July 17, 2025 |
Share on

മക്കയില്‍ മരിച്ചവരിലധികവും രജിസ്റ്റര്‍ ചെയ്യാത്ത തീര്‍ത്ഥാടകര്‍; വെളിപ്പെടുന്നത് അനധികൃത ഹജ്ജ് വ്യവസായം

കനത്ത ചൂടില്‍ മരിച്ചത് 1,300 ലധികം പേര്‍

ഹജ്ജ് തീര്‍ത്ഥാടനത്തിനിടയില്‍ ഈ മാസം മക്കയിലെത്തിയ 1,300-ല്‍ അധികം തീര്‍ത്ഥാടകരാണ് കനത്ത ചൂടില്‍ മരണപ്പെട്ടത്. എന്നാല്‍ മരിച്ചവരില്‍ ബഹുഭൂരിഭാഗവും അനുമതിയില്ലാതെ എത്തിയ തീര്‍ത്ഥാടകരാണെന്നാണ് സൗദി ഭരണകൂടം പറയുന്നത്. അനധികൃത ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കു ലക്ഷക്കണക്കിന് രൂപ നല്‍കി തീര്‍ത്ഥാടനെത്തിയവരില്‍, മക്കയിലേക്ക് കനത്ത ചൂടില്‍ നടന്നു പോയവരാണ് മരിച്ചു വീണിരിക്കുന്നവരിലധികവും എന്നാണ് സൗദി സര്‍ക്കാര്‍ പറയുന്നത്.

അംഗീകൃത തീര്‍ത്ഥാടകരെ വിശുദ്ധ നഗരമായ മക്കയിലേക്ക് എത്തിക്കാന്‍ എയര്‍ കണ്ടീഷന്‍ ചെയ്ത വാഹനങ്ങളും തീര്‍ത്ഥാടകര്‍ക്ക് തങ്ങാന്‍ ശീതീകരിച്ച ടെന്റുകളും തയ്യാറാക്കിയിരുന്നു. അനധികൃതമായി എത്തുന്നവര്‍ക്ക് ഇത്തരം സൗകര്യങ്ങളൊന്നും ലഭിച്ചിരുന്നില്ല. തീര്‍ത്ഥാടന സമയങ്ങളില്‍ 120 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ വരെ ചൂട് കൂടിയിരുന്നു. പുറത്തു വന്ന ചില വീഡിയോകളില്‍ വഴിയരികുകളില്‍ കിടക്കുന്ന വിശ്വാസികളുടെ മൃതദേഹങ്ങള്‍ കാണാമായിരുന്നു. ബോധം കെട്ടു വീഴുന്നവരെ കുറിച്ച് തീര്‍ത്ഥാടകര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്ന വിവരങ്ങളും പുറത്തു വന്നിരുന്നു.

കഴിഞ്ഞ ഞായറാഴ്ച്ച ദേശീയ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ സൗദി ആരോഗ്യ വകുപ്പ് മന്ത്രി ഫഹദ് അല്‍-ജലാജെല്‍ പറഞ്ഞത്, മരണപ്പെട്ട 1,301 പേരില്‍ 83 ശതമാനവും അനധികൃതമായി എത്തിയ തീര്‍ത്ഥാടകരായിരുന്നുവെന്നാണ്.

‘ ഹജ്ജ് തീര്‍ത്ഥാടന കാലയളവിലെ ചൂട് ഈ വര്‍ഷം വലിയ വെല്ലുവിളിയാണ് ഉണ്ടാക്കിയത്. ഹജ്ജിന് അനുമതി കിട്ടാത്ത നിരവധി പേരാണ് കിലോമീറ്ററുകളോളം വെയിലത്ത് നടന്നത്. ഞങ്ങള്‍ക്കെല്ലാവര്‍ക്കും വലിയ വേദനയുണ്ടാക്കിയ, നിര്‍ഭാഗ്യകരമായ സംഗതിയാണത്’ എന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്. ഹജ്ജ് തീര്‍ത്ഥാടകര്‍ ചൂടില്‍ മരിച്ചു വീഴുന്നത് വലിയ വാര്‍ത്തകളായപ്പോഴും സൗദി ഭരണകൂടം നിശബ്ദത പാലിക്കുകയായിരുന്നു. ഈ നിശബ്ദതയ്‌ക്കൊടുവിലാണ് ആരോഗ്യ മന്ത്രി ഇത്തരമൊരു വിശദീകരണം നല്‍കിയിരിക്കുന്നത്.

മുസ്ലിം മത വിശ്വാസിയെ സംബന്ധിച്ച് ഏറ്റവും പാവനമായ കാര്യമായി കരുതുന്നതാണ് ഹജ്ജ് കര്‍മം അനുഷ്ഠിക്കല്‍. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഹജ്ജിന് പോകണമെന്നത് ഓരോ വിശ്വാസിയുടെയും ലക്ഷ്യമാണ്. ഓരോ വര്‍ഷം 20 ലക്ഷം വിശ്വാസികളെങ്കിലും ഹര്‍ജ്ജ് കര്‍മം അനുഷ്ഠിക്കാറുണ്ടെന്നാണ് കണക്ക്. ഹജ്ജ് തങ്ങളുടെ ജീവിതത്തില്‍ അവസാനമായി അനുഷ്ഠിക്കുന്ന ആചാരമാണെന്നും, മക്കയില്‍ വച്ച് മരിച്ചാല്‍ അത് പുണ്യമാണെന്നും കരുതുന്ന വിശ്വാസികളുമുണ്ട്.

ഹജ്ജ് കര്‍മത്തിനിടയില്‍ വിശ്വാസികള്‍ മരിക്കുന്നത് സാധാരണമായ കാര്യമാണ്. കനത്ത ചൂടിലോ, രോഗബാധിതരായോ, തിക്കിലും തിരക്കിലും പെട്ടോ ഒക്കെ വിശ്വാസികള്‍ മക്കയില്‍ വച്ച് മരണപ്പെടാറുണ്ട്. ഇത്തവണ പുറത്തു വന്ന മരണ കണക്ക് കൂടുതലാണോ എന്നതിലും വ്യക്തതയില്ല. കാരണം, ഓരോ വര്‍ഷവും കൃത്യമായ കണക്ക് സൗദി സര്‍ക്കാര്‍ പുറത്തു വിടാറില്ല. 1985 ല്‍ 1,700 തീര്‍ത്ഥാടകര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍ ഭൂരിഭാഗം പേരും ചൂട് മൂലം മരിച്ചവരാണ്.

ഇത്തവണ മരിച്ചവരില്‍ അധികവും അനുമതിയില്ലാതെ വന്ന തീര്‍ത്ഥാടകരാണെന്ന കണക്കുകള്‍ തുറന്നു കാണിക്കുന്നത് പരിശുദ്ധമായ തീര്‍ത്ഥാടനത്തെ മറയാക്കി അനധികൃത ടൂര്‍ ഓപ്പറേറ്റര്‍മാരും കള്ളക്കടത്തുകാരും മുസ്ലിം വിശ്വാസികളെ വഞ്ചിച്ച് കൊള്ളലാഭം കൊയ്യുന്നുണ്ടെന്ന യഥാര്‍ത്ഥ്യമാണ്. അതോടൊപ്പം സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുണ്ടാകുന്ന പരാജയവും ഇത്തവണ വെളിപ്പെടുന്നുണ്ട്. രജിസ്റ്റര്‍ ചെയ്യാത്ത തീര്‍ത്ഥാടകര്‍ പുണ്യസ്ഥലങ്ങളില്‍ എത്തുന്നത് തടയുന്നതില്‍ സൗദി ഇമിഗ്രേഷന്‍ വകുപ്പിന്റെ സുരക്ഷനടപടിക്രമങ്ങള്‍ പരാജയപ്പെട്ടുവെന്നത് കൂടിയാണ് മരണ സംഖ്യയില്‍ നിന്നും തെളിഞ്ഞിരിക്കുന്നത്. ഏജന്‍സി ഫ്രാന്‍സ്-പ്രസ്സിനോട് സംസാരിച്ച പേരു വെളിപ്പെടുത്താത്തൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞത് ഏകദേശം നാല് ലക്ഷം രജിസ്റ്റര്‍ ചെയ്യാത്ത തീര്‍ത്ഥാടകര്‍ ഈ വര്‍ഷം ഹജ്ജ് കര്‍മം അനുഷ്ഠിച്ചിട്ടുണ്ടെന്നാണ്. എന്നാല്‍, ഇങ്ങനെയൊരു കണക്കിനോട് പ്രതികരിക്കാന്‍ സൗദി ഭരണകൂടം ഔദ്യോഗികമായി വിസമ്മതിക്കുകയാണുണ്ടായത്.

ടൂറിസ്റ്റ് വിസയിലോ വിസിറ്റിംഗ് വിസയിലോ സൗദിയില്‍ എത്താന്‍ എളുപ്പമാണെന്നാണ് ഹജ്ജ് ടൂര്‍ ഓപ്പറേറ്റര്‍മാരും, തീര്‍ത്ഥാടകരും, മരണപ്പെട്ട തീര്‍ത്ഥാടകരുടെ ബന്ധുക്കളുമായവര്‍ ദ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞത്. ഹജ്ജ് കാലത്തിനു മുമ്പായി ഇത്തരത്തില്‍ സൗദിയില്‍ എത്തിക്കഴിഞ്ഞാല്‍ അനധികൃതമായ വഴിയിലൂടെ ഹജ്ജ് കര്‍മം അനുഷ്ഠിക്കാനുള്ള സഹായങ്ങള്‍ എളുപ്പത്തില്‍ കിട്ടും. അതിനായി പ്രവര്‍ത്തിക്കുന്ന വലിയ ശൃംഖലകളുണ്ട്, അല്ലെങ്കില്‍ അനധികൃത ദല്ലാളുമാരോ, കള്ളക്കടത്തുകാരോ സഹായിക്കും. അവര്‍ ചോദിക്കുന്ന പണം കൊടുത്താല്‍ മതി. മുന്‍കൂര്‍ പണം വാങ്ങിച്ച് പറ്റിക്കുന്നവരുമുണ്ട്.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈജിപ്ത്, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് രജിസ്റ്റര്‍ ചെയ്യാത്ത തീര്‍ത്ഥാടകരിലേറെയും. ഓദ്യോഗിക ഹജ്ജ് പാക്കേജിന് അയ്യായിരം മുതല്‍ പതിനായിരം ഡോളര്‍ വരെയോ അതില്‍ കൂടുതലോ ചെലവാകും. ഏത് രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണന്നതിനെ ആശ്രയിച്ചിരിക്കും തുകയിലെ വ്യത്യാസം.

ന്യൂയോര്‍ക്ക് ടൈംസിനോട് സംസാരിച്ച മര്‍വ എന്ന ഈജിപ്ഷ്യന്‍ യുവതി പറഞ്ഞത്, അവളുടെ മാതാപിതാക്കള്‍ ഔദ്യോഗിക അനുമതിയില്ലാതെ ഈ വര്‍ഷം ഹജ്ജ് കര്‍മം അനുഷ്ഠിച്ചുവെന്നാണ്. രണ്ടായിരം ഡോളറാണ് അതിനവര്‍ക്ക് ചെലവായത്. ഈജിപ്തിലും സൗദിയിലും അവരെ സഹായിക്കാന്‍ ഓരോ ബ്രോക്കര്‍മാര്‍ ഉണ്ടായിരുന്നു.

അനധികൃത തീര്‍ത്ഥാടകരായി പോയി സൗദിയില്‍ മരിച്ചവരില്‍ 50 ല്‍ അധികം പേര്‍ ടുണീഷ്യയില്‍ നിന്നുള്ളവരായിരുന്നു. ഇതിന്റെ പേരില്‍ മതകാര്യ വകുപ്പ് മന്ത്രിയെ ടുണീഷ്യന്‍ പ്രസിഡന്റ് പുറത്താക്കിയിരുന്നു. ജോര്‍ദാനില്‍ നിന്നുള്ള 99 അനധികൃത തീര്‍ത്ഥാടകരാണ് മരണപ്പെട്ടത്. ഇതിന്മേലുള്ള ഔദ്യോഗിക അന്വേഷണം ജോര്‍ദാന്‍ തുടങ്ങിയിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഇല്ലാതെ വിസ അനുവദിച്ച 16 കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കുമെന്നാണ് ഈജിപ്ത് അറിയിച്ചിട്ടുള്ളത്. ഔദ്യോഗിക പെര്‍മിറ്റ് ലഭിക്കാതെ വരുന്നവര്‍ ബ്രോക്കര്‍മാര്‍ക്ക് പണം നല്‍കി അനധികൃത മാര്‍ഗത്തിലൂടെ പോകും. അത്തരത്തില്‍ ഇടനിലക്കാര്‍ക്ക് 3000 ഡോളര്‍ നല്‍കി പോയവരാണ് ഈജിപ്തിലെ ലുക്‌സോര്‍ നഗരത്തില്‍ നിന്നുള്ള സഫാ അല്‍-തവാബ് എന്ന 55 കാരിയും അവരുടെ സഹോദരന്‍ അഹമ്മദ് അല്‍-തവാബും. ഇവരില്‍ സഫാ അവിടെ വച്ച് മരണപ്പെട്ടു. സൗദിയില്‍ എത്തുന്നതുവരെ തങ്ങള്‍ പോകുന്നത് അനധികൃത തീര്‍ത്ഥാടകരായിട്ടാണെന്ന കാര്യം സഫയ്ക്ക് അറിയില്ലായിരുന്നുവെന്നാണ് അവരുടെ സഹോദരന്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞത്. അവിടെ ചെന്നശേഷം ബ്രോക്കര്‍ അവരെ ഒളിവില്‍ പാര്‍പ്പിച്ചതും പുറത്തു പോകാന്‍ അനുവദിക്കാതിരുന്നതും സഫ ബന്ധുക്കളോട് പറഞ്ഞിരുന്നു. മക്കയിലേക്ക് എത്തിക്കാന്‍ എ സി ബസ് സൗകര്യം ഏര്‍പ്പെടുത്താമെന്ന് ബ്രോക്കര്‍ പറഞ്ഞിട്ടും, കൊടും ചൂടത്ത് കിലോമീറ്ററുകളോളം നടന്നു പോകാന്‍ തീരുമാനിക്കുകയായിരുന്നു സഫ എന്നാണ് അവരുടെ സഹോദരന്‍ പറഞ്ഞത്. തങ്ങളെ കൊണ്ടുവന്ന കമ്പനിയുടെ പ്രതിനിധിയെ ഫോണില്‍ ബന്ധപ്പെട്ട് സഫയുടെ വിവരം തിരക്കിയപ്പോള്‍, അവര്‍ക്ക് കുഴപ്പമൊന്നും ഇല്ലെന്നു പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയായിരുന്നുവെന്നാണ് സഹോദരന്‍ പറയുന്നത്. യഥാര്‍ത്ഥത്തില്‍ പാതിവഴിയില്‍ സഫ മരിച്ചു വീണിരുന്നു.

അനധികൃത തീര്‍ത്ഥാടനത്തിനെതിരേ സൗദി ഭരണകൂടം കടുത്ത മുന്നറിയിപ്പുകള്‍ സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയും നടത്തുന്നുണ്ട്. പിടിക്കപ്പെട്ടാല്‍ പിഴ ചുമത്തുമെന്നും തിരിച്ചു നാട്ടിലേക്ക് കയറ്റി വിടുമെന്നുമാണ് ശിക്ഷ. പിടിക്കപ്പെടുന്നവര്‍ക്ക് സൗദിയിലേക്ക് വരുന്നതിന് വിലക്കും ഏര്‍പ്പെടുത്തും.

തീര്‍ത്ഥാടന കാലത്ത് മക്കയിലേക്കുള്ള പ്രവേശനം നിയന്ത്രണ വിധേയമാക്കും. അനുമതിയില്ലാത്തവരെ തടയും. ഈ പ്രശ്‌നം മറി കടക്കാന്‍ ആളുകള്‍ മുമ്പേ തന്നെ മക്കയിലെത്തി ഒളിച്ചിരിക്കും. അവിടയേക്ക് എത്തിക്കാന്‍ കള്ളക്കടത്തുകാര്‍ക്ക് പണം നല്‍കി സഹായം തേടും.

കനത്ത ചൂടില്‍ നിന്നും തീര്‍ത്ഥാടകരെ സംരക്ഷിക്കാന്‍ സൗദി ഭരണകൂടം വിവിധ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടായിരുന്നു. രജിസ്റ്റര്‍ ചെയ്ത് എത്തിയ തീര്‍ത്ഥാടകര്‍ സൗദി സര്‍ക്കാരിന്റെ സൗകര്യങ്ങളില്‍ തൃപ്തരാണെന്നാണ് ന്യൂയോര്‍ക്ക് ടൈംസിനോട് സംസാരിച്ചവര്‍ പറയുന്നത്. എയര്‍ കണ്ടീഷന്‍ ബസ്, ശീതീകരിച്ച കൂടാരങ്ങള്‍, ജലലഭ്യത എന്നിവ തങ്ങളുടെ തീര്‍ത്ഥാടനം സുഖകരമാക്കിയെന്നാണ് തീര്‍ത്ഥാടകര്‍ പറയുന്നത്. അതേസമയം തന്നെ സൗകര്യങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ചവരുമുണ്ട്. 65 കാരിയായ തന്റെ ഉമ്മയുമൊത്ത് ഹജ്ജിന് വന്ന പാകിസ്താനി മക്ദൂം അലി പറയുന്നത് സൗകര്യങ്ങളുടെ അപര്യാപ്തതകളെക്കുറിച്ചാണ്. കനത്ത ചൂടില്‍ പല തീര്‍ത്ഥാടകരും തളര്‍ന്നു വീഴുകയായിരുന്നുവെന്നും, അവര്‍ക്കൊന്നും അടിയന്തര സഹായങ്ങള്‍ ലഭ്യമായില്ലെന്നുമാണ് ആ 36 കാരന്‍ പരാതിപ്പെടുന്നത്. എങ്കില്‍പ്പോലും മൊത്തത്തിലുള്ള സര്‍ക്കാര്‍ ഇടപെടല്‍ പല ജീവനുകളും രക്ഷിക്കുന്നതിന് കാരണമായിട്ടുണ്ടെന്നും അലി പറയുന്നു. hajj pilgrim more than 1300 people died in heavy-heat, saudi official said most of them were not registered

Content Summary; hajj pilgrim more than 1300 people died in heavy-heat, saudi official said most of them were not registered

Leave a Reply

Your email address will not be published. Required fields are marked *

×