UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

പ്രസവാനന്തരം നല്‍കുന്ന പ്രതിരോധ മരുന്നുകളിലൂടെ അപകടകരമായ അണുബാധകളില്‍ നിന്ന് സ്ത്രീകളെ രക്ഷിക്കാം

പ്രസവത്തിനു ശേഷം ആറുമണിക്കൂറിനകം ആന്റിബയോട്ടിക് മരുന്നുകള്‍ നല്‍കിയാല്‍ അണുബാധയുടെ അളവ് പകുതിയോളം കുറയ്ക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്.

                       

ജീവിതത്തിലെ ഏറ്റവും സങ്കീര്‍ണമായ പ്രക്രിയയാണ് പ്രസവം. അതിന്റെ വേദനയും സന്തോഷവും ഒരുപോലെ അനുഭവിക്കുന്നത് സ്ത്രീകളാണെന്നുമാത്രം. ഗര്‍ഭപാത്രം ചുരുങ്ങല്‍, സാധാരണയില്‍ കവിഞ്ഞ രക്തസ്രാവം, നീരും വേദനയും തുടങ്ങി ആ സമയത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ ചെറുതല്ല. എന്നാല്‍, പ്രസവാനന്തരം നല്‍കുന്ന പ്രതിരോധ മരുന്നുകള്‍ക്ക് അപകടകരമായ അണുബാധകളില്‍ നിന്നടക്കം ഒട്ടുമിക്ക ബുദ്ധിമുട്ടുകളില്‍നിന്നും സ്ത്രീകളെ രക്ഷിക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍.

പ്രസവത്തിനു ശേഷം ആറുമണിക്കൂറിനകം ആന്റിബയോട്ടിക് മരുന്നുകള്‍ നല്‍കിയാല്‍ അണുബാധയുടെ അളവ് പകുതിയോളം കുറയ്ക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്. 3,420 സ്ത്രീകളിലാണ് പഠനം നടത്തിയത്. ‘അണുബാധയുടെ കാര്യത്തില്‍ മാത്രമല്ല, ആന്റിബയോട്ടിക്കുകള്‍ ലഭിച്ചവര്‍ക്ക് പ്രസവാനന്തര വേദന കുറയും, കുഞ്ഞിന് മുലപ്പാല്‍ കൊടുക്കുമ്പോഴുള്ള പ്രശ്‌നങ്ങങ്ങളും ഇല്ലാതാകും’, എന്ന് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ മറ്റേര്‍ണല്‍ ആന്റ് ചൈല്‍ഡ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് പ്രഫസറായ മരിയന്‍ നൈറ്റ് പറഞ്ഞു.

ഫോര്‍സെപ്‌സും വെന്റോസ് സക്ഷന്‍ കപ്പുകളും ഉപയോഗിക്കുന്നത് അണുബാധയേല്‍ക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ചിലപ്പോഴത് ജീവനുതന്നെ ഭീഷണിയായെക്കാം. വികസിത രാജ്യങ്ങളില്‍ പ്രസവാനന്തരം മരണപ്പെടുന്ന അമ്മമാരില്‍ ഇരുപതില്‍ ഒരാള്‍ അണുബാധ മൂലമാണ് മരിക്കുന്നത്. അണുബാധ കാരണം ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന സ്ത്രീകളുടെ എണ്ണവും കൂടുതലാണ്.

2016 മാര്‍ച്ചിനും 2018 ജൂണിനും ഇടയ്ക്കാണ് പഠനം നടന്നത്. പ്രസവശേഷം ആറു മണിക്കൂറിനകം ആന്റിബയോട്ടിക്ക് (അമോക്‌സിസിലിന്‍ അല്ലെങ്കില്‍ ക്ലോവൂലാനിക് ആസിഡ്) മരുന്നുകള്‍ നല്‍കി. അതില്‍ മൂന്നിലൊന്ന് ഭാഗം സ്ത്രീകളും ഫോര്‍സെപ്‌സിന്റെ സഹായത്തോടെയും മൂന്നില്‍ രണ്ടു ഭാഗം പേര്‍ വെന്റോസിന്റെ സഹായത്താലും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി.

പ്രസവശേഷം ഇങ്ങനെ പ്രതിരോധ മരുന്നുകള്‍ നല്‍കിയാല്‍ മൊത്തത്തില്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കുറയുമെന്നാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ഈ രീതിയില്‍ നൂറ് ഡോസ് ആന്റിബയോട്ടിക്കുകള്‍ നല്‍കിയാല്‍ പിന്നീട് നല്‍കേണ്ടി വന്നേക്കാവുന്ന 168 ഡോസ് മരുന്നുകള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്നും ഗവേഷകര്‍ പറയുന്നു.

ഈ കണ്ടെത്തലുകള്‍ വലിയ സാമ്പ്രദായിക മാറ്റമാണ് കൊണ്ടുവരാന്‍ പോകുന്നതെന്നും പ്രസവ ചികിത്സയുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കാലോചിതമായി പുതുക്കണമെന്നും ഫിലാഡല്‍ഫിയയിലെ തോമസ് ജെഫേര്‍സണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള എഡിറ്റര്‍ വിന്‍സെന്‍സോ ബെര്‍ഗെല്ല ആവശ്യപ്പെട്ടു.

 

Read: ഒരൊറ്റ ഇഞ്ചക്ഷൻകൊണ്ട് ഹൃദയാഘാത സാധ്യത ക്രമാതീതമായി കുറക്കാന്‍ സാധിക്കുമെന്ന് ഡോക്ടര്‍മാര്‍

Share on

മറ്റുവാര്‍ത്തകള്‍