March 18, 2025 |

അദാനിയെ രക്ഷിക്കാന്‍ പാര്‍ലമെന്റില്‍ സര്‍ക്കാര്‍ നടത്തുന്ന തന്ത്രങ്ങള്‍

അന്വേഷിക്കാമെന്ന് ആദ്യം പറയും, പിന്നീടത് വിഴുങ്ങും

ഏകദേശം പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, രാജ്യത്തെ കള്ളക്കടത്ത് വിരുദ്ധ അതോറിറ്റി രാജ്യത്തുടനീളം ഞെട്ടലുളവാക്കുന്ന ഒരു അന്വേഷണം ആരംഭിച്ചിരുന്നു.

അദാനി ഗ്രൂപ്പ്, അനില്‍ ധീരുഭായ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ്, എസ്സാര്‍, ജിന്‍ഡാല്‍സ് തുടങ്ങി നാല്‍പത് കല്‍ക്കരി ഇറക്കുമതിക്കാര്‍ ഉള്‍പ്പെട്ട കല്‍ക്കരി ഇറക്കുമതിയില്‍ വന്‍ തട്ടിപ്പിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) കണ്ടെത്തി.

ഭാരതീയ ജനതാ പാര്‍ട്ടിയുമായി(ബിജെപി) അടുപ്പമുള്ളവരാണെന്ന് കരുതപ്പെടുന്ന ശതകോടീശ്വരന്മാരും ഇന്ത്യയില്‍ സ്വാധീനമുള്ള മറ്റ് ബിസിനസ് ഉടമകളും ചേര്‍ന്ന് ഇന്ത്യന്‍ പവര്‍ പ്ലാന്റുകള്‍ക്കായി ഇന്തോനേഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിയുടെ ചിലവ് വര്‍ദ്ധിപ്പിച്ച് വലിയൊരു കൊള്ള നടത്തിയിരുന്നു. ഉയര്‍ന്ന വൈദ്യുതി ബില്ലിലാണ് ഇന്ത്യന്‍ ഉപഭോക്താവ് ഇതിന് പണം നല്‍കിയതെന്നാണ് ആരോപണം.

2015-നും 2016-നും ഇടയില്‍ കല്‍ക്കരി ഇറക്കുമതിയുടെ അമിത മൂല്യനിര്‍ണയത്തെക്കുറിച്ച് ധനം, ഊര്‍ജം, കല്‍ക്കരി എന്നീ മന്ത്രാലയങ്ങളോടായി പാര്‍ലമെന്റില്‍ ആറ് ചോദ്യങ്ങളോളം ഉയര്‍ന്നു. വിഷയം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അന്വേഷിക്കുന്നുവെന്നായിരുന്നു മന്ത്രാലയങ്ങള്‍ എല്ലാ ചോദ്യത്തിനും ഉത്തരമായി നല്‍കിയത്.

എല്ലായിപ്പോഴും ഒരു മന്ത്രി പാര്‍ലമെന്റിന്റെ ഏതെങ്കിലും സഭയില്‍ താന്‍ എന്തെങ്കിലും ചെയ്യുമെന്ന് പറഞ്ഞാല്‍, ആ പ്രസ്താവന ഒരു ഉറപ്പായി ആണ് കണക്കാക്കപ്പെടുന്നത്. ഗവണ്‍മെന്റ് നല്‍കുന്ന അത്തരം എല്ലാ ഉറപ്പുകളും മൂന്ന് മാസത്തിനുള്ളില്‍ നടപ്പിലാക്കുകയും സഭകളില്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഒരു ഉത്തരവാദിത്ത നിരീക്ഷണ സമിതിയായ ഒരു അഷ്വറന്‍സ് കമ്മിറ്റി അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുകയുമാണ് പതിവ്.

അതിനാല്‍, മന്ത്രാലയങ്ങളുടെ പ്രസ്തവനയുടെ അടിസ്ഥാനത്തില്‍, 2015 ഏപ്രില്‍ മുതല്‍ അദാനി ഗ്രൂപ്പിനെയും മറ്റുള്ളവരെയും കുറിച്ച് അന്വേഷണം ആരംഭിച്ചിരിക്കുന്നു എന്നത് ഒരു ഉറപ്പായി രേഖപ്പെടുത്തി കഴിഞ്ഞിരുന്നു. അന്വേഷണം പൂര്‍ത്തീകരിക്കാനും അന്വേഷണം എങ്ങനെ പുരോഗമിക്കുന്നുവെന്നും അതിന്റെ കണ്ടെത്തലുകളും പാര്‍ലമെന്റംഗങ്ങളെ അറിയിക്കാനും സര്‍ക്കാര്‍ ഇപ്പോള്‍ പ്രതിജ്ഞാബദ്ധവുമാണ്.

പിന്നീടുള്ള ആറ് വര്‍ഷങ്ങളില്‍, പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും അഷ്വറന്‍സ് കമ്മിറ്റികള്‍ ഗവണ്‍മെന്റിനോട്, അന്വേഷണങ്ങളെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്താന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. പല ഡെഡ് ലൈനുകള്‍ അവസാനിച്ചിട്ടും വിവരങ്ങള്‍ പുറത്ത് വരുന്നില്ലയെന്ന് മാത്രം.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അദാനിയുടെ അഴിമതികള്‍ അന്വേഷിക്കാനുള്ള പ്രതിബദ്ധതയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നത് മാത്രമല്ല ഇവിടെത്തെ പ്രശ്‌നം എന്നതാണ് ഞങ്ങളുടെ വിശകലനം ചൂണ്ടി കാണിക്കുന്നത്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയില്‍, നിയമനിര്‍മ്മാതാക്കളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി, അദാനി ഗ്രൂപ്പിന്റെയും മറ്റ് കോര്‍പ്പറേഷനുകളുടെയും ആരോപണവിധേയമായ അഴിമതികള്‍ അന്വേഷിക്കുമെന്ന് ഏറ്റവും കുറഞ്ഞത് ഏഴ് തവണയെങ്കിലും പാര്‍ലമെന്റില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ പല മന്ത്രാലയങ്ങളും അന്വേഷണത്തിന്റെ നിലയും നിരീക്ഷണങ്ങളും ജനങ്ങളുമായി പങ്കിടാന്‍ പ്രതിജ്ഞാബദ്ധവുമാണ്.

ജനശ്രദ്ധ മങ്ങുകയും, മാധ്യമങ്ങളുടെ ശ്രദ്ധ മാറുകയും ചെയ്യുന്നതിനോടൊപ്പം പാര്‍ലമെന്റ് ചര്‍ച്ചകളില്‍ പ്രതിപക്ഷത്തിന്റെ രോഷം ശമിക്കുകയും ചെയ്തപ്പോള്‍ അന്വേഷണങ്ങള്‍ നടത്തി കണ്ടെത്തലുകള്‍ പാര്‍ലമെന്റിലൂടെ പൗരന്മാരെ അറിയിക്കുമെന്ന വാഗ്ദാനങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്നോട്ട് പോവുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടേഴ്‌സിന്റെ കലക്ടീവിന്റെ അന്വേഷണം വ്യക്തമാക്കുന്നു.

ഉത്തരവാദിത്തമുള്ള ഒരു കോര്‍പ്പറേറ്റ് എന്ന നിലയില്‍, ചരക്കുകളുടെ മൂല്യനിര്‍ണ്ണയത്തിനും ക്ലിയറിങ്ങിനും തങ്ങള്‍ ഇന്ത്യന്‍ കസ്റ്റംസ് അധികാരികള്‍ അനുശാസിക്കുന്ന എല്ലാ സ്റ്റാന്‍ഡേര്‍ഡ് നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുവെന്നാണ് അദാനി റിപ്പോര്‍ട്ടേഴ്സ് കളക്ടീവിനോട് പറഞ്ഞത്.

അഞ്ച് വര്‍ഷം മുമ്പ് രേഖകളും വിശദാംശങ്ങളും സമര്‍പ്പിച്ചതിന് ശേഷം, ഡിആര്‍ഐ അതില്‍ നിന്ന് കൂടുതല്‍ വിവരങ്ങളൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും കമ്പനി കൂട്ടിച്ചേര്‍ക്കുന്നു.

കോര്‍പ്പറേറ്റുകള്‍ തങ്ങളുടെ നിരപരാധിത്വം വാദിക്കുന്നത് തികച്ചും സ്വാഭാവികമാണ്. പക്ഷേ, ഗവണ്‍മെന്റിനെ നയിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ പാര്‍ലമെന്റിലൂടെ പൗരന്മാരോട് ഉത്തരം പറയേണ്ടവരാണ്.

രാഷ്ട്രീയക്കാരുടെ വാഗ്ദാനങ്ങള്‍ പലപ്പോഴും മഹത്തായതും എന്നാല്‍ വിശ്വാസയോഗ്യമല്ലാത്തതുമാണ് എന്ന അറിവ് ഇന്ത്യക്കാര്‍ക്ക് ഒരു പുതിയ കാര്യമല്ല. അപ്പോഴും, ഗവണ്‍മെന്റിന്റെ ഉത്തരവാദിത്തങ്ങള്‍ ഉറപ്പാക്കുന്ന സംവിധാനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന് പാര്‍ലമെന്റില്‍ നടത്തിയ പ്രതിജ്ഞകള്‍ക്ക് പവിത്രമായ ഭാരമുണ്ട്. ‘പാര്‍ലമെന്റ് ജനങ്ങളെ ധിക്കരിച്ചു’വെന്ന റിപ്പോട്ടേഴ്‌സ് കളക്ടീവിന്റെ അന്വേഷണ പരമ്പരയില്‍ ഇത്തരം പാര്‍ലമെന്ററി വാഗ്ദാനങ്ങള്‍ പരിശോധിക്കുകയും അവയുടെ വിവരങ്ങള്‍ പങ്കുവെക്കുകയുമാണ്. ഞങ്ങളുടെ റിപ്പോട്ടര്‍മാര്‍, 55 മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് പേജുകളിലായി വ്യാപിച്ചുകിടക്കുന്ന 100-ലധികം പാര്‍ലമെന്ററി റിപ്പോര്‍ട്ടുകളുടെ സമഗ്രമായ വിശകലനത്തിലൂടെ കണ്ടെത്തിയ, ഗവണ്‍മെന്റ് വാഗ്ദാനങ്ങളുടെ നഗ്നയാഥാര്‍ത്ഥ്യങ്ങള്‍ വെളിപ്പെടുത്തുകയാണ്.

ഇരുസഭകളിലും നല്‍കിയ വാഗ്ദാനങ്ങളില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ പാര്‍ലമെന്റിന് വിപുലമായ പ്രക്രിയയുണ്ടെങ്കിലും, ഉത്തരവാദിത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി സര്‍ക്കാര്‍ കഠിനമായി പരിശ്രമിച്ചുവെന്ന് ഈ അന്വേഷണ പരമ്പര ചൂണ്ടി കാണിക്കുന്നു.

അന്വേഷണ പരമ്പരയുടെ ഈ ആദ്യ ഭാഗത്തില്‍, ഒരു പ്രമുഖ വ്യവസായ സ്ഥാപനം ഉള്‍പ്പെട്ടതായി ആരോപിക്കപ്പെടുന്ന അഴിമതി അന്വേഷിക്കുന്നതില്‍ പാര്‍ലമെന്റിന് ആവര്‍ത്തിച്ചുള്ള ഉറപ്പ് നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതെങ്ങനെയെന്ന് ഞങ്ങള്‍ വെളിപ്പെടുത്തുന്നു.

ഉറപ്പ് (Assurance)

‘കള്ളം പറയുകയോ വഞ്ചിക്കുകയോ ചെയ്യരുത്’ എന്നതാണ് പാര്‍ലമെന്റിന്റെ പ്രധാന നിയമങ്ങളിലൊന്ന്.

പാര്‍ലമെന്റിന്റെ ഇരുസഭകളിലും മന്ത്രിമാരുടെ പ്രസംഗങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍, ഉത്തരങ്ങള്‍ എന്നിവയിലെ ഓരോ വാക്കുകളും ലോക്സഭയിലെയും രാജ്യസഭയിലെയും ഉദ്യോഗസ്ഥരുടെ സംഘങ്ങള്‍ സൂക്ഷ്മമായി അവലോകനം ചെയ്യാറുണ്ട്.

ഒരു മന്ത്രി പാര്‍ലമെന്റില്‍ പ്രത്യേകമായി എന്തെങ്കിലും ചെയ്യുമെന്ന് പറയുമ്പോള്‍, ആ പ്രസ്താവന ഒരു ഉറപ്പായാണ് കണക്കാക്കപ്പെടുന്നത്. ‘ഞാന്‍ അത് പരിശോധിക്കും’ അല്ലെങ്കില്‍ ‘ഡാറ്റ ശേഖരിക്കുന്നു’ എന്നിങ്ങനെയുള്ള പദസമുച്ചയങ്ങളുടെ ഒരു മുന്‍ നിശ്ചയിച്ച ലിസ്റ്റ്, ഒരു പ്രസ്താവന ഒരു ഉറപ്പായി (assurance) യോഗ്യമാണോ എന്ന് നിര്‍ണയിക്കാന്‍ സഹായിക്കുന്നു. സര്‍ക്കാര്‍ നല്‍കുന്ന എല്ലാ ഉറപ്പുകളും മൂന്നു മാസത്തിനകം നടപ്പാക്കുകയും വേണം.

ഉദാഹരണത്തിന്, ഒരു മന്ത്രിയോട് ഒരു ചോദ്യം ചോദിക്കുകയും അവര്‍ക്ക് ഉത്തരമില്ലെന്നും എന്നാല്‍ പിന്നീട് നല്‍കാമെന്നും പ്രതികരിക്കുകയാണെങ്കില്‍ ഈ പ്രസ്താവന ഒരു ഉറപ്പായി കണക്കാക്കപ്പെടുന്നു. ഒരു നിയമം കൊണ്ടുവരും, അന്വേഷണം നടത്താം അല്ലെങ്കില്‍ ഒരു കമ്മിറ്റി രൂപീകരിക്കും എന്നതുപോലുള്ള ഏതെങ്കിലും നിര്‍ദ്ദിഷ്ട നടപടിക്ക് മന്ത്രി സര്‍ക്കാരിനെ പ്രതിജ്ഞാബദ്ധമാക്കുകയാണെങ്കില്‍, അത് സര്‍ക്കാര്‍ പാര്‍ലമെന്റിലൂടെ പൊതുജനങ്ങള്‍ക്ക് നല്‍കുന്ന ഉറപ്പുകളായി കണക്കാക്കപ്പെടുന്നു.

ഉറപ്പുകള്‍ പ്രാബല്യത്തില്‍ വരാതെയാകുമ്പോള്‍ ഓരോ സഭയ്ക്കും ഒന്ന് എന്ന നിലയില്‍ തിരഞ്ഞെടുത്ത പാര്‍ലമെന്റംഗങ്ങള്‍ അടങ്ങുന്ന അഷ്വറന്‍സ് കമ്മിറ്റി തെളിവുകള്‍ സഹിതം ഉറപ്പുകളുടെ പുരോഗതിയുടെ സ്റ്റാറ്റസ് അപ്ഡേറ്റു ചെയ്യാന്‍ മന്ത്രാലയങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് വേണ്ടത്.

പാര്‍ലമെന്റിന് നല്‍കുന്ന അവകാശവാദങ്ങള്‍ക്കും വാഗ്ദാനങ്ങള്‍ക്കും സര്‍ക്കാറിനെ ഉത്തരവാദിത്വമുള്ളവരാക്കി മാറ്റുക എന്നതാണ് ഈ കമ്മിറ്റികളുടെ ലക്ഷ്യം.

പക്ഷേ, ഉറപ്പുനല്‍കുന്ന കമ്മിറ്റികളെ മരവിപ്പിച്ച് കളയുന്ന പഴുതുകളുണ്ട്. പാര്‍ലമെന്റില്‍ നല്‍കിയ ഉറപ്പുകള്‍ തെറ്റിച്ച മന്ത്രിമാര്‍ക്കെതിരെ പിഴ ചുമത്താന്‍ വ്യവസ്ഥയില്ല. പാര്‍ലമെന്റില്‍ പോലും ഉറപ്പ് നല്‍കുന്ന സമിതികളുടെ റിപ്പോര്‍ട്ടുകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല എന്നതാണ് ഏറ്റവും മോശം പ്രവണത. അതിനാല്‍, പതിറ്റാണ്ടുകളായി, മന്ത്രിമാര്‍ വാഗ്ദാനങ്ങളും അവകാശവാദങ്ങളും നല്‍കുകയും, പിന്നീട് അവരുടെ പ്രസ്താവനകളില്‍ നിന്ന് പിന്നോട്ട് പോകുകയും ചെയ്യുന്നു.

എങ്ങനെ ഒരു ഉറപ്പ് ലംഘിക്കാം?

അദാനി ഗ്രൂപ്പിന്റെ അഴിമതി ആരോപണത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ നിജസ്ഥിതി പാര്‍ലമെന്റില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്ന വാഗ്ദാനത്തില്‍ നിന്ന് ബിജെപി സര്‍ക്കാര്‍ പിന്നോട്ട് പോവുകയുണ്ടായത്. പകരം അതെല്ലാം മറക്കാന്‍ പാര്‍ലമെന്റിനോട് ആവശ്യപ്പെടുകയാണ് ഉണ്ടായത്.

2016 ഒക്ടോബറില്‍ ഉറപ്പ് (Assurance) ഉപേക്ഷിക്കാന്‍ ധനമന്ത്രാലയം ലോക്സഭാ സമിതിയോട് ആവശ്യപ്പെടുകയുണ്ടായത്. വിദേശ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന അന്വേഷണത്തില്‍ അന്വേഷണ ഏജന്‍സികളുടെ പരിമിതികള്‍ ചൂണ്ടി കാട്ടിക്കൊണ്ട് അന്വേഷണം ഒരു സമയമെടുക്കുന്ന പ്രക്രിയയാണെന്നു പറഞ്ഞു കൊണ്ടായിരുന്നു അന്വേഷണം ഉപേക്ഷിക്കാന്‍ ധനമന്ത്രാലയം ആവശ്യപ്പെട്ടത്.

parliament assurance document , reporter's collective

പാര്‍ലമെന്ററി അഷ്വറന്‍സ് കമ്മിറ്റിയുടെ 58 റിപ്പോര്‍ട്ടില്‍ നിന്നുള്ള ഭാഗം

അന്വേഷണത്തിന് സമയമെടുക്കുമെന്ന് സമ്മതിച്ച കമ്മിറ്റി പക്ഷെ ഉറപ്പ് ഉപേക്ഷിക്കാന്‍ വിസമ്മതിച്ചു. ക്രമക്കേടുകളുടെ സ്വഭാവം പരിഗണിച്ച് സമഗ്രമായ അന്വേഷണത്തിനും ഉചിതമായ നടപടിയെടുക്കുന്നതിനുള്ള ഉത്തരവാദിത്തം ഉറപ്പിക്കുകയാണ് വേണ്ടതെന്ന് കമ്മിറ്റി പറഞ്ഞു.

രണ്ട് ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകള്‍ അന്വേഷണത്തില്‍ സഹകരിക്കാന്‍ വിസമ്മതിച്ചതിനാലാണ് ഡിആര്‍ഐ വിദേശ രാജ്യങ്ങളെ സമീപിക്കാന്‍ നിര്‍ബന്ധിതരായതെന്ന വസ്തുത കേന്ദ്ര ധനമന്ത്രാലയം വെളിപ്പെടുത്തിയില്ല. ഇടപാടുകാരുടെ വിവരങ്ങളുടെ രഹസ്യ സ്വഭാവം ചൂണ്ടിക്കാട്ടി വിവരങ്ങള്‍ക്കായുള്ള ഡിആര്‍ഐയുടെ അപേക്ഷകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിരസിച്ചതായി റിപ്പോര്‍ട്ടുണ്ട്. പൊതുമേഖലാ ബാങ്കുകള്‍ സ്വയംഭരണാധികാരമുള്ള സ്ഥാപനങ്ങളാണെങ്കിലും, ധനകാര്യ മന്ത്രാലയത്തിന് സാമ്പത്തിക സേവന വകുപ്പ് മുഖേന അതിന്റെ പ്രവര്‍ത്തനത്തില്‍ ന്യായമായ അളവിലുള്ള അധികാരവും നിയന്ത്രണവുമുണ്ട്.

അന്വേഷണം ആരംഭിച്ച ഡിആര്‍ഐ ഉദ്യോഗസ്ഥരെ എങ്ങനെയാണ് പാതിവഴിയില്‍ മാറ്റിയതെന്നതിന്റെ വിശദാംശങ്ങളും മന്ത്രാലയം വെളിപ്പെടുത്തിയില്ല. ഇത് മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നിരുന്നു.

2017 ഡിസംബറില്‍, ഡിആര്‍ഐ അന്വേഷണവുമായി സഹകരിക്കാന്‍ വിസമ്മതിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ മേധാവി അരുന്ധതി ഭട്ടാചാര്യയെ രാജ്യത്തെ കല്‍ക്കരി ലേലത്തിനുള്ള നിയമങ്ങള്‍ രൂപീകരിക്കാന്‍ ഉന്നതാധികാര വിദഗ്ധ സമിതിയിലേക്ക് നിയമിച്ചു. സമിതിയുടെ ശുപാര്‍ശകള്‍ ഒടുവില്‍ നിലവിലുള്ള വാണിജ്യ കല്‍ക്കരി ലേല വ്യവസ്ഥയ്ക്ക് തുടക്കമിട്ടു. ഈ ഭരണത്തിന് കീഴിലുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവിശ്വസനീയമാംവിധം കുറഞ്ഞ വിലയ്ക്ക് കല്‍ക്കരി ബ്ലോക്കുകള്‍ സമ്മാനമായി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ എങ്ങനെയാണ് പോയതെന്ന് ദ റിപ്പോര്‍ട്ടേഴ്സ് കളക്റ്റീവ് നേരത്തെ നടത്തിയ അന്വേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

2017 ഒക്ടോബറില്‍ ലോക്സഭാ സമിതി കേന്ദ്ര കല്‍ക്കരി മന്ത്രാലയത്തിലേക്ക് തിരിഞ്ഞു. കല്‍ക്കരി ഇറക്കുമതിയെക്കുറിച്ചുള്ള ഡിആര്‍ഐയുടെ അന്വേഷണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുമെന്നും ഡാറ്റകള്‍ കൈമാറുമെന്നും 2015 മെയ് മാസത്തില്‍ മന്ത്രാലയം പാര്‍ലമെന്റിന് ഉറപ്പ് നല്‍കിയിരുന്നു.

അതിനു ശേഷം, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് വിഷയം അന്വേഷിക്കുന്നതിനാല്‍ കല്‍ക്കരി മന്ത്രാലയത്തിന് കേസില്‍ ഒരു പങ്കുമില്ലായെന്ന് കേന്ദ്ര കല്‍ക്കരി മന്ത്രാലയം പറഞ്ഞു. ഭൂരിഭാഗം ഇറക്കുമതിക്കാര്‍ക്കെതിരെയും അന്വേഷണം നടന്നുവരികയാണെന്നും നാല് പേര്‍ക്കെതിരെയുള്ള അന്വേഷണം അവസാനിപ്പിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡിആര്‍ഐ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്ന് ലോക്‌സഭയുടെ അഷ്വറന്‍സ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ യോഗങ്ങളുടെ വിശദാംശങ്ങള്‍ സമിതിയുടെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടുകളില്‍ ലഭ്യമല്ല.

parliament assurance committee ,reporter's collective

ഡിആര്‍ഐ അംഗങ്ങളെ കാണാന്‍ അഷ്വറന്‍സ് സമതി തീരുമാനിച്ചതിന്റെ രേഖ. 78മത് സമിതി റിപ്പോര്‍ട്ട്.

2016ല്‍ അദാനി ഗ്രൂപ്പിനെതിരായ അഴിമതിക്കേസ് വീണ്ടും പാര്‍ലമെന്റില്‍ ഉയര്‍ന്നു. കല്‍ക്കരി ഇറക്കുമതിയുടെ അമിത മൂല്യനിര്‍ണയം സംബന്ധിച്ച അന്വേഷണത്തിന്റെ സ്ഥിതിയെക്കുറിച്ചും അറസ്റ്റിലായ ആളുകളുടെ എണ്ണത്തെക്കുറിച്ചും അന്നത്തെ വൈദ്യുതി മന്ത്രിയോട് ചോദ്യങ്ങള്‍ ചോദിച്ചു. ഡിആര്‍ഐ വിഷയം അന്വേഷിക്കുകയാണ്. ഇത് ഒരു ഉറപ്പായി (assurance) മാറി. അന്വേഷണത്തിന്റെ സ്ഥിതിയും കണ്ടെത്തലുകളും പങ്കിടാന്‍ സര്‍ക്കാര്‍ വീണ്ടും ആവശ്യപ്പെടും എന്ന് സ്ഥിരം ശൈലിയിലുള്ള അവ്യക്തമായ ഉത്തരങ്ങളാണ് അപ്പോളും നല്‍കിയിരുന്നത്.

പക്ഷേ, അന്വേഷണ വിവരങ്ങള്‍ പങ്കുവെക്കപ്പെട്ടില്ല. പകരം ഈ വിഷയത്തില്‍ പാര്‍ലമെന്റ് ചോദ്യം ചെയ്യുന്നത് നിര്‍ത്തണമെന്നും ഉറപ്പ് ഉപേക്ഷിക്കണമെന്നുമാണ് മന്ത്രാലയം ആവശ്യപ്പെട്ടത്.

അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ നല്‍കുമ്പോള്‍ ഉറപ്പ് ഉപേക്ഷിക്കണമെന്ന കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ അഭ്യര്‍ത്ഥന 2018 മാര്‍ച്ചില്‍ രാജ്യസഭ കമ്മിറ്റി നിരസിച്ചു. എന്നാല്‍ ബിജെപി സര്‍ക്കാര്‍ യാതൊരു വിശദാംശങ്ങളും നല്‍കാതെ ഉറച്ചുനിന്നു.

അദാനി ഗ്രൂപ്പിനെതിരെയുള്ള അന്വേഷണത്തെക്കുറിച്ചുള്ള ചോദ്യം സര്‍ക്കാരിന് മുന്നില്‍ വീണ്ടും ഉയര്‍ന്നതായി 2021 ലെ രാജ്യസഭയുടെ അഷ്വറന്‍സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ‘ഉറപ്പ് ഗുരുതരമായ ആശങ്കയുണ്ടാക്കുന്നതാണെന്നും അത്തരം കേസുകളില്‍ അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നും അങ്ങനെ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും’ കേന്ദ്ര ഊര്‍ജ മന്ത്രാലയത്തോട് അഷ്വറന്‍സ് കമ്മിറ്റി ആവശ്യപ്പെട്ടു.

എന്നാല്‍, അഷ്വറന്‍സ് കമ്മിറ്റിയും യു-ടേണ്‍ എടുക്കുകയും, അവര്‍ പറഞ്ഞ ഉറപ്പ് പിന്നീട് ഉപേക്ഷിക്കുകയും ചെയ്തു. അത് എന്തുകൊണ്ടെന്ന് ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല.

parliament assurance committee , reporte's collective

അദാനി ഗ്രൂപ്പിനെതിരെയുള്ള അന്വേഷണത്തെക്കുറിച്ചുള്ള ചോദ്യം സര്‍ക്കാരിന് മുന്നില്‍ വീണ്ടും ഉയര്‍ന്നതായി കാണിക്കുന്ന 2021 ലെ രാജ്യസഭ അഷ്വറന്‍സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലെ ഭാഗം

2020 ഫെബ്രുവരിയില്‍, ലോക്സഭാ കമ്മിറ്റി പാര്‍ലമെന്റിന് നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതിന് ധനമന്ത്രാലയത്തെ പ്രതി ചേര്‍ത്തു. കമ്മിറ്റി ‘അസാധാരണമായ കാലതാമസങ്ങള്‍’ വരുത്തുകയും, അത് മന്ത്രിതല പ്രക്രിയകളെ ഫലപ്രദമല്ലാതാക്കിയെന്നും മന്ത്രാലയത്തിനെതിരായ കുറ്റമായി ചൂണ്ടി കാണിച്ചു.

കൃത്രിമമായി കല്‍ക്കരി ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ചുള്ള അന്വേഷണം തുടരാന്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. മന്ത്രാലയത്തോട് അതിന്റെ ശ്രമങ്ങള്‍ വേഗത്തിലാക്കാനും സജീവമായ സമീപനം സ്വീകരിക്കാനും നയതന്ത്ര, ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട മറ്റ് ചാനലുകള്‍ ഉള്‍പ്പെടെ സാധ്യമായ എല്ലാ ചാനലുകളും ഉപയോഗിക്കാനും കമ്മിറ്റി ആവശ്യപ്പെട്ടു.

എന്നിട്ടും, ഒരു വര്‍ഷത്തിനുശേഷം, ഉറപ്പ് ഒഴിവാക്കാനുള്ള അഭ്യര്‍ത്ഥനയുമായി ധനമന്ത്രാലയം തിരിച്ചെത്തി. അന്വേഷണം ഉടന്‍ പൂര്‍ത്തിയാകാന്‍ സാധ്യതയില്ലെന്ന് പാര്‍ലമെന്ററി സമിതിയെ അറിയിക്കുകയും ചെയ്തു.

2016 മുതല്‍ അഷ്വറന്‍സുകള്‍ തീര്‍പ്പുകല്‍പ്പിക്കുന്നില്ല, അത് പെട്ടെന്ന് പൂര്‍ത്തികരിക്കാന്‍ സാധ്യതയുള്ളവയുമല്ലായെന്ന് മന്ത്രാലയം അതില്‍ പറയുന്നു.

ഈ അഭ്യര്‍ത്ഥനയും നിരസിക്കപ്പെട്ടു, പകരം അന്വേഷണം ശക്തമായി തുടരാന്‍ മന്ത്രാലയത്തോട് കമ്മിറ്റി വീണ്ടും ആവശ്യപ്പെട്ടു.

ഉത്തരങ്ങള്‍ രാഷ്ട്രീയമായി ദോഷം ചെയ്യുന്നവയാണെങ്കില്‍ കാലതാമസം ചിലപ്പോള്‍ അവസാനിക്കാത്തതും നിഷേധങ്ങള്‍ ഒരു മാര്‍ഗമായും മാറും. മുതലാളിത്ത സുഹൃത്തുക്കളെയും അഴിമതിയെയും കുറിച്ചുള്ള അന്വേഷണങ്ങളില്‍ നിന്ന് പാര്‍ലമെന്റിനെ പിന്തിരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് താല്‍പ്പര്യമുണ്ടായിരുന്നു.

2022 ഡിസംബറിലും ധനമന്ത്രാലയം അത് ഉപേക്ഷിക്കാന്‍ കമ്മിറ്റിയുടെ വാതിലുകളില്‍ വീണ്ടും മുട്ടി. ‘അന്വേഷണങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള ഡോക്യുമെന്ററി തെളിവുകളുടെ (sic) ലഭ്യത ഡിആര്‍ഐയുടെ നിയന്ത്രണത്തിലല്ല’ എന്നാണ് അപ്പോള്‍ വാദിച്ചത്.

ഇത്തവണ മന്ത്രിസഭ വിജയിച്ചു. ‘ഉറപ്പ്’ അതോടെ പരാജയപ്പെട്ടു.

ഡിആര്‍ഐ അന്വേഷണം ഒരു പതിറ്റാണ്ടായി മുടങ്ങി കിടക്കുകയും സര്‍ക്കാരിന്റെ പാര്‍ലമെന്ററി ഉറപ്പുകള്‍ അസ്തമിക്കുകയും ചെയ്യുമ്പോഴും, അദാനി ഗ്രൂപ്പ് അടുത്തിടെ നടത്തിയ കല്‍ക്കരി ഇറക്കുമതിയിലെ ക്രമക്കേടുകള്‍ സൂചിപ്പിക്കുന്ന തെളിവുകള്‍ അവതരിപ്പിക്കാന്‍ ഫിനാന്‍ഷ്യല്‍ ടൈംസിലെയും ഒസിസിആര്‍പിയിലെയും അന്വേഷണാത്മക പത്രപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അദാനി ഗ്രൂപ്പ് പറയുന്നു. പാര്‍ലമെന്റിനെ കബളിപ്പിക്കുന്ന നടപടി സര്‍ക്കാര്‍ തുടരുകയുമാണ്.

അദാനി ഗ്രൂപ്പിനെ കുറിച്ചുള്ള മറ്റ് അന്വേഷണങ്ങള്‍
കോര്‍പ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയും സ്റ്റോക്ക് കൃത്രിമത്വവും അദാനി ഗ്രൂപ്പിനെ വലിച്ചിഴച്ചുവെന്ന് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ആരോപിക്കുന്നതിന് രണ്ട് വര്‍ഷം മുമ്പ്, തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്റംഗം മഹുവ മൊയ്ത്ര 2021 ജൂലൈ 19 ന് ധനമന്ത്രാലയത്തോട് ഒരു ചോദ്യം ചോദിച്ചു.

യഥാര്‍ത്ഥത്തില്‍, അദാനി ഗ്രൂപ്പിന്റെ വിദേശ നിക്ഷേപകരുടെ ഉടമസ്ഥര്‍ ആരാണ്? ഏതെങ്കിലും വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകനെയോ അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളെയോ ‘സംശയാസ്പദമായ ഇടപാടുകള്‍’ക്കായി അന്വേഷിക്കുന്നുണ്ടോ എന്നും മഹുവ മൊയ്ത്ര അറിയാന്‍ ആഗ്രഹിച്ചു.

parliament assurance committee , reporter's collective

പാര്‍ലമെന്റില്‍ തൃണമൂല്‍ എംപി മഹുവ മൊയ്ത്ര ഉയര്‍ത്തിയ ചോദ്യങ്ങള്‍

മാര്‍ക്കറ്റ് റെഗുലേറ്ററായ സെബി, ‘സെബിയുടെ നിയന്ത്രണങ്ങള്‍ പാലിക്കുന്നതു’മായി ബന്ധപ്പെട്ട് ‘ചില അദാനി ഗ്രൂപ്പ് കമ്പനികളെ’ കുറിച്ച് അന്വേഷിക്കുകയാണെന്ന് അന്നത്തെ ധനകാര്യ സഹമന്ത്രി മറുപടിയില്‍ പറഞ്ഞു.

മൊയ്ത്ര ആവശ്യപ്പെട്ടിട്ടും അന്വേഷണത്തിന്റെ വിശദാംശങ്ങളൊന്നും വ്യക്തമാക്കുകയോ, അദാനി ഗ്രൂപ്പിന്റെ സ്ഥാപനങ്ങള്‍ ലംഘിക്കുന്നതായി സംശയിക്കുന്ന സെബിയുടെ നിയന്ത്രണങ്ങള്‍ എന്താണെന്ന് പറയുകയോ ചെയ്തിട്ടില്ല.

ഡിആര്‍ഐ നിയന്ത്രിക്കുന്ന നിയമങ്ങള്‍ക്കനുസൃതമായി അദാനി ഗ്രൂപ്പിന്റെ ചില സ്ഥാപനങ്ങളെ കുറിച്ച് അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറക്കുമതിയുടെ അമിത ഇന്‍വോയ്സിംഗ് സംബന്ധിച്ചാണ് അത്തരത്തിലുള്ള അന്വേഷണം നടന്നതെന്ന് പൊതുവായി ലഭ്യമായ വിവരങ്ങള്‍ വ്യക്തമാക്കുന്നു.

parliament assurance committee, reporter's collective

മഹുമ മൊയ്ത്ര എംപിക്ക് ലോക്‌സഭയില്‍ ധനകാര്യ സഹമന്ത്രി നല്‍കിയ മറുപടി

അന്വേഷണം നടക്കുകയാണെന്ന ഈ പ്രതികരണവും ഉറപ്പായി (Assurance) കണക്കാക്കപ്പെടുന്നു.

അദാനി ഗ്രൂപ്പിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള രണ്ട് അന്വേഷണങ്ങളിലും പാര്‍ലമെന്റിനെ ഇരുട്ടില്‍ നിര്‍ത്തുന്നത് സര്‍ക്കാര്‍ തുടരും. കൂടാതെ, അന്വേഷണങ്ങളുടെ പാര്‍ലമെന്ററി സൂക്ഷ്മപരിശോധനയ്ക്കുള്ള നടപടിക്രമങ്ങള്‍ ഒഴിവാക്കാനുള്ള ശ്രമവും തുടരും.

എന്തുകൊണ്ട് അന്വേഷണങ്ങള്‍ കൂടുതല്‍ സമയമെടുക്കുന്നു? സമയം നീണ്ടു പോകുന്നത് ആവര്‍ത്തിക്കുന്നു?

ഈ ഉറപ്പിന്മേലുള്ള ചര്‍ച്ചകളുടെ ലഭ്യമായ രേഖ പ്രകാരം, രണ്ട് അന്വേഷണങ്ങളിലും വിദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ ഉറപ്പ് ഒഴിവാക്കണമെന്ന് ധനമന്ത്രാലയം 2023 ജനുവരി 13-ന് ആവശ്യപ്പെട്ടു.

പത്ത് ദിവസത്തിന് ശേഷം, ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഇതിനെ മുഴുവന്‍ ഇളക്കിമറിക്കാന്‍ ശേഷിയുള്ള ഒരു റിപ്പോര്‍ട്ട് പുറത്തു വിട്ടു.

അദാനി ഗ്രൂപ്പ് തങ്ങളുടെ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ മുഖേന സ്റ്റോക്കുകളില്‍ കൃത്രിമം കാണിക്കുന്നുവെന്നും ഇത് കമ്പനിക്ക് 153 ബില്യണ്‍ യുഎസ് ഡോളറിന്റെ വിപണി നഷ്ടമുണ്ടാക്കുന്നുവെന്നും റിപ്പോര്‍ട്ട് ആരോപിച്ചു.

parliament assurance committee, reporter's collective

മൊഹുവ മൊയ്ത്രയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനാവില്ലെന്ന് അഷ്വറന്‍സ് കമ്മിറ്റി പറയുന്നതിന്റെ രേഖ

റിപ്പോര്‍ട്ട് ഒരു പൊതു ചര്‍ച്ചയും അന്വേഷണത്തിനുള്ള ആവശ്യവും ഉയര്‍ത്തി. എന്നാല്‍, ഈ അന്വേഷണങ്ങളെക്കുറിച്ചുള്ള ചോദ്യം പാര്‍ലമെന്റില്‍ വീണ്ടും ഉയരാന്‍ കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചില്ല. പാര്‍ലമെന്റംഗം മഹുവ മൊയ്ത്ര ചോദ്യങ്ങള്‍ ഉന്നയിച്ച് ഏകദേശം രണ്ട് വര്‍ഷത്തിന് ശേഷം 2023 മെയ് മാസത്തില്‍ ലോക്സഭാ അഷ്വറന്‍സ് കമ്മിറ്റി ഉറപ്പ് ഉപേക്ഷിച്ചു. ചോദ്യങ്ങള്‍ ചോദിച്ചതിന് അദാനിയുടെ എതിരാളിയായ വ്യവസായിയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നാരോപിച്ച് മാസങ്ങള്‍ക്ക് ശേഷം ലോക്‌സഭയില്‍ നിന്ന് മഹുവ മൊയ്ത്ര പുറത്താക്കപ്പെട്ടു. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ നടപടികളെ ചോദ്യം ചെയ്ത് സെബി നോട്ടീസ് അയച്ചിട്ടുണ്ട്.

അദാനി ഗ്രൂപ്പിന്റെ അഴിമതി ആരോപണത്തെക്കുറിച്ചുള്ള അന്വേഷണം പാര്‍ലമെന്റിന്റെ പരിധിയിലാണ്. പാര്‍ലമെന്റിന്റെ അഷ്വറന്‍സ് കമ്മിറ്റികളുടെ സാധാരണ പ്രക്രിയ വെറും പാഴ്‌വേലയായി മാറുകയും ചെയ്തു.

തകര്‍ന്ന വാഗ്ദാനങ്ങള്‍

 ഷൂട്ട് ആന്‍ഡ് സ്‌കൂട്ട്

2021 ലെ യൂണിയന്‍ ബജറ്റില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ പദ്ധതികളെ പ്രതിപക്ഷം അപലപിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്വത്തുക്കള്‍ ഏതാനും കോര്‍പ്പറേഷനുകള്‍ക്ക് കൈമാറാനുള്ള തന്ത്രമാണിതെന്ന് എംപിമാര്‍ ആരോപിച്ചു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വിഷയത്തില്‍ നിന്നും ശ്രദ്ധതിരിക്കാനും പ്രതിപക്ഷത്തിനെതിരേ ആക്രമണം അഴിച്ചുവിടാനുമാണ് ശ്രമിച്ചത്.

‘ഞങ്ങളെ മുതലാളിമാരുടെ സുഹൃത്ത് എന്ന പേര് വിളിക്കാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ട്!’ ”ഞങ്ങള്‍ ഏതെങ്കിലും ചങ്ങാതിമാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നില്ല. പ്രധാനമന്ത്രിയില്‍ വിശ്വസിക്കുന്ന സാധാരണ പൗരന്മാര്‍ക്ക് വേണ്ടിയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നും ധന മന്ത്രാലയം പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്രയെക്കുറിച്ചുള്ള പരാമര്‍ശങ്ങളിലൂടെയാണ് അത്തരം പ്രതിപക്ഷ ചോദ്യങ്ങളെ ധനമന്ത്രി നിര്‍മല സീതാരാമന്‍ നേരിട്ടിരുന്നത്. മരുമകന്‍ എന്ന് അര്‍ത്ഥം വരുന്ന ദമാദ് എന്ന വാക്ക് ഉപയോഗിച്ച് കൊണ്ട് പരിഹാസത്തില്‍ ചില പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മരുമകന് ഭൂമി ലഭിക്കുന്നു. ഞാന്‍ നിങ്ങള്‍ക്ക് വിശദാംശങ്ങള്‍ നല്‍കാം. ഒരുകാലത്ത് രാജസ്ഥാന്‍, മറ്റൊരിക്കല്‍ ഹരിയാന എന്നിങ്ങനെയുള്ള പരാമര്‍ശങ്ങളാണ് പ്രതിപക്ഷത്തിന് മറുപടി നല്‍കിയിരുന്നത്.

‘ഞാന്‍ നിങ്ങള്‍ക്ക് വിശദാംശങ്ങള്‍ നല്‍കാം’ എന്ന വാചകം ഒരു ഉറപ്പായി കണക്കാക്കപ്പെട്ടു. ഇനി സീതാരാമന്‍ തന്റെ പ്രസ്താവനയില്‍ ഇടപെടണം. ‘മരുമകനെതിരെ’ അവര്‍ തെളിവ് നല്‍കണം.

സീതാരാമന്‍ സഭയില്‍ ഉന്നയിച്ച പ്രതിപക്ഷ അഴിമതിയുടെ വിശദാംശങ്ങള്‍ നല്‍കാന്‍ ലോക്സഭ അഷ്വറന്‍സ് കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

parliament committee assurance reporter's collective

ധനമന്ത്രിയുടെ ഉറപ്പ് ഉപേക്ഷിക്കാന്‍ ധനമന്ത്രാലയം ലോക്സഭാ കമ്മിറ്റി ഓഫ് അഷ്വറന്‍സിനോട് ആവശ്യപ്പെട്ടതിന്റെ രേഖ

അത്തരം വിശദാംശങ്ങളൊന്നും മന്ത്രാലയം സൂക്ഷിക്കുന്നില്ലായെന്നാണ് മന്ത്രാലയം പാര്‍ലമെന്ററി കമ്മിറ്റിയോട് പറഞ്ഞത്.

മന്ത്രാലയത്തിന്റെ തുടര്‍ന്നുള്ള പ്രസ്താവനയിലൂടെ ഒന്ന് പോയാല്‍ മന്ത്രി പാര്‍ലമെന്റിനോട് കള്ളം പറയുകയായിരുന്നുവെന്ന് മനസ്സിലാക്കാം. മന്ത്രി പറഞ്ഞത് ഒരു ഉറപ്പിന് തുല്യമല്ലെന്ന് വാദിച്ച സര്‍ക്കാര്‍, ഉറപ്പ് ഉപേക്ഷിക്കണമെന്ന് സമിതിയോട് അഭ്യര്‍ത്ഥിച്ചു. കമ്മിറ്റി അത് സമ്മതിച്ചു.  government’s parliament tactic when questions rise on adani assurance committee

ഈ അന്വേഷണ റിപ്പോര്‍ട്ട് ആദ്യം പ്രസിദ്ധീകരിച്ചത് ദ റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവില്‍ ആണ്. ഇംഗ്ലീഷിലുള്ള ഒറിജനല്‍ റിപ്പോര്‍ട്ട് വായനക്കാര്‍ക്ക് ഇവിടെ വായിക്കാം.അനുമതിയോടെയാണ് അഴിമുഖം ഈ റിപ്പോര്‍ട്ട് മലയളാത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

 

Content Summary ; government’s parliament tactic when questions rise on adani assurance committee

×