രാഷ്ട്രീയ സ്വയം സേവക് അഥവ ആര്‍എസ്എസ്സിനെ രാഷ്ട്രീയ സംഘടനയുടെ വിഭാഗത്തില്‍ നിന്ന് ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. ഇത്തരമൊരു നീക്കത്തിലൂടെ സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്, സര്‍വീസില്‍ ഇരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന നിയമ തടസം ഒഴിവാക്കുകയാണ്. കഴിഞ്ഞ കുറച്ചു കാലമായി ആര്‍എസ്എസിന് തങ്ങളോടുള്ള നീരസം ഒഴിവാക്കാന്‍ കൂടി ഈയൊരു നീക്കത്തിലൂടെ സാധിക്കുമെന്നും ബിജെപി കണക്കുകൂട്ടുന്നു. പുതിയ ഉത്തരവ് രാഷ്ട്രീയലാഭത്തിനു വേണ്ടിയാണെന്നും, സംഘം വളര്‍ത്താനുള്ള ലക്ഷ്യമാണെന്നും പ്രതിപക്ഷം ആരോപണം ഉയര്‍ത്തിയിട്ടുണ്ട്.government officials participating in RSS
1966 ല്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍എസ്എസ്സില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും വിലക്കി ഉത്തരവിറക്കിയത്. ഈ ഉത്തരവാണ് മൂന്നാം മോദി സര്‍ക്കാരിലെ പേഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സ് പെന്‍ഷന്‍സ് വകുപ്പ് എടുത്തു മാറ്റിയത്. 30.11.1966, 25.07.1970, 28.10.1980 എന്നീ തീയതികളില്‍ ഇറക്കിയ ഉത്തരവുകളാണ്, 2024 ജൂലൈ ഒമ്പതിലെ ഓഫീസ് മെമ്മോറാണ്ടത്തിലാണ് ആര്‍എസ്എസ്സില്‍ പ്രവര്‍ത്തിക്കാനുള്ള വിലക്കം നീക്കം ചെയ്യാന്‍ തീരുമാനിച്ച കാര്യം പറയുന്നത്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആര്‍എസ്എസ്സില്‍ പ്രവര്‍ത്തിക്കാനുള്ള വിലക്ക് മധ്യപ്രദേശ്, ഹരിയാന എന്നിവിടങ്ങളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ നീക്കം ചെയ്തിരുന്നു. ബാക്കി സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ ഇനി എന്ത് തീരുമാനമെടുക്കുമെന്നാണ് അറിയേണ്ടത്. പ്രത്യേകിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങള്‍.
1981 ല്‍ അന്നത്തെ കോണ്‍ഗ്രസ് ഗവണ്മെന്റ്, മധ്യപ്രദേശില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍എസ്എസ്സില്‍ പ്രവര്‍ത്തിക്കുന്നതില്‍ വിലക്ക് കൊണ്ടു വന്നിരുന്നു. 2000-ല്‍ അന്നത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ദിഗ്വിജയ് സിംഗ് ഈ തീരുമാനം വീണ്ടും നടപ്പിലാക്കി. ആര്‍എസ്എസ് ശാഖകളിലോ സംഘത്തിന്റെ മറ്റ് പ്രവര്‍ത്തനങ്ങളിലോ പങ്കെടുത്തുവെന്ന് തെളിഞ്ഞാല്‍ 1966 ലെ മധ്യപ്രദേശ് സിവില്‍ സര്‍വീസ് ചട്ടപ്രകാരം അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നായിരുന്നു ദിഗ്വിജയ് സിംഗ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നത്.
എന്നാല്‍ 2006 ല്‍ ബിജെപി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ നിയമം മാറ്റി. ആര്‍എസ്എസ് വെറും സാമൂഹിക-സാംസ്‌കാരിക സംഘടനമാത്രമാണെന്നായിരുന്നു ചൗഹാന്റെ വാദം. ആര്‍എസ്എസ് രാഷ്ട്രീയ സംഘടനയല്ലെന്നും അതിന്റെ മേലുള്ള നിരോധനം മുന്‍വിധിയോടെയാണെന്നും ബിജെപി മുഖ്യമന്ത്രി വാദിച്ചു.
2021 ലാണ് ഹരിയാനയിലെ ബിജെപി ഗവണ്മെന്റ്, സര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍എസ്എസ്, ജമാഅത്ത് ഇ-ഇസ്ലാമി എന്നീ സംഘടകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനുള്ള നിരോധനം നീക്കം ചെയ്തത്. ഈ രണ്ട് സംഘടനകളെയും രാഷ്ട്രീയ സംഘടനകളായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിട്ടില്ലെന്നും ആര്‍എസ്എസ് ഒരു സാംസ്‌കാരിക സംഘടന മാത്രമാണെന്നായിരുന്നു ഹരിയാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
ഗുജറാത്തില്‍ 1990 ന്റെ പകുതികളില്‍ കേശുഭായ് പട്ടേല്‍ നിരോധനം നീക്കം ചെയ്‌തെങ്കിലും അതിന്റെ ആയുസ് 20 ദിവസത്തിനു മേല്‍ നീണ്ടില്ല. ആര്‍എസ്എസ്, വിശ്വഹിന്ദു പരിഷദ് എന്നീ സംഘടനകള്‍ നിരോധിത സംഘടനകളുടെ പട്ടികയില്‍ പെട്ടതായിരുന്നു കാരണം. എല്‍ കെ അദ്വാനി, വെങ്കയ്യ നായിഡു എന്നീ മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഗുജറാത്ത് സന്ദര്‍ശിച്ച സമയത്ത്, അവര്‍ തന്നെയാണ് സംഘടന പ്രവര്‍ത്തനങ്ങളില്‍ നിന്നും സര്‍ക്കാര്‍ ജീവനക്കാരെ വിലക്കുന്ന ഉത്തരവ് പിന്‍വലിച്ച നടപടി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. അന്ന് കേന്ദ്രത്തില്‍ ആദ്യ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സമയമാണ്. ഇത്തരമൊരു നീക്കം ഘടകകക്ഷികളില്‍ അഭിപ്രായവ്യത്യാസം ഉണ്ടാക്കിയേക്കുമെന്നായിരുന്നു മുതിര്‍ന്ന നേതാക്കള്‍ ചൂണ്ടിക്കാട്ടിയത്.
പുതിയ ഉത്തരവ് വന്നതോടെ ഗുജറാത്ത് അടക്കം ബാക്കിയുള്ള ബിജെപി ഭരണ സംസ്ഥാനങ്ങള്‍ ആര്‍എസ്എസ്സില്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരെ അനുവദിച്ചേക്കും. പേഴ്‌സണല്‍ ആന്‍ഡ് ട്രെയ്‌നിംഗ് വകുപ്പ് ഉത്തരവ് അനുസരിച്ച് ഇനി മുതല്‍ ആര്‍എസ്എസ്സില്‍ പ്രവര്‍ത്തിക്കുകയോ ശാഖകളില്‍ പങ്കെടുക്കയോ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പ് തല അച്ചടക്ക നടപടികള്‍ ഉണ്ടാകില്ല. ഇതിലൂടെ കൂടുതല്‍ അംഗങ്ങളെ ആര്‍എസ്എസ്സിന് റിക്രൂട്ട് ചെയ്യുകയുമാകാം. പ്രത്യേകിച്ച് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരെ.
നിലവില്‍ കേന്ദ്ര മാനവിഭവശേഷി മന്ത്രാലയത്തിന് കീഴില്‍ വരുന്ന പേഴ്‌സണല്‍ ആന്‍ഡ് ട്രെയ്‌നിംഗ് വകുപ്പ് 1998 വരെ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലായിരുന്നു. 1966 നവംബര്‍ 30 ന് ആഭ്യന്തര മന്ത്രാലയം പിടി വകുപ്പ് വഴി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത് ഇപ്രകാരമാണ്, ‘രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെയും ജമാഅത്ത് ഇ ഇസ്ലാമിയുടെയും പ്രവര്‍ത്തനങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള പങ്കാളിത്തം സംബന്ധിച്ച സര്‍ക്കാര്‍ നയങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചില സംശയങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഈ രണ്ട് സംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍ അത്തരത്തിലുള്ളതാണെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവയില്‍ പങ്കാളികളാകുന്നത് 1964 ലെ സെന്‍ട്രല്‍ സിവില്‍ സര്‍വീസസ് ചട്ടങ്ങളുടെ റൂള്‍ 5’ലെ സബ്-റൂള്‍ (1) ന്റെ വ്യവസ്ഥകള്‍ക്ക് എതിരാണ്. മേല്‍പ്പറഞ്ഞ സംഘടനകളിലോ അവയുടെ പ്രവര്‍ത്തനങ്ങളിലോ അംഗമാവുകയോ, ഏതെങ്കിലും വിധത്തില്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയോ ചെയ്യുന്ന എതൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും അച്ചടക്ക നടപടിക്ക് ബാധ്യസ്ഥനാണ്’.
രാഷ്ട്രീയലും തെരഞ്ഞെടുപ്പിലും പങ്കെടുക്കുന്നതിനെപ്പറ്റി പറയുന്ന 1964 ലെ ചട്ടം 5 ലെ, 5(1) ല്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്, സര്‍ക്കാര്‍ ജീവനക്കാര്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയിലോ അവരുടെ സംഘടനകളിലോ അംഗമാവുകയോ, അവര്‍ക്കായി പ്രവര്‍ത്തിക്കുയോ, സഹായിക്കുകയോ ചെയ്യരുതെന്നാണ്. ചട്ടം5(1) പ്രകാരമുള്ള നിരോധനം, 1968 ലെ ഓള്‍ ഇന്ത്യ സര്‍വീസ്(കണ്‍ടക്റ്റ്) ചട്ടപ്രകാരം ഐഎഎസ്, ഐപിഎസ്, ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കും ബാധകമാണ്. 1970 ജൂലൈ 25-ന് പറഞ്ഞു, ‘1966 നവംബര്‍ 30-ലെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് ശ്രദ്ധയില്‍പ്പെട്ട ഏതെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ സ്ഥിരമായി നടപടിയെടുക്കണം.’
അടിയന്തരാവസ്ഥക്കാലത്ത് (1975-77) ആര്‍എസ്എസ്, ജമാഅത്ത് ഇ ഇസ്ലാമി, ആനന്ദ മാര്‍ഗ്, സിപിഐ-എംഎല്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കപ്പെട്ടിരുന്നതിനാല്‍ ഈ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കാന്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു.
1980 ഒക്ടോബര്‍ 28 ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിരുന്നത് സര്‍ക്കാര്‍ ജീവനക്കാരുടെ ഭാഗത്ത് നിന്നും മതേതര വീക്ഷണം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത അടിവരയിട്ടുകൊണ്ടായിരുന്നു. സാമുദായിക വികാരങ്ങളും വര്‍ഗീയ പക്ഷപാതവും ഇല്ലാതാക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും സര്‍ക്കുലര്‍ ഊന്നിപ്പറയുന്നുണ്ടായിരുന്നു.
1980 ലെ സര്‍ക്കുലര്‍ 1966-ലെയും 1970-ലെയും ഉത്തരവുകള്‍ ആവര്‍ത്തിക്കുന്നതായിരുന്നു. ‘സര്‍ക്കാര്‍ ജീവനക്കാരോ ഏതു വിധത്തിലമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളോ വര്‍ഗീയ അടിസ്ഥാനത്തിലുള്ള സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയോ അവര്‍ക്ക് സഹായം ചെയ്തു കൊടുക്കുകയോ ചെയ്യരുതെന്നും ഒരു വര്‍ഗീയ സംഘടനയ്ക്കും ഒരു തരത്തിലും രക്ഷാകര്‍തൃത്വം വഹിക്കരുതെന്നും സര്‍ക്കുലറില്‍ പറയുന്നു. ഈ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ ഗുരുതരമായ അച്ചടക്കലംഘനമായി കാണുമെന്നും തെറ്റ് ചെയ്ത ജീവനക്കാര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും സര്‍ക്കുലര്‍ ഓര്‍മിപ്പിക്കുന്നു.
1964-ൽ കേന്ദ്ര സിവിൽ സർവീസസ് (നടത്തൽ) ചട്ടങ്ങളും 1968-ൽ അഖിലേന്ത്യാ സർവീസ് (നടത്തൽ) ചട്ടങ്ങളും നിലവിൽ വരുന്നതിന് മുമ്പ് സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങൾ ഉണ്ടായിരുന്നു. 1949-ൽ സർദാർ വല്ലഭായ് പട്ടേൽ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ് ഈ നിയമങ്ങൾ സൃഷ്ടിക്കപ്പെട്ടത്. 1949 മുതലുള്ള റൂൾ 23 1964, 1968 ചട്ടങ്ങളിലെ റൂൾ 5 ന് സമാനമായിരുന്നു. അതായത് സർക്കാർ ഉദ്യോഗസ്ഥർക്ക് രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിന് വിലക്കുന്നുണ്ട്. ഏറ്റവും ഗുരുതരമായ കേസുകളിൽ, നിയമലംഘനങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നതിലേക്ക് വരെ നയിച്ചേക്കാം.
ഈ നിയമങ്ങൾ ലംഘിച്ചാൽ എന്ത് സംഭവിക്കും?
ആരെങ്കിലും ഈ നിയമങ്ങൾ ലംഘിച്ചാൽ, ഒരു പാർട്ടി രാഷ്ട്രീയമാണോ അതോ ഒരു സംഘടന രാഷ്ട്രീയത്തിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന് സർക്കാർ തീരുമാനിക്കും. 1964ലെ ചട്ടങ്ങളിലെ റൂൾ 5(3) പ്രകാരം ഇക്കാര്യത്തിൽ സർക്കാരിൻ്റെ തീരുമാനം അന്തിമമാണ്. 1968ലെ ഓൾ ഇന്ത്യ സർവീസസ് (നടത്തൽ) ചട്ടങ്ങളുടെ റൂൾ 5(3) പറയുന്നത്, ഒരു പ്രവർത്തനമോ പ്രസ്ഥാനമോ ഈ നിയമത്തിന് കീഴിലാണോ എന്നതിനെക്കുറിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കിൽ, സർക്കാർ തീരുമാനിക്കും. ചില കേസുകളിൽ, ഈ നിയമങ്ങൾ ലംഘിക്കുന്നത് ഉദ്യോഗസ്ഥനെ പുറത്താക്കാൻ ഇടയാക്കും. എന്നിരുന്നാലും, ആർഎസ്എസിന് ഔപചാരിക അംഗത്വമില്ലാത്തതിനാൽ, പങ്കാളിത്തം തെളിയിക്കാൻ പ്രയാസമാണ്.
ജൂലൈ 9 ലെ സർക്കുലർ എന്താണ് അർത്ഥമാക്കുന്നത്?
ഇതിനർത്ഥം ആർഎസ്എസിനെ ഒരു “രാഷ്ട്രീയ” സംഘടനയായി കണക്കാക്കുന്നില്ല, അതിനാൽ പെരുമാറ്റ ചട്ടങ്ങളിലെ റൂൾ 5(1) പ്രകാരം പ്രശ്‌നത്തിലാകുമെന്ന് ആശങ്കപ്പെടാതെ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ആർഎസ്എസ് പ്രവർത്തനങ്ങളിൽ പങ്കെടുക്കാം. 1966, 1970, 1980 സർക്കുലറുകളും ജമാഅത്ത് ഇസ്ലാമിയെ ഒരു “രാഷ്ട്രീയ” സ്വഭാവമുള്ള സംഘടനയായി പരാമർശിക്കുമ്പോൾ ജൂലൈ 9 ന് പുറത്തുവിട്ട സർക്കുലറിൽ ആ ടാഗ് ആർഎസ്എസിന് ഒഴുവാക്കി കൊടുക്കുകയാണ്. അതായത് ഈ നിയമങ്ങൾ പ്രകാരം ജമാഅത്ത് ഇസ്ലാമി ഇപ്പോഴും ഒരു സംഘടനയായി തുടരുകയും, അതിന്റെ പദവി രാഷ്ട്രീയമായി കണക്കാക്കുകയും ചെയ്യുന്നു. അപ്പോൾ സർക്കാർ ഉദ്യോഗസ്ഥർക്ക് സംഘടനയിൽ അംഗമാകാൻ കഴിയില്ല.
ഇതാദ്യമായാണോ ഒരു സർക്കാർ ആർഎസ്എസിൻ്റെ “രാഷ്ട്രീയ” ടാഗ് നീക്കം ചെയ്യുന്നത്?
ആർഎസ്എസിനെ “രാഷ്ട്രീയ” എന്നുൾപ്പെടുത്തിയായിരുന്നു മുൻകാലങ്ങളിൽ പുറപ്പെടുവിച്ച വിവിധ സർക്കുലറുകൾ. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഈ സർക്കുലറുകൾ കൊണ്ടുവന്നത്. നിരവധി വർഷങ്ങളായി, 1980-കളിലും 90-കളിലും രാജീവ് ഗാന്ധി, പി.വി. നരസിംഹ റാവു തുടങ്ങിയവർ അധികാരത്തിലിരുന്നെങ്കിലും അവർ പഴയ നിയമങ്ങൾ തുടർന്നു. 1960കളിലെയും 1970കളിലെയും ഈ നിയമങ്ങൾ ഇപ്പോഴും ആർഎസ്എസിനെ ഒരു രാഷ്ട്രീയ സംഘമായാണ് കണക്കാക്കുന്നത്. ഇപ്പോൾ, നിലവിലെ സർക്കാർ ഈ സമീപനം മാറ്റുകയും ആർഎസ്എസിൽ നിന്ന് “രാഷ്ട്രീയ” ലേബൽ നീക്കിയിരിക്കുകയാണ്.
Content summary; Government servants and RSS activities: what official Rules saygovernment officials participating in RSS