മഹാകുംഭമേളയിൽ തീർത്ഥാടകർ പുണ്യ സ്നാനം നടത്തുന്ന ഗംഗ, യമുന നദികളിലെ ജലം ഉപയോഗയോഗ്യമാണെന്ന വാദവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നദികളിലെ ജലത്തിന് ഗുണനിലവാരമില്ലെന്നും ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്നുമുള്ള കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ റിപ്പോർട്ട് നിഷേധിച്ച യോഗി ആദിത്യനാഥ്, ഗംഗയിലെ വെള്ളം കുളിക്കാനും കുടിക്കാനും അനുയോജ്യമാണെന്ന് പറഞ്ഞു.
മഹാകുഭമേളയെക്കുറിച്ചും സനാതനധർമ്മത്തെക്കുറിച്ചും ചിലർ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും ഇത് ദശലക്ഷക്കണക്കിന് ജനങ്ങളുടെ വിശ്വാസത്തെ അനാദരിക്കലാണെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.
‘മഹാകുംഭമേള ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോ ഗ്രൂപ്പോ സംഘടിപ്പിക്കുന്നതല്ല, ഇത് നമ്മുടെ സമൂഹത്തിന്റെ ആഘോഷമാണ്. ഈ നൂറ്റാണ്ടിലെ മഹാ കുംഭമേളയുടെ ഭാഗമാകാൻ സർക്കാരിന് അവസരം ലഭിച്ചത് നമ്മുടെ ഭാഗ്യമാണ്. ഇത്തരം വ്യാജ പ്രചാരണങ്ങൾക്കിടയിലും രാജ്യത്തുടനീളമുള്ള ആളുകൾ ഇതിൽ പങ്കുചേരുന്നു. അവരെ സേവിക്കാനും കടമകൾ നിറവേറ്റാനുമാണ് സർക്കാർ പ്രവർത്തിക്കേണ്ടത്. ഇനി വെറും ഏഴ് ദിവസമാണ് അവശേഷിക്കുന്നത്. ഇതിനിടെ 56 കോടിയിലധികം ഭക്തർ ജനത്തിൽ പുണ്യസ്നാനം നടത്തി’, യുപി നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
മഹാ കുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവർക്കും ഉത്സവത്തിൽ പങ്കെടുക്കുന്നതിനായി എത്തുന്നതിനിടെ റോഡപകടങ്ങളിൽ മരിച്ചവർക്കും യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. സർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പമുണ്ടെന്നും എല്ലാവിധത്തിലും അവരെ പിന്തുണയ്ക്കുമെന്നും യോഗി ആദിത്യനാഥ് ഉറപ്പുനൽകി. ഈ സാഹചര്യത്തെ പ്രതിപക്ഷം രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുകയാണെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.
അതേസമയം, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കുംഭമേളയെ മൃത്യു കുംഭം എന്ന് പരാമർശിച്ചതിനെതിരെ നിരവധി ബിജെപി നേതാക്കൾ വിമർശനമുയർത്തിയിരുന്നു. എന്നാൽ, ഉത്തരാഖണ്ഡിലെ ജ്യോതിഷ് പീഠത്തിലെ 46-ാമത് ശങ്കരാചാര്യനായ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി മമത ബാനർജിയുടെ പരാമർശത്തിന് പിന്തുണയറിച്ച് രംഗത്തെത്തി.
താൻ മഹാകുംഭമേളയെ ബഹുമാനിക്കുന്നുവെന്നും എന്നാൽ ഇത് മൃത്യു കുംഭമാണെന്നും 30 ഓളം പേരുടെ മരണത്തിന് ഇടയാക്കിയ ഉത്സവം കൃത്യമായ സജ്ജീകരണങ്ങളില്ലാതെയാണ് ആസൂത്രണം ചെയ്തതെന്നുമായിരുന്നു മമത ബാനർജിയുടെ പരാമർശം. പിന്നാലെ സംഘാടകർ ജനക്കൂട്ടത്തെ ശരിയായി കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടുവെന്ന് സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതിയും അഭിപ്രായപ്പെട്ടു.
പ്രയാഗ്‌രാജിലെ ഗംഗാ നദിയിലെ ജലത്തിന്റെ ഗുണനിലവാരം, കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം, ഓക്സിജന്റെ അളവ് തുടങ്ങി മതിയായ വിവരങ്ങൾ നൽകാത്തതിന് ഉത്തർപ്രദേശ് മലിനീകരണ നിയന്ത്രണ ബോർഡിനെയും (യുപിപിസിബി) സംസ്ഥാന സർക്കാരിനെയും ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) വിമർശിച്ചു. നദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏറ്റവും പുതിയ ജല ഗുണനിലവാര റിപ്പോർട്ടുകൾ സമർപ്പിക്കാൻ എൻജിടി സംസ്ഥാന സർക്കാരിന് ഒരു ആഴ്ച സമയവും നൽകിയിട്ടുണ്ട്. കുംഭമേളയിലെ വെള്ളം കുടിക്കാനും കുളിക്കാനും സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ ഡിസംബറിൽ എൻജിടി യുപി സർക്കാരിനോടും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിനോടും നിർദ്ദേശിച്ചിരുന്നു.
നദികളിലെ ജലത്തിൽ മനുഷ്യവിസർജ്യത്തിലുള്ള കോളിഫോം ബാക്ടീരയുടെ സാന്നിധ്യം ഉയർന്ന അളവിലുണ്ടെന്ന് തെളിയിക്കുന്ന ഒരു റിപ്പോർട്ട് തിങ്കളാഴ്ച കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് സമർപ്പിച്ചിരുന്നു. എന്നാൽ ഡിസംബർ മുതൽ ആവശ്യമായ പ്രവർത്തന റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി. ബയോകെമിക്കൽ ഓക്സിജൻ ഡിമാൻഡ്, ഫെക്കൽ കോളിഫോം തുടങ്ങിയ ചില ജല ഗുണനിലവാര അളവുകൾ യുപിപിസിബിയുടെ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഫെബ്രുവരി 18 വരെയുള്ളവ ഉൾപ്പെടെ അപ്‌ഡേറ്റ് ചെയ്ത റിപ്പോർട്ടുകൾ സമർപ്പിക്കണമെന്നും എൻജിടി ആവശ്യപ്പെട്ടിട്ടുണ്ട്.
ദശലക്ഷക്കണക്കിന് തീർത്ഥാടകരാണ് മഹാകുംഭമേളയിൽ പുണ്യ സ്നാനത്തിനായി എത്തുന്നത്. മലിന ജലവുമായി സമ്പർക്കം പുലർത്തുന്നത് വയറിളക്കം, കോളറ, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ അറിയിച്ചു.
ഗംഗയിൽ കോളിഫോമിന്റെ അളവ് സുരക്ഷിത പരിധിയേക്കാൾ 1,400 മടങ്ങ് കൂടുതലാണെന്നും യമുനയിൽ ഇത് 660 മടങ്ങ് കൂടുതലാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വെള്ളം വൃത്തിയാക്കാൻ ശരിയായ ശുചിത്വ സംവിധാനങ്ങൾ സ്വീകരിച്ചില്ലെങ്കിൽ ഇത് വലിയ രീതിയിൽ രോഗം പടർന്ന് പിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുവെന്ന് എൻജിടി ചൂണ്ടിക്കാണിക്കുന്നു.
Content Summary: Ganga water is holy, good for bathing and drinking: Yogi on increase in faeces in river during Kumbh Mela
maha Kumbh Mela Yogi Adityanath