ബിബിസിയുടെ മുന്‍നിര പ്രോഗ്രാമുകളില്‍ ഒന്നായ ‘ മാച്ച് ഓഫ് ദ ഡേ’ ഷോ മതിയാക്കാന്‍ ഗാരി ലിനേക്കര്‍(Gary lineker) . ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം മുന്‍ നായകനായ ഗാരി ലോകത്തിലെ മികച്ച കായിക താരങ്ങളിലൊരാളാണ്. ഇത്തവണത്തെ പ്രീമിയര്‍ ലീഗിന് ശേഷമായിരിക്കും ഗാരി ലിനേക്കര്‍ ഷോ നിര്‍ത്തുകയെന്നാണ് ബിബിസി അറിയിച്ചിട്ടുള്ളത്. അവിശ്വസനീയമായ 25 വര്‍ഷത്തിന് ശേഷം നിലവിലെ സീസണിന്റെ അവസാനത്തോടെ ഗാരി മാച്ച് ഓഫ് ദ ഡേയില്‍ നിന്ന് മാറിനില്‍ക്കുമെന്നാണ് ബിബിസി സ്പോര്‍ട്സിന്റെ ഡയറക്ടര്‍ അലക്സ് കേ-ജെല്‍സ്‌കി, ജീവനക്കാര്‍ക്ക് അയച്ച ഇമെയിലില്‍ അറിയിച്ചിരിക്കുന്നതെന്ന് ദ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തിന്റെ പ്രിയപ്പെട്ട കായികതാരമായ ഗാരിയുടെ ഷോ കാണാന്‍ ആഴ്ച്ചയില്‍ ലക്ഷക്കണക്കിന് പേരായിരുന്നു ഉണ്ടായിരുന്നതെന്നും അദ്ദേഹത്തിന്റെ സേവനത്തില്‍ അഭിമാനം കൊള്ളുന്നുവെന്നുമാണ് അലക്‌സ് പറയുന്നത്.Gary lineker
ഷോ വിടുകയാണെങ്കിലും 2026 ല്‍ നടക്കുന്ന ലോകകപ്പും 2025-26 സീസണിലെ എഫ് എ കപ്പും ഗാരി ബിബിസിക്കു വേണ്ടി കവര്‍ ചെയ്യുമെന്നും അലക്‌സ് ജീവനക്കാര്‍ക്കുള്ള മെയിലില്‍ അറിയിച്ചിട്ടുണ്ട്.
1999 മുതല്‍ പ്രതിവാര ഷോയായ മാച്ച് ഓഫ് ദ ദേ ബിബിസിക്കു വേണ്ടി അവതരിപ്പിക്കുന്നുണ്ട്. ഗാരി ഇപ്പോള്‍ വിട പറയുമ്പോള്‍ അതൊരു യുഗത്തിന്റെ അന്ത്യം കൂടിയാണ്, ബിബിസിയെ സംബന്ധിച്ചും അവതരാകനെ സംബന്ധിച്ചും. 1964 മുതലാണ് മാച്ച് ഓഫ് ദ ഡേ ബിബിസി സംപ്രേക്ഷണം ചെയ്യാന്‍ തുടങ്ങിയത്. ഓരോ വാരാന്ത്യത്തിലും പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ നിന്നുള്ള ഹൈലൈറ്റുകള്‍ പുനസംപ്രേക്ഷണം ചെയ്യുന്ന ഈ പരിപാടി ദശലക്ഷകണക്കിന് പ്രേക്ഷകരെയാണ് ബിബിസിക്ക് നേടിക്കൊടുത്തത്.
ബിബിസിക്ക് വേണ്ടി മാച്ച് ഓഫ് ദ ഡേ ചെയ്യുന്നതിനൊപ്പം അമേരിക്കന്‍ ചാനലുകളായ ടിഎന്‍ടി, എന്‍ബിസി തുടങ്ങിയവര്‍ക്ക് വേണ്ടിയും ഗാരി ഷോകള്‍ ചെയ്തിട്ടുണ്ട്. സമീപ കാലത്തായി ഗാരി സ്വന്തമായി ഒരു ഗോള്‍ഹാംഗര്‍ എന്ന പേരില്‍ പോഡ്കാസ്റ്റ് പ്രൊഡക്ഷന്‍ കമ്പനി രൂപീകരിച്ചിരുന്നു. ‘ദി റെസ്റ്റ് ഈസ് പൊളിറ്റിക്‌സ്’ ഉള്‍പ്പെടെയുള്ള നിരവധി ജനപ്രിയ ഷോകള്‍ ഗോള്‍ഹാംഗറിലൂടെ പുറത്തെത്തുന്നുണ്ട്. 1980കളില്‍ ഇംഗ്ലണ്ടിന്റെ മുന്‍ നിര സ്ട്രൈക്കറായിരുന്ന ഗാരി, രാജ്യത്തെ നയിച്ചിട്ടുമുണ്ട്. ലെസ്റ്റര്‍ സിറ്റി, ടോട്ടന്‍ഹാം ഹോട്‌സ്പര്‍, എവര്‍ട്ടണ്‍ എന്നീ മൂന്നു ക്ലബ്ബുകളുടെയും മുന്‍നിര കളിക്കാരനായിരുന്നു ഗാരി. ബാഴ്‌സലോണയ്ക്ക് വേണ്ടിയും കളത്തില്‍ ഇറങ്ങിയിട്ടുള്ള താരം, 1986 ലെ മെക്‌സിക്കോ ലോകകപ്പില്‍ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി. 1994 ലാണ് ഗാരി ഫുട്‌ബോള്‍ മൈതാനത്ത് നിന്ന് ബൂട്ട് അഴിച്ചത്. ഫുട്‌ബോള്‍ മൈതാനത്ത് നിന്ന് പിന്നീട് ഗാരിയെത്തിയത് ബ്രോഡ്കാസ്റ്റിംഗ് സ്റ്റുഡിയോകളിലേക്കായിരുന്നു. അവിടെയും ആ പ്രതിഭ തന്റെ മികവ് അറിയച്ചതോടെ ലക്ഷക്കണക്കിന് ആരാധകരെ അങ്ങനെയും സമ്പാദിച്ചു.
കളി പറയുന്ന ഗാരി, പക്ഷേ കാര്യമായി തന്നെ രാഷ്ട്രീയത്തിലും സമൂഹികപ്രശ്‌നങ്ങളില്‍ ഇടപെട്ടിരുന്നു. വെട്ടിത്തുറന്നു പറയുന്ന അദ്ദേഹത്തിന്റെ സ്വഭാവം പലപ്പോഴും ചാനല്‍ മാനേജ്‌മെന്റുകളുമായുള്ള തര്‍ക്കത്തിനും കാരണമായിട്ടുണ്ട്. 2023ല്‍, ഇമിഗ്രേഷന്‍ നയങ്ങളെവിമര്‍ശിച്ച് ബ്രിട്ടീഷ് ഗവണ്‍മെന്റിനെ നാസി ജര്‍മ്മനിയുമായി ഉപമിച്ച് സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പ് എഴുതിയതിന് ഗാരിയെ ഷോ അവതരിപ്പിക്കുന്നതില്‍ നിന്നും താത്കാലികമായി മാറ്റി നിര്‍ത്തിയിരുന്നു. ഈ സംഭവത്തില്‍ ബിബിസി വലിയ വിമര്‍ശനം നേരിടേണ്ടി വന്നു. തുടര്‍ന്ന് അവര്‍ ഗാരിയെ തിരികെ ക്ഷണിക്കുകയാണുണ്ടായത്. Gary lineker will leave the bbc show ‘match of the day’
Content Summary; Gary lineker will leave the bbc show ‘match of the day’