April 20, 2025 |

ജീൻ ഹാക്മാന്റെ മൃതദേഹത്തിന്‌ 9 ദിവസത്തെ പഴക്കം; മരണ കാരണം കാര്‍ബണ്‍ മോണോക്‌സൈഡ് അല്ല

ഹാക്ക്മാന്റെയും ഭാര്യയുടെയും മരണം നടന്നിട്ട് ദിവസങ്ങളായെന്ന ഞെട്ടിക്കുന്ന വാർത്തയും പുറത്ത് വന്നിരുന്നു

ഓസ്‌കാർ ജേതാവും ഹോളിവുഡ് നടനുമായ ജീൻ ഹാക്ക്മാനെയും ഭാര്യയും ക്ലാസിക്കൽ പിയാനിസ്റ്റുമായ ബെറ്റ്‌സി അരകാവയെയും ബുധനാഴ്ച്ച മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മരണ കാരണം കണ്ടെത്താൻ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലൂടെ കണ്ടെത്താനായില്ല. കാർബൺ മോണോക്‌സൈഡ് വിഷബാധയോറ്റല്ല ഇരുവരും മരണപ്പെട്ടത് എന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

ഹാക്ക്മാന്റെയും ഭാര്യയുടെയും മരണം നടന്നിട്ട് ദിവസങ്ങളായെന്ന ഞെട്ടിക്കുന്ന വാർത്തയും പുറത്ത് വന്നിരുന്നു. ബുധനാഴ്ച്ചയാണ് മൃദേഹം കണ്ടെത്തിയതെങ്കിലും മരണം സംഭവിച്ചിട്ട് ഒൻപത് ദിവസമായിട്ടുണ്ടാകാമെന്ന് അധികൃതർ പറയുന്നു. നടന്റെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന പേസ്‌മേക്കറിലെ ഡാറ്റയിൽ നിന്നാണ് ഇത്തരത്തിലൊരു സൂചന ലഭിച്ചത്.

ഫെബ്രുവരി 17ന് ശേഷം ഹാക്ക്മാന്റെ പേസ്‌മേക്കർ അവസാനമായി പ്രവർത്തിച്ചതെന്ന് ഉദ്യോ​ഗസ്ഥർ പറയുന്നു. ബുധനാഴ്ചയാണ് ഹാക്ക്മാനെയും ഭാര്യയെയും അവരുടെ നായയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സമഗ്രമായ അന്വേഷണം ഹാക്ക്മാൻറെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് അസാധാരണ മരണത്തിന് കേസ് എടുത്താണ് അന്വേഷണം നടക്കുന്നത്.

ഫോറൻസിക് വിഭാഗം നടൻറെ വീട്ടിൽ നിന്നും മരുന്നുകളും മറ്റും കണ്ടെത്തിയിട്ടുണ്ട്. ഇവ വിശദ പരിശോധനയ്ക്ക് അയക്കും.

2004-ൽ അഭിനയത്തിൽ നിന്നും വിരമിക്കും മുൻപ് ദി ഫ്രഞ്ച് കണക്ഷൻ, സൂപ്പർമാൻ, ദി റോയൽ ടെനൻബോംസ് എന്നീ ശ്രദ്ധേയ ചിത്രങ്ങളിലെ പ്രകടനങ്ങൾ ഉൾപ്പെടെ 40 വർഷത്തെ സിനിമ കരിയറായിരുന്നു ഹാക്ക്മാന് ഉണ്ടായിരുന്നത്. ചെറിയ നടനായി തുടങ്ങിയ പതുക്കെ വളർന്ന് 1970-കളിലെ തൻറെ മുപ്പതുകൾക്ക് ശേഷം ശ്രദ്ധേയ വേഷങ്ങൾ ചെയ്യാൻ തുടങ്ങിയ നടനായിരുന്നു അദ്ദേഹം.

1930-ൽ ജനിച്ച ഹാക്ക്മാൻ 1940-കളുടെ അവസാനത്തിൽ സൈനിക സേവനത്തിന് ചേർന്നു 1950-കളുടെ അവസാനത്തിൽ അഭിനയം പഠിക്കാൻ ഇറങ്ങി. 1964 ൽ ലിലിത്ത് എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ചു.

1972 ൽ ദ ഫ്രഞ്ച് കണക്ഷൻ എന്ന ചിത്രത്തിലെ റോളിന് മികച്ച നടനുള്ള ഒസ്കാർ പുരസ്കാരവും, 1993ൽ മികച്ച സഹനടനുള്ള ഒസ്കാർ പുരസ്കാരവും ജീൻ ഹാക്ക്മാൻ നേടിയിരുന്നു.

content summary; Gene Hackman was likely dead for 9 days before he and his wife were discovered

Leave a Reply

Your email address will not be published. Required fields are marked *

×