June 03, 2026 |
Share on

‘വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ മാതാപിതാക്കള്‍ സമ്മതിക്കണം”; ‘ലൗവ് ജിഹാദ് തടയാന്‍’ ഗുജറാത്തില്‍ നിയമഭേദഗതി

തങ്ങള്‍ പ്രണയവിവാഹങ്ങള്‍ക്ക് എതിരല്ലെന്നും എന്നാല്‍ പെണ്‍കുട്ടികളുടെ മാന്യതയും ‘സനാതന ധര്‍മ്മവും’ സംരക്ഷിക്കുന്നതിനാണ് ഭേദഗതികള്‍ എന്നുമാണ് സര്‍ക്കാര്‍ പറയുന്നത്

‘ലവ് ജിഹാദി’ന്റെ ഇരകളാകാതെ ഹിന്ദു പെണ്‍കുട്ടികള്‍ക്ക് കവചം തീര്‍ക്കാന്‍ എന്ന പ്രഖ്യാപനവുമായി വിവാഹ രജിസ്‌ട്രേഷനില്‍ സുപ്രധാന ഭേദഗതികള്‍ നിര്‍ദേശിച്ച് ഗുജറാത്ത് സര്‍ക്കാര്‍. 2006-ലെ ഗുജറാത്ത് വിവാഹ രജിസ്‌ട്രേഷന്‍ നിയമത്തിലുള്ള ഭേദഗതികളെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ വെള്ളിയാഴ്ചയാണ് അറിയിപ്പ് നല്‍കിയത്. വിവാഹ രജിസ്‌ട്രേഷന് മാതാപിതാക്കളുടെ സമ്മതം നിര്‍ബന്ധമാക്കുന്ന വ്യവസ്ഥ ഉള്‍പ്പെടെയുള്ള മാറ്റങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. നിയമസഭാ ചട്ടം 44 പ്രകാരം സഭയില്‍ ഈ നിര്‍ദ്ദേശം അവതരിപ്പിച്ച ഉപമുഖ്യമന്ത്രി ഹര്‍ഷ സംഘവി, പഞ്ച്മഹല്‍ ജില്ലയില്‍ ഒരു മുസ്ലീമോ പള്ളിയോ പോലുമില്ലാത്ത ഇടങ്ങളില്‍ നിന്ന് നൂറുകണക്കിന് നികാഹ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും, ബനസ്‌കന്ത, നവ്‌സാരി, മെഹ്‌സാന എന്നീ ജില്ലകളിലും സമാന സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നുമാണ് സഭയില്‍ ആരോപിച്ചത്.

ഇതൊരു ‘പൊതു പ്രാധാന്യമുള്ള’ വിഷയമാണെന്നാണ് സംഘവി പറഞ്ഞത്. സര്‍ക്കാര്‍ പ്രണയവിവാഹങ്ങള്‍ക്ക് എതിരല്ലെന്നും എന്നാല്‍ പെണ്‍കുട്ടികളുടെ മാന്യതയും ‘സനാതന ധര്‍മ്മവും’ സംരക്ഷിക്കുന്നതിനാണ് ഈ ഭേദഗതികള്‍ കൊണ്ടുവരുന്നതെന്നും ഉപമുഖ്യമന്ത്രി വ്യക്തമാക്കുന്നു. പുതിയ നിര്‍ദ്ദേശപ്രകാരം വിവാഹ രജിസ്‌ട്രേഷന്‍ പ്രക്രിയയില്‍ മാതാപിതാക്കളുടെ സമ്മതം അനിവാര്യമാക്കും. വിവാഹ രജിസ്‌ട്രേഷനുള്ള അപേക്ഷ സമര്‍പ്പിച്ചാലുടന്‍ വാട്ട്സ്ആപ്പ് സന്ദേശം വഴി മാതാപിതാക്കളെ ഔദ്യോഗികമായി വിവരം അറിയിക്കും. അസിസ്റ്റന്റ് രജിസ്ട്രാറുടെ സ്ഥിരീകരണം ലഭിച്ച് പത്ത് പ്രവൃത്തിദിവസത്തിനുള്ളില്‍ വധൂവരന്മാരുടെ മാപ്പിതാക്കളെ ഇലക്ട്രോണിക് സംവിധാനത്തിലൂടെയോ അല്ലെങ്കില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന മറ്റ് മാര്‍ഗങ്ങളിലൂടെയോ വിവരം അറിയിക്കുമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു.

നിര്‍ദ്ദിഷ്ട മാറ്റങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കും. ഇതിന് ശേഷമായിരിക്കും നിയമഭേദഗതി നടപ്പിലാക്കുക. വിവാഹ രജിസ്‌ട്രേഷനായി പ്രത്യേക പോര്‍ട്ടലും സജ്ജമാക്കും. പുതിയ നിയമം നിലവില്‍ വന്നാല്‍ വിവാഹ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കുറഞ്ഞത് 30 ദിവസമെങ്കിലും എടുക്കും. 2025 ഡിസംബറില്‍ പാട്ടിദാര്‍ അനാമത്ത് ആന്ദോളന്‍ സമിതി (പിഎഎഎസ്) മുന്‍ അംഗങ്ങള്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന് വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ നിയമമന്ത്രി കൗശിക് വെകാരിയ വിവിധ സാമൂഹിക സംഘടനകളുമായി മുപ്പതോളം ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് ഈ പരിഷ്‌കാരങ്ങള്‍ രൂപപ്പെടുത്തിയതെന്ന് സംഘവി പറഞ്ഞു.

സലിം എന്ന പേരുള്ള ആരെങ്കിലും സുരേഷ് എന്ന പേര് സ്വീകരിച്ച് പെണ്‍കുട്ടികളെ ചതിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് ജീവിതകാലം മുഴുവന്‍ മറക്കാത്ത പാഠം പഠിപ്പിക്കുമെന്ന് സംഘവി മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്തെ പെണ്‍കുട്ടികളെ ഐഡന്റിറ്റി മറച്ചുവെച്ച് ആരെങ്കിലും വഞ്ചിച്ചാല്‍ അവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിര്‍ദ്ദിഷ്ട രജിസ്‌ട്രേഷന്‍ സംവിധാനം അനുസരിച്ച്, വിവാഹ അപേക്ഷയില്‍ ഇരു കക്ഷികളും രണ്ട് സാക്ഷികളും ഒപ്പിടണം. അപേക്ഷ ഒരു നോട്ടറി ഒപ്പ് വച്ചതായിരിക്കണം. കൂടാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകളും ഹാജരാക്കണം. ആധാര്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ സ്‌കൂള്‍ ലിവിംഗ് സര്‍ട്ടിഫിക്കറ്റ്, വിവാഹ ക്ഷണക്കത്ത്, ഫോട്ടോകള്‍ എന്നിവയ്ക്കൊപ്പം മാതാപിതാക്കളെ വിവാഹ വിവരം അറിയിച്ചിട്ടുണ്ടോ എന്ന സത്യവാങ്മൂലവും സമര്‍പ്പിക്കേണ്ടതുണ്ട്. അപേക്ഷ പരിശോധിച്ച ശേഷം രജിസ്ട്രാര്‍ ഇത് ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുകയും 30 ദിവസത്തെ നടപടിക്രമങ്ങള്‍ക്ക് ശേഷം സര്‍ട്ടിഫിക്കറ്റ് നേരിട്ടോ തപാല്‍ വഴിയോ കൈമാറുകയും ചെയ്യും.

Content Summary: Gujarat government moves to change marriage registration law, Citing ‘love jihad’,parental consent compulsory

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×