March 27, 2025 |
Share on

എന്താണ് അന്താരാഷ്ട്ര മേളകളില്‍ ഇന്ത്യന്‍ സിനിമയുടെ ഇമേജ്?

വിദേശ മേളകളില്‍ പുരസ്‌കാരം നേടുന്ന ഇന്ത്യന്‍ സിനിമകള്‍ ഇവിടുത്തെ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നുണ്ടോ?

കഴിഞ്ഞ വര്‍ഷം പായല്‍ കപാഡിയക്കു ശേഷം, അന്താരാഷ്ട്ര സിനിമ വേദികളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സംവിധായക ഷുചി തലട്ടി ആയിരിക്കും. ഇന്ത്യന്‍ മീഡിയയും നല്ല കവറേജ് കൊടുത്തിട്ടുണ്ട്. ‘സണ്‍ഡാന്‍സ്’ ഫെസ്റ്റിവലില്‍ ‘ഗേള്‍സ് വില്‍ ബി ഗേള്‍സ്’ രണ്ടു അവാര്‍ഡുകളാണ് നേടിയത്. വേള്‍ഡ് -സിനിമ ഡ്രമാറ്റിക് വിഭാഗത്തില്‍ ഓഡിയന്‍സ് അവാര്‍ഡും, മികച്ച അഭിനയം കാഴ്ച്ച വെച്ച പ്രീതി പാണിഗ്രഹിക്കു കിട്ടിയ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡും. മയാമി, സീറ്റില്‍, ഇങ്ങിനെ പല ഫെസ്റ്റിവലുകളിലും ഗേള്‍സ് വില്‍ ബി ഗേള്‍സ്’ സാന്നിധ്യമുണ്ട്, ചില അവാര്‍ഡുകളും. മാമി അടക്കമുള്ള പല ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലുകളിലും തിളങ്ങിയ ചിത്രമാണ്. ഇത്രയൊക്കെ എഴുതിയത് ഇത്തരം സിനിമകള്‍ കാണുമ്പോള്‍ എന്ത് കൊണ്ട് ഒരു എക്‌സൈറ്റ്‌മെന്റും വരുന്നില്ല എന്ന ചിന്ത അലട്ടുന്നത് കൊണ്ടാണ്. ഇന്ത്യയില്‍ നിന്നും പോകുന്ന സിനിമകള്‍ മറ്റു രാജ്യങ്ങളില്‍ ഉള്ളവര്‍ എങ്ങിനെയാണ് വിശകലനം ചെയുന്നത് എന്ന് തീരെ മനസിലാവുന്നില്ല. അവരറിയുന്ന ‘ഇന്ത്യന്‍ സിനിമ’ ചില പേരുകളിലേക്കു ചുരുങ്ങുന്നുണ്ടോ?

തെന്നിന്ത്യന്‍ സിനിമകളില്‍ മിക്കവാറും ബോര്‍ഡിങ് സ്‌കൂള്‍ ഊട്ടിയില്‍ ആണ്. വടക്ക്, ഇത് മഞ്ഞു മൂടിക്കിടക്കുന്ന ഹിമാലയം, നൈനിറ്റാള്‍ ഏരിയ ഒക്കെ പെടും. ഭംഗിയുള്ള മലകള്‍, അനാഥമായ റോഡുകള്‍, ഒറ്റപ്പെട്ട ഭൂപ്രകൃതി. ടൈ കെട്ടി, മുടി പിന്നിയിട്ട, ഇംഗ്ലീഷ് സംസാരിക്കുന്ന, കൗമാരക്കാര്‍ ഉള്ള സ്ട്രിക്ട് ആയ സ്‌കൂള്‍. കണ്ണാടി വെച്ച ഗൗരവക്കാരിയായ പ്രിന്‍സിപ്പല്‍ മസ്റ്റ്. അസംബ്ലി സീനുകള്‍, പ്ലെഡ്ജ്, ഹെഡ് പെര്‍ഫെക്റ്റ്, സ്‌കൂള്‍ ഗ്രൗണ്ട്, എല്ലാം അതെ പടി. ഇനി ഇതില്‍ കൗമാര പ്രണയം ഇല്ലെങ്കില്‍ എന്ത് സിനിമ. കുറച്ചു ടീനേജ് ഈഗോ, ടീനേജ് കുരുത്തക്കേടുകള്‍, അങ്ങോട്ടും ഇങ്ങോട്ടും ഉള്ള അസൂയ, ബോയ്/ഗേള്‍ ഫ്രണ്ട് കാര്യത്തില്‍ തീര്‍ച്ചയായും വേണം. പല ഇന്റര്‍വ്യൂകളിലും ഷുചി പറയുന്നുണ്ട്. അത് അവരുടെ ടീനേജ് ഓര്‍മ്മകള്‍ കൂടി പ്രതിഫലിക്കുന്നതാണെന്ന്. ശരിയാണ്. പഠിച്ചത് ഏതു നാട്ടിന്‍പുറത്തെ സ്‌കൂളില്‍ ആണെങ്കിലും, ലോകത്ത് എല്ലാവര്‍ക്കും കൗമാര അനുഭവങ്ങളും, രഹസ്യങ്ങളും ഉണ്ട്. അതിന്റെ നൊസ്റ്റു എവര്‍ഗ്രീന്‍ ആയിരിക്കെ തന്നെ, അത്രക്കു ആവര്‍ത്തനവിരസതയും കൂടെപ്പിറപ്പാണ്. പറയുന്നവര്‍ ഓര്‍ക്കാറില്ലെന്നേ ഉള്ളു. കാരണം മിക്കപ്പോഴും, ഈ സ്റ്റോറിബാഗില്‍ തന്റെ അനുഭവം യൂണിവേഴ്‌സല്‍ ആണ് എന്നൊരു സെന്റിമെന്റ്‌സ് ഉണ്ട്. നിങ്ങള്‍ ഒരു കഥ പറഞ്ഞു തീരുമ്പോള്‍, കേട്ട ആളുകള്‍ക്കും അതങ്ങിനെ ആണെങ്കില്‍ സംഭവം പൊളിക്കും. അല്ലെങ്കില്‍…

Girls will be girls movie

90-കളില്‍ നടക്കുന്ന കഥയില്‍, 18 വയസിലേക്കാണ് ‘ഗേള്‍സ് വില്‍ ബി ഗേള്‍സ്’-ലെ നായിക പടി കയറുന്നത്. ‘അമ്മ അനിലയാകട്ടെ ചെറുപ്പമാണ്. പിങ്ക് ടോപ് ഇട്ട്, ആകപ്പാടെ ചുവന്ന്, ഒരു പൂമ്പാറ്റയെ പോലെ പറന്നു, തന്റെ ബോയ്ഫ്രണ്ടിനെ സ്വീകരിക്കുന്ന അമ്മയേക്കാള്‍ പക്വത ഉണ്ട് മീരയ്ക്ക്. പഠിപ്പും വിവരവും ഉണ്ടെന്നും അവള്‍ കരുതുന്നുണ്ട്. സ്‌കൂള്‍ ടോപ്പര്‍ അല്ലെ. പക്ഷെ, എവിടെയോ തനിക്കു എന്തോ കുറവുണ്ട് എന്ന അപകര്‍ഷതാബോധം അവള്‍ക്കു കൊടുക്കുന്നത് ‘അമ്മ തന്നെയാണ്. ഒരര്‍ത്ഥത്തില്‍ ‘അമ്മ ഇപ്പോഴും കൗമാരം വിട്ടിട്ടില്ല. തന്റെ ബോയ്ഫ്രണ്ട് ശ്രീ വീട്ടില്‍ വരവ് തുടങ്ങിയത് ‘അമ്മ മുതലാക്കുകയാണോ എന്ന് സംശയിക്കുന്ന മീര, അത്യാവശ്യം അസൂയയും ദേഷ്യവും പ്രകടിപ്പിക്കുന്ന രംഗങ്ങള്‍ മനോഹരമാണ്. ഷുചിയുടെ ഏറ്റവും വലിയ കോണ്ട്രിബ്യൂഷന്‍ മീരയായി അഭിനയിക്കുന്ന പ്രീതി പാണിഗ്രഹിയാണ്. ഓരോ വികാരവും, ആ കഥാപാത്രത്തിന്റെ ടോട്ടാലിറ്റിയും പ്രീതി വളരെ സ്വാഭാവികമായി അവതരിപ്പിച്ചിരിക്കുന്നു. ചുവന്നു തുടുക്കുന്ന അവളുടെ മുഖം, രോഷം മുഴുവന്‍ പ്രതിഫലിക്കുന്ന കണ്ണുകള്‍, സന്ദര്‍ഭത്തിനനുസരിച്ചു ക്ര്യത്യമായ ബോഡി ലാംഗ്വേജ് എല്ലാം ഭദ്രം.

ഇനി നമ്മുടെ താരം കനി. ഇത്തിരി കുസൃതി കനിക്ക് കൂടുതലുള്ള സിനിമയാണ് ഗേള്‍സ് വില്‍ ബി ഗേള്‍സ്’. സൗത്ത് ഇന്ത്യയില്‍ നിന്നുള്ള അനില വളരെ കട്ടിയില്‍ ആണ് ഇംഗ്ലീഷ് പറയുന്നത്. പറയാന്‍ വിട്ടു. ഈ കോപ്രൊഡക്ഷന്‍ സിനിമകള്‍ ഒക്കെ മള്‍ട്ടി ലാംഗ്വേജ് ആയിരിക്കുമല്ലോ. കനിയുടെ ബോഡി ലാംഗ്വേജ് സിനിമയില്‍ എന്തോ അരോചകമായി തോന്നി. സംഭാഷണം അതിലേറെ കൃത്രിമവും. നോര്‍ത്ത് ഇന്ത്യന്‍ സംവിധായകരുടെ സിനിമകളില്‍ എല്ലാം, സൗത്ത് ഇന്ത്യക്കാരുടെ ഇംഗ്ലീഷ് അങ്ങിനെയാണ്. ഇതിപ്പോ എത്ര കാലായി തുടങ്ങിയിട്ട്. പോരാത്തതിന് കനി കുസൃതി ഇപ്പോള്‍ അന്ത്രരാഷ്ട്ര സിനിമ പ്രേക്ഷകരുടെ ഇടയില്‍ മാര്‍ക്കറ്റ് വാല്യൂ ഉള്ള നടിയാണ്. നമ്മള്‍ ആരെ കാണിക്കുന്നു എന്നതാണല്ലോ അവരുടെ മാനദണ്ഡം. അനില ഈ സിനിമയില്‍ ബാക്കി എല്ലാ കാര്യത്തിലും ലിബറല്‍ ആണ്. മിടുക്കി ആണ്. ഇടയില്‍ ടിപ്പിക്കല്‍ ‘അമ്മ ഡയലോഗുകളും ഷുചി കൊടുക്കുന്നുണ്ട്. ആകെ അവിയല്‍ പരുവം. ഒരു ബാത്ത് ടവല്‍ ഉടുത്തു മകളുടെ ബോയ്ഫ്രണ്ട്‌ന്റെ മുന്‍പിലൂടെ പരേഡ്, ഒരു കട്ടിലില്‍ കിടത്തം, അടയുന്ന വാതില്‍. അനില യഥാര്‍ത്ഥത്തില്‍ എന്തിനാണ് ശ്രമിക്കുന്നത്? അനിലയുടെ ഉള്ളിലെ മരിക്കാത്ത കൗമാരക്കാരി ചിറകു വിടര്‍ത്തി പറക്കുന്നതാണോ. ഇമ്പ്രെസ്സ് ചെയ്തു മകളെ മറികടക്കുന്ന ആത്മവിശ്വാസം ആണോ. രണ്ടു സ്ത്രീകളെ juxtapose ചെയ്തു, സിനിമയുടെ ഗതി എങ്കെയോ കൊണ്ട് പോയ സംവിധായക ഷുചി അവസാനം അനിലയുടെ ഇനിയും മരിക്കാത്ത ‘മദര്‍ ഇന്‍സ്റ്റിന്‍കറ്റ്’ പൊക്കി കാണിക്കുമ്പോള്‍ ആണ് രണ്ടു ഗേള്‍സും സിനിമയുടെ ടൈറ്റില്‍ ഗേള്‍സ് ആവുന്നത്. ബോയ്‌സ് വില്‍ ബി ബോയ്സിന്റെ ഏറ്റവും ഈസി ആയ ഫെമിനിസ്റ്റ് വേര്‍ഷന്‍.

kani kusruti

ഗേള്‍സ് വില്‍ ബി ഗേള്‍സിലെ കുറച്ചു വ്യത്യസ്തമായ കഥാപാത്രം മീരയുടെ ബോയ്ഫ്രണ്ട് ആയ ശ്രീ ആണ്. തുടക്കം മുതല്‍, പയ്യന്‍ നല്ല ‘ഗ്യാസ് ലൈറ്റിംഗ്’ ആണ്. പതിയെ, മീരയുടെ സൈക്കോളജി പഠിച്ചു, അവളുടെ ഈഗോയെ അടക്കുന്നു. സെക്‌സ് അവരുടെ ഇടയില്‍ നോര്‍മലൈസ് ചെയ്യപ്പെടാന്‍ അവന്റെ സെക്‌സ് അനുഭവങ്ങള്‍ പ്രയോജനപ്പെടുത്തുന്നു. മീര ടോപ്പര്‍ ആവാത്ത ഈ വിഷയത്തില്‍ ഗൂഗിള്‍ ആവുന്നതോടൊപ്പം, ‘അമ്മ അനിലയിലും ഒളിഞ്ഞു കിടക്കുന്ന ആഗ്രഹങ്ങള്‍ തിരിച്ചറിയുന്നു. സൗമ്യവും ജന്റിലും ആയ പെരുമാറ്റം ഒരിക്കലും ഇമോഷണലി മാനിപുലേറ്റ് ചെയ്യാത്ത രീതിയില്‍ ശ്രീയെ ആ വീട്ടിലെ ഏറ്റവും വാണ്ടഡ് പ്രെസന്‍സ് ആക്കുന്നു. ഭയങ്കര ബുദ്ധിയും, വിവരവുമൊക്കെയുണ്ടെന്നു പ്രേക്ഷകരെ വിശ്വസിപ്പിച്ചു, ഒരു ടീനേജര്‍ക്കായി പരസ്പരം മത്സരിക്കുന്ന രണ്ടു കേവല സ്ത്രീകളായി ഇവര്‍ മാറുമ്പോള്‍, അവനു രണ്ടും ചോയ്‌സ് തന്നെയാണ്. പുതിയ സ്ഥലത്തെ പുതിയ അനുഭവം. അതിനപ്പുറം ഒന്നും അവന്റെ അജണ്ടയില്‍ ഇല്ല. ഈ സിനിമയില്‍ ഇതിന്റെ സൂക്ഷ്മമായ അവതരണം ഉണ്ട്. അതിഷ്ടപ്പെട്ടു. കേശവ് ബിനോയ് ഈ റോള്‍ മോശമാക്കിയിട്ടില്ല. വേറെയൊരു പുതുമയും, മഷിയിട്ടു നോക്കിയിട്ടും കാണുന്നുമില്ല. ‘കമിങ് ഓഫ് ഏജ് ‘ എന്ന കാറ്റഗറി ‘ഗേള്‍സ് വില്‍ ബി ഗേള്‍സ്’ അര്‍ഹിക്കുന്നതായി അനുഭവപ്പെട്ടില്ല.

ഇന്ത്യയില്‍ നിന്ന് ഓസ്‌കറില്‍ പരിഗണിക്കപ്പെടുന്ന ചിത്രങ്ങളുടെ ലിസ്റ്റ് അടക്കം പരിഗണിക്കുമ്പോള്‍, ഇതൊക്കെ ഏതു ക്രൈറ്റീരിയ ആണ് എന്ന സംശയം കൂടി വരുന്നുണ്ട്. സത്യത്തില്‍ അന്താരാഷ്ട്ര ഫെസ്റ്റിവലുകളില്‍ ഇന്ത്യന്‍ സിനിമയെ കുറിച്ചുള്ള ഇമേജ് എന്താണ്? അത് എത്രത്തോളം അപ്‌ഡേറ്റഡ് ആണ്? ‘വെസ്റ്റേണ്‍ ഗെയ്‌സ്’ തൃപ്തിപ്പെടുത്തുന്ന സിനിമകള്‍ തന്നെയാണോ ഇവിടുത്തെ സംവിധായകര്‍ പടച്ചു വിടുന്നത്? ഈ വര്‍ഷത്തെ അക്കാദമി അവാര്‍ഡില്‍, ‘ബെസ്റ്റ് ലൈവ് ആക്ഷന്‍ ഷോര്‍ട് ഫിലിം’ ആയി തിരഞ്ഞെടുക്കപ്പെട്ട ‘അനുജ’ എന്ന ഷോര്‍ട് ഫിലിം കണ്ടപ്പോള്‍ ഇതുറപ്പിച്ചു. എത്ര പഴയ ചൈല്‍ഡ് ലേബര്‍ തീം! കാലഹരണപ്പെട്ട ഇന്ത്യന്‍ കഥാപാത്ര മോഡലുകള്‍, ദുരിതങ്ങളുടെ ഇന്ത്യ, പട്ടിണിപ്പാവങ്ങളുടെ ഇന്ത്യ- പുതിയ ഫോര്‍മാറ്റുകളും, കഥകളും ഇല്ലാത്ത ഇന്ത്യന്‍ സിനിമയുടെ അന്താരാഷ്ട്ര മോഡല്‍ അത്ര ആശാവഹമാണോ? പുതിയ കാലത്തിന്റെ സിനിമകള്‍ക്കു ‘regional recognition ‘ മാത്രമേയുള്ളു എന്ന സത്യവും നില നില്‍ക്കുന്നുണ്ട്. ലീന യാദവിന്റെ ‘parched ‘ ഓര്‍മ വരുന്നു. അത്രക്കും വിപുലമായ, സൂക്ഷമവും, പ്രകോപനപരവുമായ സിനിമകള്‍ ഒക്കെ എടുത്തു കഷ്ടപെടുന്നതിനേക്കാള്‍ എത്രയോ എളുപ്പമാണ്, ഇച്ചിരി സ്‌കൂള്‍ ഫെമിനിസവും, രണ്ടു മുറികളില്‍ ഒരു ടീനേജ് പയ്യനെ ചുറ്റിപറ്റി നടക്കുന്ന കൗമാരക്കാരായ ഒരമ്മയും മകളും, അവരുടെ പൈങ്കിളി സെന്റിമെന്റ്‌സും ചിത്രീകരിക്കുന്നത്!  Girls will be girls and what is the criteria for indian films to be accepted at international platforms?

×