംബാപ്പെയുടെ രാഷ്ട്രീയ ഇടപെടല്‍. ഓസ്ട്രിയയില്‍ നിന്നും നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ അടക്കം മത്സരവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് തന്റെ രാജ്യത്തെ രാഷ്ട്രീയത്തിലേക്ക് എംബാപെ പോയത്. ഫ്രാന്‍സിലെ രാഷ്ട്രീയാവസ്ഥ വളരെ മോശമാണെന്നതില്‍ തനിക്ക് ഭയം ഉണ്ടെന്നാണ് എംബാപ്പെ തുറന്നു പറഞ്ഞത്. ഫ്രാന്‍സ് പൊതു തെരഞ്ഞെടുപ്പ് നേരിടാന്‍ തയ്യാറെടുക്കവെയാണ് എംബാപ്പെയുടെ പ്രതികരണങ്ങള്‍.

‘ ഇത് മുമ്പ് നടന്നിട്ടില്ലാത്ത കാര്യങ്ങളാണ്. അതുകൊണ്ടാണ് മുഴുവന്‍ ഫ്രഞ്ച് ജനതയോടും, പ്രത്യേകിച്ച് യുവാക്കളോടും ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്. മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുന്ന തലമുറയാണ് നമ്മള്‍. തീവ്രവാദക്കാര്‍ അധികാരത്തിന്റെ വാതിലില്‍ വന്നു മുട്ടുകയാണ്, രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്താന്‍ നമുക്ക് കിട്ടുന്ന അവസരമാണിത്’ എംബാപ്പെ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിക്കൊണ്ട് പറഞ്ഞ വാക്കുകളാണിത്.

യൂറോപ്യന്‍ യൂണിയന്‍ ഇലക്ഷനില്‍ മറൈന്‍ ലെ പെന്നിന്റെ നേതൃത്വത്തിലുള്ള തീവ്രവലതുപക്ഷത്തോട് പരാജയപ്പെട്ടതോടെയാണ് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ഫ്രാന്‍സില്‍ അപ്രതീക്ഷിത തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയത്. ഒരു മാസത്തിനുള്ളില്‍ ഫ്രാന്‍സില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജ്യം അതിഗൗരവമായ രാഷ്ട്രീയ ചര്‍ച്ചകളിലേക്ക് വീണിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നീലക്കുപ്പായത്തില്‍ രാഷ്ട്രീയ കലര്‍ത്തരുതെന്ന അഭ്യര്‍ത്ഥനയുമായി ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ രംഗത്തു വന്നിരുന്നു. ടീമിന്റെ നിഷ്പക്ഷതയെ ബഹുമാനിക്കണമെന്നായിരുന്നു ഫെഡറേഷന്റെ അഭ്യര്‍ത്ഥന.

മാക്രോണിന്റെ തീരുമാനം ഫ്രാന്‍സിനെ രാഷ്ട്രീയ അനിശ്ചിതത്തിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. ഫ്രഞ്ച് സാമ്പത്തിക വിപണികളിലും അതിന്റെ ആഘാതം ഏറ്റിട്ടുണ്ട്. മാക്രോണ്‍ കാണിച്ചിരിക്കുന്ന രാഷ്ട്രീയ ചൂതാട്ടം തീവ്രവലതുപക്ഷ ശക്തികള്‍ക്ക് അവസരം സൃഷ്ടിച്ചിരിക്കുകയാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്. അവസരം മുതലാക്കാന്‍ കഴിഞ്ഞാല്‍ ഇനിയും മൂന്നു വര്‍ഷം കാലാവധി കിടക്കുന്ന മാക്രോണിന്റെ പ്രസിഡന്റ് പദവിക്ക് എതിരാളികള്‍ ഭീഷണിയാകും. അഭിപ്രായ സര്‍വേകള്‍ ജൂണ്‍ 30, ജൂലൈ 7 തീയതികളില്‍ നടക്കുന്ന വോട്ടെടുപ്പില്‍ തീവ്രവലുത് പാര്‍ട്ടിയായ നാഷണല്‍ റാലിക്ക്(ആര്‍ എന്‍) മുന്‍തൂക്കം പ്രവചിക്കുന്നുണ്ട്. എന്നാല്‍ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടില്ലെന്നാണ് പറയുന്നത്.

രാഷ്ട്രീയസമ്മര്‍ദ്ദം ചെലുത്താനോ, രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനോ ഉള്ള ശ്രമങ്ങള്‍ തള്ളിക്കളയുമെന്നു പറയുമ്പോഴും, കളിക്കാര്‍ക്ക് അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നു കൂടി ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

തീവ്രവലതു പക്ഷം അധികാരത്തില്‍ വരരുതെന്ന് ആഗ്രഹിക്കുന്ന കളിക്കാര്‍ എംബാപ്പയെ കൂടാതെ വേറെയുമുണ്ട് ഫ്രഞ്ച് ദേശീയ ടീമില്‍. നാഷണല്‍ റാലി അധികാരത്തില്‍ കയറാതിരിക്കാന്‍ ദിവസവും പോരാടൂ എന്നാണ് ടീമിലെ ഫോര്‍വേര്‍ഡ് മാര്‍ക്കസ് തുറാം ആഹ്വാനം ചെയ്തത്. തുറാമിന്റെ നിലപാട് പിന്തുടര്‍ന്നാണ് എംബാപ്പെയും തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്.

Post Thumbnail
വിവാദങ്ങളും മാപ്പ് പറച്ചിലുകളും തുടരുമ്പോഴും വരുമാനവും ലാഭവും വര്‍ദ്ധിപ്പിച്ച് ഫേസ്ബുക്ക്വായിക്കുക

‘ ഞാനും അദ്ദേഹത്തിന്റെ അഭിപ്രായം പങ്കുവയ്ക്കുന്നു, വൈവിധ്യം, സഹിഷ്ണുത, ബഹുമാനം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പറയുമ്പോള്‍ അതേ അഭിപ്രായം തന്നെയാണ് ഞാനും പങ്കുവയ്ക്കുന്നത്’ എംബാപ്പെയുടെ വാക്കുകള്‍.

‘ നാളത്തെ മത്സരം വളരെ പ്രധാനപ്പെട്ടതാണ്. കളത്തലിറങ്ങുന്നതിന് മുമ്പ് ഞാന്‍ പറയുന്ന കാര്യം, ഇപ്പോഴത്തെ സാഹചര്യം കളിയെക്കാള്‍ പ്രധാനപ്പെട്ടതാണെന്ന് എല്ലാവരും മനസിലാക്കണമെന്നാണ്’ എന്നും എംബാപ്പെ പറയുന്നു.

” കിലിയന്‍ എംബാപ്പെ തീവ്ര ആശയങ്ങള്‍ക്കും മനുഷ്യരെ വിഭജിക്കുന്നതിനും എതിരാണ്. ഞാന്‍ ഫ്രാന്‍സിനെ അഭിമാനത്തോടെ പ്രതിനിധീകരിക്കാനാണ് ആഗ്രഹിക്കുന്നത്. നിങ്ങളുടെയോ എന്റെയോ മൂല്യങ്ങളെ മതിക്കാത്തൊരു രാജ്യത്തെ പ്രതിനിധീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’ കൂടുതല്‍ വ്യക്തതയോടെ എംബാപ്പെ തന്റെ നിലപാടുകള്‍ വിശദീകരിക്കുന്നു.

കളിക്കാര്‍ രാഷ്ട്രീയം പറയരുതെന്ന കര്‍ശന നിര്‍ദേശം യുവേഫ നല്‍കിയിരുന്നു. എന്നാല്‍ അത്തരം നിര്‍ദേശം നിരാകരിച്ചുകൊണ്ടാണ് എംബാപ്പെ തന്റെ രാഷ്ട്രീയാഭിപ്രായം പരസ്യമാക്കിയിരിക്കുന്നത്. എന്നാല്‍, ഇത്തരമൊരു അഭിപ്രായ പ്രകടനത്തിലൂടെ ശ്രദ്ധ പിടിച്ചു പറ്റാനല്ല താന്‍ ആഗ്രഹിക്കുന്നതെന്നും എംബാപ്പെ വ്യക്തമാക്കിയിരുന്നു.

‘ ഫ്രാന്‍സിലെ നിലവിലെ സാഹചര്യം എല്ലാവരും ശ്രദ്ധിക്കുകയും മനസിലാക്കുകയും ചെയ്യുന്നുണ്ട്. ചിലയാളുകള്‍ക്ക് കാര്യങ്ങള്‍ തുറന്നു പറയാന്‍ കൂടുതല്‍ സൗകര്യപ്രദമായ സാഹചര്യമുണ്ട്. എല്ലാ കളിക്കാരെയും അതുപോലെ ഫ്രഞ്ച് ടീമിനെയും സംരക്ഷിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. പക്ഷേ നമ്മള്‍ ഇപ്പോഴത്തെ കാര്യങ്ങളെക്കുറിച്ച് ആലോചിക്കണം, നിങ്ങളും ഞാനും എന്തെങ്കിലുമൊക്കെ ചെയ്യണം. നമ്മുടെ കണ്ണുകള്‍ തുറന്നു തന്നെ വയ്ക്കണം’ 25 കാരനായ ഫോര്‍വേര്‍ഡ് ഓര്‍മിപ്പിക്കുന്നു.

ഫുട്‌ബോളും രാഷ്ട്രീയവും തമ്മില്‍ കൂട്ടിക്കുഴയ്ക്കരുതെന്നാണ് ആളുകള്‍ സാധാരണ പറയാറുള്ളത്. പക്ഷേ ഇപ്പോള്‍ നമ്മള്‍ സംസാരിക്കുന്നത് ഏറെ പ്രധാന്യമേറിയ വിഷയമാണ്. കളിയെക്കാള്‍ പ്രധാനപ്പെട്ട വിഷയം. രാജ്യത്തെ അവസ്ഥ വളരെ മോശമാണ്, നമ്മള്‍ ഇടപെടേണ്ടതുണ്ട്’ എംബാപ്പെ ചൂണ്ടിക്കാണിക്കുന്നു.

എംബാപ്പെയുടെ രാഷ്ട്രീയ നിലപാടുകള്‍ പുറത്തു വന്നതിനു പിന്നാലെ, കോച്ച് ദിദിയര്‍ ദഷാം പ്രതികരിച്ചത്, കളിക്കാര്‍ക്ക് അവരുടെ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കാനുള്ള അവകാശത്തെ താന്‍ ബഹുമാനിക്കുന്നുവെന്നായിരുന്നു. ‘ അതവരുടെ സ്വാതന്ത്ര്യമാണ്. അവര്‍ മികച്ച കളിക്കാരാണ്, അതുപോലെ തന്നെ അവര്‍ ഫ്രഞ്ച് പൗരന്മാരുമാണെന്ന കാര്യം നമ്മള്‍ അംഗീകരിക്കണം. അവര്‍ രാജ്യത്തെ സാഹചര്യങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കുന്നവരോ നിസ്സംഗത പ്രകടിപ്പിക്കുന്നവരോ അല്ല’ ദെഷാം വ്യക്തമാക്കുന്നു.  french captain kylian mbappé clear his political stand, urges vote against extremes in france election

Content Summary; french captain kylian mbappé clear his political stand, urges vote against extremes in france election

×