June 07, 2026 |
Share on

ആറ് മാസം, ഒരേയൊരു ബ്ലോക്ക്ബസ്റ്റർ: കഷ്ടകാലം വിട്ടൊഴിയാതെ ബോളിവുഡ്

ബോളിവുഡിനെ കാക്കാൻ ‘സീതാരേ സമീൻ പർ’

ആറ് മാസം, ഒരേയൊരു ബ്ലോക്ക്ബസ്റ്റർ, ഒരുപിടി ഹിറ്റുകൾ, പിന്നെ ഒരുപാട് ബോബുകൾ. അതാണ് 2025 ന്റെ ആദ്യപകുതിയിൽ എത്തിനിൽക്കുമ്പോൾ ബോളിവുഡിന് പറയാനുള്ളത്. കഴിഞ്ഞ വർഷവും ഇത് തന്നെയായിരുന്നു അവസ്ഥ. സൗത്തിൽ ഹിറ്റായ പല പടങ്ങളുടെയും റീമേക്കുകൾക്ക് പോലും ബോളിവുഡിനെ രക്ഷപെടുത്താൻ കഴിഞ്ഞിട്ടില്ല. സൂപ്പർഹിറ്റ് തമിഴ്, തെലുങ്ക് ചിത്രങ്ങളുടെ ഹിന്ദി പതിപ്പുമായി സൂപ്പർതാരങ്ങൾ അടക്കം എത്തുമ്പോഴും ബോക്സ് ഓഫീസിൽ അവയെല്ലാം പരാജയമായി മാറുകയാണ്. അല്പം ആശ്വാസം നൽകിയ മറ്റ് ബിഗ് ബജറ്റ് സിനിമകൾ, ( ജാത്ത് , റെയ്ഡ് 2, സ്കൈ ഫോഴ്‌സ്, ദി ഡിപ്ലോമാറ്റ്, കേസരി 2, ദേവ, സിക്കന്ദർ ) യഥാക്രമം ഹിറ്റ്, സെമി-ഹിറ്റ്, ആവറേജ്, ആവറേജ്, ഫ്ലോപ്പ്, ഡിസാസ്റ്റർ ബോക്സുകളിൽ ഇടം പിടിച്ചു. തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ബോളിവുഡ് കോമഡി ഫ്രാഞ്ചൈസിയായ ഹൗസ്ഫുൾ 5 ന്റെ അഞ്ചാമത്തെ പതിപ്പ് കരകയറുമോ എന്ന് അറിയാൻ ഇനിയും കാത്തിരിക്കണം.

നിലവിലെ പോക്കനുസരിച്ച് മുഖം കാക്കാനുള്ള വക കൂട്ടുമെന്നാണ് വിലയിരുത്തൽ. രാജ്കുമാർ റാവു നായകനായി അഭിനയിച്ച കുടുംബ എന്റർടെയ്‌നറായ ‘ഭൂൽ ചുക് മാഫ്’ ആണ് പറയാൻ കൊള്ളാവുന്ന മറ്റൊരു ഹിറ്റ്. കഴിഞ്ഞ വർഷത്തെ ചുരുക്കം ചില ഹൊറർ-കോം ചിത്രങ്ങളിൽ ഒന്നായ ‘സ്ത്രീ 2’ സമ്മാനിച്ച ദിനേശ് വിജൻ-മാഡോക്ക് കൂട്ടുകെട്ടിൽ പിറന്നതാണ് ഈ ചിത്രം, ബോളിവുഡിലെ സുരക്ഷിത ഇടങ്ങളിലൊന്നായി മാറിയ ഫാമിലി, എന്റർടൈൻമെന്റ് ജോണർ ആണ് ഈ ചിത്രവും.

ബോളിവുഡിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയചിത്രമായിരുന്നു ഛാവ. വിക്കി കൗശൽ ഛത്രപതി ശിവാജിയുടെ മകൻ സാംബാജിയായി അഭിനയിക്കുന്ന ഛാവയുടെ വിജയം ഒരു സംശയമായിരുന്നു, എന്നാൽ ബോളിവുഡ് ചിത്രങ്ങളെല്ലാം തകര്‍ന്നടിഞ്ഞപ്പോള്‍ വന്‍ വിജയമായി മാറിയത് ഇത് മാത്രമാണ്. ലക്ഷ്​മണ്‍ ഉതേകറാണ് സംവിധാനം, രശ്​മിക മന്ദാന നായികയായ ചിത്രത്തില്‍ അക്ഷയ് ഖന്ന, ഡയാന പെന്റി, അഷുതോഷ് റാണ, ദിവ്യ ദത്ത, വരുണ്‍ ബുദ്ധദേവ്, സഞ്‍ജിത്, വിനീത് കുമാര്‍ സിംഗ്, സന്തോഷ്, പ്രദീപ് രാവത്, സഞ്‍ജീവ് ജയ്‍സ്വാള്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 790 കോടിയാണ് ഛാവ ബോക്​സ് ഓഫീസില്‍ നേടിയത്. ആദ്യദിനം തന്നെ ചിത്രം ആഗോളതലത്തില്‍ 50 കോടി നേടിയിരുന്നു.

അക്ഷയ് കുമാറിന്റെ വ്യോമസേനാ ഉദ്യോഗസ്ഥന് ‘സ്കൈ ഫോഴ്‌സ്’ ഉയർത്താൻ കഴിഞ്ഞില്ല ജാലിയൻവാലാബാഗ് ദുരന്തത്തിന് ശേഷം ബ്രിട്ടീഷുകാർക്കെതിരെ നിലകൊണ്ട മലയാളി അഭിഭാഷകനായി വേഷംമാറിയിട്ടും കാര്യമുണ്ടായില്ല. ഇന്ദിരാഗാന്ധിയുടെ ജീവചരിത്ര ചിത്രമായ കങ്കണ റണാവത്തിന്റെ ‘എമർജൻസി’ക്കും കാര്യമായ ചലനം ഉണ്ടാക്കാൻ ആയില്ല. പൃഥ്വിരാജ് സുകുമാരന്റെ ‘ മുംബൈ പോലീസ്’ എന്ന മലയാള ചിത്രത്തിന്റെ റീമേക്കായ ഷാഹിദ് കപൂറിന്റെ ‘ദേവ’യ്ക്കും പറയാൻ വലിയ നേട്ടമില്ല. സൽമാൻ ഖാൻ നായകനായി അഭിനയിച്ച ‘സിക്കന്ദർ’ എന്ന ചിത്രവും ബോക്സ് ഓഫീസിൽ കാര്യമായ പ്രകടനം നടത്തിയില്ല.

എട്ട് വർഷത്തിന് ശേഷം അമീർ ഖാൻ ഗംഭീര തിരിച്ചു വരവ് നടത്തിയ ‘സീതാരേ സമീൻ പർ’ ആണ് ഇനി ബോളിവുഡിനെ കാക്കാൻ ഒരുങ്ങുന്നത്, രണ്ടാം ദിനം മുതൽക്കേ അതിനുള്ള സൂചനകളും ലഭിച്ചു തുടങ്ങിയിരുന്നു. 2016 ൽ പുറത്തിറങ്ങിയ ‘ദംഗൽ’ ആയിരുന്നു അദ്ദേഹത്തിന്റെ അവസാന വിജയം. 11 ദിവസത്തിനുള്ളിൽ 200 കോടി ക്ലബ്ബിലാണ് ചിത്രം ഇടം നേടിയിരിക്കുന്നത്. ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 126.03 കോടി രൂപയുടെ നെറ്റ് നേടി . ജിഎസ്ടി ഉൾപ്പെടെ, മൊത്തം ആഭ്യന്തര കളക്ഷൻ 148.71 കോടിയാണ് . വിദേശത്ത്, ചിത്രം ഇതുവരെ 53 കോടി ഗ്രോസ് നേടി. ഇന്ത്യൻ, വിദേശ ഗ്രോസ് കൂടി ചേർത്താൽ, 11 ദിവസത്തെ ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസ് മൊത്തം 201.71 കോടി രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *

×