ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ മത സുവിശേഷകന്‍ ഗ്രഹാം സ്‌റ്റെയ്ന്‍സിനെയും അദ്ദേഹത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത രണ്ടു കുട്ടികളെയും ചുട്ടു കൊന്ന കേസിലെ പ്രധാന പ്രതി ധാര സിംഗ് ശിക്ഷ ഇളവ് തേടി സുപ്രിം കോടതിയില്‍. ജീവപര്യന്തം തടവ് അനുഭവിച്ചു വരുന്ന ധാര സിംഗിന്റെ നീക്കം ഒഡീഷയില്‍ ആദ്യമായി ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു പിന്നാലെയാണ്. പ്രതിപക്ഷം ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.
1999 ജനുവരി 22 ന് ഒഡീഷയിലെ ഗോത്രവര്‍ഗ മേഖലയായ കിയോഞ്ജര്‍ ജില്ലയിലുള്ള(ഇപ്പോള്‍ കിന്ദുജാര്‍) മനോഹര്‍പൂര്‍ ഗ്രാമത്തില്‍ വച്ചാണ്, അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രതിഷേധം ഉയര്‍ത്തിയ അതിദാരുണമായ കൊലപാതകങ്ങള്‍ നടക്കുന്നത്. പുതിയ ബിജെപി മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജിയുടെ സ്വന്തം ജില്ലയാണ് കിന്ദുജാര്‍. കിന്ദുജാര്‍ മണ്ഡലത്തിലെ എംഎല്‍എയും അദ്ദേഹമാണ്.
ഗ്രഹാം സ്‌റ്റെയ്ന്‍സും അദ്ദേഹത്തിന്റെ മക്കളായ ഫിലിപ്പ്(10) തിമോത്തി(6) എന്നിവരും ഉറങ്ങി കിടക്കുമ്പോഴായിരുന്നു തീയില്‍പ്പെടുന്നത്. ഇവരുടെ താത്കാലിക വാസസ്ഥലത്തിന് ബജ്‌റംഗ് ദള്‍ നേതാവായ ധരാ സിംഗും അനുയായികളും തീവയ്ക്കുകയായിരുന്നു. മൂന്നു പേരും തീയില്‍ നിന്നും രക്ഷപ്പെടാനാകാതെ വെന്തു മരിച്ചു.
ഒഡീഷയ്ക്കും ഇന്ത്യയ്ക്കും ഉണങ്ങാത്ത മുറിവായി മാറിയ ക്രൂരത. 2000 ജനുവരി 31 നാണ് മുഖ്യപ്രതിയായ രവീന്ദ്ര പാല്‍ എന്ന ധാര സിംഗ് അറസ്റ്റിലാകുന്നത്. കഴിഞ്ഞ 24 വര്‍ഷമായി അയാള്‍ ജയിലിലാണ്.
60 കാരനായ ധാര തന്റെ പ്രായവും കുറ്റം ചെയ്തതില്‍ വീണ്ടു വിചാരം ഉണ്ടയതും പരിഗണിക്കണമെന്നു ചൂണ്ടിക്കാട്ടിയാണ് ശിക്ഷ ഇളവിന് അഭിഭാഷകന്‍ മുഖേന സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്. ധാര സിംഗിന്റെ അപേക്ഷയില്‍ സുപ്രിം കോടതി ഒഡീഷ സര്‍ക്കാരിന്റെ പ്രതികരണം തേടിയിട്ടുണ്ട്. ആറു മാസത്തിനുള്ള മറുപടി നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനു പിന്നാലെയാണ് ഗൂഢാലോചന ആരോപിച്ച് പ്രതിപക്ഷം രംഗത്ത് വന്നിരിക്കുന്നത്.
‘ ഹര്‍ജി നല്‍കിയ സമയമാണ് സംശയാസ്പദം. മുന്‍പൊരിക്കലും ഉണ്ടാകാത്ത നീക്കമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തില്‍ വന്നതിനു പിന്നാലെയാണ് ഹര്‍ജി. ബിജെപി സര്‍ക്കാരിന് തന്നോട് അനുഭവമുണ്ടെന്നും, അവരില്‍ നിന്നും അനുകൂലമായ പ്രതികരണം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ധാരയിപ്പോള്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്’ ബിജു ജനതാദള്‍ മുന്‍ എംഎല്‍എ രാജ് കിഷോര്‍ ദാസ് ആരോപിക്കുന്നു. ‘ ഹര്‍ജി വന്നിരിക്കുന്ന സമയം തീര്‍ച്ചയായും സംശയാസ്പദമാണ്, ആളുകള്‍ അവരുടെതായ നിഗമനത്തില്‍ എത്തിച്ചേരും’ എന്നാണ് കോണ്‍ഗ്രസ് എംഎല്‍എ താര പ്രസാദ് വഹ്നിപതിയും ആരോപിച്ചത്.
ധാര സിംഗിന്റെ മോചനത്തിനു വേണ്ടി വാദിച്ചിരുന്നയാളാണ് നിലവിലെ ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി. ധാരയെ ജയില്‍ കാണാനുള്ള അനുമതി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് സുദര്‍ശന്‍ ടി വി എഡിറ്റര്‍ സുരേഷ് ചവ്ഹാങ്കെയ്‌ക്കൊപ്പം 2022 സെപ്തംബറില്‍ മാജി ധര്‍ണ ഇരുന്നിട്ടുണ്ടെന്ന് വാര്‍ത്തകള്‍ വന്നനിരുന്നു. മാജി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെയായിരുന്നു മാധ്യമങ്ങള്‍ ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്. ധാരയോടുള്ള അനുഭാവം മാജിയെ തെരഞ്ഞെടുപ്പില്‍ സഹായിക്കുന്നുണ്ട്. തുടര്‍ച്ചയായി നാലാം തവണയാണ് കിന്ദുജാറില്‍ നിന്നും അദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. എന്നാല്‍ ധാര സിംഗുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് മുഖ്യമന്ത്രിയായ ശേഷം ഇതുവരെ മാജി പ്രതികരിച്ചിട്ടില്ല.
ഗ്രഹാം സ്റ്റെയ്ന്‍സിന്റെയും മക്കളുടെയും മാത്രമല്ല ധാര സിംഗിനെതിരേ ഉയര്‍ന്നിരിക്കുന്ന കൊലപാതക കേസുകള്‍. 1999 ഓഗസ്റ്റില്‍ എസ് കെ റഹ്‌മാന്‍ എന്ന മുസ്ലിം വ്യാപാരിയുടെ കൊലപാതകവുമായും, 35 കാരനായ കത്തോലിക്ക പുരോഹിതന്‍ അരുള്‍ ദാസിനെ അതേ വര്‍ഷം കൊന്നതിലും ധാരയുടെ പേരാണ് പ്രതിസ്ഥാനത്ത് വന്നത്. എന്നാല്‍ ആ കേസുകളില്‍ അയാള്‍ ശിക്ഷിക്കപ്പെട്ടില്ല.
ഗ്രഹാം സ്റ്റെയ്ന്‍സിന്റെയും കുട്ടികളുടെയും കൊലപാതകം അതി നീചവും, ലോക ശ്രദ്ധയിലേക്ക് ആ കൊലപാതകങ്ങള്‍ എത്തിയതുമാണു ധാരയ്ക്ക് കുരുക്കായത്. ജനങ്ങളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നു. ഒഡീഷയുടെ ഗോത്രവര്‍ഗ മേഖലയില്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കും ഹിന്ദുത്വ വാദികള്‍ക്കും ഇടയില്‍ നിലനിന്നിരുന്ന തര്‍ക്കമായിരുന്നു ആ ക്രൂരമായ കൊലപാതകത്തിലൂടെ പുറത്തു വന്നത്. ഗ്രാഹം സ്റ്റെയ്ന്‍സ് മതപരിവര്‍ത്തനം നടത്തുകയാണെന്നാരോപിച്ചായിരുന്നു ധാരയും അനുയായികളും അദ്ദേഹത്തെ നിഷ്‌കരുണം കൊന്നു കളഞ്ഞത്, ഒപ്പം ആറും പത്തും വയസ് മാത്രമുണ്ടായിരുന്ന രണ്ട് കുഞ്ഞുങ്ങളെയും.
മത പരിവര്‍ത്തന ആരോപണങ്ങള്‍ ഒഡീഷയില്‍ വലിയ ദുരന്തങ്ങള്‍ക്ക് വഴി വച്ചിട്ടുണ്ട്. കണ്ഡമാലില്‍ സംഭവിച്ചതും അതായിരുന്നു. വിശ്വഹിന്ദു പരിഷത് നേതാവ് സ്വാമി ലക്ഷ്മണാനന്ദ് സരസ്വതി 2008 ഓഗസ്റ്റില്‍ കൊല്ലപ്പെട്ടതിനു പിന്നാലെയുണ്ടായ വര്‍ഗീയ കലാപത്തില്‍ 38 പേരാണ് കൊല്ലപ്പെട്ടത്. നൂറു കണക്കിന് വീടുകള്‍ അഗ്നിക്കിരയാക്കി. ഒഡീഷയുടെ ചരിത്രത്തില്‍ അത്രയും വലിയ കലാപം ഉണ്ടായിട്ടില്ല. നിരവധി ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ നശിപ്പിക്കപ്പെട്ടു. നൂറു കണക്കിന് ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്ക് വീടും സ്വത്തും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നു. പിന്നീട് ഇവരെയെല്ലാം പുനരവധിവാസ കോളനികളിലേക്ക് മാറ്റുകയായിരുന്നു.
നിലവില്‍ ഒഡീഷയിലെ ആദിവാസി മേഖലകളിലെല്ലാം ഹിന്ദുത്വ ശക്തികള്‍ പിടി മുറുക്കിയിരിക്കുകയാണ്. ആര്‍എസ്എസ്സിന് ശക്തമായ സ്വാധീനമാണ് ഇവിടങ്ങളിലാകെ. അതിന്റെ ഗുണഫലം തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കിട്ടിയിട്ടുമുണ്ട്. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ 21 ല്‍ 20 ലോക്‌സഭ സീറ്റുകളും ബിജെപിയാണ് നേടിയത്. അതോടൊപ്പം ബിജു ജനതദള്‍ ഭരണം അവസാനിപ്പിച്ച് സംസ്ഥാനത്ത് അധികാരത്തിലും കയറി. Graham staines murder case convict dara singh filed-petition for remission in supreme court, controversy in odisha
Content Summary; Graham staines murder case convict dara singh filed petition for remission in supreme court, controversy in odisha