July 12, 2025 |
Share on

വെടി നിര്‍ത്തലിന് ഇല്ലെങ്കില്‍ ഭവിഷ്യത്ത് അനുഭവിക്കുക; റഷ്യക്ക് മുന്നറിയിപ്പ് നല്‍കി ജി 7

യുക്രെയ്ന്‍ 30 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പ് വച്ചിട്ടും റഷ്യ അനങ്ങിയിട്ടില്ല

വെടിനിര്‍ത്തല്‍ കരാറിന് തയ്യാറാകാത്ത റഷ്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ജി-7 തീരുമാനം. ഉപരോധങ്ങള്‍ വര്‍ദ്ധിപ്പിക്കാനും, മരവിപ്പിച്ച റഷ്യന്‍ ആസ്തികള്‍ യുക്രെയ്നിനെ പിന്തുണയ്ക്കാന്‍ ഉപയോഗിക്കാനും തങ്ങള്‍ നിര്‍ബന്ധിതരാകുമെന്ന മുന്നറിയിപ്പ് മോസ്‌കോയ്ക്ക് നല്‍കിയിരിക്കുകയാണ്. യുക്രെയ്നിനെതിരായ ആക്രമണം അവസാനിപ്പിക്കാന്‍ റഷ്യയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമായാണ് യു എസിന്റെ പിന്തുണയോടെയുള്ള ഈ നീക്കം വിലയിരുത്തപ്പെടുന്നത്.

യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം ഇനിയും അനുവദിക്കാനാകില്ലെന്നാണ് ജി-7 രാജ്യങ്ങള്‍ നിലപാട് എടുത്തിരിക്കുന്നത്. മോസ്‌കോയ്ക്ക് വ്യക്തമായ സന്ദേശം കൈമാറാനും അവര്‍ ആഗ്രഹിക്കുന്നു. യുക്രെയ്നിനെ പിന്തുണയ്ക്കുന്നതിനായി മരവിപ്പിച്ച റഷ്യന്‍ ആസ്തികള്‍ ഉപയോഗിക്കാന്‍ നിര്‍ദ്ദേശിക്കുന്നത് ഇതില്‍ ഒരു സുപ്രധാന ഇടപെടലാണ്. കാരണം യുദ്ധത്താല്‍ പ്രതിസന്ധിയിലായ യുക്രെയ്‌ന് ഗണ്യമായ സാമ്പത്തിക സഹായം ലഭിക്കുന്ന നടപടിയാകുമത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ വെടിനിര്‍ത്തല്‍ കരാറിന് സമ്മതിപ്പിക്കാനുള്ള ശ്രമം നടത്തുന്നതിനിടയിലാണ് ജി-7 രാജ്യങ്ങളുടെ നീക്കം ഉണ്ടായിരിക്കുന്നതെന്നാണ് ശ്രദ്ധേയം. യുക്രെയ്‌നിലെ സംഘര്‍ഷം പരിഹരിക്കുന്നതിന് കൃത്യമായ നടപടികള്‍ സ്വീകരിക്കുന്നതുവരെ റഷ്യയുടെ മേലുള്ള സമ്മര്‍ദ്ദം കുറയ്ക്കാന്‍ അന്താരാഷ്ട്ര സമൂഹം തയ്യാറല്ലെന്നതാണ് മോസ്‌കോയ്ക്കുള്ള ജി 7 മുന്നറിയിപ്പ് സൂചിപ്പിക്കുന്നത്.

ജിദ്ദയില്‍ യു എസുമായി നടത്തിയ ചര്‍ച്ച പ്രകാരം 30 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറില്‍ കീവ് ഒപ്പുവെച്ച് ഒരാഴ്ച കഴിഞ്ഞിട്ടും മോസ്‌കോ ഇക്കാര്യത്തില്‍ അനങ്ങയിട്ടില്ല. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും ജി-7 രാജ്യങ്ങളിലെ അദ്ദേഹത്തിന്റെ സ്‌റ്റേറ്റ് സെക്രട്ടറിമാരും വെള്ളിയാഴ്ച്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവന വ്യക്തമാക്കുന്നത്, റഷ്യയ്ക്കെതിരായ സാധ്യമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ ഐക്യകണ്‌ഠേനയുള്ള ഒരു തീരുമാനത്തില്‍ യുഎസ്-ജി 7 രാജ്യങ്ങള്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്നാണ്.

കാനഡയില്‍ നടന്ന ജി 7 യോഗത്തിന് ശേഷം പുറത്തിറക്കിയ അവരുടെ പ്രസ്താവനയില്‍ പറയുന്നത്, ക്രെംലിന്‍ വെടിനിര്‍ത്തല്‍ പൂര്‍ണമായും നടപ്പാക്കിയില്ലെങ്കില്‍ കൂടുതല്‍ ശിക്ഷകള്‍ അവര്‍ക്കുമേല്‍ ചുമത്തുന്നതിനെക്കുറിച്ച് വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നാണ്.

അതേസമം, റഷ്യക്കുമേല്‍ യുഎസ് ഉപരോധങ്ങള്‍ ഉണ്ടാകുമോയെന്ന് എന്ന ചോദ്യത്തിന് പ്രസിഡന്റ് ട്രംപിന്റെ നിലപാട് ‘ഇപ്പോള്‍ അത് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല’ എന്നാണെന്നാണ് മാര്‍ക്കോ റൂബിയോ അറിയിച്ചത്. അതിനുള്ള കാരണമായി പറഞ്ഞത്, സമാധാന ചര്‍ച്ചകളിലേക്ക് ഇരുവിഭാഗങ്ങളെയും എത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രസിഡന്റ് എന്നാണ്. റഷ്യ ഇപ്പോള്‍ കളിക്കുന്നത്, അവര്‍ക്ക് ആവശ്യമായ സമയം കിട്ടാന്‍ വേണ്ടിയുള്ള കളിയാകാമെന്നും റൂബിയോ കൂട്ടിച്ചേര്‍ത്തു.

‘നമ്മള്‍ യഥാര്‍ത്ഥത്തില്‍ ഒരു വെടിനിര്‍ത്തലിലേക്ക് നീങ്ങുകയാണോ, അതോ ഇത് ഒരു കാലതാമസ തന്ത്രമാണോ? എന്നതാണ് ഇവിടെയുള്ള ചോദ്യമെന്നാണ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞത്. ഇപ്പോള്‍ ഞാനതിന് ഉത്തരം പറയുന്നില്ലെന്നും, കാരണം ഇപ്പോള്‍ വിശദീകരിക്കാന്‍ നിര്‍വാഹമില്ലെന്നുമാണ് യു എസ് സ്റ്റേറ്റ് സെക്രട്ടറി ചോദ്യങ്ങളോട് പ്രതികരിച്ചത്.

‘എണ്ണ വില നിയന്ത്രണങ്ങള്‍’ പോലുള്ള മോസ്‌കോയ്ക്കെതിരായ സാധ്യമായ നടപടികളെക്കുറിച്ച് മന്ത്രിമാര്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നാണ് ജി 7 പ്രസ്താവനയില്‍ പറയുന്നത്. മരവിപ്പിച്ച റഷ്യന്‍ ആസ്തികളില്‍ നിന്നുള്ള വരുമാനം ഉപയോഗിക്കുന്നതിനെക്കുറിച്ചും, പ്രത്യേകിച്ച്, യുക്രെയ്നിനുള്ള അധിക പിന്തുണയും മറ്റ് മാര്‍ഗങ്ങളുമെല്ലാം ചര്‍ച്ച ചെയ്തിട്ടുണ്ട്.

2022ല്‍ റഷ്യ ആരംഭിച്ച യുക്രെയ്‌നിലേക്കുള്ള പൂര്‍ണതോതിലുള്ള അധിനിവേശത്തിന് ശേഷം, ജി-7 റഷ്യയുടെ സെന്‍ട്രല്‍ ബാങ്ക് ഓഫ് റഷ്യയിലെ ഏകദേശം 300 ബില്യണ്‍ യൂറോയുടെ ആസ്തികള്‍-കൂടുതലും പണവും സര്‍ക്കാര്‍ ബോണ്ടുകളും- മരവിപ്പിച്ചിരുന്നു.  G7 has warned Russia that failing to commit to a Ukraine ceasefire will result in escalated sanctions

Content Summary;  G7 has warned Russia that failing to commit to a Ukraine ceasefire will result in escalated sanctions

Tags:

Leave a Reply

Your email address will not be published. Required fields are marked *

×