June 04, 2026 |
Share on

ഗാസ വെടിനിര്‍ത്തല്‍ കരാര്‍;ബന്ദികള്‍ തിങ്കളാഴ്ച തിരിച്ചുവരുമെന്ന് ട്രംപ്

ഇറാനും സമാധാനത്തിന്റെ ഭാഗമാകും

ഇസ്രയേലും ഹമാസും തമ്മില്‍ വെടിനിര്‍ത്തലിന് ധാരണയായതോടെ, ഗാസയില്‍ ബന്ദികളാക്കപ്പെട്ടവരെല്ലാം, മരിച്ചവരുടെ മൃതദേഹങ്ങള്‍ ഉള്‍പ്പെടെ, തിങ്കളാഴ്ച തിരിച്ചെത്തുമെന്ന് താന്‍ വിശ്വസിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഫോക്‌സ് ന്യൂസിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ‘ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നു, അവരെല്ലാം, മരിച്ചവരുടെ മൃതദേഹങ്ങള്‍ ഉള്‍പ്പെടെ, തിങ്കളാഴ്ച തിരിച്ചെത്തുമെന്നാണ് ഞങ്ങള്‍ കരുതുന്നത്,’ ട്രംപ് വ്യക്തമാക്കി.

ഗാസയെ തകര്‍ക്കുകയും കനത്ത മാനുഷിക ദുരിതത്തിലേക്ക് തള്ളിവിടുകയും ചെയ്ത രണ്ട് വര്‍ഷത്തെ ക്രൂരമായ യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള 20 ഇന സമാധാന പദ്ധതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.

ഈജിപ്തില്‍ നടന്ന ചര്‍ച്ചകള്‍ കരാറില്‍ കലാശിച്ചു. ഈ പദ്ധതി പ്രകാരം, പലസ്തീന്‍ സായുധ ഗ്രൂപ്പായ ഹമാസ് എല്ലാ ബന്ദികളെയും മോചിപ്പിക്കും, പകരം ഇസ്രയേല്‍ തങ്ങളുടെ സൈന്യത്തെ മുന്‍കൂട്ടി അതിര്‍ത്തിയിലേക്ക് പിന്‍വലിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

Also Read : ഗാസ ശാന്തമാകുമോ?

ഇറാനും സമാധാനത്തിന്റെ ഭാഗമാകും ഈ കരാര്‍ ഗാസയില്‍ മാത്രം ഒതുങ്ങില്ലെന്നും, പശ്ചിമേഷ്യയില്‍ മുഴുവന്‍ സമാധാനം കൊണ്ടുവരുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ഇസ്രയേലിന്റെയും യുഎസിന്റെയും ദീര്‍ഘകാല ശത്രുവായ ഇറാന്‍ പോലും ഈ സമാധാന ശ്രമങ്ങളില്‍ പങ്കാളിയാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇത് ഗാസയെക്കാള്‍ വലിയ കാര്യമാണ്, ഇത് മധ്യപൂര്‍വ്വദേശത്തെ സമാധാനമാണ്,’ ട്രംപ് ഫോക്സിനോട് പറഞ്ഞു. കരാറിന് ലോകത്തിന്റെ മുഴുവന്‍ പിന്തുണയുണ്ടെന്നും, ഇത് ഇസ്രയേലിനും മുസ്ലീങ്ങള്‍ക്കും അറബ് രാജ്യങ്ങള്‍ക്കും അമേരിക്കയ്ക്കും ഒരുപോലെ ഗുണകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടാല്‍ മെഡിറ്ററേനിയന്‍ കടലിനോട് ചേര്‍ന്നുള്ള പലസ്തീന്‍ പ്രദേശം കാലക്രമേണ അഭിവൃദ്ധി പ്രാപിക്കുമെന്ന് ട്രംപ് ആവര്‍ത്തിച്ചു. ഈ പുനര്‍നിര്‍മാണത്തില്‍ അമേരിക്കയും പങ്കാളിയാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Also Read : സമാധാന കരാര്‍ നിലവില്‍ വന്നാല്‍ 72 മണിക്കൂറിനുള്ളില്‍ ബന്ദി മോചനം; ഹമാസ്

അതേസമയം, സമാധാന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഇസ്രയേലും ഹമാസും ഒപ്പിട്ടതില്‍ ഞാന്‍ വളരെ അഭിമാനിക്കുന്നു,’ ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ നെറ്റ്വര്‍ക്കില്‍ കുറിച്ചു. സമാധാനചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ ഖത്തര്‍, ഈജിപ്ത്, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ക്ക് ട്രംപ് നന്ദി അറിയിച്ചു.

പ്രതീക്ഷയുടെ രാത്രി

തീരദേശ മേഖലയായ തെക്കന്‍ ഗാസയിലെ അല്‍-മവാസിയില്‍, സമാധാന പ്രഖ്യാപനത്തിന് മുന്നോടിയായി പ്രതീക്ഷയുടെ അന്തരീക്ഷം നിലനിന്നിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘അല്ലാഹു അക്ബര്‍’ (ദൈവം മഹാനാണ്) എന്ന സന്തോഷത്തിന്റെ മുദ്രാവാക്യങ്ങളും ആകാശത്തേക്ക് വെടിവെച്ചും അവര്‍ ആഘോഷിച്ചതായാണ് റിപ്പോര്‍ട്ട്.

വെടിനിര്‍ത്തലിന്റെ ആദ്യ ഘട്ടമായി, ഇസ്രയേല്‍ ജയിലുകളില്‍നിന്ന് മോചിപ്പിക്കേണ്ട പലസ്തീന്‍ തടവുകാരുടെ ലിസ്റ്റ് ഹമാസ് സമര്‍പ്പിച്ചു. ഇതിന് പകരമായി, 2023 ഒക്ടോബര്‍ 7-ന് ഇസ്രയേലിനു നേരെയുണ്ടായ ആക്രമണത്തില്‍ പിടികൂടിയ, ജീവനുള്ളവരും മരിച്ചവരുമായ ശേഷിക്കുന്ന 47 ബന്ദികളെ ഹമാസ് വിട്ടയക്കും. ഈ ആക്രമണമാണ് രണ്ട് വര്‍ഷം നീണ്ട യുദ്ധത്തിന് തുടക്കമിട്ടത്.

Also Read : ഗാസയിലെ സാധാരണക്കാരുടെ മുറിവുകൾ യുദ്ധഭൂമിയിലെ സൈനികരെക്കാൾ ഗുരുതരം

Content Summary: Gaza deal: hostages back monday, says Trump

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×