നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കുന്നത് സംബന്ധിച്ച് നടത്തിയ എല്ലാ ശ്രമങ്ങളും പ്രധാനമന്ത്രിയുടെ ഓഫീസുമായും വിദേശകാര്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടാണ് നടത്തിയതെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസലിയാരിന്റെ വെളിപ്പെടുത്തല്‍. വധശിക്ഷ റദ്ദാക്കിയതിന് ശേഷം കാന്തപുരം നടത്തുന്ന ആദ്യ പ്രതികരണമാണിത്. ദി ഫെഡറലിന് വേണ്ടി രാജീവ് രാമചന്ദ്രനുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വടക്കന്‍ യെമനില്‍ ഔദ്യോഗികമായി ഇടപെടലിന് ഇന്ത്യന്‍ സര്‍ക്കാരിന് പരിമിതികളുണ്ടായിരുന്നെങ്കിലും, യെമനി പണ്ഡിതരുമായുള്ള തന്റെ ദീര്‍ഘകാല അടുപ്പവും ആത്മീയബന്ധങ്ങളും, ഇരയുടെ കുടുംബവുമായി സംഭാഷണം നടത്താന്‍ വഴിയൊരുക്കിയതായും ഞങ്ങള്‍ അതിരു കടന്നില്ലെന്നും സര്‍ക്കാരിന്റെ വഴി എളുപ്പമാക്കുക മാത്രമാണ് ചെയ്തതെന്നും ഗ്രാന്റ് മുഫ്തി ദി ഫെഡറലിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി.
യെമനില്‍ തടവില്‍ കഴിയുന്ന നിമിഷപ്രിയ എന്ന മലയാളി നേഴ്സിന്റെ വധശിക്ഷ ഒഴിവാക്കി എന്ന് ആധികാരികമായി പറയാറായോ?
കഴിഞ്ഞ 16 ആം തിയ്യതിയിലേക്ക് നിശ്ചയിച്ചിരുന്ന വധ ശിക്ഷ യമനില്‍ നിന്നുള്ള സൂഫീ പണ്ഡിതന്മാരുടെയും വടക്കന്‍ യമനിലെ നിയമ വിദഗ്ധരുടെയും മറ്റും ഇടപെടലുകളെ തുടര്‍ന്ന് തത്കാലത്തേക്ക് മാറ്റിവച്ചിരുന്നുവല്ലോ. അന്ന് മുതല്‍ ശൈഖ് ഉമര്‍ ബിന്‍ ഹഫിളിന്റെ പ്രതിനിധികള്‍ കുടുംബവുമായും ഭരണകൂട പ്രതിനികളുമായും സംസാരിച്ചു വരികയായിരുന്നു. ഇതിന്റെയൊക്കെ ഫലമായി ഇന്നലെ സനയില്‍ നടന്ന ഉന്നത തല യോഗമാണ് വധ ശിക്ഷ റദ്ദ് ചെയ്യാന്‍ തീരുമാനമെടുത്തത്. ആ വിവരങ്ങള്‍ ഞങ്ങളുടെ യമനീ പ്രതിനിധകള്‍ ഞങ്ങളെ അറിയിക്കുകയും ചെയ്തു.
എങ്ങനെയാണ് കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബവുമായി ഈ ധാരണയിലെത്തിയത് – ഷെയ്ഖ് ഹബീബ് ഉമ്മറിന് ഇതിലുള്ള പങ്ക് എന്താണ് ?
യമനില്‍ നിലവിലുള്ള നിയമ വ്യവസ്ഥയനുസരിച്ച് വധ ശിക്ഷക്ക് വിധിക്കപ്പെട്ടയാളെ രക്ഷിക്കാന്‍ കൊല്ലപ്പെട്ടയാളുടെ നിയമപരമായ അനന്തരാവകാശികള്ക്കേ സാധിക്കുകയുള്ളൂ. അവര്‍ മാപ്പ് നല്കിയാല് വധശിക്ഷയില്‍ ഒഴിവാകും. ദയാ ധനം വാങ്ങിയോ, വാങ്ങാതെയോ ഇതു ചെയ്യാം. ഈ കേസുമായി ബന്ധപ്പെട്ട് ഇടപെടണം എന്നാവശ്യപ്പെട്ട് എന്റെയടുത്ത് ആളുകള്‍ വന്ന ശേഷമാണ് കേസിന്റെ വിശദശാംശങ്ങള്‍ ചോദിച്ചറിഞ്ഞത്. അപ്പോഴാണ് ഇത് യമനില്‍ വളരെ കോളിളക്കം സൃഷ്ടിച്ച ഒരു കൊലപാതകമായിരുന്നു എന്ന കാര്യം യമനികളില്‍ നിന്ന് തന്നെ അറിയുന്നത്. അത് കാരണം ആക്ഷന്‍ കമ്മറ്റിക്കും മറ്റും കൊല്ലപ്പെട്ടവരുടെ കുടുംബവുമായി സംസാരിക്കാന്‍ സാധിച്ചിരുന്നില്ല. അവിടെയാണ് ശൈഖ് ഹബീബ് ഉമര്‍ ഹഫീളിന്റെ ഇടപെടല്‍ ഗുണം ചെയ്തത്. കുടുംബവുമായി സംസാരിക്കാനുള്ള അവസരം അതിലൂടെ കൈ വന്നു. ആ സംസാരം തുടരണമെങ്കില്‍ 16-ാം തിയ്യതിയിലേക്ക് നിശ്ചയിച്ച വധ ശിക്ഷ റദ്ദ് ചെയ്യണം. കുടുംബം സംസാരിക്കാന്‍ സന്നദ്ധമായ സ്ഥിതിക്ക് അക്കാര്യങ്ങളും എളുപ്പമായി. നടന്ന ചര്‍ച്ചകളുടെ വിശദശാംശങ്ങള്‍ അറ്റോര്‍ണി ജനറല്‍ ക്രിമിനല്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് വധ ശിക്ഷ നീട്ടി വെച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളിലും ഹബീബ് ഉമര്‍ ഹഫീളിന്റെ പ്രതിനിധികളും കുടുംബവും സനായിലെ ഉദ്യോഗസ്ഥരുമായും ചില അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് കാര്യങ്ങള്‍ ഇതുവരെയും എത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട ഒരു ക്രിമിനല്‍ കേസില്‍ ഇസ്ലാമിക ശരീഅത്തില്‍ ലഭ്യമായ ഒരു സാധ്യത ഉപയോഗിച്ചുകൊണ്ടാണ് കാര്യങ്ങള്‍ ഇതുവരെയും ചെയ്തത്. ഇതില്‍ നിര്‍ണായകമായത് കാര്യങ്ങള്‍ സംസാരിക്കാന്‍ കഴിയുന്ന വിധത്തില്‍ കുടുംബത്തെ ചര്‍ച്ചയിലേക്ക് കൊണ്ടുവന്ന ഉമര്‍ ഹഫീളിന്റെ പ്രതിനിധി സംഘത്തിന്റെ ഇടപെടലാണ്. അതുണ്ടായിരുന്നില്ലെങ്കില്‍ ഇതൊന്നും സാധ്യമാകുമായിരുന്നില്ല.
ഇനി എന്താണ് അക്കാര്യത്തില്‍ ചെയ്യാനുള്ളത് – കൊല്ലപ്പെട്ടയാളുടെ സഹോദരന് തീരുമാനത്തെ എതിര്‍ക്കുകയാണല്ലോ ?
വധ ശിക്ഷ റദ്ദാക്കിയ സ്ഥിതിക്ക്, ഇനിയുള്ള ശിക്ഷയുടെയോ, മാപ്പിന്റെയോ കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരണം. കൊല്ലപ്പെട്ടയാളുടെ നിയമപരമായ അനന്തരാവകാശികളുമായുള്ള ചര്‍ച്ചകളിലൂടെയേ അതു സാധിക്കുകയുള്ളൂ. ആ അവകാശികളാണ് ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. അനുകൂലമായ ഒരു തീരുമാനം ഉടനെ ഉണ്ടാവും എന്നാണ് യെമനിലുള്ള ഞങ്ങളുടെ പ്രതിനിധികള്‍ അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട ഇടപെടലിലേക്ക് താങ്കള്‍ എത്തിച്ചേരുന്നത് എങ്ങനെയാണ്- എന്താണ് അതിലേക്ക് നയിച്ചത് ?
വധ ശിക്ഷയുടെ ദിവസം നിശ്ചയിക്കുകയും ആ ദിവസം അടുത്തുവരികയും ചെയ്തപ്പോഴാണ് ഇനിയെന്ത് വഴി എന്നാലോചിച്ചു ആക്ഷന്‍ കമ്മറ്റി ഭാരവാഹികളും ജനപ്രതിനിധികളുമൊക്കെ എന്നെ ബന്ധപ്പെടുന്നത്. ആലോചിക്കാം എന്ന് മറുപടിയും പറഞ്ഞു. ഇതിനിടയില്‍ ഇന്ത്യക്ക് യമനില്‍ നയതന്ത്ര ബന്ധങ്ങള്‍ ഇല്ലാത്തതിനാല്‍ ഈ കേസില്‍ കൂടുതല്‍ ഇടപെടാന്‍ കഴിയില്ല എന്ന് അറ്റോര്‍ണി ജനറല്‍ സുപ്രിം കോടതിയെ അറിയിക്കുകയും ചെയ്തു. അങ്ങിനെയാണ് എന്റെ ദീര്‍ഘ കാല സുഹൃത്തും ഇന്ത്യക്കാരെ അങ്ങേയറ്റം സ്നേഹിക്കുകയും ചെയ്യുന്ന ഹബീബ് ഉമര്‍ ഹഫീളിനെ ഞാന്‍ ബന്ധപ്പെടുന്നതും തുടര്‍ന്നുള്ള കാര്യങ്ങള്‍ കോര്‍ഡിനേറ്റ് ചെയ്യാന്‍ എന്റെ ഓഫീസില്‍ സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്തത്. യമനിലെ പണ്ഡിതന്മാരുമായി വളരെയധികം കാലത്തെ ബന്ധമുള്ളവരാണ് നമ്മള്. നമ്മുടെ സ്വതതന്ത്ര്യ സമരത്തില്‍ വരെ വലിയ പങ്കു വഹിച്ചവരാണ് യമനില്‍ നിന്നുള്ള പണ്ഡിതന്മാര്. മമ്പുറം തങ്ങളും ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നിന്നും നാടുകടത്തിയ സയ്യിദ് ഫള്ല് തങ്ങളുമെല്ലാം യമനികളാണ്. അവരുടെ കുടുംബ പരമ്പരയില്‍ പെട്ട ഇപ്പോഴത്തെ ആത്മീയ നേതാവ് കൂടിയാണ് ഹബീബ് ഉമര്‍ ഹഫീള്.
താങ്കളുടെ ഇടപെടലിനെ തുടര്‍ന്ന് പലതരത്തിലും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വഴിതെറ്റിപ്പോകുന്ന സാഹചര്യമുണ്ടായല്ലോ. ഇതിനെ എങ്ങനെയാണ് കാണുന്നത് ?
അതൊക്കെ സാധാരണമാണ്. പക്ഷെ, നമ്മുടെ ഒരു നാട്ടുകാരിയുടെ ജീവന് രക്ഷിക്കുന്നതുമായി ബന്ധപ്പെട്ട നിയമപരമായ പ്രവര്‍ത്തനങ്ങളില്‍ ആണല്ലോ നാം ഏര്‍പ്പെട്ടത്. കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ സമാശ്വസിപ്പിക്കുന്നതിന് പകരം പ്രകോപിപ്പിക്കുന്ന നീക്കങ്ങള്‍ നമ്മുടെ നാട്ടില്‍ നിന്ന് തന്നെ ഉണ്ടായി എന്നത് എന്നെ വിഷമിപ്പിച്ചിട്ടുണ്ട്. നമ്മുടെ നാടിനോടുള്ള ഇഷ്ടം കൊണ്ടുകൂടിയാണ് യമനികള്‍ ഇതില്‍ ഇടപെട്ടത്. അപ്പോള്‍ നമ്മളിങ്ങനെ ചെയ്യുന്നതിനെ അവരെങ്ങിനെയായിരിക്കും മനസ്സിലാക്കുക. ഏറ്റവും കൂടുതല്‍ മുസ്ലിംകള് താമസിക്കുന്ന ഒരു രാജ്യത്തെ പ്രതിനിധി എന്ന നിലയിലാണ് പുറം ലോകത്തെ മുസ്ലിം നേതാക്കളും ഭരണാധികാരികളും എന്നോട് പെരുമാറാറുള്ളത്. ആ ആദരവും കടപ്പാടുമാണ് അവര്‍ നമ്മളോട് പ്രകടിപ്പിച്ചു പോരാറുള്ളത്.
യൂനിയന്‍ സര്‍ക്കാരും താങ്കളുടെ ഇടപെടലിനെ അംഗീകരിക്കാന്‍ മടിക്കുകയാണല്ലോ ?
തുടക്കം മുതലേ ഞങ്ങള്‍ ചെയ്ത കാര്യങ്ങളും ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളും അതാത് സമയത്തെ പുരോഗതികളും പ്രധാനമന്ത്രിയുടെയും വിദേശ കാര്യ വകുപ്പിന്റെയും ഓഫീസുകളെ ധരിപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പ്രതിനിധികള്‍ കൂടി പങ്കെടുത്താലേ കാര്യങ്ങള്‍ പൂര്‍ണ്ണതയില്‍ എത്തുകയുള്ളൂ എന്നും ഞാന്‍ അറിയിച്ചിരുന്നു. അത്തരം ആവശ്യങ്ങളൊക്കെ സര്‍ക്കാര്‍ പരിഗണിക്കുകയും ചെയ്തിട്ടുണ്ട്. നിയമപരമായും നയതന്ത്രപരമായും ചെയ്യേണ്ട കാര്യങ്ങള്‍ സര്‍ക്കാരുകള്‍ തന്നെയാണല്ലോ ചെയ്യേണ്ടത്. ഗവണ്മെന്റിന്റ് ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ ഞങ്ങള്‍ക്ക് സാധ്യവുമല്ല, ഉദ്ദേശവുമില്ല. ഗവണ്മെന്റിന് നോര്‍ത്തേണ്‍ യമനിലെ ഒരു കേസില്‍ ഔദ്യോഗികമായി ഇടപെടാന്‍ ചില പരിമിതികള്‍ ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ സര്‍ക്കാരിന്റെ പരിശ്രമങ്ങളെ എളുപ്പമാക്കാന്‍ എന്റെ സൗഹൃദ ബന്ധങ്ങളെ ഉപയോഗപ്പെടുത്തുകയാണ് ഞാന്‍ ചെയ്തത്.
ഗവണ്മെന്റിനും ഇക്കാര്യത്തില്‍ തൃപ്തിയുണ്ടെന്നാണ് ഞങ്ങളുടെ ധാരണ. വധ ശിക്ഷ റദ്ദ് ചെയ്യുകയും നോര്‍ത്തേണ്‍ യമനിലെ ഭരണകൂടവുമായും കൊല്ലപ്പെട്ടയാളുടെ കുടുംബവുമായും സര്‍ക്കാര്‍ പ്രതിനിധികള്‍ക്കും പ്രതിയുടെ കുടുംബത്തിന്റെ ഇന്ത്യയിലെയും യമനിലെയും നിയമ പ്രതിനിധികള്‍ക്കും നേരിട്ട് സംസാരിക്കാനുള്ള സാഹചര്യം ഇപ്പോള്‍ ലഭ്യമായിട്ടുണ്ടല്ലോ. ഈ ലക്ഷ്യം കൈവരിക്കുന്നതിന് വേണ്ടിയായിരുന്നു ഞാനും എന്റെ സ്നേഹിതന് ഉമര്‍ ഹഫീലും ഇതുവരെയും പരിശ്രമിച്ചത്. അതു സാധ്യമായല്ലോ. തുടര്‍ന്നുള്ള കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ ഞങ്ങളുടെ സേവനങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ അറിയിക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിനെയും വിദേശ കാര്യ മന്ത്രാലയത്തെയും അറിയിച്ചിട്ടുമുണ്ട്.
രാജ്യത്തിനകത്തും പുറത്തും തടവിലുള്ള മറ്റനേകം മലയാളികള്‍ക്കു വേണ്ടി എന്തുകൊണ്ട് ഇടപെടുന്നില്ല എന്ന ചോദ്യമാണല്ലോ വിമര്‍ശകര്‍ ഉയര്‍ത്തുന്നത് ?
തടവറയില്‍ കഴിയുന്ന ഒട്ടേറെ ആളുകള്‍ക്ക് നിയമത്തിനകത്ത് നിന്നു കൊണ്ട് വ്യക്തിപരമായി എന്നെക്കൊണ്ടാവുന്ന നിയമപരമായ സഹായങ്ങള്‍ ലഭ്യമാക്കാന്‍ പരിശ്രമിച്ചിട്ടുണ്ട്. അത്തരം നിയമ സഹായം നല്കുന്നതിനു വേണ്ടി വ്യവസ്ഥാപിതമായ സംവിധാനങ്ങള്‍ തന്നെ മര്‍കസിന്റെയും സുന്നി സംഘടനകളുടെയും നേതൃത്വത്തില്‍ നടന്നുവരുന്നുണ്ട്. ആ സംവിധാനങ്ങളെ വിപുലപ്പെടുത്താന്‍ ആവശ്യമായ കൂടുതല്‍ സഹായങ്ങള്‍ നല്കാന് എല്ലാവരും രംഗത്തുവരണം. ഓരോ രാജ്യത്തെയും നിയമങ്ങള്‍ അറിയാതെ കുടുങ്ങിപ്പോകുന്നവര്‍ക്ക് നിയമ സഹായവും ബോധ വല്ക്കരണവും നടത്താന്‍ വിവിധ രാജ്യങ്ങളിലെ ഞങ്ങളുടെ പ്രവാസി പ്രവര്‍ത്തകര്‍ പ്രത്യേകം പരിപാടികള്‍ നടപ്പിലാക്കിവരുന്നുണ്ട്
ഒരു ഇസ്ലാമിക പണ്ഡിതനെന്ന നിലയിലും വിശ്വാസിയെന്ന നിലയിലും ഈ പ്രശ്നത്തെ എങ്ങനെയാണ് കാണുന്നത്?
ഒരാള്‍ക്ക് ലഭിക്കേണ്ട നിയമപരമായ അവകാശങ്ങള്‍ പൂര്‍ണ്ണമായും ലഭ്യമാക്കുക, അതിന് മതമോ ദേശമോ ഒന്നും തടസ്സമാവരുത്. ഓരോ നിയമ വ്യവസ്ഥയില്‍ നിന്നും നമുക്ക് പഠിക്കാന്‍ ധാരാളം കാര്യങ്ങളുണ്ട്. ആ കാര്യങ്ങള്‍ പരസ്പരം മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുക. അടിസ്ഥാനപരമായി നമ്മളെല്ലാം മനുഷ്യരാണ്. ആ ബന്ധം നിലനിര്‍ത്തുക. ശിക്ഷിക്കാന്‍ അധികാരമുള്ളപ്പോള്‍ മാപ്പു നല്‍കുന്നതിനെ മനുഷ്യത്വത്തിന്റെ പൂര്‍ണ്ണതയായിട്ടാണ് പ്രവാചകന് എണ്ണിയത്. grand mufti exclusive interview in nimisha priya case
Content Summary: grand mufti exclusive interview in nimisha priya case
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.