ഗുജറാത്തിലെ ഏറ്റവും പ്രചാരമുള്ള ദിനപത്രമായ ഗുജറാത്ത് സമാചാറിന്റെ ഉടമയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. സാമ്പത്തിക കുറ്റം ആരോപിച്ചാണ് അറസ്റ്റ്. മേയ് 15 ന് രാത്രിയാണ് ഇഡി സംഘം പത്രത്തിന്റെ ഉടമകളില്‍ ഒരാളായ ബാഹുബലി ഷായെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുന്നത്. ഷായുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രസര്‍ക്കാരിനെയും നിശിതമായി വിമര്‍ശിക്കുന്നതുകൊണ്ടാണ് ഗുജറാത്ത് സമാചാറിന്റെ ഉടമയെ അറസ്റ്റ് ചെയ്തതെന്നാണ് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നത്. ആദായ നികുതി വകുപ്പിന്റെ പരിശോധന നടന്ന് ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴാണ് ഇഡി ബാഹുബലി ഷായെ അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ അറസ്റ്റിന് പിന്നിലെ യഥാര്‍ത്ഥ കാരണം, നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ സര്‍ക്കാരിനുമെതിരേ പത്രം എഴുതുന്നതാണ്, ഗുജറാത്ത് കോണ്‍ഗ്രസ് പ്രസിഡന്റും രാജ്യസഭ എംപിയുമായ ശക്തിസിംഗ് ഗോഹില്‍ ആരോപിക്കുന്നു.
അറസ്റ്റിന് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബാഹുബലി ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ആദ്യം സര്‍ക്കാരിന് കീഴിലുള്ള വി എസ് ഹോസ്പിറ്റലിലാണ് ഷായെ പ്രവേശിപ്പിച്ചത്. അവിടെ നടത്തിയ പരിശോധനയില്‍ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് ബാഹുബലി ഷായെ മാറ്റുകയാണുണ്ടായത്.
സമീപ ദിവസങ്ങളില്‍ ഉണ്ടായ ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഗുജറാത്ത് സമാചാറില്‍ വന്ന വാര്‍ത്തകളാണ് അറസ്റ്റിന് കാരണമായതെന്ന ആരോപണവും കോണ്‍ഗ്രസ് ഉയര്‍ത്തുന്നുണ്ട്. ‘സത്യത്തിനുവേണ്ടി നിലകൊള്ളുന്നതിന് ശിക്ഷ എന്നത് ബിജെപി സര്‍ക്കാരിന്റെ മുദ്രാവാക്യമാണ്. പ്രമുഖ ഗുജറാത്തി പത്രമായ ഗുജറാത്ത് സമാചാര്‍ എല്ലായ്പ്പോഴും അധികാരത്തിനെതിരെ നിലകൊണ്ടിട്ടുണ്ട്, അത് ആരായാലും. എന്നിരുന്നാലും, സമീപകാലത്തെ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് പത്രം എഴുതിയത് ബിജെപി സര്‍ക്കാരിനും പ്രധാനമന്ത്രി മോദിക്കും നേരെയുള്ള ഒരു കണ്ണാടിയായിരുന്നു. അതോടെയാണ് മോദി തന്റെ പ്രിയപ്പെട്ട ടൂള്‍ കിറ്റായ, തന്റെ വേട്ടപ്പട്ടികളെ പറഞ്ഞയ്ക്കാന്‍ കാരണമായത്” എന്നാണ് ശക്തിസിംഗ് ഗോഹില്‍ എക്‌സില്‍ ആരോപിക്കുന്നത്. ഗുജറാത്ത് സമാചാര്‍ പത്രത്തിനു പുറമെ അവരുടെ ടെലിവിഷന്‍ ചാനലായ ജിഎസ്ടിവിക്കും, കൂടാതെ മറ്റ് ബിസിനസ് സ്ഥാപനങ്ങള്‍ക്കെതിരേയും ആദായനികുതി (ഐടി), എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവയുടെ അന്വേഷണം നടന്നിരുന്നുവെന്നും കോണ്‍ഗ്രസ് എംപി പറയുന്നു. ഷായുടെ കുടുംബത്തിലെ വളരെ പ്രധാനപ്പെട്ടൊരാളുടെ മരണം നടന്ന് മൂന്നാഴ്ച്ച മാത്രം തികയുമ്പോഴാണ് റെയ്ഡ് നടക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ആ കുടുംബം മുഴുവന്‍ ദുഖത്തില്‍ കഴിയുമ്പോഴാണ് ഷായുടെ അറസ്റ്റും സംഭവിക്കുന്നതെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നത്. പല ആരോഗ്യപ്രശ്‌നങ്ങളുമുള്ള ഒരു മുതിര്‍ന്ന പൗരനാണ് ബാഹുബലി ഷാ. തീര്‍ത്തും അനീതി നിറഞ്ഞ കാര്യമാണ് മോദി സര്‍ക്കാര്‍ ചെയ്തത്. സത്യം പറയുന്ന മാധ്യമങ്ങളോട് ദയരഹിതമായി പെരുമാറുകയാണ് കേന്ദ്രസര്‍ക്കാര്‍, എല്ലാ മാധ്യമങ്ങളും ഗോഡി മീഡിയയില്‍ പെട്ടവരല്ല, അവരാരും തങ്ങളുടെ നട്ടെല്ല് പണയം വച്ചിട്ടില്ലെന്നും ബിജെപി മനസിലാക്കണമെന്നും ഗോഹില്‍ പറയുന്നു.
ബാഹുബലി ഷായും അദ്ദേഹത്തിന്റെ മൂത്ത സഹോദരന്‍ ശ്രേയാംഷ് ഷായുമാണ് ഗുജറാത്ത് സമാചാര്‍ പബ്ലിക്കേഷന്‍സിന്റെ ഉടമകള്‍. അഹമ്മദാബാദ് ആസ്ഥാനമായുള്ള ഗുജറാത്ത് സമാചാര്‍ സംസ്ഥാനത്ത് ഏറെ സ്വാധീനമുള്ളൊരു മാധ്യമമാണ്. പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നാണ് സഹോദരന്റെ അറസ്റ്റിന് പിന്നാലെ ശ്രേയാന്‍ഷ് ഷാ മാധ്യമങ്ങളോട് പറഞ്ഞത്.
Breaking News:
Shreyansh Shah and Bahubali Shah, brothers jointly owns Gujarat Samachar publications group in Ahmedabad.
Gujarat Samachar is Gujarat’s most influential daily.
Today Bahubali Shah, who runs the daily along with his elder brother has been arrested.
Yesterday… pic.twitter.com/MhyCdQHZ95— Sheela Bhatt शीला भट्ट (@sheela2010) May 15, 2025
കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്ന നിര്‍ണായക നീക്കമാണിതെന്നും അറസ്റ്റിന്റെ കാരണം ഇപ്പോഴും വ്യക്തമല്ലെന്നുമാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ മെംബറുമായ ഷീല ഭട്ട് എക്‌സില്‍ എഴുതിയ പോസ്റ്റില്‍ പറയുന്നത്. Gujarat Samachar’s owner Bahubali Shah has been arrested by Enforcement Directorate
Content Summary; Gujarat Samachar’s owner Bahubali Shah has been arrested by Enforcement Directorate
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.