Continue reading “വിട, നിരന്തരമായ പോരാട്ട വീര്യത്തിന്, അസാധാരണമായ സാധാരണത്വത്തിന്”

" /> Continue reading “വിട, നിരന്തരമായ പോരാട്ട വീര്യത്തിന്, അസാധാരണമായ സാധാരണത്വത്തിന്”

">

UPDATES

വിട, നിരന്തരമായ പോരാട്ട വീര്യത്തിന്, അസാധാരണമായ സാധാരണത്വത്തിന്

                       

ഡൽഹി രാഷ്ട്രീയക്കാരിൽ ഏറ്റവും ചെറുപ്പക്കാരനായിരുന്നു സീതാറാം യെച്ചൂരി. രണ്ടായിരത്തിന്റെ പകുതിയിൽ തലസ്ഥാനത്തെത്തുമ്പോൾ കേന്ദ്ര സർക്കാരിനെ നിയന്ത്രിക്കുന്ന യു പി എ- ലെഫ്റ്റ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ 59 സീറ്റുകളുമായി സർക്കാരിനെ താങ്ങി നിർത്തുന്ന ഇടത്പക്ഷത്തിന്റെ മുഖവും ശബ്ദമായിരുന്നു അദ്ദേഹം. ഡോ. മൻമോഹൻസിങ്ങിന്റെ നേതൃത്വത്തിൽ ഇന്ത്യ അന്തർദ്ദേശീയ ശ്രദ്ധയോടെ മുന്നേറുന്ന കാലത്ത് ഒരു മന്ത്രിസ്ഥാനം പോലും സ്വീകരിക്കാതെ സർക്കാരിനെ പിന്തുണയ്ക്കുന്ന കമ്മ്യൂണിസ്റ്റുകൾ വിദേശ മാധ്യമങ്ങൾക്ക് വരെ വാർത്തയായിരിരുന്നു. തന്നോട് സംസാരിക്കാൻ വരുന്ന വിദേശ ലേഖകരോട് വീർ സിങ്ങ് മാർഗ്ഗിലെ എകെജി ഭവനിലോ, എകെജി ഭവനിനടുത്തുള്ള ഗോൾ മാർക്കറ്റിലോ നിന്ന് ചാർമിനാർ സിഗരറ്റും വലിച്ച് ദീർഘനേരം സംസാരിക്കാൻ യെച്ചൂരിക്ക് ഒരു മടിയുമുണ്ടായിരുന്നില്ല. നിരന്തരം പാർട്ടി ലൈനുകൾ വിശദീകരിക്കും, ജനാധിപത്യത്തിൽ സാധ്യമായ സകല നീക്കുപോക്കുകളുടെ സാധ്യതകളും പരിശോധിക്കും പക്ഷേ പാർട്ടി ലൈനിൽ നിന്ന് അണുവിട ചലിക്കില്ല.

തെലുങ്കാന പ്രക്ഷോഭത്തിൽ നിന്നുള്ള ഊർജ്ജമുൾക്കൊണ്ട് രാഷ്ട്രീയ വിദ്യാഭ്യാസം ആരംഭിച്ച, സീതാറാം യെച്ചൂരി ജെ എൻ യുവിൽ സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥിയായി എത്തുന്നത് ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിലെ ഏറ്റവും മികച്ച വിദ്യാർത്ഥി എന്ന ഖ്യാതിയുമായാണ്. പ്രകാശ് കാരാട്ട് നയിച്ചിരുന്ന ജവഹർലാൽ നെഹ്രു സർവ്വകലാശാല എസ്എഫ്ഐ  സീതാറാം കൂടി എത്തിയതോടെ കൂടുതൽ ചുവന്നു. അടിയന്തിരാവസ്ഥകാലത്ത് ഒളിവിൽ പോയി പ്രക്ഷോഭം സംഘടിപ്പിക്കുകയും തുടർന്ന് അറസ്റ്റിലാവുകയും ചെയ്തു. അടിയന്തിരാവസ്ഥ പിൻവലിച്ച് ജയിലിൽ നിന്നിറങ്ങിയ ശേഷം സീതാറാമും സംഘവും ആദ്യം ചെയ്തത് ഇന്ദിരാഗാന്ധിയുടെ ഔദ്യോഗിക വസതിയിലേയ്ക്ക് പ്രതിഷേധ ജാഥ നടത്തുകയായിരുന്നു. ഇന്ദിരയേയും വീടിനേയും വളഞ്ഞ ശേഷം ജെ എൻ യു ചാൻസിലർ പദവിയിൽ നിന്ന് രാജിവയ്ക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം അടിയന്തിരാവസ്ഥയുടെ കാഠിന്യങ്ങളും മുറിവുകളുമായും മുമ്പേ അവതരിപ്പിച്ച വിദ്യാർത്ഥി നേതാവ് രാജ്യത്തിന്റെ വിപ്ലവ താരമായി മാറി.

1984-ൽ എസ്എഫ്ഐ അഖിലേന്ത്യ അധ്യക്ഷനാകുമ്പോൾ ആ സ്ഥാനത്തെത്തുന്ന ആദ്യത്തെ ബംഗാളി ഇതര, മലയാള ഇതര നേതാവായിരുന്നു സീതാറാം. അതേ വർഷം കേന്ദ്ര കമ്മിറ്റി അംഗം. അതിനടുത്ത വർഷം പുതുതായി രൂപവത്കരിച്ച സെൻട്രൽ സെക്രട്ടറിയേറ്റിൽ പ്രകാശ് കാരാട്ടിനൊപ്പം, തൊണ്ണൂറുകളുടെ ആദ്യം പോളിറ്റ് ബ്യൂറോയിൽ, തുടർന്ന് ഡൽഹിയിൽ നടന്ന ഒരുവിധപ്പെട്ട രാഷ്ട്രീയ നീക്കങ്ങളിലെല്ലാം തന്റെ തെളിവാർന്ന വിവേകത്തിന്റേയും സൗമ്യമായ ഇടപെടലിന്റേയും അസാമാന്യമായ പ്രത്യയശാസ്ത്ര വ്യക്തതയുടേയും ബലത്തിൽ സീതാറാം ഉണ്ടായിരുന്നു. ബാബ്‌രി പള്ളിയുടെ തകർച്ചയ്ക്കും നരസിംഹ റാവു സർക്കാരിന്റെ വീഴ്ചയ്ക്കും ശേഷം മാറി മാറി വന്ന സോഷ്യലിസ്റ്റ് സർക്കാരുകളുടെ ഉപദേശകനായി അദ്ദേഹം മാറി. യുണൈറ്റഡ് ഫ്രണ്ട് സർക്കാരിനായി പൊതുമിനിമം പരിപാടി തയ്യാറാക്കിയത് സീതാറാം യെച്ചൂരിയും അന്ന് തമിഴ്മാനില കോൺഗ്രസ് നേതാവായിരുന്ന പി ചിദംബരവും ചേർന്നാണ്.

2004-ലെ പൊതുതെരഞ്ഞെുടുപ്പിൽ അപ്രതീക്ഷിതമായി ബി ജെ പി പരാജയപ്പെടുകയും കോൺഗ്രസ് വലിയ ഒറ്റകക്ഷിയായി മാറുകയും ചെയ്തപ്പോൾ അതുവരെ പതിറ്റാണ്ടുകൾ നീണ്ട കോൺഗ്രസ് വിരുദ്ധത മാറ്റിവച്ച് ഹർകിഷൻ സിങ് സുർജിത് എന്ന മഹാനായ സിപിഐഎം നേതാവ് സമവായത്തിനിറങ്ങി. 59 സീറ്റുകളുള്ള ഇടത് മുന്നണിയുടെ പുറത്തുനിന്നുള്ള പിന്തുണയിൽ ഒന്നാം യു പി എ സർക്കാർ മണിക്കൂറുകൾക്കകം രൂപപ്പെട്ടു. വീണ്ടും പൊതുമിനിമം പരിപാടി തയ്യാറാക്കിയത് സീതാറാം യെച്ചൂരിയും ചിദംബരവും ചേർന്നായിരുന്നു. ചിദംബരം അപ്പോഴേയ്ക്കും കോൺഗ്രസിൽ തിരിച്ചെത്തി.

യു പി എ സർക്കാർ ഭരണമാരംഭിച്ച് അധികം വൈകാതെ സി പി ഐ എം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സുർജിത് ഒഴിയുകയും പ്രകാശ് കാരാട്ട് സ്ഥാനമേൽക്കുകയും ചെയ്തു. മിതഭാഷിയും മാധ്യമങ്ങൾക്ക് മുന്നിൽ അസ്വസ്ഥനുമായിരുന്ന പ്രകാശ് കാരാട്ടിന് പകരം പാർട്ടിയുടെ ശബ്ദവും മുഖവുമായി മാറിയത് സീതാറാം ആയിരുന്നു. സാമ്പത്തിക ശാസ്ത്രത്തിലും ഗണിതത്തിലുമുള്ള സീതാറാമിന്റെ അസാധ്യ അറിവ് ഡോ മൻമോഹൻസിങ്ങുമായി നല്ല ബന്ധമുണ്ടാകാൻ കാരണമായി. ഹിന്ദിയും ഉർദ്ദുവും അത്യാവശ്യം നല്ലപോലെ കൈകാര്യം ചെയ്യാനറിയാമായിരുന്നത് കൊണ്ട് തന്നെ ലാലു, മുലായം, മായാവതി, ശരദ് യാദവ് തുടങ്ങിയ ഹിന്ദി ബെൽറ്റ് നേതാക്കളുമായും സീതാറാം അടുപ്പത്തിലായി. സി പി ഐ എമ്മുമായി നിരന്തര യുദ്ധമുണ്ടായിരുന്ന മമത ബാനർജിയുമായി വരെ ബംഗാളിയിൽ സംസാരിച്ച് കൊണ്ട് സീതാറാം രാഷ്ട്രീയ സൗഹാർദ്ദം നിലനിർത്തി.

ഭാഷമേലുള്ള പ്രാവീണ്യം പോലെതന്നെയായിരുന്നു സീതാറാമിന്റെ അസാമാന്യമായുള്ള നർമ്മബോധവും. 2005 മുതൽ തുടർച്ചയായി 12 വർഷം രാജ്യസഭാംഗമായിരിക്കേ പാർല്യമെന്റിൽ അത് തുടർച്ചയായി പ്രകടമായിരുന്നു. ഭരണഘടനയും നിയമങ്ങളും അവഗാഹതയോടെ വ്യാഖ്യാനിച്ചുള്ള ആഴത്തിലുള്ള ചർച്ചകൾക്കെല്ലാം ഇടയിലും എതിർപക്ഷത്തെ എം.പിമാരേയും നേതാക്കളേയും വിമർശിക്കാനും പരിഹസിക്കാനുമുള്ള ഒരു അവസരവും സീതാറാം പാഴാക്കില്ല. അതോടൊപ്പം അവരോടുള്ള സനേഹബന്ധങ്ങളിൽ ഒരിടിവും പറ്റാതെ നോക്കുകയും ചെയ്യും. ഹിന്ദുത്വയുടെ ഫാഷിസ്റ്റ് മുഖത്തിലൂന്നി ബി.ജെ.പിയെ ആക്രമിക്കുമ്പോൾ ബഹളം വയ്ക്കുന്ന ബിജെപി അംഗങ്ങളോട് സീതാറാം ആവർത്തിച്ച് പറയുന്നത് കേട്ടിട്ടുണ്ട്: നിങ്ങളേക്കാളൊക്കെ ഹിന്ദുയിസത്തെ കുറിച്ച് എനിക്കറിയാം. ഞാൻ പലഭാഷയിൽ രാമായണം വായിച്ചിട്ടുണ്ട്. എന്റെ പേരിൽ വരെ സീതയും രാമനുമുണ്ട്”.

മനുഷ്യബന്ധങ്ങളിൽ, സാഖാത്തത്തിൽ ഒരു വിട്ടുവീഴ്ചയും സീതാറാമിന് ഉണ്ടായിരുന്നില്ല. സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം, ജനറൽ സെക്രട്ടറി, ഒന്നാം യു പി എ കാലത്തെ സർക്കാരിനെ നിയന്ത്രിക്കുന്നവരിൽ മുഖ്യൻ എന്നിങ്ങനെ പല തരത്തിൽ പ്രവർത്തിക്കുമ്പോഴും ജെ എൻ യുവിലെ എസ്.എഫ്.ഐ സംഘടിപ്പിക്കുന്ന ചെറിയ യോഗങ്ങളിൽ വരെ അദ്ദേഹം എത്തി. പഴയ സഖാക്കൾ വിടവാങ്ങുമ്പോൾ അവരുടെ പ്രിയപ്പെട്ടവരുടെ കൈപിടിച്ച് അദ്ദേഹമുണ്ടാകും. മനുഷ്യരോടുള്ള കരുണയും ലോകത്തോടുള്ള കരുതലും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്ര ബോധത്തിന്റെ, തുടർച്ചകൂടിയായിരുന്നു.

ലോകമറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞനായി മാറാമായിരുന്നു, പക്ഷേ അദ്ദേഹം  തെരഞ്ഞെടുത്തത് രാഷ്ട്രീയത്തിന്റെ മാർഗ്ഗമാണ്. അതിലൂടെ വിട്ടുവീഴ്ചയില്ലാതെ നടന്നു, ലോകത്തിന്റെ മാറ്റമറിഞ്ഞു. ഇന്ദിരാഗാന്ധിക്കെതിരെയുള്ള പോരാട്ടത്തിന്റെ പേരിൽ ശ്രദ്ധിക്കപ്പെട്ട വിദ്യാർത്ഥി നേതാവ് പിന്നീടുള്ള കാലത്ത് സോണിയഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെല്ലാം വേണ്ടപ്പെട്ട സാന്നിധ്യമായിരുന്നു. അവർക്ക് രാഷ്ട്രീയ ഉപദേശങ്ങൾ നൽകാൻ പോന്ന സൗമ്യമായ സാന്നിധ്യം. 59 ഇടത്പക്ഷ എം പിമാരുടെ പിന്തുണയോടെ രാജ്യത്തെ ഭരണം നിയന്ത്രിച്ചിരുന്ന സി പി ഐ എം അല്ല, ഇപ്പോൾ. പാർട്ടി കഠിനമായ പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന കാലമാണ്. സീതാറാമിനെ പോലെ ജനകീയ പിന്തുണയും ധാരണയും ഉള്ള ഒരാളുടെ സാന്നിധ്യം ഏറ്റവും ആവശ്യമുള്ള കാലം.

ഇതുകൊണ്ട് തന്നെ അകാലത്തിലുള്ള വിയോഗമാണിത്. ജീവിത മൂല്യങ്ങളോട് നീതി പുലർത്തി തന്റെ മൃതദേഹം എയിംസിലെ വിദ്യാർത്ഥികൾക്ക് വിട്ട് കൊടുത്ത് സീതാറാം യെച്ചൂരി യാത്രയായി. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കും ജനാധിപത്യ മൂല്യത്തിൽ വിശ്വസിക്കുന്നവർക്കും കടുത്ത വേദനയുണ്ടാക്കി കൊണ്ട്, മതേതര ഇന്ത്യ വീണ്ടെടുക്കാനുള്ള ‘ഇന്ത്യ’മുന്നണിയുടെ പോരാട്ടങ്ങൾക്ക് കനത്ത നഷ്ടമുണ്ടാക്കി കൊണ്ട്…

ലാൽ സലാം സഖാവേ!

content summary;  goodbye to sitaram yechury

ശ്രീജിത്ത് ദിവാകരന്‍

ശ്രീജിത്ത് ദിവാകരന്‍

അഴിമുഖം കണ്‍സള്‍ട്ടന്റ് എഡിറ്റര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍