July 08, 2025 |
Share on

സ്വര്‍ണക്കടത്ത്: നടി റന്യ റാവുവിന് ബിജെപി സര്‍ക്കാരിന്റെ വഴിവിട്ട സഹായം

കര്‍ണാടകയില്‍ അനുവദിച്ചത് 12 ഏക്കര്‍ ഭൂമി

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ കന്നഡ നടി റന്യ റാവുവിന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് സ്റ്റീല്‍ വ്യാപാരത്തിനായി 2023ല്‍ ബിജെപി സര്‍ക്കാരില്‍ നിന്ന് 12 ഏക്കര്‍ വ്യാവസായിക ഭൂമി ലഭിച്ചതായി കണ്ടെത്തല്‍. കര്‍ണാടകയിലെ ടുമകൂരുവിലുള്ള വ്യാവസായിക ഭൂമിയാണ് ബിജെപി സര്‍ക്കാര്‍ നല്‍കിയതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ബയോഎന്‍സോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി 2022 ഏപ്രിലില്‍ പുനര്‍നാമകരണം ചെയ്ത് ക്ഷിറോദ ഇന്ത്യ എന്നാക്കിയിരുന്നു. ഈ കമ്പനിയിലെ പ്രധാന ഓഹരി ഉടമയായിരുന്നു റന്യ റാവു. 99,000 ഓഹരികളുടെ ഭൂരിഭാഗവും റന്യ റാവുവിന്റെ കൈവശമായിരുന്നു. ബാക്കിയുള്ള 1000 ഓഹരികള്‍ റന്യ റാവുവിന്റെ സഹോദരന്‍ കബിനഹള്ളി റുഷബിന്റെ കൈവശമാണുണ്ടായിരുന്നത്. കര്‍ണാടക സ്റ്റേറ്റ് പോലീസ് ഹൗസിംഗ് കോര്‍പ്പറേഷനില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ആയി സേവനമനുഷ്ഠിക്കുന്ന മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ രാമചന്ദ്ര റാവുവിന്റെ മക്കളാണ് രന്യ റാവുവും റുഷബും.

2023 ജനുവരി 24-ന്, അന്നത്തെ വ്യവസായ മന്ത്രി മുരുഗേഷ് നിരാനിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന 137-ാമത് സംസ്ഥാനതല സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് കമ്മിറ്റി യോഗത്തില്‍, ടുമകൂരുവിലെ സിറ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ സ്റ്റീലും അനുബന്ധ ഉല്‍പ്പന്നങ്ങളും നിര്‍മ്മിക്കുന്നതിനുള്ള ഒരു യൂണിറ്റ് സ്ഥാപിക്കുന്നതിന് ക്ഷിറോദ ഇന്ത്യയ്ക്ക് അനുമതി ലഭിച്ചു.

പ്ലാന്റ് സ്ഥാപിക്കുന്നതിനായി ക്ഷിറോദ ഇന്ത്യയ്ക്ക് 12 ഏക്കര്‍ ഭൂമി അനുവദിക്കാന്‍ കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡെവലപ്മെന്റ് ബോര്‍ഡിനോട് ഉത്തരവിടുകയും ചെയ്തിരുന്നതായാണ് രജിസ്ട്രാര്‍ രേഖകള്‍ വ്യക്തമാക്കുന്നത്.

ടുമകൂരു ജില്ലയിലെ സിറ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഏകദേശം 160 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന തരത്തില്‍ 138 കോടി രൂപയുടെ നിക്ഷേപത്തില്‍ സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍, ടിഎംടി ബാറുകള്‍, അനുബന്ധ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിനായി ഒരു യൂണിറ്റ് സ്ഥാപിക്കാന്‍ ക്ഷിറോദ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് അംഗീകാരം നല്‍കിയതായി അന്നത്തെ ബിജെപി സര്‍ക്കാര്‍ അംഗീകരിച്ച നിര്‍ദ്ദേശത്തിന്റെ ആമുഖത്തില്‍ പറയുന്നു.

2023 ലെ ലാന്‍ഡ് ഓഡിറ്റ് കമ്മിറ്റി യോഗത്തില്‍ കമ്പനി പ്രതിനിധി എത്തുകയും പദ്ധതിയെക്കുറിച്ച് യോഗത്തില്‍ അവതരിപ്പിക്കുകയും ചെയ്തു. ശേഷം സിറ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ 13.5 ഏക്കര്‍ ഭൂമിക്ക് അഭ്യര്‍ത്ഥിക്കുകയും ചെയ്തതായി സര്‍ക്കാര്‍ അംഗീകൃത റിപ്പോർട്ടിൽ പറയുന്നു. തുടര്‍ന്ന് 2023 ഫെബ്രുവരി 22ന് അന്നത്തെ കര്‍ണാടക സര്‍ക്കാര്‍ 12 ഏക്കര്‍ ഭൂമി അനുവദിക്കുകയും ചെയ്തു.

ക്ഷിറോദ ഇന്ത്യ ഉള്‍പ്പെടെ മൂന്ന് കമ്പനികളുടെ ഡയറക്ടറാണ് റന്യ റാവു. മാര്‍ച്ച് മൂന്നിനാണ് സ്വര്‍ണക്കടത്ത് കേസില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തത്. 14 കിലോയോളം സ്വര്‍ണ്ണമാണ് രന്യ കടത്താന്‍ ശ്രമിച്ചത്. 12.56 കോടി വിലമതിക്കുന്ന വിദേശനിര്‍മ്മിത സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ ഡിആര്‍ഐ പിടികൂടിയതായി ധനകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. 4.73 കോടി സ്വത്തുവകകള്‍ ഉള്‍പ്പെടെ മുഴുവന്‍ 17.29 കോടിയാണ് ഡിആര്‍ഐ പിടിച്ചെടുത്തത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ തന്റെ ദുബായ് യാത്രകള്‍ ബിസിനസ് ആവശ്യങ്ങള്‍ക്ക് വേണ്ടിയായിരുന്നുവെന്ന് രന്യയുടെ വാദം. എന്നാല്‍ കണക്കില്‍ കവിഞ്ഞ സ്വര്‍ണ്ണം രന്യയുടെ കൈവശമുണ്ടായിരുന്നുവെന്ന് ഡിആര്‍ഐ വ്യക്തമാക്കി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Content Summary: Gold smuggling: Actress Ranya Rao was granted 12 acres of land with the help BJP

Actress Ranya Rao BJP 

Leave a Reply

Your email address will not be published. Required fields are marked *

×