നേപ്പാളിൽ ‘ജെൻ സി’ പ്രക്ഷോഭം കത്തിപ്പടരുകയാണ്. മന്ത്രിമാരുടെ വസതികൾക്കും സര്ക്കാര് മന്ദിരങ്ങളും തീയിടുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തിനിൽക്കുകയാണ്. സമൂഹ മാധ്യമങ്ങളിൽ വളരെയധികം സജീവമായ യുവതലമുറയാണ് ഈ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുന്നത്. ബംഗ്ലാദേശിലെ യുവതലമുറയുടെ പ്രതിഷേധവും നിലവിൽ നേപ്പാളിൽ നടക്കുന്ന പ്രക്ഷോഭങ്ങളും ഇന്ത്യയെ ബാധിക്കാൻ സാധ്യതയുണ്ടോയെന്ന സംശയവും ഉയരുന്നുണ്ട്. അയൽരാജ്യങ്ങളിലെ രാഷ്ട്രീയ അസ്ഥിരതയും ആഭ്യന്തരപ്രശ്നങ്ങളും ഇന്ത്യയുടെ സുരക്ഷയെയും സാമ്പത്തിക നിലയെയും ബാധിക്കാറുണ്ട്.
അതേസമയം, നിലവിലെ യുവതലമുറ നേതൃത്വം നൽകുന്ന പ്രക്ഷോഭം ഇന്ത്യയിൽ കാര്യമായ സ്വാധീനമുണ്ടാക്കില്ലെന്നും നേപ്പാളിലെ സർക്കാരുടെ ബുദ്ധിശൂന്യമായ തീരുമാനമാണ് അക്രമങ്ങളിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്നും മുൻ ഇന്ത്യൻ നയതന്ത്ര വിദഗ്ധൻ കെ. പി ഫാബിയാൻ അഴിമുഖത്തോട് പറഞ്ഞു.
നേപ്പാളിലെ യുവാക്കളുടെ പ്രത്യേകത എന്തെന്നാൽ പ്രക്ഷോഭങ്ങളിലും മറ്റും നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ ഏറ്റെടുക്കാൻ തയ്യാറായിട്ടുള്ളവരാണ്. ഇന്ത്യയിലെ യുവാക്കൾക്ക് ഇത്തരത്തിലുള്ള വ്യഥകൾ സഹിക്കാനുള്ള മനക്കരുത്ത് നേപ്പാളിലെ യുവാക്കൾക്കുള്ളത് പോലെയില്ല. ബംഗ്ലാദേശിലെ പ്രക്ഷോഭത്തിലും ഇത് തന്നെയാണ് എനിക്ക് മനസിലായിട്ടുള്ളത്. ഇന്ത്യയിൽ തന്നെ എവിടെയെങ്കിലും വെടിവെയ്പ് ഉണ്ടായാൽ പലപ്പോഴും അവർ സാഹചര്യങ്ങളിൽ പെട്ട് പോകാതെ രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. പ്രതിഷേധിക്കാനുള്ള കഴിവിലും ആസക്തിയിലും നേപ്പാളിലെ യുവാക്കളും ഇന്ത്യയിലെ യുവാക്കളും തമ്മിൽ വ്യത്യാസമുണ്ട്.
നേപ്പാളിലെ ജനസംഖ്യയിൽ 48 ശതമാനം പേർ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരാണെങ്കിൽ ഇന്ത്യയിൽ അത് 38 ശതമാനമാണ്. അതിലുള്ള വ്യത്യാസവും പ്രക്ഷോഭത്തിൻ്റെ കാര്യത്തിൽ ഒരു കാരണമാണ്. സോഷ്യൽ മീഡിയക്ക് വിലക്ക് ഏർപ്പെടുത്തിയത് നേപ്പാൾ സർക്കാർ സ്വീകരിച്ച വളരെ ബുദ്ധിശൂന്യമായ നടപടിയായിരുന്നു. ഫെയ്സ്ബുക്ക് പോലുള്ള സാമൂഹ്യമാധ്യമങ്ങൾ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ അവരുടെ പ്രതിനിധിയുമായി സംസാരിച്ച ശേഷം, ഇനിയും രജിസ്റ്റർ ചെയ്തില്ലെങ്കിൽ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്യണമായിരുന്നു. ആ പിഴ എല്ലാ ദിവസവും കൂടിക്കൊണ്ടിരിക്കുമെന്നും മുന്നറിയിപ്പ് നൽകണമായിരുന്നു. എന്നാൽ ഇതിന് പകരം ഒട്ടും ചിന്തിക്കാതെ യുക്തിരഹിതമായ ഒരു തീരുമാനം കൈക്കൊള്ളുകയായിരുന്നു.
പ്രതിഷേധക്കാർ സ്വീകരിച്ച നടപടിയും ശരിയായിരുന്നില്ല. നേപ്പാളിലെ പ്രക്ഷോഭം ആവശ്യമുള്ളതായിരുന്നുവെന്ന് ഞാൻ സമ്മതിക്കുന്നു. എന്നാൽ ഇത്രയും വലിയ അക്രമങ്ങളിലേക്ക് കാര്യങ്ങൾ എത്തിക്കേണ്ടിയിരുന്നില്ല. സെക്യൂറിറ്റി ഫോഴ്സുകളും അക്രമം നടത്തിയിരുന്നു. അത് കാരണമാണ് പ്രക്ഷോഭക്കാരും ആക്രമിക്കാനും തീയിടാനുമെല്ലാം തുടങ്ങിയതെന്നാണ് ഞാൻ മനസിലാക്കുന്നത്. നേപ്പാളിലെയും ബംഗ്ലാദേശിലെയും പ്രക്ഷോഭങ്ങൾ ഇന്ത്യയെ ബാധിക്കാനുള്ള സാധ്യത വളരെ കുറവാണ്. അതിൻ്റെ പ്രധാന കാരണം ഇന്ത്യയിലെ ജനങ്ങൾക്ക് ഇത്രയും അക്രമാസക്തമായി തിരിച്ചടിക്കാൻ കഴിയില്ല.
അടുത്തത് എന്താണ് അയൽരാജ്യത്ത് സംഭവിക്കാൻ പോകുന്നതെന്ന് അറിയില്ല. എന്തായാലും ആർമി ലോ ആന്റ് ഓർഡർ ഏറ്റെടുത്തിട്ടുണ്ട്. ആർമിയും പ്രസിഡന്റും കൂടി ഓൾ പാർട്ടി സമ്മേളനം കൂടുക എന്നതാണ് ഇതിൽ ചെയ്യാൻ കഴിയുന്ന ഏറ്റവും ഉചിതമായ ഒരു നീക്കം. ഓൾ പാർട്ടി എന്ന് പറഞ്ഞാൽ രാഷ്ട്രീയ പാർട്ടികൾ മാത്രമല്ല, മുഴുവൻ സ്റ്റേറ്റ് ഹോൾഡേഴ്സും അതിൽ ഉൾപ്പെടണം. ശേഷം താൽക്കാലികമായി കുറച്ച് പേരെ അധികാരത്തിൽ നിയമിക്കണം. രാഷ്ട്രീയ പാർട്ടികൾ കുറച്ച് നാൾ അതിൽ നിന്നും വിട്ടുനിന്ന ശേഷം, തിരഞ്ഞെടുപ്പ് നടത്തണം.
അക്രമം നിർത്തി ശാന്തമായി ഒരുമിച്ചിരുന്ന് തീരുമാനമെടുത്താൽ മാത്രമാണ് പരിഹാരം കാണാനാകുന്നതെന്നാണ് എനിക്ക് തോന്നുന്നത്, നയതന്ത്ര വിദഗ്ധൻ കെ. പി ഫാബിയാൻ അഴിമുഖത്തോട് പറഞ്ഞു.
വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, എക്സ് , യൂട്യൂബ് തുടങ്ങിയ 26 സമൂഹമാധ്യമ സൈറ്റുകൾക്ക് നേപ്പാൾ സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ചാണ് വിദ്യാർത്ഥികളും യുവജനങ്ങളും തെരുവിലിറങ്ങി പ്രതിഷേധം ആരംഭിച്ചത്.
Content Summary: gen z protest nepal won’t affect india, former Indian diplomat KP Fabian responds
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.