അനധികൃത ഹജ്ജ് തീര്‍ത്ഥാടകരെ തടയാന്‍ ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങി 14 രാജ്യങ്ങള്‍ക്ക് വിസ അനുവദിക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ സൗദി അറേബ്യയുടെ തീരുമാനം. പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഉംറ വിസകള്‍, ബിസിനസ്- കുടുംബ സന്ദര്‍ശന വിസകള്‍ എന്നിവ താത്കാലികമായി അനുവദിക്കില്ല. പുതിയ നിര്‍ദേശപ്രകാരം വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഏപ്രില്‍ 13 വരെ സന്ദര്‍ശന വിസകളോ ഉംറ വിസകളോ നല്‍കും. അതിനുശേഷം, പട്ടികയിലുള്ള 14 രാജ്യങ്ങളില്‍ നിന്നുള്ള ആര്‍ക്കും പുതിയ വിസ അനുവദിക്കില്ല.
ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ഈജിപ്ത്, ഇന്തോനേഷ്യ, ഇറാഖ്, നൈജീരിയ, ജോര്‍ദാന്‍, അള്‍ജീരിയ, സുഡാന്‍, എത്യോപ്യ, ടുണീഷ്യ, യെമന്‍ എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ ഉള്ളത്(വിസ നിയന്ത്രണം ബാധകമാക്കിരിക്കുന്ന ഒരു രാജ്യം ഏതെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നാണ് ഇതു സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തു വിട്ട മാധ്യമങ്ങള്‍ പറയുന്നത്).
എന്നാല്‍, ഇന്ത്യക്കാരുടെ അടക്കം ഹജ്ജ് തീര്‍ത്ഥാടനത്തിന് ഈ നിയന്ത്രണം തടസമാകില്ല. ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിനായി വിസ നേടിയിട്ടുള്ള ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് താല്‍ക്കാലിക വിസ റദ്ദാക്കല്‍ നയം ബാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിസ ലഭിച്ചിട്ടുള്ളവര്‍ക്ക് ഹജ്ജ് തീര്‍ത്ഥാടനം നടത്താനും മക്കയും മദീനയും സന്ദര്‍ശിക്കാനും ഒരു പ്രശ്‌നവും നേരിടില്ല.
സാധുവായ ഹജ്ജ് പെര്‍മിറ്റുള്ള തീര്‍ത്ഥാടകര്‍ക്കോ അല്ലെങ്കില്‍ ഔദ്യോഗിക വഴിയിലൂടെ ഹജ്ജ് പെര്‍മിറ്റിന് ശ്രമിക്കുന്നവര്‍ക്കോ മക്കയിലേക്കും മദീനയിലേക്കും പ്രവേശിച്ച് തീര്‍ത്ഥാടന കര്‍മങ്ങള്‍ നിര്‍വഹിക്കാം. ഈ ഇളവ് വിശ്വാസികള്‍ക്ക് തടസ്സമില്ലാതെ അവരുടെ മതപരമായ കടമകള്‍ നിറവേറ്റുന്നത് ഉറപ്പാക്കുന്നുണ്ട്.
അനധികൃത വഴിയിലൂടെ എത്തുന്നതും, ശരിയായ രജിസ്‌ട്രേഷന്‍ ഇല്ലാതെ ഹജ്ജ് നിര്‍വഹിക്കുന്നത് തടയുന്നതിനും തിരക്ക് ഒഴിവാക്കുന്നതിനുമായാണ് ബിസിനസ് വിസിറ്റ് വിസകള്‍, ഇ-ടൂറിസ്റ്റ് വിസകള്‍, ഫാമിലി വിസിറ്റ് വിസകള്‍, ഉംറ വിസകള്‍ തുടങ്ങിയവ ഇഷ്യു ചെയ്യുന്നത് താത്കാലികമായി തടയാന്‍ സൗദി അറേബ്യന്‍ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.
ഹജ്ജ് തീര്‍ത്ഥാടനത്തോടനുബന്ധിച്ചുള്ള തിരക്ക് നിയന്ത്രിക്കാനുള്ള നടപടികള്‍ക്കിടെയാണ് വിസ നിരോധനവും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജൂണില്‍ ഹജ്ജ് തീര്‍ത്ഥാടനം അവസാനിക്കുന്നതുവരെ വിസ നിരോധനം പ്രാബല്യത്തില്‍ ഉണ്ടായിരിക്കുമെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഹജ്ജിനായി അനധികൃത മാര്‍ഗത്തിലൂടെ എത്തുന്നവര്‍ നിയമവിരുദ്ധമായി സൗദിയില്‍ ദീര്‍ഘകാലമായി തങ്ങുന്നതും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം അനധികൃത കുടിയേറ്റം കൂടി തടയുക ഭരണകൂടത്തിന്റെ ലക്ഷ്യമാണ്.
ഹജ്ജ് തീര്‍ത്ഥാടനം സുഗമവും സുരക്ഷിതവുമായി നടക്കുന്നതിന് വിസ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കര്‍ശന നിര്‍ദേശവും അധികാരികള്‍ക്ക് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ദുരന്തമാണ് ഇത്തരമൊരു കര്‍ശന തീരുമാനമെടുക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചിരിക്കുന്നത്. 2024 ലെ ഹജ്ജ് തീര്‍ത്ഥാടനകാലത്ത് ആയിരത്തിലധികം പേരാണ് മരണപ്പെട്ടത്. ഇത് ലോകമാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കിയിരുന്നു. മരിച്ചവരില്‍ അധികവും അനധികൃതമായി തീര്‍ത്ഥാടനെത്തിയവരായിരുന്നു എന്നതാണ് ഭരണകൂടത്തെയും ഞെട്ടിച്ചത്. കടുത്ത ചൂടും അനിയന്ത്രിതമായ ജനവുമായിരുന്നു ദുരന്തത്തിന് കാരണമായത്. വിസ നിയന്ത്രണം, ദുരന്തങ്ങള്‍ സംഭവിക്കാത്ത ശാന്തമായൊരു തീര്‍ത്ഥാടന കാലം ഒരുക്കുമെന്ന വിശ്വാസത്തിലാണ് സൗദി അറേബ്യന്‍ ഭരണകൂടം. Saudi Arabia has temporarily suspended issuing visas to 14 countries, including India, for Hajj pilgrimage.
Content Summary; Saudi Arabia has temporarily suspended issuing visas to 14 countries, including India, for Hajj pilgrimage.
Leave a Comment