UPDATES

ഗവര്‍ണര്‍ മാറുമോ, ‘സൂപ്പര്‍ പ്രതിപക്ഷ നേതാവ്’ ആയി തുടരുമോ?

അഞ്ചു കൊല്ലം തികച്ച് ആരിഫ് മുഹമ്മദ് ഖാന്‍

                       

2019 ലാണ് ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണായി നിയോഗിക്കപെട്ടത്. സെപ്റ്റംബർ 4 ന് ഗവർണർ സഥാനത്തെത്തിയിട്ട് അഞ്ചു വർഷം പൂർത്തിയാകുകയാണ്. പുതിയ ഗവർണറെ നിയമിക്കുന്നത് വരെ അദ്ദേഹം ചുമതലയിൽ തുടരും. ഈ അഞ്ചു വർഷ കാലയളവിൽ നിരവധി രാഷ്ട്രീയ വിവാദങ്ങളും, സംവാദങ്ങളുമാണ് ഗവർണർ തൊടുത്തുവിട്ടിരിക്കുന്നത്. കേരളത്തിലെ ഒന്നാം പിണറായി സർക്കാരിന്റെയും രണ്ടാം പിണറായി സർക്കാരിന്റെയും പ്രധാന പ്രതിപക്ഷ നേതാവ് ആരെന്ന ചോദ്യത്തിന് ഗവർണർ എന്ന ഉത്തരത്തിൽ എത്തുന്ന രീതിയിലായിരുന്നു കാര്യങ്ങൾ. Kerala Governor Arif Mohammad Khan

ആരാണ് ആരിഫ് മുഹമ്മദ് ഖാൻ

ഉത്തർപ്രദേശ് സ്വദേശിയായ ആരിഫ് മുഹമ്മദ് ഖാൻ അലിഗഢ് മുസ്‌ലിം യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയനിലൂടെയാണ് വിദ്യാർത്ഥിരാഷ്ട്രീയത്തിൽ സജീവമാകുന്നത്. ഇസ്ലാം നവീകരണത്തിലും പുരോഗമന നയ രൂപീകരണത്തിലും സജീവമായി ഇടപെട്ടിരുന്ന ആരിഫ് മുഹമ്മദ് ഖാൻ ഉത്തർപ്രദേശിലെ ബുലന്ദ്ഷഹലിൽ 1951 ലാണ് ജനിക്കുന്നത്. ഡൽഹിയിലെ ജാമിയ മില്ലിയ സ്‌കൂൾ, അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി, അലിഗഡ്, ലഖ്നൗ സർവകലാശാലയിലെ ഷിയ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കുകയും ചെയ്തിട്ടുള്ള അദ്ദേഹം എഴുത്തുകാരൻ എന്ന നിലയിലും പ്രശസ്തനാണ്. ചെയ്തിട്ടുള്ള അദ്ദേഹം എഴുത്തുകാരൻ എന്ന നിലയിലും പ്രശസ്തനാണ്. ഖുറാനും സമകാലിക വെല്ലുവിളികളും എന്ന പേരിലുള്ള അദ്ദേഹത്തിന്റെ രചന 2010 ലെ ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടം പിടിച്ചിരുന്നു. സൂഫിസവുമായി ബന്ധപ്പെട്ട ലേഖനങ്ങളും കോളങ്ങളും ആരിഫ് മുഹമ്മദ് ഖാന്റെതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

യുപി മുൻ മുഖ്യമന്ത്രി ചരൺ സിങിന്റെ ഭാരതീയ ക്രാന്തി ദളിലൂടെ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. അധികം വൈകാതെ നിയമസഭാ അംഗമായി. പിന്നീട് ലോക്സഭയിലേക്കെത്തിയത് കോൺഗ്രസിന്റെ ചീട്ടിലായിരുന്നു. ആ ബന്ധവും അധിക കാലം നിലനിന്നില്ല. മുസ്‌ലിം പേഴ്സണൽ ലോ ബിൽ’ നെ എതിർത്തുകൊണ്ടായിരുന്നു പടിയിറക്കം. പിന്നീട് ജനതാദള്ളിന്റെ ജനപ്രിയ നേതാവായി ലോക്‌സഭയിൽ തിരിച്ചെത്തി. ഒപ്പം കേന്ദ്രമന്ത്രി സ്ഥാനവും. എന്നാൽ അതും സുസ്ഥിരമായിരുന്നില്ല. തന്റെ രാഷ്ട്രീയ ഭാവി ബിഎസ്പിക്കൊപ്പവും അതുകഴിഞ്ഞ് ബിജെപിക്കൊപ്പം പരീക്ഷിക്കേണ്ടി വന്നു. എന്നാൽ 2007ൽ ബിജെപിയും വിട്ടു. വീണ്ടും ബിജെപി അധികാരത്തിലെത്തിയതോടെ ആരിഫ് മുഹമ്മദ് ഖാനും പാർട്ടിയിലേക്ക് തിരിച്ചെത്തി.15 വർഷത്തെ സജീവ രാഷ്ട്രീയ പ്രവർത്തനത്തിന് ശേഷമാണ് കേന്ദ്രം ഏൽപ്പിച്ച ചുമതല ഭംഗിയായി നിർവഹിക്കാൻ കേരളത്തിൽ എത്തുന്നത്.

കോടതി ഇടപെടലിലെത്തിയ സർക്കാർ ഗവർണർ തർക്കങ്ങൾ

കേരള ഗവർണറായി ആരിഫ് മുഹമ്മദ് ഖാൻ ശുപാർശ ചെയ്തതിനു ഒരു കാരണം പറഞ്ഞത്, അദ്ദേഹം ബിജെപിയുടെ ‘നല്ല മുസ്ലിം’ ആഖ്യാനത്തെ പ്രതിനിധീകരിക്കുന്നു എന്നതായിരുന്നു. നജ്മാ ഹെപ്തുള്ളയ്ക്ക് ശേഷം ബിജെപി നിയമിക്കുന്ന രണ്ടാമത്തെ മുസ്ലിം ഗവർണറാണ് ആരിഫ് മുഹമ്മദ് ഖാൻ. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കേന്ദ്രം നിയമിക്കുന്ന ഗവർണറും സർക്കറും തമ്മിലുള്ള പോര് രൂക്ഷമായിരുന്നു. കേരളത്തിലും സ്ഥിതി മാറിയിച്ചായിരുന്നില്ല. ബില്ലുകൾ തടഞ്ഞു വച്ചും, യൂണിവേഴ്‌സിറ്റി ചാൻസിലർ കൂടിയായ അദ്ദേഹം വൈസ് ചാൻസൽമാരെ കൂട്ടത്തോടെ അയോഗ്യരാക്കിയും, എസ് എഫ്ഐയുമായി ഉണ്ടാക്കിയ വിവാദങ്ങളും അതിൽ ചിലതു മാത്രമാണ്. പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറിയെ മാറ്റുന്നതിൽവരെ ആരിഫ് മുഹമ്മദ്ഖാൻ പിടിവാശി കാണിച്ചിരുന്നു. പ്രഥമ പൗരനായി ചുമതലയേറ്റ ശേഷം പലതവണയാണ് സർക്കാരിനെ മുൾമുനയിൽ നിർത്തിയിരിക്കുന്നത്. ചില സംഭവികാസങ്ങൾ വീണ്ടും പരിശോധിക്കാം.

ബില്ലുകൾ തടഞ്ഞ വച്ച സംഭവം

നിയമസഭ പാസാക്കിയ എട്ടു ബില്ലുകളിൽ തീരുമാനം എടുക്കുന്നിലെന്ന് ചൂണ്ടിക്കാട്ടി 2023 ലാണ് സംസ്ഥാന സർക്കാർ സുപ്രിം കോടതിയെ സമീപിക്കുന്നത്. കൂടാതെ 7 ബില്ലുകൾ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി ഗവർണർ ഒരുമിച്ചായിച്ചിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് ബില്ലുകൾ ഒരുമിച്ചയ്ക്കുന്നത്. രണ്ടു വർഷത്തോളം ഇവ പിടിച്ചുവയ്ച്ച ഗവർണറുടെ നീക്കത്തെ അന്ന് സുപ്രിം കോടതിയും വിമർശിച്ചിരുന്നു. ബില്ലുകളിൽ ഒപ്പിടാതെ രാഷ്ട്രപതിക്കയച്ച നടപടി ഭരണഘടനാ വിരുദ്ധമെന്നും കേരളം ഹർജിയിൽ പറയുന്നത്. സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ തീരുമാനം വൈകിപ്പിക്കുകയാണെന്നും ഇതിലൂടെ ജനങ്ങളുടെ അവകാശം നിഷേധിക്കുകയാണെന്നും ആരോപിച്ചാണ് കേരള സർക്കാർ സുപ്രീം കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചിരുന്നത്. ”ബില്ലുകൾ പിടിച്ചുവെക്കുന്നത് കൊളോണിയൽ കാലത്തെ അനുസ്മരിപ്പിക്കുന്നതായി വ്യാഖ്യാനിച്ചാൽ തെറ്റ് പറയാനാവില്ല. ബില്ലുകൾ കാലതാമസം വരുത്തുന്നത് സർക്കാരിന്റെ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നതാണ്. നിയമപരമായ മാർഗങ്ങൾ തേടുകയല്ലാതെ മറ്റൊന്നും സർക്കാരിന് ചെയ്യാനാവില്ലെന്നും” മുഖ്യമന്ത്രി അന്ന് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലും സർവകലാശാല ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ പുറത്താക്കുന്ന ബില്ലുമടക്കം സംസ്ഥാന നിയമസഭ പാസാക്കിയ ഏഴ് ബില്ലുകളായിരുന്നു ഗവർണർ ഒപ്പിടാതെ രാഷ്ട്രപതിക്ക് അയച്ചത്. ലോകയുക്ത ബിൽ, സർവ്വകലാശാല നിയമ ഭേദഗതി ബിൽ (രണ്ടെണ്ണം), ചാൻസ്‌ലർ ബിൽ, സഹകരണ നിയമ ഭേദഗതി ബിൽ, സേർച് കമ്മിറ്റി എക്‌സ്‌പാൻഷൻ ബിൽ, സഹകരണ ബിൽ (മിൽമ) എന്നിവയാണ് ആ ബില്ലുകൾ. എന്നാൽ അക്കലയളവിൽ തന്നെ പൊതു ജനാരോഗ്യ ബില്ലിൽ ഗവർണർ ഒപ്പിട്ടിരുന്നു. ഇതോടെ ഹർജിയിൽ സർക്കാരും ഭേദഗതി വരുത്തിയിരുന്നു. ബില്ലുകളിൽ ഗവർണർ തീരുമാനം എടുക്കുന്നതിന് മാർഗരേഖ പുറത്തിറക്കണമെന്നായിരുന്നു ആവശ്യം. ബില്ലുകളിൽ തീരുമാനമെടുക്കാനുള്ള ഗവർണറുടെ അധികാരം സംബന്ധിച്ച ഭരണഘടനയുടെ 200-ാം അനുച്ഛേദവുമായി ബന്ധപ്പെട്ട
വിഷയങ്ങളിൽ പ്രത്യേക മാർഗരേഖ പുറത്തിറക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം ശക്തമായി എതിർത്തിരുന്നു. അനുഛേദ പ്രകാരം, നിയമസഭ പാസാക്കുന്ന ബില്ലുകൾ ഗവർണർക്കു കൈമാറണം. ഗവർണർ ഒപ്പുവയ്ക്കുന്ന മുറക്കാണ് നിയമമാകുക.

അതെ സമയം കേരളത്തിലെ ലോകസഭ തെരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെ ചില ബില്ലുകളിൽ അദ്ദേഹം ഒപ്പിട്ടിരുന്നു. ഇത് രാഷ്ട്രീയ തന്ത്രമാണെന്ന തരത്തിൽ വിലയിരുത്തലുകളും വന്നിരുന്നു. ഭൂപതിവ് നിയമ ഭേദഗതി ഉൾപ്പെടെ അഞ്ച് നിയമങ്ങൾക്കായിരുന്നു പച്ച കോടി കാണിച്ചത്. ഭൂ പതിവ് നിയമ ഭേദഗതി ബിൽ, നെൽ വയൽ നീർത്തട നിയമ ഭേദഗതി ബിൽ, ക്ഷീരസഹകരണ ബിൽ, സഹകരണ നിയമ ഭേദഗതി ബിൽ, അബ്കാരി നിയമ ഭേദഗതി ബിൽ എന്നീവയാണ് ഒപ്പിട്ട ബില്ലുകൾ.

ജൂലൈ 2024 ന് ബില്ലുകൾ തടഞ്ഞുവെയ്ക്കുന്നത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ കേരള ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറിക്കും കേന്ദ്രസർക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. സഭ പാസാക്കിയ ബില്ലുകൾ ഏകദേശം ഏഴുമുതൽ 24 മാസം വരെ ഗവർണർ ഈ ബില്ലുകൾ തീർപ്പാകാതെ കൈവശംവെച്ചതായും ഹർജിയിൽ കേരളം ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ അനുച്ഛേദം 32 പ്രകാരം സമർപ്പിച്ച റിട്ട് ഹർജിയിലാണ് ഗവർണറിന്റെ നടപടികളെ സംസ്ഥാന സർക്കാർ ചോദ്യം ചെയ്തത്.

നിയമസഭാ പാസാക്കിയ ഏഴ് ബില്ലുകളായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിക്ക് അയച്ചത്. അതിൽ നാല് ബില്ലുകൾ രാഷ്ട്രപത്രി ദ്രൗപതി മുർമു തടഞ്ഞുവെയ്ക്കുകയും ചെയ്തിരുന്നു. സംസ്ഥാന സർവകലാശാലകളും സഹകരണ സംഘങ്ങളും സംബന്ധിച്ച നിയമങ്ങളിലെ ഭേദഗതികളുമായി ബന്ധപ്പെട്ടതായിരുന്നു രാഷ്‌ട്രപതി തടഞ്ഞുവച്ച ബില്ലുകൾ. യൂണിവേഴ്സിറ്റി നിയമങ്ങൾ (ഭേദഗതി) (നമ്പർ 2) ബിൽ, 2021-22) കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് (ഭേദഗതി) ബിൽ, 2022- 23) യൂണിവേഴ്സിറ്റി നിയമങ്ങൾ (ഭേദഗതി) ബിൽ, 2022 യൂണിവേഴ്സിറ്റി നിയമങ്ങൾ ( ഭേദഗതി) (നമ്പർ 3) ബിൽ, 2022 എന്നിവയാണ് രാഷ്‌ട്രപതി പിടിച്ചുവച്ചിരിക്കുന്നത്.

സർവ്വകലാശാലകളുമായി ബന്ധപ്പെട്ട വിവാദങ്ങൾ

2022-2023 വർഷങ്ങളിലെ രാഷ്ട്രീയ പശ്ചാത്തലത്തിൽ ഏറ്റവും കൂടുതൽ ചർച്ചയായത് ഈ പോരുകൾ തന്നെയായിരുന്നു. കേരള കാർഷിക സർവ്വകലാശാല ഉൾപ്പെടെ ആറ് സർവ്വകലാശാലകളിലേക്ക് വിസി നിയമനത്തിനായി സേർച്ച് കമ്മിറ്റി രൂപീകരിച്ച ഗവർണറുടെ നീക്കം വലിയ വാർത്തയായിരുന്നു. യുജിസിയുടെയും ചാൻസലറുടെയും നോമിനികളെ ഉൾപ്പെടുത്തിയാണ് സേർച്ച് കമ്മറ്റി രൂപീകരിച്ചത്. സി നിയമനത്തിൽ ചാൻസലർക്ക് സ്വതന്ത്ര അധികാരമുണ്ടെന്ന കണ്ണൂർ വിസി കേസിലെ സുപ്രീം കോടതി ഉത്തരവിൻറെ അടിസ്ഥാനത്തിലായിരുന്നു നീക്കം. ഗവർണർ ഏകപക്ഷീയമായാണ് തീരുമാനിച്ചതെന്ന് ചൂണ്ടിക്കാണിച്ച് സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പിന്നാലെ കേരള, എംജി, മലയാളം സർവകലാശാലകളിലെ സേർച്ച് കമ്മറ്റി രൂപീകരണത്തിന് ഹൈക്കോടതി സ്റ്റേ ഉത്തരവ് ഇറക്കിയിരുന്നു.

സംസ്ഥാനത്തെ ആറ് സർവകലാശാലകളിലേക്കുള്ള വൈസ് ചാൻസലർ നിയമനത്തിന് ചാൻസലർ കൂടിയായ ഗവർണറാണ് സേർച്ച് കമ്മിറ്റിക്ക് രൂപം കൊടുത്തത്. കേരള, എംജി, സാങ്കേതിക, ഫിഷറീസ്, കാർഷിക, മലയാളം സർവകലാശാലകളിൽ, സർവകലാശാല പ്രതിനിധിയില്ലാതെ സേർച്ച് കമ്മിറ്റി രൂപീകരിച്ചെന്ന ആരോപണവും ഉയർന്നിരുന്നു. സർവകലാശാല നിയമമോ യുജിസി ചട്ടമോ അനുസരിച്ചല്ലാതെ സ്വന്തം നിലയ്ക്കു കമ്മിറ്റി രൂപീകരിക്കാൻ ചാൻസലർക്ക് അധികാരമില്ലെന്നാണു സർക്കാർ ചൂണ്ടികാണിക്കുന്നത്. ഭരണഘടനയുടെ രണ്ടാം പട്ടിക അനുസരിച്ച് സംസ്ഥാന സർക്കാരിന്റെ പരിഗണനാ വിഷയമാണ് സർവകലാശാല. ഭരണഘടനയുടെ അനുച്ഛേദം 162 അനുസരിച്ച് സേർച്ച് കമ്മിറ്റി രൂപീകരിക്കാൻ സംസ്ഥാന സർക്കാരിനായിരുന്നു അധികാരം.

എന്നാൽ ഗവർണർ രൂപീകരിച്ച കമ്മിറ്റികളിൽ യുജിസിയുടെയും ചാൻസലർമാരുടെയും നോമിനികളായിരുന്നു ഉണ്ടായിരുന്നത്. സേർച്ച് കമ്മിറ്റിയുടെ സമർപ്പിച്ച റിപ്പോർട്ടിൽ ആറു പേരുകൾ മുന്നോട്ടു വയ്ക്കുകയും, അത് അംഗീകരിച്ച മുറയ്ക്കുമാണ് സർവകലാശാലകളിലേക്കുള്ള വിസിമാരുടെ നിയമനം നടന്നത്. നിയമനം നടന്ന് മാസങ്ങൾ പിന്നിടും മുമ്പാണ് നിയമനത്തിൽ തനിക്ക് പിഴവ് സംഭവിച്ചെന്ന് ചൂണ്ടിക്കാണിച്ച് വിസിമാരുടെ നിയമനങ്ങൾ ഗവർണർ അസാധുവാക്കി. വിസിമാരെ തിരഞ്ഞെടുത്ത രീതി തെറ്റാണെന്ന് സുപ്രിം കോടതി ഉത്തരവിറങ്ങിയതോടെയാണ് പ്രശ്‌നം സങ്കീർണ്ണമാകുന്നത്.

യുജിസി ചട്ടങ്ങൾ പാലിക്കാതെയാണ് ഈ ഒമ്പത് സർവകലാശാലകളിലും വിസി നിയമനങ്ങൾ നടന്നതെന്നാണ് ഗവർണർ ആദ്യം പറഞ്ഞിരുന്നത്. ഒമ്പത് സർവകലാശാലകളിലും ഗവർണറാണ് നിയമന അധികാരി. പിഴവ് സംഭവിച്ചതോടെ സ്വയം രാജിവച്ചൊഴിയാതെ ഗവർണർ ചെയ്തത് വൈസ് ചാൻസലർമാരോട് രാജിവെക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും അക്കാദമിക് മേഖലയിൽ നിന്നുള്ളവർ അന്ന് വിമർശനം ഉന്നയിച്ചിരുന്നു. ഇതോടെ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെവൈസ് ചാൻസലർമാർ കേസും നൽകിയിരുന്നു.

കേരള സർവകലാശാലയുടെ സെനറ്റിൽ ഗവർണർ ഏകപക്ഷീയമായി എബിവിപി വിദ്യാർത്ഥി പ്രതിനിധികളെ ഉൾപ്പെടുത്തിയതിനെതിരെ എസ്എഫ്ഐ വലിയ രീതിയിൽ പ്രതിഷേധം നടത്തിയിരുന്നു. കൂടാതെ ഗവർണർ കേരള സർവകലാശാല സെനറ്റിലേക്ക് നൽകിയ നാമനിർദേശ പട്ടിക ഹൈക്കോടതി റദ്ദ് ചെയ്‌തും ഉത്തരവിറങ്ങിയിരുന്നു. സർവകലാശാല വിദ്യാർഥികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി പട്ടിക സ്റ്റേ ചെയ്തത്. ഗവർണർ പദവിയിൽ ആരിഫ് മുഹമ്മദ് ഖാൻ തുടരുമോ, മറ്റാരെങ്കിലും വരുമോ എന്നതിൽ കേന്ദ്രസർക്കാർ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഗവർണർക്ക് കാലാവധി നീട്ടിക്കൊടുക്കാനോ, പുതിയ ​ഗവർണറെ നിയമിക്കാനോ കേന്ദ്രസർക്കാരിന് തീരുമാനമെടുക്കാം. സംസ്ഥാന സർക്കാരുമായി ഇടഞ്ഞും ഇണങ്ങിയും നിലപടുകൾ സ്വീകരിച്ച ആരിഫ് മുഹമ്മദ് ഖാന് പകരം മറ്റൊരാൾ എത്തുമോ എന്ന ആകാംക്ഷയിലാണ് സർക്കാരും, കേരളവും. Kerala Governor Arif Mohammad Khan

Content summary; Kerala Governor Arif Mohammad Khan’s five-year Tenure Nears End who will be the next

Share on

മറ്റുവാര്‍ത്തകള്‍