June 26, 2026 |
Share on

ഗവര്‍ണമാര്‍ ബില്ലുകള്‍ പിടിച്ചു വയ്ക്കുന്നത് നിയമവിരുദ്ധം; സുപ്രിം കോടതി

ജയിച്ചത് തമിഴ്‌നാട് മാത്രമല്ല, കേരളവും; തോറ്റത് രവി മാത്രമല്ല, ഖാനും

ഗവര്‍ണര്‍മാരുടെ അധികാരത്തെക്കുറിച്ച് സുപ്രധാന വിധിന്യായം പുറപ്പെടുവിച്ച് സുപ്രിം കോടതി. തമിഴ്‌നാട് സര്‍ക്കാര്‍ പാസാക്കിയ 10 ബില്ലുകള്‍ രാഷ്ട്രപതിക്ക് അയക്കാതെ തടഞ്ഞുവച്ച ഗവര്‍ണര്‍ ആര്‍ എന്‍ രവിയുടെ തീരുമാനം റദ്ദാക്കിക്കൊണ്ടാണ് സുപ്രിം കോടതി ഏറെ പ്രസക്തമായ വിധി പുറപ്പെടുവിച്ചിരുന്നത്. മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെതിരേ രാഷ്ട്രീയ വിരോധം തീര്‍ത്തിരുന്നതും ബില്ലുകള്‍ പിടിച്ചു വച്ചായിരുന്നു. ബില്ലുകള്‍ പിടിച്ചുവയ്ക്കുന്നത് നിയമവിരുദ്ധവും തെറ്റായ നിയമനടപടിയുമാണെന്നാണ്, ഗവര്‍ണര്‍ ആര്‍ എന്‍ രവിയുടെ നടപടി റദ്ദാക്കിക്കൊണ്ട് സുപ്രിം കോടതി വ്യക്തമാക്കിയിരിക്കുന്നത്. പ്രസ്തുത സുപ്രിം കോടതി വിധി പ്രകാരം തമിഴ്‌നാട് നിയമസഭ പാസാക്കിയ 10 ബില്ലുകളില്‍ രാഷ്ട്രപതി സ്വീകരിച്ച ഏതൊരു തുടര്‍ നടപടിയും ഇതോടെ അസാധുവായിമാറും. സംസ്ഥാന നിയമസഭ പുനഃപരിശോധിച്ച ശേഷം ഗവര്‍ണര്‍ക്ക് വീണ്ടും സമര്‍പ്പിച്ച തീയതി മുതല്‍ ബില്ലുകള്‍ പാസായതായി കണക്കാക്കുമെന്നാണ് കോടതി വിധിയില്‍ പറയുന്നത്.

സംസ്ഥാന നിയമസഭയുടെ പുനഃപരിശോധനയ്ക്ക് ശേഷം ഒരു ബില്‍ അവതരിപ്പിക്കുമ്പോള്‍ തന്നെ ഗവര്‍ണര്‍ അതിന് അംഗീകാരം നല്‍കണമെന്നാണ് ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ സുപ്രിം കോടതി ബെഞ്ച് വിധിച്ചത്. ആദ്യ റൗണ്ടില്‍ അവതരിപ്പിച്ച ബില്ലില്‍ നിന്ന് വ്യത്യസ്തമല്ലാത്തപക്ഷം, രണ്ടാം റൗണ്ടില്‍ അവതരിപ്പിക്കുന്ന ബില്ലുകള്‍ക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. നിയമനിര്‍മ്മാണ പ്രക്രിയയില്‍ ഗവര്‍ണറുടെ പങ്ക് എത്രത്തോളം ഉണ്ടെന്നാണ് സുപ്രിം കോടതിയുടെ ഈ തീരുമാനം വ്യക്തമാക്കുന്നത്. ബില്ലുകള്‍ക്ക് അനുമതി നിഷേധിക്കാനുള്ള ഗവര്‍ണര്‍മാരുടെ അധികാരം പരിമിതപ്പെടുത്തിയിരിക്കുകയാണ് ഈ വിധി.

ഒരു ബില്ലിനു മേല്‍ ഗവര്‍ണര്‍മാര്‍ക്ക് മൂന്നു തിരഞ്ഞെടുപ്പുകള്‍ക്കാണ് അവകാശമുള്ളത്. ഒന്ന്, ഒപ്പിടുക, രണ്ട് തിരിച്ചയക്കുക, മൂന്ന് രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയക്കുക. ഇതില്‍ മൂന്നില്‍ ഒരു വഴി ഗവര്‍ണര്‍ സ്വീകരിച്ചേ പറ്റൂ. അല്ലാതെ ഒരു നടപടിയും സ്വീകരിക്കാതെ ബില്ലുകള്‍ അനന്തമായി പിടിച്ചു വയ്ക്കരുത്. അബ്‌സല്യൂട്ട് വീറ്റോ(നിയമനിര്‍മാണ സഭയുടെ അധികാരത്തിനും മേലെ നിന്നുകൊണ്ട് ഒരു ബില്ല് പൂര്‍ണമായി നിരസിക്കാനുള്ള സമ്പൂര്‍ണ വീറ്റോ പ്രയോഗിക്കുക), അല്ലെങ്കില്‍ പോക്കറ്റ് വീറ്റോ(ഒരു ബില്ലില്‍ ഒപ്പിടുകയോ വീറ്റോ ചെയ്യുകയോ ചെയ്യാതെ തന്നെ ഫലപ്രദമായി അതിനെ ഇല്ലാതാക്കുന്ന വഴി. അതായത്, നിയമസഭ സമ്മേളനം അവസാനിക്കുന്നതുവരെ ബില്ല് പിടിച്ചു വച്ചുകൊണ്ട് ബില്‍ നിയമമാകുന്നത് തടയുന്നു) ബില്ലുകള്‍ക്ക് മേല്‍ പ്രയോഗിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നു തന്നെയാണ് സുപ്രിം കോടതി വിധിയന്യായത്തില്‍ പ്രസ്താവിച്ചിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ സംരംഭങ്ങള്‍ തടയാന്‍ ഗവര്‍ണര്‍ ശ്രമിക്കുകയാണെന്നും, ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളെ ‘കേന്ദ്രം ഗവര്‍ണര്‍മാര്‍ വഴി ലക്ഷ്യം വയ്ക്കുന്നു’ എന്നുമായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ആരോപണം. സര്‍ക്കാര്‍-ഗവര്‍ണര്‍ പോരാട്ടത്തില്‍ ഡിഎംകെ സര്‍ക്കാരിന് ലഭിച്ച വിജയം കൂടിയാണ് സുപ്രിം കോടതി വിധി. തമിഴ്‌നാടിനെ കൂടാതെ, ഗവര്‍ണര്‍മാരുമായി പോരാട്ടത്തിനിറങ്ങിയ കേരളത്തിനും മറ്റ് പ്രതിപക്ഷ സംസ്ഥാനങ്ങള്‍ക്കും ഈ വിധി വിജയമാണ്. മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ക്കാരുമായി നടത്തിയിരുന്ന നേരിട്ടുള്ള ഏറ്റുമുട്ടലില്‍, പ്രധാനമായും ചെയ്തിരുന്നത് സഭ പാസിക്കിയ ബില്ലുകള്‍ തടഞ്ഞുവച്ചുകൊണ്ടായിരുന്നു. ഖാന്‍ ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും മാറിയെങ്കിലും സുപ്രിം കോടതിവിധി അദ്ദേഹത്തിനും കൂടി കിട്ടിയ തിരിച്ചടിയാണ്.  Governors can’t hold back bills, supreme court say. Serious setback for Tamil Nadu Governor R N Ravi

Content Summary; Governors can’t hold back bills, supreme court say. Serious setback for Tamil Nadu Governor R N Ravi

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×