ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ നടന്ന മത പ്രഭാഷണ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതു രണ്ടരലക്ഷത്തോളം പേര്‍. എന്നാല്‍ സംഘാടകര്‍ അനുമതി നേടിയിരുന്നത് 80,000 പേര്‍ പങ്കെടുക്കുന്ന പരിപാടിക്കും. അതേസമയം, പൊലീസ് ഇട്ട ആദ്യ എഫ് ഐ ആറില്‍ പരിപാടിയിലെ മുഖ്യ പ്രഭാഷകന്‍ ഭോലേ ബാബ എന്ന നാരായണ്‍ സാകര്‍ ഹരിയുടെ പേര് ഒഴിവാക്കി. ഇത് വിവാദമായതോടെ ബാബയുടെ പേര് ചേര്‍ത്ത് പുതിയ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് പൊലീസ് പറയുന്നത്. ഭോലേ ബാബയ്‌ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്ന് ഉത്തര്‍ പ്രദേശ് ചീഫ് സെക്രട്ടറി മനോജ് കുമാറും ഉറപ്പ് പറയുന്നുണ്ട്.
ഭോലേ ബാബ; ഹത്രാസ് ദുരന്തത്തിലെ കേന്ദ്ര കഥാപാത്രം
ഭാരതീയ ന്യായ് സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത ആദ്യ എഫ് ഐ ആറില്‍ മുഖ്യ സംഘാടകനായ ദേവപ്രകാശ് മധുകര്‍, തിരിച്ചറിയാത്ത മറ്റ് സംഘാടകര്‍ എന്നിവരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്.
സംഘാടകര്‍ പരമാവധി 80,000 പേര്‍ പങ്കെടുക്കുന്ന പരിപാടിയെന്നു പറഞ്ഞായിരുന്നു ഔദ്യോഗിക അനുമതി വാങ്ങിയിരുന്നത്. എന്നാല്‍ രണ്ടര ലക്ഷത്തിനു മുകളില്‍ ആളുകള്‍ പങ്കെടുക്കാനെത്തിയിരുന്നു. കഴിഞ്ഞ തവണ ഇതേ ചടങ്ങ് സംഘടിപ്പിച്ചപ്പോള്‍ ലക്ഷക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തിരുന്നുവെന്ന കാര്യം സംഘാടകര്‍ മറച്ചുവയ്ക്കുകയാണ് ചെയ്ത്. ഇത്തവണ രണ്ടര ലക്ഷത്തിന് മുകളിലാണ് ആളുകളെത്തിയത്. സമീപ ജില്ലകളില്‍ നിന്നും അടുത്ത സംസ്ഥാനങ്ങളില്‍ നിന്നുവരെ വിശ്വാസികള്‍ വന്നിരുന്നു. മുന്‍കൂര്‍ അനുമതിയില്ലാത്ത കാര്യങ്ങള്‍ നടന്നതോടെ റോഡുകളില്‍ വന്‍ ഗതാഗതക്കുരുക്കുകള്‍ ഉണ്ടായി എന്നും എഫ് ഐ ആറില്‍ പറയുന്നു.
‘മുഖ്യപ്രഭാഷകനായ ഭോലെ ബാബ എന്ന സൂരജ് പാല്‍ സിംഗ് തന്റെ പ്രഭാഷണം അവസാനിപ്പിച്ച് രണ്ടു മണിയോടെ വേദി വിട്ടു. അദ്ദേഹത്തിന്റെ വാഹനം പോകുന്ന പാതയിലെ മണ്ണും പൊടിയും ശേഖരിക്കാന്‍ വേണ്ടി വിശ്വാസികള്‍ തിരക്കു കൂട്ടാന്‍ തുടങ്ങി. ജി ടി റോഡിന്റെ മറുവശത്തെ ചെളിയും വെള്ളവും നിറഞ്ഞ വയലില്‍, തിക്കിലും തിരക്കിലും പെട്ട മനുഷ്യര്‍ മൂന്നു മീറ്ററോളം താഴത്തില്‍ ചെളിയിലും വെള്ളത്തിലും പൂണ്ടു പോയി. ജനങ്ങളെ രക്ഷപ്പെടുത്താന്‍ പൊലീസ് അക്ഷീണം പരിശ്രമിക്കുമ്പോഴും സംഘാടകരുടെ ഭാഗത്ത് നിന്നും യാതൊരു സഹായവും ലഭിച്ചില്ല. സംഭവ സ്ഥാലത്ത് നിന്നും പരിക്കേറ്റവരുടെ വസ്ത്രങ്ങളും ബാഗുകളും ചെരിപ്പുകളുമൊക്കെ വലിച്ചെറിഞ്ഞു കളഞ്ഞ് തെളിവുകള്‍ നശിപ്പിക്കാനും ശ്രമങ്ങള്‍ നടന്നിരുന്നതായി എഫ് ഐ ആറില്‍ പറയുന്നുണ്ട്.
ചൊവ്വാഴ്ച്ചയാണ് രാജ്യത്തെ ഞെട്ടിച്ച ദുരന്തം സംഭവിക്കുന്നത്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ മഥുര, ഇറ്റ, ഷാജഹാന്‍പുര്‍, ബുലാന്ദ്ഷഹര്‍, കസഗ്ഞ്ച്, ഹത്രാസ് എന്നിവിടങ്ങളില്‍ നിന്നുള്ള വിശ്വാസികളാണ് ദുരന്തത്തിന്റെ ഇരകളായവരില്‍ കൂടുതലും. സ്ത്രീകളുടെ മരണസംഖ്യയാണ് മുന്നില്‍. ബുധനാഴ്ച്ച രാവിലെയോടെയാണ് മരണ സംഖ്യ 121 ലേക്ക് എത്തിയതായി ഔദ്യോഗിക വിവരം പുറത്തു വരുന്നത്. സംഭവത്തെക്കുറിച്ച് 24 മണിക്കൂറിനുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിരുന്നു. hathras stampede fir, no mention main-preacher bhole-baba’s name organisers tried to hide evidence
Content Summary; hathras stampede fir, no mention main preacher bhole baba’s name organisers tried to hide evidence