തങ്ങള്‍ ഭാഗമാകാത്ത ഒരു സമാധാന ചര്‍ച്ചയും അംഗീകരിക്കില്ലെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി. റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സൗദി അറേബ്യയില്‍ റഷ്യ-യുഎസ് ഉന്നതതല സംഘം സമാധാന ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കടുത്ത തീരുമാനവുമായി യുക്രെയ്ന്‍ പ്രതിഷേധം ഉയര്‍ത്തിയിരിക്കുന്നത്. യുക്രെയ്ന്‍ ഇല്ലാതെ യുക്രെയ്നുമായി ബന്ധപ്പെട്ട ഏത് ചര്‍ച്ചകളും ഫലമില്ലാത്ത ഒന്നായാണ് ഞങ്ങള്‍ കണക്കാക്കുന്നത്, ഞങ്ങളില്ലാതെ ഞങ്ങളെക്കുറിച്ചുള്ള ഏതെങ്കിലും കരാറുകള്‍ ഉണ്ടാക്കുന്നത് അര്‍ത്ഥമില്ലാത്തതാണെന്നുമാണ് തിങ്കളാഴ്ച്ച സെലന്‍സ്‌കി വ്യക്തമാക്കിയത്.
ഇന്ന്(ഫെബ്രുവരി 18 ചൊവ്വാഴ്ച്ച) റിയാദില്‍ വച്ച് റഷ്യ-അമേരിക്കന്‍ പ്രതിനിധികള്‍ കൂടിക്കാണുമെന്നാണ് വിവരം. ഇതിനായി രണ്ട് രാജ്യങ്ങളുടെയും പ്രതിനിധികള്‍ സൗദി അറേബ്യയിലേക്ക് യാത്ര പുറപ്പെട്ടതിനു പിന്നാലെയായിരുന്നു യുക്രെയ്ന്‍ പ്രസിഡന്റിന്റെ പ്രതികരണം വന്നത്. സമാധാന ചര്‍ച്ചയില്‍ കീവിനെയോ, യൂറോപ്യന്‍ പ്രതിനിധികളെയോ ഉള്‍പ്പെടുത്തിയിട്ടില്ല. ചര്‍ച്ചയില്‍ തങ്ങള്‍ ഭാഗമല്ലെന്ന് സെലന്‍സ്‌കി വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങള്‍ക്ക് ഈ ചര്‍ച്ചയെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് പ്രസിഡന്റ് പറഞ്ഞത്.
കഴിഞ്ഞാഴ്ച്ച റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ നടന്ന ടെലിഫോണ്‍ സംഭാഷാണത്തിലാണ് റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ച നടത്താമെന്ന തീരുമാനം ഉണ്ടായത്. ട്രംപ് രണ്ടാം ടേം അധികാരം ഏറ്റെടുത്തശേഷം ആദ്യമായി റഷ്യന്‍ പ്രസിഡന്റുമായി നടത്തിയ സംഭാഷണമായിരുന്നു അത്. ഏകദേശം ഒരു മണിക്കൂറോളം നീണ്ട ആ ടെലിഫോണ്‍ സംഭാഷണത്തെക്കുറിച്ച് വിശദീകരിക്കുമ്പോള്‍, യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യയില്‍ വച്ച് ചര്‍ച്ച നടത്താമെന്ന് അംഗീകരിച്ച കാര്യവും ട്രംപ് പറഞ്ഞിരുന്നു. റഷ്യ ആരംഭിച്ച യുദ്ധത്തിന് യു എസിന്റെ നേതൃത്വത്തില്‍ അവസാനം കാണുന്നത്് തന്റെ ഭരണത്തിലെ മുന്‍ഗണന വിഷയമാണെന്നാണ് ട്രംപ് പറഞ്ഞത്.
നാറ്റോ സൈന്യം റഷ്യയ്‌ക്കെതിരേ നില്‍ക്കരുതെന്ന മോസ്‌കോയുടെ ആവശ്യത്തെയും ട്രംപ് പിന്തുണച്ചിരുന്നു. യുക്രെയ്ന്‍ അധിനിവേശത്തില്‍ റഷ്യക്കെതിരേ നിലപാടെടുക്കാന്‍ നാറ്റോ തയ്യാറാകരുതെന്ന ക്രെംലിന്റെ ആവശ്യത്തെ യു എസ് പിന്തുണച്ചു എന്നതായിരുന്നു പുടിന്‍-ട്രംപ് സംഭാഷണത്തിന്റെ പ്രധാന കാര്യം.
കാലങ്ങള്‍ക്ക് ശേഷം റഷ്യന്‍-അമേരിക്കന്‍ പ്രതിനിധികള്‍ നേര്‍ക്കുനേര്‍ ഇരുന്ന് നടത്തുന്ന ചര്‍ച്ച കൂടിയായിരിക്കും റിയാദില്‍ നടക്കുക. യുക്രെയ്ന്‍ അധിനിവേശത്തിന് പിന്നാലെ റഷ്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിരുന്നു. റിയാദ് വേദിയാകുന്ന ചര്‍ച്ച ഇരു രാജ്യങ്ങളെയും സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. രണ്ട് രാജ്യങ്ങളും ഉന്നതരായ പ്രതിനിധികളെ തന്നെയാണ് ചര്‍ച്ചയ്ക്ക് അയക്കുന്നത്. ഇത് തന്നെ എത്രമാത്രം പ്രാധാന്യം രണ്ടു പേരും ഈ കൂടിക്കാഴ്ച്ചയ്ക്ക് നല്‍കുന്നു എന്നതിന്റെ തെളിവാണ്. ഈ മാസം നടന്നേക്കാവുന്ന പുടിന്‍-ട്രംപ് ഉച്ചകോടിക്ക് അടിത്തറ ഉറപ്പിക്കുക എന്ന ലക്ഷ്യവും റിയാദിലെ കൂടിക്കാഴ്ച്ചയ്ക്കുണ്ട്. തിങ്കളാഴ്ച സൗദി അറേബ്യയിലെത്തിയ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, ട്രംപിന്റെ മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്ട്സ് എന്നിവരുള്‍പ്പെടെ ട്രംപ് ഭരണകൂടത്തിലെ ഏറ്റവും പ്രധാനപ്പെട്ടവര്‍ യുഎസ് പ്രതിനിധി സംഘത്തിലുണ്ട് എന്നത് തന്നെ അമേരിക്ക ഈ ചര്‍ച്ചയ്ക്ക് കൊടുക്കുന്ന പ്രാധാന്യം വ്യക്തമാക്കുന്നതാണ്.
യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനും കൂടാതെ രണ്ട് പ്രസിഡന്റുമാര്‍ തമ്മിലുള്ള കൂടിക്കാഴ്ച്ച ഒരുക്കുന്നതിനും വേണ്ടി സമര്‍പ്പിക്കപ്പെട്ടതാണ് റിയാദിലെ ചര്‍ച്ചയെന്നാണ് ക്രെംലിന്‍ വക്താവ് ദിമിത്രം പെസ്‌കോവ് പ്രതികരിച്ചത്. Ukraine war, Russia-US Saudi Arabia peace talk volodymyr zelenskyy
Content Summary; Ukraine war, Russia-US peace talk in Saudi Arabia, Volodymyr Zelenskyy