നൂറിലധികം(ഒടുവിലത്തെ വിവരങ്ങളനുസരിച്ച് 121 പേര്‍) മനുഷ്യര്‍ പിടഞ്ഞു വീണു മരിച്ച ഹത്രാസ് ദുരന്തത്തിലെ കേന്ദ്ര കഥാപാത്രമാണ് 58കാരനായ നാരായണ്‍ സാകര്‍ വിശ്വ ഹരി എന്ന സ്വയം പ്രഖ്യാപിത മതപ്രഭാഷകനും ആത്മീയ ഗുരുവമായ ഭോലേ ബാബ. ബാബയുടെ മതപ്രഭാഷണം കേള്‍ക്കാന്‍ ഹത്രാസില്‍ ചൊവ്വാഴ്ച്ച തടിച്ചുകൂടിയത് ലക്ഷക്കണക്കിന് പേരായിരുന്നു. പരിപാടി കഴിഞ്ഞ് തിരികെ പോകുന്നതിനിടയിലാണ് തിക്കും തിരക്കും ഉണ്ടാകുന്നത്. അപകടത്തിന്റെ യഥാര്‍ത്ഥ കാരണം പുറത്തു വന്നിട്ടില്ല. അന്വേഷണത്തിന് ഉന്നതതല സമിതിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയോഗിച്ചിട്ടുണ്ട്. ശ്വാസം മുട്ടിയാണ് കൂടുതല്‍ പേരും മരണപ്പെട്ടത്. സ്ത്രീകളാണ് മരിച്ചവരില്‍ അധികവും. കുട്ടികളുടെ ജീവനും നഷ്ടമായിട്ടുണ്ട്. 200 ന് അടുത്ത് പേരെ പരിക്കേറ്റ് വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇത്രയധികം ജനങ്ങളെ ആകര്‍ഷിച്ച ഭോലേ ബാബ ആരാണ്? അയാള്‍ ബാബ ആകുന്നതിന് മുമ്പ് സൂരജ് പാല്‍ സിംഗ് ആയിരുന്നു, ഉത്തര്‍പ്രദേശ് പൊലീസിലെ ഒരു കോണ്‍സ്റ്റബിള്‍.
മഹാദുരന്തത്തിന് വേദിയായ ഹാത്രാസില്‍ നിന്നും 65 കിലോമീറ്റര്‍ ദൂരെയാണ് ബഹദൂര്‍ നഗര്‍ ഗ്രാമം. കാസ്ഗഞ്ച് ജില്ലയിലെ ഈ ചെറിയ ഗ്രാമത്തിലെ ഒരു ദലിത് കുടുംബത്തിലാണ് സൂരജ് പാല്‍ ജനിച്ചത്.
പത്തുവര്‍ഷത്തോളം നീണ്ട പൊലീസ് ജീവിതത്തില്‍ നിന്നും പുറത്തു വന്നാണ് സൂരജ് പാല്‍ ആത്മീയ ജീവിതത്തിലേക്ക് കൂടുമാറിയത്. ഹത്രാസ് ദുരന്തത്തിന് ശേഷം ബാബയുടെ ജന്മഗ്രാമത്തില്‍ പൊലീസ് എത്തിയിരുന്നു. ആ സംഘത്തിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥനാണ് പത്തു വര്‍ഷക്കാലം ബാബ പൊലീസില്‍ ഉണ്ടായിരുന്നുവെന്നും അവസാന പോസ്റ്റിംഗ് ആഗ്രയിലായിരുന്നുവെന്നും മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. സൂരജ് പാല്‍ സിംഗ് പൊലീസില്‍ നിന്ന് വിട്ടു പോയതിന്റെ കൃത്യമായ തീയതി അറിയില്ലെന്നാണ് പൊലീസ് പറയുന്നത്. 1990 കളിലാണ് അത് നടന്നിരിക്കുന്നതെന്നു മാത്രമാണ് വിവരം.
വിവാഹിതനാണെങ്കിലും കുട്ടികളില്ല. പൊലീസ് യൂണിഫോം അഴിച്ചു വച്ചതിനു ശേഷം സ്വീകരിച്ച പേരാണ് ഭോലെ ബാബ. അദ്ദേഹത്തിന്റെ ഭാര്യ അറിയപ്പെടുന്നത് ‘ മാതാശ്രീ’ എന്നാണ്; ബഹദൂര്‍ നഗര്‍ ഗ്രാമത്തിലെ ഗ്രാമമുഖ്യ നജിസ് ഖനത്തിന്റെ ഭര്‍ത്താവ് സഫര്‍ അലി ദ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്നത്. ഗ്രാമത്തിലെ നല്ലൊരു കുടംബത്തിലെ അംഗമായിരുന്നു സൂരജ് പാല്‍. മൂന്ന് ആണ്‍മക്കളില്‍ രണ്ടാമത്തെയാള്‍ ആയിരുന്നു സിംഗ്. മൂത്ത സഹോദരന്‍ കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചു. രാകേഷ് എന്ന ഇളയ സഹോദരന്‍ ഇതേ ഗ്രാമത്തില്‍ ഇപ്പോഴും ഒരു കര്‍ഷകനായി ജീവിതം നയിക്കുന്നുണ്ട്.
ഗ്രാമത്തില്‍ തനിക്ക് സ്വന്തമായ 30 ഏക്കറിലേറെ വരുന്ന ഭൂമിയില്‍ ഭോലെ ബാബ ഒരു ആശ്രമം പണി കഴിപ്പിച്ചിരുന്നു. ആദ്യം ആ ഗ്രാമത്തിന് പുറത്തു നിന്നും പിന്നെ സംസ്ഥാനത്തിന് പുറത്തു നിന്നുമൊക്കെ ആളുകള്‍ ബാബയുടെ അനുഗ്രഹം തേടി ആശ്രമത്തിലേക്ക് ഒഴുകാന്‍ തുടങ്ങി. വരുന്നവര്‍ക്ക് തങ്ങാനുള്ള സൗകര്യവും ആശ്രമത്തില്‍ ലഭ്യമാക്കിയിരുന്നു. സഫര്‍ അലി നല്‍കുന്ന വിവരങ്ങളാണിത്.
എന്നാല്‍, അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭോലേ ബാബ എന്ന സൂരജ് പാല്‍ സിംഗ് തന്റെ ജന്മനാട് ഉപേക്ഷിച്ചു. തനിക്കെതിരേ ഒരു ഗൂഢാലോചന നടക്കുന്നുണ്ടെന്ന് മനസിലാക്കിയായിരുന്നു ബാബയുടെ നാടുവിടല്‍ എന്നാണ് സഫര്‍ അലി പറയുന്നത്. രാജസ്ഥാനിലായിരുന്നു പിന്നീട് അദ്ദേഹമെന്നാണ് ഞങ്ങള്‍ അറിഞ്ഞത്. കഴിഞ്ഞ വര്‍ഷം ബാബ വീണ്ടും ഗ്രാമത്തില്‍ വന്നിരുന്നു. ഇവിടെയുള്ള തന്റെ സ്വത്ത് ഒരു ട്രസ്റ്റിന്റെ പേരില്‍ എഴുതി നല്‍കാനായിരുന്നു അന്ന് വന്നത്. ഗ്രാമത്തിലെ ആശ്രമത്തിന്റെ മേല്‍നോട്ടം ഇപ്പോള്‍ വഹിക്കുന്നത് ബാബയുടെ ഒരു മാനേജര്‍ ആണെന്നും സഫര്‍ അലി ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്നുണ്ട്. who is bhole baba the self styled preacher the center character of hathras stampede
Content Summary; who is bhole baba the self styled preacher the center character of hathras stampede